ഏറ്റവും ‘മോശം’ അമേരിക്കൻ പ്രസിഡന്റ് ആരാണെന്നറിയാമോ?

HIGHLIGHTS
  • സർ ഏബ്രഹം ലിങ്കണെയാണ് ഏറ്റവും മികച്ച പ്രസിഡന്റായി അമേരിക്കക്കാർ കരുതുന്നത്
  • ഏറ്റവും മോശം പ്രസിഡന്റായി കരുതുന്നത് ജെയിംസ് ബുക്കാനനെ ആണ്
worst-president-in-american-history
ജെയിംസ് ബുക്കാനൻ (Source : Wikipedia)
SHARE

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജോ ബൈഡന്റെ വിജയത്തോടെ അവസാനിക്കുകയാണ്. കഴിഞ്ഞ നാലുവർഷം യുഎസ് ഭരിച്ച ഡോണൾഡ് ട്രംപിന്റെ രീതികളും ചില നടപടികളുമൊക്കെ പല കോണുകളിൽ നിന്നു വിമർശനത്തിനു വഴിയൊരുക്കിയിരുന്നു.

രൂപീകൃതമായപ്പോൾ മുതൽ തന്നെ ശ്രദ്ധ നേടിയിട്ടുള്ള രാജ്യമാണ് യുഎസ്. നവലോകം അഥവാ ന്യൂ വേൾഡ് എന്നു യൂറോപ്പുകാർ വിളിച്ച അമേരിക്കൻ മേഖലയിലെ ഏറ്റവും കരുത്തുറ്റ രാജ്യമായി യുഎസ് വളർന്നു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകത്തിലെ ഏറ്റവും കരുത്തുറ്റ രണ്ടു രാജ്യങ്ങളിലൊന്നെന്ന സ്ഥാനം യുഎസിനു കിട്ടി. ഇതിൽ മറ്റേ രാജ്യമായ സോവിയറ്റ് യൂണിയൻ തകർന്നതോടെ രാജ്യാന്തരതലത്തിൽ പല കാര്യങ്ങളിലും നായകസ്ഥാനം വഹിക്കുന്ന ഒരു രാജ്യമായി യുഎസ് സ്വയം മാറി. അതിശക്തമായ സൈന്യവും അതിനോടൊപ്പം തന്നെ ശാസ്ത്രം മുതൽ സിനിമ വരെ പലവിധ മേഖലകളിലെ മുന്നേറ്റങ്ങളും അമേരിക്കയെ വളരെ ശ്രദ്ദേയമാക്കി.

ഇതിനാൽ തന്നെ അമേരിക്കൻ പ്രസിഡന്റുമാർ അവരുടെ രാജ്യത്തിനു വെളിയിലും വളരെ പ്രശസ്തരാണ്. അവരുടെ ഓരോ പ്രവൃത്തികളും നയങ്ങളുമൊക്കെ മറ്റുള്ളവർ വളരെ ശ്രദ്ധയോടെ വീക്ഷിച്ചുകൊണ്ടിരിക്കും.നമ്മുടെ നാട്ടിൽപോലും ആരെങ്കിലും ജാ‍ഡ കാണിക്കുമ്പോൾ, ഓഹ് എന്താ അവന്റെ ഭാവം, അമേരിക്കൻ പ്രസിഡന്റാന്നാ വിചാരം എന്നൊക്കെ പറയാറുണ്ട്.

അമേരിക്കക്കാർ പലപ്പോഴും സർവേകളിൽ കൂടിയും ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞുമൊക്കെ തങ്ങളെ ഭരിച്ച പ്രസി‍ഡന്റുമാരിൽ ഏറ്റവും മികച്ചവർ ആര്, മോശം ആര് എന്നൊക്കെ പട്ടികയാക്കാറുണ്ട്. അമേരിക്കൻ പ്രസിഡന്റുമാർക്കിടയിൽ ഏറ്റവും പ്രശസ്തനും യുഎസ് ചരിത്രപുരുഷനുമായ സർ ഏബ്രഹം ലിങ്കണെയാണ് ഏറ്റവും മികച്ച പ്രസിഡന്റായി അമേരിക്കക്കാർ കരുതുന്നത്. മികച്ചയാൾ ലിങ്കണെങ്കിൽ ഏറ്റവും മോശം ആൾ ആരായിരിക്കും. അതിന്റെ ഉത്തരമാണ് ജെയിംസ് ബുക്കാനൻ. ലിങ്കണു തൊട്ടു മുൻപ് അമേരിക്ക ഭരിച്ച പ്രസിഡന്റ്.

അമേരിക്കയുടെ 15ാം പ്രസിഡന്റും ഡമോക്രാറ്റ് പാർട്ടി നേതാവുമായിരുന്നു ബുക്കാനൻ.1791ൽ പെൻസിൽവേനിയയിൽ ജനിച്ച ബുക്കാനൻ വളരെ പ്രഗത്ഭനായ ഒരു വക്കീലായിട്ടാണ് അറിയപ്പെട്ടിരുന്നത്.ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ പല ഉന്നത പോസ്റ്റുകളിലേക്കും ബുക്കാനൻ അവരോധിക്കപ്പെട്ടു.യുഎസിന്റെ സ്റ്റേറ്റ് സെക്രട്ടറി, യുഎസിന്റെ റഷ്യയിലേക്കും ബ്രിട്ടനിലേക്കുമുള്ള അംബാസിഡർ എന്നീ തസ്തികകളൊക്കെ ബുക്കാനനെ തേടി വന്നു.ഇത്രയും മികച്ച പ്രൊഫൈലും രാഷ്ട്രീയപരിചയവുമുള്ള ബുക്കാനൻ എങ്ങനെ ഏറ്റവും മോശക്കാരനെന്ന പേരു സമ്പാദിച്ചു?യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും കറുത്ത ഒരധ്യായത്തിന് ബുക്കാനൻ വഴിവച്ചു എന്നതാണ് ഉത്തരം.

1857 ലാണ് ബുക്കാനന്റെ പ്രസിഡന്റായുള്ള അരങ്ങേറ്റം. അടിമത്തം നിരോധിക്കണമെന്നുള്ള പ്രക്ഷോഭങ്ങളും ആവശ്യങ്ങളും അമേരിക്കയിൽ ശക്തമായിരിക്കുന്ന കാലം. ആയിടയ്ക്ക് കറുത്തവർഗക്കാർക്ക് പൗരത്വം നിഷേധിച്ചും, അടിമത്വത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം കേന്ദ്രഭരണകൂടത്തിനു നിഷേധിച്ചും ഒരു സുപ്രീംകോടതി വിധി വന്നു.

അടിമത്വത്തിനെതിരായിരുന്നെങ്കിലും അതിനെതിരെ പോരാടാൻ പോയിട്ട് ഒരു ചെറുവിരലനക്കാൻ ബുക്കാനൻ തയാറായില്ല. തുടർന്ന് കേന്ദ്രഭരണകൂടമായ യുഎസ് കോൺഗ്രസിന്റെ നയങ്ങളെ അനുകൂലിക്കുന്ന വടക്കൻ സംസ്ഥാനങ്ങളും അനുകൂലിക്കാത്ത തെക്കൻ സംസ്ഥാനങ്ങളും തമ്മിൽ വലിയ സ്പർധ വളർന്നു. തെക്കൻ സംസ്ഥാനങ്ങൾ വിട്ടുപോകുന്ന സ്ഥിതിയുമുണ്ടായി. ഇതൊന്നും തടുക്കാൻ ബുക്കാനനു കഴിഞ്ഞില്ല.

ഒടുവിൽ 1861ൽ അധികാരമേറ്റെടുത്ത ലിങ്കൺ ഭരണകൂടമാണ് ആഭ്യന്തരയുദ്ധത്തിനു ശേഷം അമേരിക്കയുടെ ഐക്യപ്പെടലിനും അടിമത്വനിരോധനത്തിനും വഴിയൊരുക്കിയത്.

പെൻസിൽവേനിയ സംസ്ഥാനത്തുനിന്നുള്ള ഒരേയൊരു പ്രസിഡന്റായ ബുക്കാനൻ അധികാരം നഷ്ടപ്പെട്ട ശേഷം സ്വന്തം നാട്ടിലേക്കു മടങ്ങി.1868ൽ അദ്ദേഹം അന്തരിച്ചു. ജീവിതകാലം മുഴുവൻ വിവാഹിതനാകാതെയിരുന്ന ഒരേയൊരു ‘ക്രോണിക് ബാച്‌ലർ’ അമേരിക്കൻ പ്രസി‍ഡന്റ് എന്ന റെക്കോഡ‍് കൂടിയുണ്ട് ബുക്കാനന്.

English Summary : The wrost president in US history

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA