ADVERTISEMENT

ലഡാക്കിലെ ഗൽവാനിൽ ചൈന ഇന്ത്യയിലേക്ക്  അതിക്രമിച്ചു കയറിയ സംഭവം കൂട്ടുകാര്‍ക്ക്  അറിയാമല്ലോ. 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു മരിച്ചത്. ഇണങ്ങിയും പിണങ്ങിയുമുള്ള ഇന്ത്യ–ചൈന ബന്ധത്തെക്കുറിച്ചു കൂടുതലറിയാം

ഇന്ത്യയിലെ അരുണാചൽപ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണപ്രദേശമായ ലഡാക്കുമായുമാണ്  ചൈന ‌അതിർത്തി പങ്കിടുന്നത്.  അതിർത്തി തർക്കങ്ങളിലധികവും അരുണാചൽ, സിക്കിം, ‌ലഡാക്ക് എന്നിവിടങ്ങളിലെ സ്ഥലങ്ങളെച്ചൊല്ലിയാണ്.

ലഡാക്ക് 

∙1959:  ഇന്ത്യൻ പൊലീസ് സേനയെ* ചൈനീസ് സേന ആക്രമിച്ചു. 17 പൊലീസുകാർക്കു വീരമൃത്യു.

∙2013:  ‍ഡെപ്സാങ്  ചൈനീസ് സൈനികർ ഇന്ത്യൻ  മണ്ണിലെത്തി കൂടാരം പണിതു.

∙2014:  ദെംചോക്  ഇന്ത്യയിലേക്കു കടന്നുകയറ്റം. ചുമാർ  കടന്നുകയറ്റശ്രമം

∙ 2020 :പാം ഗോങ് തടാകം  സൈനികർ തമ്മിൽ കയ്യേറ്റം.  70 പേർക്കു പരുക്ക്.  ഗൽവാൻ താഴ്‌വര ഏറ്റുമുട്ടൽ– 20 ഇന്ത്യന്‍ സൈനികർക്കു വീരമൃത്യു.

എന്തുകൊണ്ട് ലഡാക്ക്

പാക്കിസ്‌ഥാൻ നിയന്ത്രിത ഭൂമിക്കും ചൈനീസ് അധീനതയിലുള്ള അക്‌സായ് ചിന്നിനും ഇടയിൽ തന്ത്രപ്രധാന സൈനിക മേഖല. 

അക്സായി ചിൻ 

1960-  ഈ മേഖല തങ്ങളുെട പ്രദേശമാണെന്ന് ചൈന

1962 –  ഇന്ത്യ– ചൈന യുദ്ധം

ഇന്ത്യയുടെ ഏതാണ്ട് 38.000 ചതുരശ്ര കിലോമീറ്റർ സ്ഥലം ചൈന കീഴടക്കി. ഇതിപ്പോഴും ചൈനയുടെ കയ്യിൽ.

എന്തുകൊണ്ട് അക്സായി ചിൻ

അതിർത്തിയിലെ എക്കാലത്തെയും തർക്കഭൂമിയാണു അക്സായി ചിൻ. ചൈനയുടെ തെക്ക് ഷിൻജിയാങ്ങിൽ നിന്ന് ടിബറ്റിലേക്കു നേരിട്ടു മാർഗം കിട്ടുമെന്നതാണ് അക്സായി ചിന്നിൽചൈനയ്ക്ക് ഇത്ര താത്പര്യം.

സിക്കിമിൽ എന്താണു താത്പര്യം

∙നാഥുലാ, ദോക്‌ലാ എന്നിവ ഉൾപ്പെടുന്ന സിക്കിം1975ൽ ഇന്ത്യയിൽ ചേർന്നു.  ഇതു ചൈനയെ ചൊടിപ്പിച്ചു. 

∙സ്വതന്ത്ര രാജ്യമായാണു സിക്കിമിനെ ചൈന കണക്കായിരുന്നത്. 

∙2004ലാണ് സിക്കിമിനെ ഇന്ത്യയുടെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം ചൈന ആദ്യമായി പുറത്തിറക്കിയത്. 

∙ 2017ൽ സിക്കിം ഭാഗത്തെ തർക്കഭൂമി തങ്ങളുടേതായി ചിത്രീകരിച്ച് ചൈന പുതിയ ഭൂപടം  ഇറക്കി.

സിക്കിം –നാഥുലാ 

∙1965:  വെടിവയ്പ്, ആളപായമില്ല.

∙1967: ഇന്ത്യയുടെ ശക്തമായ തിരിച്ചടി. വെടിവയ്പിൽ 340  ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്നു കണക്ക്.  88 ഇന്ത്യൻ സൈനികർക്കു വീരമൃത്യു.  

നാഥുലായിൽ  ചോരവീണത് എന്തു കൊണ്ട്

∙അരുണാചലും സിക്കിമും അധീനതയിലാക്കാൻ ചൈന ശ്രമിക്കുമെന്നുള്ള ആശങ്കയിൽ ഈ മേഖലയിൽ  ഇന്ത്യ നേരത്തെ തന്നെ മേൽക്കൈ ഉറപ്പിച്ചിരുന്നു. 

∙ആ മേഖലയിലെ ചുംബി താഴ്‍വര പ്രദേശത്ത് ഇന്ത്യൻ സൈന്യത്തിനുണ്ടായിരുന്ന മേൽക്കൈ മാറ്റിയെടുക്കാൻ ചൈനീസ്  സൈന്യം നാഥു ചുരം (ലാ എന്നാൽ ടിബറ്റൻ ഭാഷയിൽ ചുരം) പ്രദേശത്തു സൈനിക സൗകര്യങ്ങൾ നിർമിച്ചു തുടങ്ങി. 

∙നിർമാണം ഇന്ത്യൻ ഭൂമിയിലേക്കു കടന്നു എന്നു കാണിച്ച്  ഇന്ത്യൻ സൈന്യം തടഞ്ഞതോടെ ഏറ്റുമുട്ടൽ.

∙ഇന്ത്യയ്‌ക്കും ചൈനയ്‌ക്കുമിടയിലെ പ്രാചീന വ്യാപാര പാതയായ നാഥുലാ ചുരം  അടഞ്ഞ് കിടന്നത് 44 വർഷം. 1962ലെ യുദ്ധത്തെ തുടർന്ന് അടച്ച ചുരം തുറന്നത് 2006ൽ.

ദോക് ലാ 

∙2017: ചൈന പ്രകോപനം സൃഷ്ടിച്ചു. 70 ദിവസം ഇരുഭാഗത്തേയും സൈനികർ മുഖാമുഖം.

എന്തുകൊണ്ട്  ദോക്‌‌ലാ

∙നാഥുലാ ചുരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെ, ഇന്ത്യ – ചൈന – ഭൂട്ടാൻ അതിർത്തിയിലെ മുക്കവലയിലാണു ദോക്‌ലാ.

∙ഈ മേഖലയിൽ ചൈനയും ഭൂട്ടാനും തമ്മിൽ തർക്കം നിലനിൽക്കുന്നസ്ഥലത്തു ചൈന റോഡുണ്ടാക്കി. 

∙ഇതിൽനിന്നു  പിന്തിരിയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതു  ചൈനയ്ക്കു രസിച്ചില്ല.

∙ 70 ദിവസത്തിനു ശേഷം റോഡ് പണിയിൽനിന്ന് ചൈന പിൻവാങ്ങിയതോടെ പ്രശ്ന പരിഹാരം.

അരുണാചൽ പ്രദേശ്

1962: തവാങ്

∙  ഇന്ത്യ–ചൈന യുദ്ധം.  കിലോമീറ്ററുകളോളം ചൈന കടന്നു കയറി. പിന്നീടു പിൻമാറി.

‍1975:  തുലുങ്‌ ലാ                

∙ചൈനയുടെ അക്രമം. അസം റൈഫിൾസിലെ 4 ഇന്ത്യൻ ഭടന്മാർക്ക് വീരമൃത്യു. 

1986–87: സുംദൊരോങ്ഗ്ചു

∙ചൈനീസ് കയ്യേറ്റം.  താത്കാലിക  പട്ടാളത്താവളവും  ഹെലിപാഡും നിർമിച്ചു.  ഇരു സൈന്യവും  പോരാട്ടത്തിന്റെ  വക്കുവരെ എത്തി. പിന്നീടു പിൻമാറി.  

എന്തു കൊണ്ട് അരുണാചൽ 

∙ ഇന്ത്യയ്ക്കെതിരെയുള്ള ചൈനയുടെ എക്കാലത്തെയും വലിയ രാഷ്ട്രീയ ആയുധമാണ് അരുണാചൽ പ്രദേശ്.

∙അതിർത്തിയിലെ ഇന്ത്യൻ പ്രദേശങ്ങളുടെ  മേൽ നിരന്തര അവകാശവാദം ഉന്നയിക്കൽ ചൈനയുടെ പതിവ്.

∙അരുണാചൽ ദക്ഷിണ ടിബറ്റിൽ ഉൾപ്പെടുന്നുവെന്നാണ് അവരുടെ വാദം.  

മാറ്റങ്ങളുടെ കാലം

∙ 1976– ഇന്ത്യ ചൈനയുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ചു.

∙1979– പുതിയ ബന്ധങ്ങൾക്കു തുടക്കമിട്ടു വിദേശകാര്യമന്ത്രി എ.ബി.വാജ്പേയി ചൈനയിൽ. 

∙1988– പ്രധാനമന്ത്രി രാജീവ്ഗാന്ധി ചൈനയിൽ.

ഇരുരാജ്യങ്ങൾക്കുമിടയിൽ വിവിധ മേഖലകളിലെ സഹകരണത്തിന് തുടക്കം.1960ലെ ചൗ എൻ ലായുടെ ഇന്ത്യാ  സന്ദർശനത്തിനു ശേഷം 

ഉന്നതഭരണാധികാരികളുടെ സന്ദർശനം ആദ്യം.

∙1991– ചൈനീസ് പ്രധാനമന്ത്രി ലീ പിങ്ങിന്റെ ഇന്ത്യാ സന്ദർശനം മറ്റൊരു നാഴികക്കല്ലായി. അതിർത്തിയിലൂടെയുളള വ്യാപാരം പുനരാരംഭിക്കാനുള്ളതടക്കം സുപ്രധാന നീക്കം.

∙പിന്നീടു നമ്മുടെ പല രാഷ്ട്രപതിമാരും പ്രധാനമന്ത്രിമാരും ചൈന സന്ദർശിച്ചു. ചൈനീസ് ഭരണാധികാരികൾ ഇന്ത്യയും.  

ചൈനീസ് പാര

∙സൗഹൃദത്തിനിടയിലും  രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്ക് പ്രതികൂലമായനിലപാടെടുക്കുന്നത് ചൈന തുടർന്നു. 2016ൽ ഇതേച്ചൊല്ലി 

ഇരു രാജ്യങ്ങളും തമ്മിൽ ഭിന്നത രൂക്ഷം. 

∙യുഎൻ രക്ഷാസമിതിയിൽ അംഗമാകാനുള്ള ഇന്ത്യയുടെ ദീർഘകാലത്തെ ശ്രമത്തെ തടയാൻ ശ്രമിച്ചു.

∙ആണവ വിതരണ സംഘത്തിൽ (എൻഎസ്‌ജി) ഇന്ത്യയ്ക്ക് അംഗത്വം നൽകുന്നതിനെ ചൈന ശക്തമായി എതിർത്തു.

∙ക‌ശ്മീർ വിഷയത്തിലും പാക്കിസ്ഥാൻ അനുകൂല നിലപാടാണ് ചൈനയ്ക്ക്.

 ഗൽവാനിൽ ചോരവീണത് എന്തു കൊണ്ട്

∙ഗൽവാനിൽ ഇന്ത്യ റോഡ് നിർമിച്ചത് ചൈനയുടെ  പ്രകോപന കാരണം.

∙റോഡ് പൂർണമായി ഇന്ത്യയിലാണെങ്കിലും ഇന്ത്യയ്ക്ക് അക്സായ് ചിന്നിലേക്ക് ആക്രമിച്ചു കയറാനുള്ള വഴിയായാണ് ചൈന 

ഗൽവാനെ കാണുന്നത്. 

∙കിഴക്കൻ ലഡാക്കിൽ അതിർത്തിയോടുചേർന്ന് ഷ്യോക് നദിയിൽ കരസേന പാലം പണിതതും ചൈനയ്ക്ക് രുചിച്ചില്ല

ദേശീയ പൊലീസ് ദി‌നവും ചൈനയും തമ്മിൽ?

1959 ഒക്ടോബർ 21ന് ലഡാക്ക് അതിർത്തിയിൽ  പൊലീസുകാർ വീരമൃത്യു വരിച്ച സംഭവത്തിന്റെ ഓർമയ്ക്കായാണ് ഒക്ടോബർ 21 ദേശീയ പൊലീസ് 

ദിനമായി ആചരിക്കുന്നത്. അക്കാലത്ത് ചൈനീസ് അതിർത്തി കാക്കാൻ ഇന്ത്യ പൊലീസിനെയാണു വിന്യസിച്ചിരുന്നത്.  ലഡാക്ക് സംഭവത്തോടെ സൈന്യത്തെ നിയോഗിച്ചു. ടിബറ്റിനെയും ഇന്ത്യയുടെ  വടക്ക്–കിഴക്കൻ പ്രദേശങ്ങളെയും വേർതിരിക്കുന്നതാണ് മക്മഹോൻ രേഖ.  ചൈന ഇത്

അംഗീകരിക്കുന്നില്ല. ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി വിൻസന്റ് ഹെൻറി മക്മഹോൻ 1914ൽ നിർദേശിച്ചതാണിത്. 890 കിലോമീറ്ററാണു നീളം.

അന്നു സ്വതന്ത്ര മേഖലയായിരുന്ന ടിബറ്റും ബ്രിട്ടിഷ് ഇന്ത്യയുമാണ് കരാറിൽ ഒപ്പുവച്ചത്.  

മക്മഹോൻ രേഖ 890 കിലോമീറ്റർ

∙ ടിബറ്റിന്റേയും ഇന്ത്യയുടേയും വടക്ക് കിഴക്കൻ പ്രദേശങ്ങളേയും വേർതിരിക്കുന്നതാണ് മക്മഹോൻ രേഖ. ചൈന ഇത് അംഗീകരിക്കുന്നില്ല.

∙ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വിൽസെന്റ് ഹെൻട്രി മക്മഹോൻ 1914 ൽ നിർദേശിച്ചതാണിത്.

∙890 കിലോമീറ്ററാണ് ദൂരം

∙അന്ന് സ്വതന്ത്ര മേഖലയായിരുന്ന ടിബറ്റും ബ്രിട്ടീഷ് ഇന്ത്യയുമാണ് കരാറിൽ ഒപ്പുവച്ചത്. 

യഥാർഥ നിയന്ത്രണ രേഖ  3488 കിലോമീറ്റർ

ഇരു രാജ്യങ്ങൾക്കുമിടയിലുള്ള   യഥാർഥ നിയന്ത്രണ രേഖ(Line of Actual Control- LAC) എന്നു കണക്കാപ്പെടുന്നത്  3488 കിലോമീറ്ററാണ്.

പ്രത്യേകം രേഖപ്പെടുത്താത്ത രാജ്യാന്തര അതിർത്തികളിലെ ഏറ്റവും നീളമേറിയ അതിർത്തി ഇന്ത്യ–ചൈന അതിർത്തിയാണ്. 

 ചങ്ങാതി ചൈന

∙ഏഷ്യയിലെ വൻശക്തികളാണ് ഇന്ത്യയും നമ്മുടെ അയൽക്കാരായ ചൈനയും. ലോകത്ത് ആകെയുള്ള മനുഷ്യരിൽ ഏതാണ്ട് 38% മനുഷ്യരും ഉൾക്കൊള്ളുന്നത് ഈ രണ്ടു രാജ്യങ്ങളിലുമാണ്. 

∙1949ൽ സ്ഥാപിതമായ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ ആദ്യം അംഗീകരിച്ച രാജ്യങ്ങളിലൊന്ന് ഇന്ത്യ. അക്കാലത്ത് ഇരു രാജ്യങ്ങളും മികച്ച നയതന്ത്രബന്ധമുണ്ടായിരുന്നു.

∙ 1954ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ചൈന സന്ദർശിച്ചു. ‘ഇന്ത്യ – ചീനി ഭായ് ഭായ് ’ മുദ്രാവാക്യങ്ങൾ  ഇക്കാലത്തുയർന്നു.

പഞ്ചശീലതത്വങ്ങൾ 

പഞ്ചശീല തത്വങ്ങൾ‌ എന്നു കേട്ടിട്ടില്ലേ.. യുദ്ധത്തിന്റെയും വർണവെറിയുടേയും  ലോകത്ത് മാതൃകയായിയിരുന്നു  1954 ൽ ഒപ്പുവച്ച ഇന്ത്യ –ചൈന 

പഞ്ചശീല തത്വങ്ങൾ.

1.  ഇരുരാജ്യങ്ങളുടെയും അതിർത്തികളും പരമാധികാരവും പരസ്പരം അംഗീകരിക്കുന്നു.  

2. പരസ്പരം പ്രകോപനം ഉണ്ടാക്കില്ല 

3. പരസ്പരം ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ല 

4. തുല്യതയും പരസ്പരനേട്ടവും ഉറപ്പാക്കുക.

5. സമാധാനപൂർണമായ സഹവർത്തിത്വം ഉറപ്പാക്കുക. 

പഞ്ചശീലതത്വങ്ങൾ പ്രഖ്യാപിച്ച് ഒരു വർഷം ആയപ്പോഴേക്കും ഇന്ത്യ–ചൈന ബന്ധത്തിൽ ഉലച്ചിൽ

∙1955ൽ അരുണാചൽ പ്രദേശ് (അന്നത്തെ നോർത്ത് ഈസ്റ്റ്  ഫ്രണ്ടിയർ ഏജൻസി – നേഫ)തങ്ങളുടെ ഭാഗമാണെന്ന് ചൈന. ഇന്ത്യാ–ചൈന അതിർത്തി ഒൗപചാരികമായി നിർണയിച്ചിട്ടില്ലെന്നാണ്ഇത‌ിനു ന്യായം പറഞ്ഞത്.

∙1959ൽ ടിബറ്റിനെച്ചൊല്ലി ചൈന ഇടഞ്ഞു. 

ടിബറ്റിൽ എന്താണു പ്രശ്നം

1950 മുതലേ ടിബറ്റ് ചൈന കയ്യേറിയിരുന്നു. ചൈനീസ് അധിനിവേശത്തിനെതിരെ അവിടത്തുകാർ നടത്തിയ സമരം 1959ൽ ശക്തി പ്രാപിച്ചു. ഇതു ചൈന അടിച്ചമർത്തി. ടിബറ്റിന്റെ ഭരണാധികാരിയും ബുദ്ധ ആത്മീയാചാര്യനുമായ ദലൈലാമ ഇന്ത്യയിലെ ഹിമാചൽപ്രദേശിലെ ധർമശാലയിൽ അഭയം തേടി. ഇതു ചൈനയ്ക്കു രസിച്ചില്ല. 

ഭിന്നതകൾക്കിടെ 1960ൽ ചൈനീസ്  പ്രധാനമന്ത്രി ചൗ എൻ ലായ് ഇന്ത്യ സന്ദർശിച്ചു.   ഇതു നയതന്ത്ര തലത്തില്‍ പ്രതീക്ഷ നൽകി. എന്നാൽ, രണ്ടു വർഷം കഴിഞ്ഞപ്പോൾ കഥ മാറി.

ചൈനയുടെ ചതി 

∙ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ സഹകരണവും സഹവർത്തിത്വവും സ്വപ്നം കണ്ടിരുന്ന ഇന്ത്യയെ ഞെട്ടിച്ച് അരുണാചൽ പ്രദേശി(നേഫ)ലും ലഡാക്കിലും ഒരേ സമയം ചൈനീസ് ആക്രമണം. 

∙അക്സായി ചിന്നും  അരുണാചലും തങ്ങളുടെ സ്ഥലമാണെന്ന് അവകാശപ്പെട്ടായിരുന്നു ക്രൂരത.

∙1962 ഒക്ടോബർ 20ന് തുടങ്ങിയ യുദ്ധം അവസാനിക്കുന്നത് നവംബർ 21ന് ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ.

∙1383 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചെന്നാണ്കണക്ക്. 1696 പേരെ കാണാതായി. 722 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു.

English Summary : India-China conflict and cooperation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com