ലോകമെമ്പാടുമുള്ള പല തലമുറയിൽപെട്ട കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ സീരീസായ ദ ഫ്ലിന്റ്സ്റ്റോൺസ് ആദ്യമായി ടെലികാസ്റ്റ് ചെയ്യപ്പെട്ടിട്ട് 60 വർഷം തികഞ്ഞു.1960 സെപ്റ്റംബർ 30നാണു ഷോ തുടങ്ങിയത്. ശിലായുഗത്തിൽ, ബെഡ്റോക്ക് എന്ന പട്ടണത്തിൽ താമസിക്കുന്ന ‘ഫ്ലിൻസ്റ്റോൺസ്’ കുടുംബത്തിന്റെ കഥയാണ് ‘ദ് ഫ്ലിൻസ്റ്റോൺസ്’ പറയുന്നത്. എന്നാൽ ഇന്നത്തെ കാലത്തെ ഒരു കുടുംബം നേരിടുന്ന രസകരമായ രീതിയിലുള്ള സംഭവങ്ങൾ ഇതിലുള്ളതിനാൽ പ്രേക്ഷകർക്ക് ഒരു കുടുംബസീരിയൽ കാണുന്നതുപോലെ ആസ്വദിക്കാൻ വഴിയൊരുക്കുന്നതായിരുന്നു ഉള്ളടക്കം.
പ്രശസ്ത അമേരിക്കൻ നിർമാതാക്കളായ ഹന്നാ–ബാർബറയാണ് എബിസി ടെലിവിഷൻ ചാനലിനു വേണ്ടി ഷോ നിർമിച്ചത്. 166 എപ്പിസോഡുകൾ ടെലിക്കാസ്റ്റ് ചെയ്യപ്പെട്ട ഫ്ലിന്റ്സ്റ്റോൺസ് ചെറുപ്പക്കാരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ചു വലിയ പ്രസിദ്ധി നേടി. പിന്നീട് ഹന്നാ– ബാർബറയെ അമേരിക്കയിലെ എണ്ണംപറഞ്ഞ നിർമാതാക്കളാക്കി മാറ്റുന്നതിലും ഈ കാർട്ടൂൺ വലിയ പങ്കുവഹിച്ചു.
സന്ധ്യകഴിഞ്ഞുള്ള പ്രൈം ടൈമിൽ ടെലിക്കാസ്റ്റ് ചെയ്ത ആദ്യ കാർട്ടൂൺ സീരിസെന്ന നിലയിലും ഫ്ലിന്റ്സ്റ്റോൺസ് പ്രശസ്തമാണ്. പിന്നീട് അമേരിക്കയുടെയും ലോകത്തിന്റെയും സീരിയൽ സംസ്കാരത്തിൽ തന്നെ സ്വാധീനം ചെലുത്തിയ ‘സിറ്റ്കോം’ എന്ന സീരിയൽ വിഭാഗത്തെ ശക്തമാക്കാൻ ഫ്ലിന്റ്സ്റ്റോൺസിനു സാധിച്ചു.
∙യാബാ ഡാബാ ഡൂ
ഫ്രെഡ് ഫ്ലിൻസ്റ്റോണാണു കാർട്ടൂണിലെ നായകൻ,‘യാബ ഡാബ ഡൂ’ എന്ന് എപ്പോഴും പറയുന്ന ഫ്രെഡ് ബെഡ്‌റോക്കിലെ ഒരു കമ്പനിയിലെ ജീവനക്കാരനാണ്.അൽപം മുൻശുണ്ഠിയുള്ള ഫ്രെഡിന് മരത്തടിയൊക്കെ വച്ചു നിർമിച്ച ഒരു കാറൊക്കെയുണ്ട്. ഇത് ഓടിക്കുന്നതിനിടെ ഇടയ്ക്കിടയ്ക്ക് ആക്സിഡന്റും ഉണ്ടാക്കും.ഫ്രെഡിന്റെ ഭാര്യയാണ് വിൽമ.ഫ്രെഡിനേക്കാൾ ബുദ്ധിയൊക്കെ ഉണ്ടെങ്കിലും പണം ചെലവഴിക്കുന്നതിൽ യാതൊരു നിയന്ത്രണവുമില്ലാത്ത ആളാണ് വിൽമ. ഫ്രെഡിനും വിൽമയ്ക്കും പെബിൾസ് എന്നു പേരുള്ള ഒരു കുസൃതിക്കാരി കുട്ടിയുമുണ്ട്.
നമ്മളിൽ പലരുടെയും വീട്ടിൽ ഓമനമൃഗങ്ങളെ വളർത്താറില്ലേ. അതുപോലെ ഇവരുടെ വീട്ടിലും ഒരു ഓമനമൃഗത്തെ വളർത്തുന്നുണ്ട്, ഡിനോ എന്നു പേരുള്ള ഒരു ദിനോസറിനെ! നായക്കുട്ടിയെപ്പോലെ കുരയ്ക്കുകയൊക്കെ ചെയ്യുന്ന ദിനോസറാണ് ഡിനോ.
ഫ്രെഡിന്റെ അയൽക്കാരനും സഹപ്രവർത്തകനും ഉറ്റചങ്ങാതിയുമാണ് ബാർണി റബിൾസ്. ബാർണിയുടെ ഭാര്യ ബെറ്റി. ഇവർ വിൽമയുടെ ഉറ്റതോഴിയാണ്. ഇവരും പിന്നെ ഇടയ്ക്കിടെ വന്നുപോകുന്ന കുറച്ചു കഥാപാത്രങ്ങളും കൂടിയാണ് ഫ്ലിൻസ്റ്റോൺസിനെ മുന്നോട്ടു കൊണ്ടുപോകുന്നത്.
∙ടോം ആൻഡ് ജെറിയിൽ നിന്ന്
എക്കാലത്തെയും ഹിറ്റ് കാർട്ടൂൺ പരമ്പരയായ ടോം ആൻഡ് ജെറി നിർമിച്ചതിനു ശേഷമാണ് ഫ്ലിന്റ്സ്റ്റോൺസ് നിർമിക്കാൻ ഹന്നാ–ബാർബറ കൂട്ടുകെട്ടു തീരുമാനിച്ചത്. ഇടയ്ക്ക് ഒന്ന് രണ്ട് പദ്ധതികൾ ചെയ്തെങ്കിലും ഇവ ടോം ആൻഡ് ജെറി പോലെ ശ്രദ്ധേയമായില്ല. കുട്ടികൾക്കൊപ്പം രക്ഷിതാക്കളെയും മറ്റു കുടുംബാംഗങ്ങളെയും ആകർഷിക്കുന്ന ഒരു കാർട്ടൂൺ സീരീസ് അതായിരുന്നു ഹന്നാ– ബാർബറയുടെ ലക്ഷ്യം.
ഇതിനായി പല ആലോചനകളും അവർ നടത്തി. പുരാതന റോമിലെ ഒരു കുടുംബത്തിന്റെ കഥ ആദ്യമാലോചിച്ചു. വേണ്ടെന്നു തീരുമാനിച്ചു. പിന്നെ ഒരു റെഡ് ഇന്ത്യൻ കുടുംബം, പക്ഷേ അതും ഹന്നയ്ക്കും ബാർബറയ്ക്കും തൃപ്തി നൽകിയില്ല. ഒടുവിൽ ശിലായുഗത്തിലെ കുടുംബത്തിന്റെ കഥ പറയാമെന്ന് ആശയം കത്തിയതോടെ പ്രശ്നം തീർന്നു.ആദ്യം ഫ്ലാഗ്സ്റ്റോൺസ് എന്നായിരുന്നു കാർട്ടൂണിനു പേരു നൽകിയതെങ്കിലും പിന്നീട് ഫ്ലിൻസ്റ്റോൺസ് എന്നാക്കി.
∙ആദ്യം വിമർശനം പിന്നെ ക്ലാസിക്
ഫ്ലിന്റ്സ്റ്റോൺ്സ് ആദ്യം റിലീസ് ചെയ്തപ്പോൾ നിരൂപകരും മറ്റും നന്നായി വിമർശിച്ചു. ദുരന്തമെന്നായിരുന്നു ഒരു മാസിക കാർട്ടൂണിനെ വിശേഷിപ്പിച്ചത്. എന്നാൽ താമസിയാതെ കാർട്ടൂൺ ക്ലച്ചു പിടിച്ചു. അമേരിക്ക മുതൽ ഓസ്ട്രേലിയ വരെ ലോകമെമ്പാടും ഷോയ്ക്ക് ആരാധകരുണ്ടായി. പിന്നീട് 5 ദശാബ്ദങ്ങളിൽ ഈ കാർട്ടൂൺ ഇടതടവില്ലാതെ വിവിധ ചാനലുകളിൽ റീ ടെലികാസ്റ്റ് ചെയ്യപ്പെട്ടു.
ഇതിനെ അടിസ്ഥാനപ്പെടുത്തി പുതിയ കാർട്ടൂണുകളും ഷോകളും ഇറങ്ങി. 1994ലും 2000ലും രണ്ടു ഹോളിവുഡ് ചിത്രങ്ങളും ഫ്ലിൻസ്റ്റോൺസുമായി ബന്ധപ്പെട്ട് ഇറങ്ങി. 2014 മുതൽ ഹോളിവുഡിലെ മുൻനിര സിനിമാനിർമാണ കമ്പനിയായ വാർണർ ബ്രോസ് ഫ്ലിന്റ്സ്റ്റോൺസിനെ ഒരു വലിയ അനിമേറ്റഡ് ചിത്രമായി ഇറക്കാൻ പദ്ധതിയിടുന്നുണ്ട്.
ഇന്ത്യയിൽ തൊണ്ണൂറുകളുടെ അവസാനം മുതൽ കാർട്ടൂൺ ചാനലുകളിൽ ഫ്ലിന്റ്സ്റ്റോൺസ് കാർട്ടൂൺ പരമ്പര സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിനാൽ തന്നെ തൊണ്ണൂറുകളിലും എൺപതുകളിലും ജനിച്ചവർക്ക് ഗൃഹതുരത്വം ഉണർത്തുന്ന ഒരു സീരീസു കൂടിയാണ് ഫ്ലിന്റ്സ്റ്റോൺസ്.
English Summary : The Flintstones cartoon 60th anniversary