‘മകൾക്ക് ഒരു കൂടെപ്പിറപ്പിനെ നൽകാൻ കഴിയാത്തത് ഏറ്റവും വലിയ വേദന’: മനസ് തുറന്ന് റാണി മുഖർജി

Mail This Article
സിനിമാപ്രേമികളുടെ, പ്രത്യേകിച്ച് ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് റാണി മുഖർജി. നിരവധി സിനിമകളിലൂടെ ആരാധകരുടെ മനസ് കീഴടക്കിയ താരം ജീവിതത്തിൽ താൻ അനുഭവിക്കുന്ന വലിയ ഒരു നൊമ്പരത്തെക്കുറിച്ച് കൂടി പങ്കു വെയ്ക്കുകയാണ്. 2024 മാർച്ചിൽ ആയിരുന്നു താരത്തിന് 46 വയസ് പൂർത്തിയായത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കഴിഞ്ഞ ഏഴു വർഷങ്ങളായി രണ്ടാമത്തെ കുഞ്ഞിന് വേണ്ടി ശ്രമിക്കുകയായിരുന്നെന്നും എന്നാൽ ഗർഭിണിയായെങ്കിലും അത് അലസി പോകുകയായിരുന്നെന്നും തന്റെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞതും ഭയാനകവുമായ അനുഭവമായിരുന്നു അതെന്നും റാണി മുഖർജി വ്യക്തമാക്കിയത്.

'രണ്ടാമത്തെ കുഞ്ഞിനായി ഏകദേശം ഏഴു വർഷത്തോളം ശ്രമിച്ചു. എന്റെ മകൾക്ക് ഇപ്പോൾ എട്ടു വയസാണ് പ്രായം. ആദ്യത്തെ കുഞ്ഞ് ഉണ്ടായി ഉടനെ തന്നെ രണ്ടാമത്തെ കുഞ്ഞിനായി ശ്രമിച്ചു. നിരന്തരമായി ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഞാൻ ഗർഭിണിയായി. എന്നാൽ, അത് എനിക്കൊരു പരീക്ഷണസമയം ആയിരുന്നു' - റാണി മുഖർജി തുറന്നു പറഞ്ഞു. കോവിഡ് കാലത്ത് ആയിരുന്നു ഗർഭം അലസിപ്പോയത്. റാണി മുഖർജിയുടെ ഏറ്റവും പുതിയ ചിത്രമായ മിസിസ് ചാറ്റർജി Vs നോർവേ മാതൃത്വത്തെക്കുറിച്ചുള്ള ചിത്രമായിരുന്നു. ബോക്സ് ഓഫീസിൽ ഈ ചിത്രം വലിയ വിജയമായിരുന്നു.
രണ്ടാമത്തെ ഗർഭം അലസിപ്പോകുന്നതിന് തന്റെ പ്രായവും ഒരു ഘടകമായിരുന്നെന്ന് റാണി മുഖർജി വ്യക്തമാക്കി. തനിക്ക് വീണ്ടും ഒരു കുഞ്ഞ് ജനിക്കാൻ പറ്റുന്ന പ്രായമല്ലിതെന്നും തനിക്കുണ്ടായ നഷ്ടത്തെ അതിജീവിക്കാൻ പഠിക്കുകയാണെന്നും അവർ പറഞ്ഞു. എന്നാലും തന്റെ മകൾക്ക് ഒരു കൂടെപ്പിറപ്പിനെ നൽകാൻ കഴിയാത്തത് തന്നെ സംബന്ധിച്ചിടത്തോളം വലിയ വേദനയുള്ള കാര്യമാണ്. അത് തന്നെ എപ്പോഴും വേദനിപ്പിക്കുന്നുണ്ടെന്നും എന്നാൽ നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവരായിരിക്കണമെന്നും റാണി പറഞ്ഞു. അദിര എന്റെ അത്ഭുതകുട്ടിയാണ്. അവളെ എനിക്ക് ലഭിച്ചതിൽ ഞാൻ വളരെ സന്തോഷവതിയാണ്. കാരണം, ഒരു കുഞ്ഞിനെ പോലും ലഭിക്കാതെ വിഷമിക്കുന്ന നിരവധി ദമ്പതികളെ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു കുഞ്ഞിനെ ലഭിച്ചതിൽ അങ്ങേയറ്റം നന്ദിയുള്ളവളാണെന്നും റാണി മുഖർജി വ്യക്തമാക്കി.
2014 ഏപ്രിൽ 21ന് ആയിരുന്നു ചലച്ചിത്ര നിർമാതാവായ ആദിത്യ ചോപ്രയെ റാണി മുഖർജി വിവാഹം കഴിച്ചത്. 2015ൽ മകൾ ജനിക്കുകയും അവൾക്ക് അദിര എന്ന് പേര് നൽകുകയും ചെയ്തു. എന്നാൽ മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ ഒന്നും മകളുടെ ചിത്രം പ്രത്യക്ഷപ്പെട്ടിട്ടില്ല.