ADVERTISEMENT

വാക്സിനേഷൻ

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വാക്സീനുകൾ നൽകുന്ന പ്രക്രിയയാണ് വാക്സിനേഷൻ. മനുഷ്യരാശിയെ കൊന്നൊടുക്കിയ വസൂരി (Small pox) ക്കെതിരെ  1796 ഇംഗ്ലിഷ് ഫിസിഷ്യനായ എഡ്വേർഡ് ജന്നർ ആദ്യ വാക്സീൻ കണ്ടുപിടിച്ചു. പശുവിൽ കൗ പോക്സ് (Cow pox) രോഗം ഉണ്ടാക്കുന്ന വൈറസിനെ ഒരു കുട്ടിയിൽ  അദ്ദേഹം കുത്തിവച്ചു. 2 മാസത്തിനുശേഷം വസൂരിക്ക് കാരണമായ വൈറസിനെ അതേ കുട്ടിയിൽ  കുത്തിവച്ചപ്പോൾ രോഗമുണ്ടായില്ല. പശു എന്നർഥം വരുന്ന vaccinus  എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് വാക്സീൻ എന്ന പേരിന്റെ ഉൽപത്തി. 1979 ആയപ്പോൾ വസൂരി ഭൂമുഖത്തുനിന്ന്  തത്വത്തിൽ  തുടച്ചു മാറ്റപ്പെട്ടു.  

വസൂരി പോലെ വാക്സീനുകൾ ഉപയോഗിച്ച് വിജയകരമായി നിയന്ത്രിക്കാനായ രോഗങ്ങളാണ്  പോളിയോ വൈറസ് ഉണ്ടാക്കുന്ന തളർവാതവും, ക്ലോസ് ട്രിഡിയം ടെറ്റനി ബാക്ടീരിയ ഉണ്ടാക്കുന്ന ടെറ്റനസും. പേവിഷബാധയ്ക്കും ആന്ത്രാക്സിനും എതിരെയുള്ള പ്രഥമ വാക്സീനുകൾ  വികസിപ്പിച്ചെടുത്ത ലൂയി പാസ്റ്ററുടെ പേര് നിങ്ങൾ കേട്ടിട്ടുണ്ടാവുമല്ലോ? 

വാക്സീൻ എന്തു ചെയ്യും

പുറത്തു നിന്ന് നമ്മുടെ ശരീരത്തിൽ അതിക്രമിച്ചു കടക്കുന്ന രോഗകാരികളായ  ബാക്ടീരിയകളുടെയും വൈറസുകളുടെയും മറ്റും ശരീരഭാഗങ്ങൾ ആയ പ്രോട്ടീനുകൾ, പെപ്റ്റെഡുകൾ, കാർബോഹൈഡ്രേറ്റുകൾ തുടങ്ങിയ  തൻമാത്രകൾ നമ്മുടെ പ്രതിരോധ സംവിധാനത്തെ ഉദ്ദീപിപ്പിക്കുന്ന  ആന്റിജനുകളാണ്. ഇവയ്ക്കെതിരെ, നമ്മുടെ ശരീരത്തിൽ കാണപ്പെടുന്ന ലിംഫോസൈറ്റു കോശങ്ങൾ ഉത്പാദിപ്പിക്കുന്ന പ്രതിരോധ തന്മാത്രകളാണ് ആന്റി ബോഡികൾ  അഥവാ ഇമ്യുണോഗ്ലോബുലിനുകൾ. ഈ ആന്റിബോഡികളുടെ പ്രവർത്തനത്തെ തുടർന്ന് ശരീരം രോഗകാരികളെ നശിപ്പിക്കും. രോഗം ഉണ്ടാവാതെ നോക്കും.

ഈ അറിവാണ്  വാക്സീൻ പ്രയോഗത്തിന് പിന്നിൽ. രോഗത്തിനെതിരെ വികസിപ്പിച്ചെടുക്കുന്ന വാക്സീനുകൾ അതത് രോഗകാരികളുടെ ഘടനാപരവും നിരുപദ്രവകരവുമായ ഘടകതന്മാത്രകൾ ഉപയോഗിച്ച് തയാറാക്കുന്നതാവും. കൊന്നതോ ദുർബലമാക്കിയതോ ആയ സൂക്ഷ്മാണുക്കളോ അവയുടെ ശരീരത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്രോട്ടീനോ, സമാനതന്മാത്രകളോ ആകാം.

ഇത് ഒരാളുടെ ശരീരത്തിൽ  കടത്തിവിടുമ്പോൾ ശരീരം പ്രസ്തുത രോഗകാരിയായ ആന്റിജനെപ്പോലെ വാക്സീനുകളെ തിരിച്ചറിഞ്ഞ് അവയ്ക്കെതിരെ ആന്റിബോഡി നിർമിക്കും. ഈ ആന്റിബോഡികൾ ശരീരത്തിൽ നിലനിൽക്കും. പിന്നീട് യഥാർഥ രോഗകാരികൾ ശരീരത്തിൽ കടക്കുമ്പോൾ അവയെ പ്രതിരോധിക്കും. 

English Summary : Vaccines role in immunisation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com