തദ്ദേശ തിരഞ്ഞെടുപ്പിനായി കേരളം ഒരുങ്ങുമ്പോൾ; അറിയാം പഞ്ചായത്ത് രാജ് സംവിധാനങ്ങളെക്കുറിച്ച്...

HIGHLIGHTS
  • ഇന്ത്യൻ ജനതയെ ശക്തരാക്കിയ പഞ്ചായത്ത് രാജും നഗരപാലികയും.
  • ഗാന്ധിജിയുടെ സ്വപ്‌നത്തിലെ ഗ്രാമ സ്വരാജിനായുള്ള നിയമങ്ങൾ.
Panchayat Election
വര: വിഷ്ണു വിജയൻ
SHARE

ഗ്രാമ സ്വരാജ് - തദ്ദേശ സ്വയം ഭരണം

ഗ്രാമ സ്വരാജ് എന്നാൽ ഒരു ഗ്രാമത്തിന് സ്വന്തം നിലയിൽ ഭരിക്കപ്പെടാനുള്ള അവകാശം എന്നാണ്. ഗ്രാമങ്ങളെ കോർത്തിണക്കിയുള്ള വികേന്ദ്രീകൃത വികസന മാതൃകയാണു പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നതോടെ നടപ്പിലായത്. കേരളത്തിലെ പഞ്ചായത്തുകൾ തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലാണ്. 

എന്താണ് പഞ്ചായത്ത്

പാഞ്ച് എന്ന ഹിന്ദി വാക്കിന്റെ അർഥം അറിയാമല്ലോ... അഞ്ച്. അയത്ത്് എന്നാൽ യോഗം (assembly). അഞ്ചു പേരുടെ സമിതി എന്നാണ് ഈ വാക്കിനർഥം. പ്രാചീന ഭാരതത്തിലെ ഗ്രാമങ്ങളിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് ആ ഗ്രാമത്തിലെ പ്രമുഖരായ 5 പേരുടെ സമിതിയാണ്. തർക്കങ്ങളിൽ തീർപ്പ് കൽപിച്ചിരുന്നതും ആ സമിതിയാണ്. അങ്ങനെയാണ് പഞ്ചായത്ത് എന്ന വാക്ക് രൂപപ്പെട്ടത്. 

പഞ്ചായത്ത് ചരിത്രം

ബ്രിട്ടിഷുകാർ ഇന്ത്യയിൽ എത്തുമ്പോൾ ഗ്രാമങ്ങളുടെ ഭരണം നാട്ടുകൂട്ടങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. 1919 ലാണു ബ്രിട്ടിഷ് സർക്കാർ പ്രാദേശിക സ്വയം ഭരണ സ്ഥാപനങ്ങൾക്കായി ഒരു നിയമം കൊണ്ടുവന്നത്. പ്രാദേശിക വിഷയത്തിൽ ഭൂരിപക്ഷ തീരുമാനം നടപ്പാക്കിയുള്ള വികസന പാതയായിരുന്നു ആ നിയമത്തിലുണ്ടായിരുന്നത്. ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു പഞ്ചായത്തുകളെക്കുറിച്ചു പഠിക്കാൻ ബൽവന്ത്‌റായ് മേത്ത കമ്മിറ്റിയെ നിയോഗിച്ചു.  1959 ൽ സമർപ്പിച്ച റിപ്പോർട്ടിൽ അധികാര വികേന്ദ്രീകരണത്തിന് കക്ഷി-രാഷ്ട്രീയ-ജാതി വിഭാഗീയതകൾക്ക് അതീതമായ ത്രിതല സംവിധാനം വേണമെന്നു നിർദേശിച്ചു. 1960 ജനുവരി ഒന്നിനാണ് കേരള പഞ്ചായത്ത് ആക്ട് നടപ്പിലായത്. 

വരുന്നു.... പഞ്ചായത്ത് രാജ്

പഞ്ചായത്ത് സ്ഥാപനങ്ങൾക്ക് കൂടുതൽ ഭരണഘടനാ അധികാരം നൽകണമെന്ന ശുപാർശകൾ കണക്കിലെടുത്താണു പഞ്ചായത്ത് രാജ് നിയമം വരുന്നത്. ഭരണഘടനയുടെ 73-ാം ഭേദഗതിയിലൂടെ പാർലമെന്റ് 1992ൽ ഇതു പാസാക്കി. 1993 ഏപ്രിൽ 24 ന് നിയമം പ്രാബല്യത്തിൽ വന്നതോടെ ത്രിതല പഞ്ചായത്തുകൾ രൂപീകരിക്കാനുള്ള കളമൊരുങ്ങി. നഗരമേഖലയ്ക്കായി 74-ാം ഭരണഘടനാ ഭേദഗതി പാസാക്കി നഗരപാലിക നിയമം കൊണ്ടുവന്നു. മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയാണ് നഗരപാലിക നിയമത്തിലുള്ളത്. പഞ്ചായത്ത് രാജ് നിയമം പ്രാബല്യത്തിൽ വന്ന തീയതിയായ ഏപ്രിൽ 24 എല്ലാവർഷവും  ദേശീയ പഞ്ചായത്ത് രാജ് ദിനമായി ആഘോഷിക്കുന്നു.

പഞ്ചായത്ത് സംവിധാനം

ഗ്രാമീണ മേഖലയ്ക്കായി ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് സംവിധാനങ്ങൾ. പട്ടണങ്ങളിൽ മുനിസിപ്പാലിറ്റിയും നഗരങ്ങളിൽ കോർപേറേഷനുമുണ്ട്.  തിരഞ്ഞെടുപ്പിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കും ആ വിഭാഗങ്ങളിലെ വനിതകൾക്കും പൊതു വിഭാഗത്തിലെ വനിതകൾക്കും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. പഞ്ചായത്ത് രാജ് നിയമം വന്നപ്പോൾ 33 ശതമാനമായിരുന്നു വനിതാ പ്രാതിനിധ്യം. പിന്നീടു വന്ന ഭരണഘടനാ ഭേദഗതിയിലൂടെ 50 ശതമാനത്തിൽ കുറയാതെ വനിതാ പ്രാതിനിധ്യം ഉറപ്പു വരുത്തി. പട്ടിക ജാതി, പട്ടിക വർഗ സംവരണം ജനസംഖ്യ അനുപാതത്തിലാണ്.  

Padippura
കേന്ദ്രത്തിലെ പഞ്ചായത്ത് രാജ്, ഗ്രാമവികസന മന്ത്രാലയങ്ങളുമായി സംസ്ഥാനങ്ങളിലെ തദ്ദേശ സ്വയം ഭരണ വകുപ്പുകൾ ബന്ധപ്പെട്ടിരിക്കുന്നു.

11-ാം ഷെഡ്യൂൾ

പഞ്ചായത്ത് രാജ് ഭരണഘടനാ ഭേദഗതിയുടെ ഭാഗമായി രൂപപ്പെടുത്തിയ 11-ാം ഷെഡ്യൂളിൽ പറഞ്ഞിട്ടുള്ള 29 വിഷയങ്ങളാണ് പഞ്ചായത്തുകളുടെ ഉത്തരവാദിത്വത്തിൽ വരുന്നത്. 

സ്ഥിരം സമിതികൾ

ഭരണത്തിലെ വികേന്ദ്രീകരണം ഉറപ്പു വരുത്താനാണ് വിവിധ പ്രവർത്തനങ്ങൾക്കായി സ്ഥിരം സമിതികളെ തിരഞ്ഞെടുക്കുന്നത്. ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ധനകാര്യം, വികസനം, ക്ഷേമം എന്നിവയിൽ സ്ഥിരം സമിതി രൂപീകരിക്കണം. ജില്ലാ പഞ്ചായത്തിൽ ഇതുകൂടാതെ പൊതുമരാമത്ത്, ആരോഗ്യ-വിദ്യാഭ്യാസം എന്നീ സ്ഥിരം സമിതികളും ഉണ്ടാകും. ഓരോ മാസവും വരവ്-ചെലവ് കണക്കുകളുടെ പരിശോധനയും മറ്റ് മേൽനോട്ടവും സ്ഥിര സമിതികളുടെ നിയന്ത്രണത്തിലാണ്. ഓരോ സ്ഥിരം സമിതിക്കും  അധ്യക്ഷനുണ്ടാകും. 

തദ്ദേശ സ്വയം ഭരണ വകുപ്പ്

പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്കായി പ്രവർത്തിക്കുന്ന തദ്ദേശ സ്വയം ഭരണ വകുപ്പ് ഇന്ത്യൻ ഭരണഘടനയിൽ സംസ്ഥാന പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രത്തിലെ പഞ്ചായത്ത് രാജ്, ഗ്രാമവികസന മന്ത്രാലയങ്ങളുമായി സംസ്ഥാനങ്ങളിലെ തദ്ദേശ സ്വയം ഭരണ വകുപ്പുകൾ ബന്ധപ്പെട്ടിരിക്കുന്നു. 

നരേന്ദ്രസിങ് തോമർ, എ.സി മൊയ്തീൻ
നരേന്ദ്രസിങ് തോമർ, എ.സി മൊയ്തീൻ

ഖാപ് പഞ്ചായത്ത്

ഉത്തരേന്ത്യയിൽ ജാട്ട്, ഗുജ്ജർ വിഭാഗങ്ങൾക്കിടയിലാണ് ഇത്തരത്തിലൊരു സംവിധാനം. വനിതകൾക്കും യുവാക്കൾക്കും  പ്രാതിനിധ്യമില്ല. സമുദായത്തിലെ മുതിർന്ന അംഗങ്ങളുടെ കൂട്ടമാണ് ഖാപ് പഞ്ചായത്ത് എന്ന് അറിയപ്പെടുന്നത്. സാമുദായിക വിഷയങ്ങൾ കൈകാര്യം ചെയ്യാൻ മാത്രമുള്ളവയാണ് ഇത്.  സർക്കാരിന്റെ അംഗീകാരവുമില്ല. യുപി, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിൽ ഖാപ് പഞ്ചായത്തുകളുള്ളത്. 

സർപഞ്ച് 

ഈ വാക്കും ഹിന്ദിയിൽ നിന്നുള്ളതാണ്. മുൻപ് 5 പേരുടെ സമിതിയുടെ തലവനെയാണ് സർപഞ്ച് എന്നു വിളിക്കുന്നത്. പ്രാചീന ഭാരതത്തിലെ ഗ്രാമ സമിതിയുടെ അധ്യക്ഷൻ എന്ന നിലയിൽ യുപി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഗ്രാമപഞ്ചായത്തുകളുടെ അധ്യക്ഷനെ സർപഞ്ച് എന്നാണ് വിളിക്കുന്നത്. ചില സംസ്ഥാനങ്ങളിൽ ഗ്രാമ പ്രധാൻ എന്നും ചിലയിടങ്ങളിൽ മുഖ്യ എന്നുമാണ് വിളിക്കുന്നത്. കേരളത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്നും. ഇവിടെ തിരഞ്ഞെടുക്കപ്പെടുന്ന വാർഡ് അംഗങ്ങളുടെ പ്രതിനിധിയാണ് അധ്യക്ഷനാകുന്നത്. ചില സംസ്ഥാനങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റിനെ നേരിട്ട് തിരഞ്ഞെടുക്കാറുണ്ട്. 

പഞ്ചായത്ത് മറ്റ് രാജ്യങ്ങളിൽ

പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലദേശ്, ശ്രീലങ്ക, ട്രിനിഡാഡ് ആൻഡ് ടുബാഗോ തുടങ്ങിയ രാജ്യങ്ങളിൽ  ഇന്ത്യയിലേതിനു സമാനമായ പഞ്ചായത്ത് രാജ് സംവിധാനം  നിലവിലുണ്ട്. 

പഞ്ചായത്തില്ലാ നാട്

പഞ്ചായത്ത് രാജ് നിയമമില്ലാത്ത സംസ്ഥാനങ്ങളാണ് നാഗാലാൻഡ്, മേഘാലയ, മിസോറം  എന്നിവ. ഇവിടെ തിരഞ്ഞെടുത്ത ഗോത്ര സമിതികളാണ് അതതു ഗ്രാമങ്ങൾ ഭരിക്കുന്നത്. കൂടാതെ ഭരണഘടനയുടെ ഷെഡ്യൂൾ 5ൽ പരാമർശിക്കുന്ന പ്രദേശങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ പ്രദേശങ്ങൾ ഉൾപ്പെടുന്നത്. ബംഗാളിലെ ഡാർജിലിങ് ജില്ലയിലെ ഗൂർഖ ഹിൽ കൗൺസിൽ നിലവിലുണ്ടായിരുന്ന മലയോര പ്രദേശവും ഒഴിവാക്കപ്പെട്ടു. ഡൽഹിയിലും പഞ്ചായത്ത് രാജ് നിയമമില്ല. 1957ൽ പാസാക്കിയ ഡൽഹി മുനിസിപ്പൽ കോർപറേഷൻ നിയമത്തിനു കീഴിലാണ് 3 നഗരസഭകളും പ്രവർത്തിക്കുന്നത്. 

English Summary :  Panchayat Election And Panchayat Raj

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA