‘‘നിങ്ങൾ വിചാരിക്കണതിന്റെ അപ്പുറത്തെ കഴിവുകള് അണ്ണനുണ്ട്’’; മഹി ബേബിക്ക് വേണ്ടിയുള്ള അച്ഛന്റെ പാട്ട്
Mail This Article
'ബഡേ അച്ചേ ലഗ്തേ ഹേ' ആസ്വദിച്ചു പാടുകയാണ് കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥൻ. വീണുകിട്ടിയ അസുലഭ മുഹൂർത്തം പകർത്തിയെടുത്ത് ഭാര്യ ദിവ്യ എസ് അയ്യർ ഐ എ എസ്. ഉടൻ തന്നെ ആ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. അടുത്തിടെ ഹിറ്റായ 'ആവേശം' സിനിമയിലെ ഹിറ്റ് ഡയലോഗ് ആണ് അടിക്കുറിപ്പായി നൽകിയത്. ഇതോടെ വിഡിയോ സോഷ്യൽ മീഡിയയും ഏറ്റെടുത്തു. കമന്റ് ബോക്സിലേക്ക് പോകുന്നവർ ചിരിച്ച് മരിക്കാൻ റെഡി ആയിരിക്കണം എന്നൊരു മുന്നറിയിപ്പ് കൂടി തരികയാണ്.
ആവേശം സിനിമയിൽ രംഗണ്ണനെ കുറിച്ച് അംബാൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടെ റീലുകൾ ഒക്കെ ഇടുന്നയാളാണ് രംഗണ്ണൻ. രംഗണ്ണന്റെ കഴിവുകളെക്കുറിച്ച് ബിബിയോടും കൂട്ടുകാരോടും പറയുന്ന സമയത്താണ്, 'ഒരു കാര്യം പറയട്ടെ... നിങ്ങൾ വിചാരിക്കണതിന്റെ അപ്പുറത്തെ കഴിവുകള് അണ്ണനുണ്ട്' എന്ന ഡയലോഗ് അംബാൻ പറയുന്നത്. ഏതായാലും രാഷ്ട്രീയക്കാരനായ ഭർത്താവ് ശബരിനാഥൻ പാട്ട് പാടിയ വിഡിയോയ്ക്ക് ഇതേ ഡയലോഗ് ആണ് ദിവ്യ എസ് അയ്യർ നൽകിയത്.
1976ൽ റിലീസ് ചെയ്ത ബാലിക ബധു എന്ന ചിത്രത്തിലെ 'ബഡേ അച്ഛേ ലഗ്തേ ഹേ' എന്ന ഗാനമാണ് ശബരിനാഥൻ പാടുന്നത്. ഗായകൻ അമിത് കുമാറിന്റെ ആദ്യഹിറ്റായ ഗാനമാണ് ഇത്. വളരെ ലയിച്ചാണ് ഈ ഗാനം ശബരി പാടുന്നത്. ഇടയ്ക്ക് മകൻ മൽഹാറിനെ തന്റെ പാട്ട് ആസ്വദിക്കുന്നതിനായി വിളിക്കുന്നുമുണ്ട്. 'മഹി ബേബി' എന്ന് ഉച്ചത്തിൽ വിളിക്കുന്നുണ്ടെങ്കിലും രംഗത്തേക്ക് മഹി എത്തുന്നില്ല. അധികം താമസിയാതെ തന്നെ ശബരി പാട്ട് പാടുന്നത് നിർത്തുന്നുമുണ്ട്.
രസകരമായ കമന്റുകളാണ് ഈ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 'അണ്ണൻ പുലിയായിരുന്നല്ലെ !' എന്ന കമന്റ് ആണ് അങ്കമാലി എം എൽ എ ആയ റോജി എം ജോൺ നൽകിയിരിക്കുന്നത്. 'അണ്ണൻ രാഷ്ട്രീയത്തിൽ അല്ലേൽ എവിടെ എത്തേണ്ട ആളാ', 'എടാ മോനെ..', 'നല്ല ശ്രമം, ദയവു ചെയ്ത് ഇനി ശ്രമിക്കരുത്', 'ഇത്തിരി കടന്നുപോയില്ലേ എന്നൊരു സംശയം', 'രാഷ്ട്രീയത്തിൽ വന്നില്ലായിരുന്നു എങ്കിൽ സ്റ്റാർ സിംഗറിലെ പിള്ളേർക്ക് അണ്ണൻ എന്നും ഒരു ഭീഷണി ആയെന്നെ' ഇങ്ങനെ പോകുന്നു കമന്റുകൾ.
ഏതായാലും വിഡിയോ ഇതിനകം നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്. ശബരിക്ക് സംഗീതവും വശമുണ്ടോ എന്ന സംശയത്തിലാണ് ചിലർ. മറ്റു ചിലരാകട്ടെ കമന്റ് ബോക്സിൽ 'ഒളിഞ്ഞിരിക്കുന്ന കഴിവുകൾ, അവിടെ തന്നെ ഇരുന്നോട്ടെ' എന്ന് പറയുകയും ചെയ്യുന്നു. കേരളത്തിലെ ആദ്യത്തെ എം എൽ എ - ഐ എ എസ് ദമ്പതിമാരായ ശബരിനാഥനും ദിവ്യ എസ് അയ്യരും ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇവരുടെ മകനായ കുഞ്ഞു മഹിയുടെ കൊച്ചു കൊച്ചു വിശേഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ട്.