ADVERTISEMENT

ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷയും പ്രാർഥനയും ഏറ്റുവാങ്ങിക്കൊണ്ടാണ് കോവിഡിനെതിരെയുള്ള വാക്സീൻ വിതരണം കഴിഞ്ഞദിവസം ഇംഗ്ലണ്ടിൽ തുടങ്ങിയത്. ഒരു വർഷം മനുഷ്യരാശിയെ ക്ഷമയുടെ നെല്ലിപ്പലക കാട്ടിയ ഈ വൈറസിനു തടയിടാൻ മഹായജ്ഞത്തിനു കഴിയട്ടെ എന്നു നമുക്ക് ആശംസിക്കാം. തീവ്രതയുടെ കാര്യത്തിൽ കോവിഡിനേക്കാൾ ഏറെ ഭീകരമായിരുന്ന വസൂരി എന്ന മഹാമാരിയെ ശാസ്ത്രലോകം പൂർണമായി ഇല്ലാതാക്കിയതിന്റെ 40ാം വാർഷികത്തിലാണ് കോവിഡിനെതിരെയുള്ള വാക്സീൻ വിതരണം തുടങ്ങിയതെന്നത് യാദൃച്ഛികതയെങ്കിലും ശാസ്ത്രത്തിന്റെ കരുത്ത് വെളിവാക്കുന്ന സംഭവമാണ്.  

ആധുനിക മനുഷ്യന്റെ ചരിത്രത്തിലെ ആദ്യ വാക്സീനായിരുന്നു വസൂരിക്കെതിരെയുള്ളത്. ഇപ്പോഴത്തേതു പോലെ അന്നും ഇംഗ്ലണ്ടിലായിരുന്നു ആദ്യം വിതരണം തുടങ്ങിയത്.  ഈ യജ്ഞം പൂർണമായും ഫലപ്രദമായി. തലമുറകളെ വേദനയുടെയും വിഷാദത്തിന്റെയും കുഴികളിലേക്കു തള്ളിവിട്ട വസൂരിയെ പിടിച്ചുകെട്ടാൻ കരുത്തേകിയ വാക്സീൻ വികസിപ്പിച്ചത് എഡ്വേഡ് ജെന്നർ എന്ന മഹാമനുഷ്യനായിരുന്നു.  അദ്ദേഹം അന്ന് മുന്നോട്ടു വച്ച വാക്സീൻ എന്ന സങ്കൽപം പല അസുഖങ്ങൾക്കും മുന്നിൽ നമുക്ക് കവചമായി മാറി. ജെന്നറിന്റെയും അദ്ദേഹത്തിന്റെ വാക്സീന്റെയും കഥ അറിയാം.  

∙വസൂരി 

എന്നാണ് വസൂരി അഥവാ സ്മോൾ പോക്സ് ഭൂമിയിൽ ഉദ്ഭവിച്ചതെന്നിന് ഇന്നും നമുക്ക് കൃത്യമായ ഉത്തരമില്ല. ബിസി മൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിൽ മരിച്ച ഫറോവോമാരുടെ മൃതശരീരത്തിൽ വസൂരി പോലെ തോന്നുന്ന കലകൾ കണ്ടെത്തിയിട്ടുണ്ട്.  എഡി നാലാം നൂറ്റാണ്ടിൽ ചൈനയിൽ വസൂരി വ്യാപിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഏഴാം നൂറ്റാണ്ടിൽ ഇന്ത്യയിലും രോഗമെത്തിയെന്നു കരുതപ്പെടുന്നു. 

അതേ  സമയം തന്നെ കച്ചവടസംഘങ്ങളിലൂടെ ആഫ്രിക്കയിലേക്കും പടിഞ്ഞാറൻ യൂറോപ്പിലേക്കും രോഗം പടർന്നു. 16ാം നൂറ്റാണ്ടിൽ തെക്കേ അമേരിക്ക, 17ാം നൂറ്റാണ്ടിൽ വടക്കൻ അമേരിക്ക, 18ാം നൂറ്റാണ്ടിൽ ഓസ്ട്രേലിയ എന്നിവിടങ്ങളിലും എത്തിയതോടെ എല്ലാ ഭൂഖണ്ഡങ്ങളിലും ആധിപത്യമുറപ്പിച്ചു.  

∙പേടിസ്വപ്നം  

വേരിയോള എന്ന വൈറസാണ് വസൂരി പരത്തുന്നത്. വേരിയോള മേജർ, വേരിയോള മൈനർ എന്നിങ്ങനെ രണ്ടു വകഭേദങ്ങൾ ഈ രോഗത്തിനുണ്ടായിരുന്നു. വേരിയോള മൈനർ മൂലം വരുന്ന വസൂരി താരതമ്യേന കടുപ്പം കുറഞ്ഞതായിരുന്നു. എന്നാൽ വേരിയോള മേജർ വില്ലനായിരുന്നു.  

വസൂരി ബാധിച്ച 100ൽ 30 പേരും മരണപ്പെട്ടെന്നാണു കണക്ക്. രക്ഷപ്പെട്ടവരുടെ ശരീരം മുഴുവൻ കലകൾ നിറഞ്ഞത് പലരെയും വിഷാദത്തിലേക്കു തള്ളിവിട്ടു. വസൂരി ബാധിച്ചവരോട് പല സമൂഹങ്ങളിലും ആളുകളുടെ പെരുമാറ്റവും അത്ര ഹൃദ്യമായിരുന്നില്ല.  

∙ രക്ഷകൻ 

വർഷം 1796. വസൂരിയെപ്പറ്റി നിരന്തര പഠനത്തിലായിരുന്നു എഡ്വേഡ് ജെന്നർ എന്ന ഡോക്ടർ. ആയിടെ അദ്ദേഹം ഒരു കാര്യം ശ്രദ്ധിച്ചു. പശുപരിപാലനത്തിൽ ഏർപ്പെട്ടിരുന്നവർക്കും ക്ഷീരകർഷകർക്കും വസൂരി വരുന്ന തോത് കുറവായിരുന്നു എന്നതാണ് അത്. ഇതിനെപ്പറ്റി കൂടുതൽ പഠിച്ച അദ്ദേഹം അതിനൊരു കാരണവും കണ്ടെത്തി.  അന്നത്തെ പശുക്കൾക്ക് വസൂരി പോലെയുള്ള എന്നാൽ തീവ്രമല്ലാത്ത കൗ പോക്സ് അഥവാ ഗോവസൂരി എന്ന അസുഖം ബാധിച്ചിരുന്നു.  ഒരു പക്ഷേ രോഗബാധിതരായ പശുക്കളുമൊത്തുള്ള സഹവാസം ക്ഷീരകർഷകർക്ക് കൂടുതൽ കരുത്ത് നൽകിയിരിക്കാം എന്ന് അദ്ദേഹം അനുമാനിച്ചു.  

ഇതുറപ്പിക്കാനായി ഗോവസൂരിയുടെ കുറച്ചു കലകൾ അദ്ദേഹം ആരോഗ്യമുള്ള ചിലരുടെ ശരീരത്തിലേക്ക് കടത്തി വിട്ടു.  മാസങ്ങൾക്കു ശേഷം ഇവരിലേക്കു യഥാർഥ വസൂരിയുടെ വൈറസിനെ കടത്തി വിട്ടെങ്കിലും രോഗം ഇവരെ ആക്രമിച്ചില്ല. തുടർന്ന് കൂടുതൽ പരീക്ഷണങ്ങൾ. ഒടുവിൽ വാക്സീൻ നിർമാണം. 1801ൽ വാക്സീനെക്കുറിച്ച് എഴുതിയ ജെന്നർ, ഭാവിയിൽ ഇതിന്റെ ഉപയോഗം മൂലം വസൂരി ലോകത്തു നിന്ന് അപ്രത്യക്ഷമാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.  

∙ഉന്മൂലനം 

വർഷം 1959. രണ്ടായിരം വർഷങ്ങൾ തങ്ങളെ മുൾമുനയിൽ നിർത്തിയ വസൂരിക്കെതിരെയുള്ള അന്തിമയുദ്ധത്തിന് മനുഷ്യവംശം ഒരുങ്ങി. ലോകാരോഗ്യ സംഘടന വസൂലി ഉൻമൂലനത്തിനുള്ള രാജ്യാന്തര ആഹ്വാനം നടത്തി. ലോകമെങ്ങും വാക്സീനേഷൻ ഡ്രൈവുകൾ തുടങ്ങി.  അമേരിക്കയിലും യൂറോപ്പിലും സ്ഥിതിഗതികൾ നിയന്ത്രണത്തിലായിരുന്നെങ്കിലും തെക്കൻ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ പല മേഖലകളിലും വാക്സീനേഷന് ഒട്ടേറെ തടസ്സങ്ങൾ നേരിട്ടു.  

1967ൽ ഈ പ്രശ്നങ്ങളിൽ പലതും പരിഹരിച്ച് വർധിത വീര്യത്തോടെ വാക്സീനേഷൻ ഊർജിതപ്പെടുത്തി. വൈറസ് പതിയെ ലോകത്തു നിന്ന് അപ്രത്യക്ഷമായി തുടങ്ങി. 1977ൽ സൊമാലിയയിൽ അലി മൗ മാലിനാണ് അവസാനമായി സ്വാഭാവിക വസൂരി രോഗബാധ ഏറ്റത്. 1978ൽ ജാനറ്റ് പാർക്കർ എന്ന മെഡിക്കൽ വിദ്യാർഥിക്ക് ലബോറട്ടറിയിൽ നിന്നു വൈറസ് ബാധ ഏൽക്കുകയും അവർ മരിക്കുകയും ചെയ്തു. ജാനറ്റിന്റെ അമ്മയ്ക്കും രോഗം പകർന്നു. ഇതിനു ശേഷം ആർക്കും വസൂരി ബാധിച്ചിട്ടില്ല.  

വസൂരിയെ ഉന്മൂലനം ചെയ്യണമെന്ന ജെന്നറുടെ സ്വപ്നത്തിനു രണ്ടു നൂറ്റാണ്ടു കഴിഞ്ഞ് 1980 മേയ് എട്ടിന് ലോകാരോഗ്യ സംഘടന ചരിത്രപ്രസിദ്ധമായ ആ പ്രഖ്യാപനം നടത്തി. 

"വസൂരി പൂർണമായും ലോകത്തിൽ നിന്ന് തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു ". 

മനുഷ്യചരിത്രത്തിലെ നിർണായകമായ ഒരു വിജയം ആയിരുന്നു ഇത്. 

English Summary : Edward Jenner and the history of smallpox vaccination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com