ADVERTISEMENT

ജീവലോകത്തെ പാരസ്പര്യങ്ങളിൽ പ്രധാനപ്പെട്ടതാണ് പരഭോജനം(Predation). ഇരയും ഇരപിടിക്കുന്ന ജീവിയും തമ്മിലുള്ള ഈ പാരസ്പര്യം ആവാസവ്യവസ്ഥകളുടെയും ജീവലോകത്തിന്റെയും നിലനിൽപിന് അനിവാര്യമാണ്.

ആവാസവ്യവസ്ഥകളിലെ ഭക്ഷ്യശൃംഖലകളിലൂടെയുള്ള ഊർജപ്രവാഹത്തിന്റെ കുഴലുകളായി മാറുകയാണ് ഇരയും ഇരപിടിക്കുന്ന ജീവിയും. ജീവലോകത്തിന്റെ നിലനിൽപിന് ഈ ഊർജപ്രവാഹം ആവശ്യമാണ്. ഊർജത്തിന്റെ ആത്യന്തിക ഉറവിടം സൂര്യപ്രകാശം ആണല്ലോ. സൗരോർജത്തെ പ്രകാശസംശ്ലേഷണത്തിലൂടെ ആഹാരമാക്കി മാറ്റുന്ന സസ്യങ്ങളാണ് ഭക്ഷ്യശൃംഖലകളിലെ ഊർജപ്രവാഹം തുടങ്ങുന്നത്. പുല്ലിൽ നിന്ന് ഊർജം പുൽച്ചാടിയിലൂടെ തവളയിലേക്കും അവിടെനിന്നു പാമ്പിലേക്കും പാമ്പിൽനിന്നു പരുന്തിലേക്കും കൈമാറ്റം ചെയ്യുന്നു.

predatory-plants

സസ്യങ്ങളിലെ പ്രതിരോധ സംവിധാനത്തെ പ്രധാനമായും രണ്ടായി വിഭജിക്കാം. വ്യവസ്ഥാപിത പ്രതിരോധവും(Constitutive) പ്രേരക പ്രതിരോധവും(Induced). ആദ്യം പറഞ്ഞത് ജന്മനാ സസ്യത്തിൽ ഉള്ളതും രണ്ടാമത്തേത് അപകടം പറ്റുമ്പോൾ ഉണ്ടാകുന്നതുമാണ്. ഉപാപചയ പ്രവർത്തനങ്ങളുടെ ഉപോൽപന്നമായി ഉണ്ടാകുന്ന ഒട്ടേറെ ജൈവരാസ പദാർഥങ്ങൾ സസ്യങ്ങളെ സസ്യഭുക്കുകളിൽ നിന്നു രക്ഷപ്പെടാൻ സഹായിക്കുന്നു. സസ്യഭുക്കുകളുടെ ജൈവിക പ്രവർത്തനങ്ങളെ തകരാറിലാക്കാൻ കഴിയുന്ന വിഷപദാർഥങ്ങളാണ് ഇവയിലേറെയും. ഇവയെ പ്രധാനമായും നൈട്രോജനിക സംയുക്തങ്ങൾ (ആൽക്കലോയിഡുകൾ, സയനോജനിക് ഗ്ലൈക്കോസൈഡുകൾ, ഗ്ലൂക്കോസിനോലേറ്റ്സ്....) ടെർപ്പിനോയിഡുകൾ, ഫീനോലിക്സ് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. 

അനുകൂലനം

ജീവലോകത്തിന്റെ നിലനിൽപിന് ഈ പാരസ്പര്യം അനിവാര്യമാണ്. പക്ഷേ, ഇതേസമയം തന്നെ ജൈവലോകത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താനും പ്രകൃതി കരുതലെടുത്തിട്ടുണ്ട്. ഇരകളെ രക്ഷപ്പെടാൻ സഹായിക്കുന്ന അനുകൂലനങ്ങൾ ഇതിന്റെ ഭാഗമാണ്. മാനുകളെയും മുയലുകളെയും ഒക്കെ പിടിക്കാൻ ശ്രമിക്കുമ്പോൾ അവയിൽ മിക്കയെണ്ണവും ഓടി രക്ഷപ്പെടും. കുറെയെണ്ണത്തെ ഓടിക്കുമ്പോഴാണ് ഒരെണ്ണത്തെ കിട്ടുന്നത്. 

predatory-plants3

ഇവിടെ ഓട്ടം അനുകൂലനമാണ്. ഓടി രക്ഷപ്പെടാൻ കഴിയാത്ത സസ്യങ്ങൾക്കുള്ള അനുകൂലനങ്ങൾ എന്തൊക്കെയാണ്?

ആൽക്കലോയിഡുകൾ

അമിനോ ആസിഡുകളുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന മൂവായിരത്തിലേറെ ആൽക്കലോയിഡുകൾ സസ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പുകയിലയിലെ നിക്കോട്ടിൻ, കാപ്പിക്കുരുവിലെ കഫീൻ, പോപ്പിച്ചെടിയിലെ മോർഫിൻ, കൊക്കോ ചെടിയിലെ കൊക്കൈൻ, കാഞ്ഞിരക്കുരുവിലും വേരിലുമുള്ള സ്ട്രിക്ക്നിൻ, സിങ്കോണ മരത്തൊലിയിലെ ക്വിനൈൻ, കുരുമുളകിലെ പൈപ്പെറിൻ, ശവംനാറിയിലെ വിൻക്രിസ്റ്റിൻ, വിൻബ്ലാസ്റ്റിൻ, ഉമ്മത്തി ൻ കായയിലെ അട്രോപ്പിൻ തുടങ്ങിയവയെല്ലാം ഉദാഹരണങ്ങളാണ്. 

ഫീനോലിക്സ്

ഫീനോളുകളെന്നും അറിയപ്പെടുന്ന ഇവ ആന്റി സെപ്റ്റിക് സ്വഭാവമുള്ളതും അന്തഃസ്രാവിഗ്രന്ഥികളെ ബാധിക്കുന്നവയുമാണ്. സസ്യഭുക്കുകളുടെ ദഹനവ്യവസ്ഥയിൽ തകരാറുണ്ടാക്കാനും ഇവയ്ക്കാവും.

രാസപദാർഥങ്ങളിലൂടെ ശത്രുക്കളെ അകറ്റുന്നതു കൂടാതെ പല സസ്യങ്ങളിലും കാണപ്പെടുന്ന രോമങ്ങളും മുള്ളുകളും പ്രതിരോധം തീർക്കാൻ പോന്നവയാണ്. റോസ്, നാരകം, കടലാസുചെടി, കള്ളിമുൾച്ചെടികൾ ഇവയൊക്കെ ഉദാഹരണങ്ങളാണ്.സഹനം പ്രതിരോധമാക്കുന്ന സസ്യങ്ങളുമുണ്ട്. ഇരയാക്കപ്പെടുന്ന സസ്യങ്ങൾ നാശമേൽക്കാത്ത ശരീരഭാഗങ്ങളിൽ പ്രകാശസംശ്ലേഷണ തോത് കൂട്ടിയും ഇലകൾ കൊഴിഞ്ഞു പോകുന്നത് വൈകിപ്പിച്ചും കാണ്ഡങ്ങളെ അപേക്ഷിച്ച് വേരുകളുടെ അനുപാതം കൂട്ടിയും അഡ്ജസ്റ്റ് ചെയ്യാറുണ്ടത്രെ.

predatory-plants2

കുന്നിക്കുരു

ഉയരത്തിൽ പടർന്നുവളരുന്ന വള്ളിച്ചെടിയാണ് കുന്നി. കുന്നിയുടെ വേരിലും വിത്തിലും ഉഗ്രവിഷമുണ്ട്. അബ്രിൻ, ഗ്ലൊബുലിൻ, ആൽബുമോസ് എന്നിവയാണ് ഇതിലെ വിഷത്തിനു കാരണം. അബ്രിൻ എന്ന പ്രോട്ടീൻ ശരീരകോശങ്ങളിൽ കടന്നാൽ റൈബോസോമുകളെ നിഷ്ക്രിയമാക്കി മാംസ്യസംശ്ലേഷണം തടയും.

തക്കാളിയുടെ സൂചന

മുറിവേറ്റ തക്കാളിച്ചെടികൾ ബാഷ്പീകരണ ശേഷിയുള്ള ജാസ്മൊണേറ്റുകൾ(Jasmonates) ഉൽപാദിപ്പിച്ച് സമീപത്തുള്ള മറ്റ് തക്കാളിച്ചെടികൾക്ക് അപായസൂചന നൽകാറുണ്ടത്രെ. ഇത് അവയ്ക്കു രാസപദാർഥങ്ങൾ ഉൽപാദിപ്പിച്ച് ശത്രുകീടങ്ങളെ ചെറുക്കുന്നതിന് തയാറെടുക്കുന്നതിനോ കീടങ്ങളുടെ ശത്രുക്കളെ ആകർഷിച്ചു വരുത്തി അവയെ നശിപ്പിക്കുന്നതിനോ അവസരമൊരുക്കുമത്രെ. ഒട്ടേറെ സസ്യങ്ങൾ ഇങ്ങനെ ശത്രുവിന്റെ ശത്രുവിനെ ആകർഷിച്ചു വരുത്തി പ്രതിരോധം തീർക്കാറുണ്ട്.

സയാനോജനിക് ഗ്ലൈക്കോസൈഡുകൾ

കോശത്തിലെ ഫേനങ്ങളിൽ നിഷ്ക്രിയമായി കാണപ്പെടുന്നു. സസ്യഭുക്കുകൾ സസ്യഭാഗങ്ങൾ കഴിക്കുമ്പോൾ ഫേനം പൊട്ടി പുറത്തുവന്ന് രാസാഗ്നികളുമായി പ്രവർത്തിച്ച് ഹൈഡ്രജൻ സയനൈഡ് ഉണ്ടാക്കുന്നു. ഇത് കോശശ്വസനത്തെ ബാധിക്കും. മരച്ചീനിയിലും ആപ്പിൾ, ചെറി, പ്ലം, പീച്ച് തുടങ്ങിയവയുടെ വിത്തിലും ധാരാളമായി കാണാം.

ടെർപ്പിനോയിഡുകൾ

പതിനായിരത്തിലേറെ ടെർപ്പിനോയിഡുകൾ സസ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കർപ്പൂരം, മെന്തോൾ, കഞ്ചാവ് ചെടിയിലെ കനാബിനോയിഡുകൾ, മഞ്ഞളിലും കടുക് വിത്തിലും കാണപ്പെടുന്ന കുർക്കുമിനോയിഡുകൾ എന്നിവ ഉദാഹരണങ്ങളാണ്. ക്യാരറ്റിലെ ബീറ്റാ കരോട്ടിനും ഒരു ടെർപ്പിൻ ഉൽപന്നമാണ്.

 English Summary : Predatory plant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com