ADVERTISEMENT

ഇന്ത്യ: എയർ ഇന്ത്യ വൺ

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ഔദ്യോഗിക യാത്രകൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത വിമാനം.  യുഎസിൽനിന്നു വാങ്ങിയ ബോയിങ് 777 – 300 ഇആർ വിമാനം ഇക്കൊല്ലം ഒക്ടോബർ ഒന്നിനാണ്  ഇന്ത്യയിലെത്തിയത്. മിസൈലുകൾ വഴിതെറ്റിച്ചു വിടാൻ കഴിവുള്ള സുരക്ഷാകവചം, ശത്രു റഡാറുകൾ സ്തംഭിപ്പിക്കാൻ കെൽപുള്ള ജാമറുകൾ, മിസൈലിന്റെ വരവ് മുൻകൂട്ടി മനസ്സിലാക്കാൻ കഴിവുള്ള ഇൻഫ്രാറെഡ് സെൻസറുകൾ എന്നിവ വിമാനത്തിൽ സജ്ജമാക്കിയിട്ടുണ്ട്.

PTI24-11-2020_000010B

വിവിഐപി യാത്രകൾക്കായി എയർ ഇന്ത്യയുടെ ബോയിങ് 747 വിമാനമാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്.  ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷേഴ്സ് (LAIRCM), സെൽഫ് പ്രൊട്ടക്‌ഷൻ സ്യൂട്ട്സ് (SPS) എന്നീ സംവിധാനങ്ങളോടെയാവും യാത്ര. 2 വിമാനങ്ങളാണ് ഇന്ത്യ ഈ ആവശ്യത്തിനായി വാങ്ങിയത്.  ആകെ ചെലവ് 8400 കോടി രൂപ. വ്യോമസേനാ പൈലറ്റുമാരായിരിക്കും വിമാനം പറത്തുക. ഡൽഹിയിൽ നിന്നു യുഎസ് വരെ നിർത്താതെ പറക്കാനാകും.

എയർഫോഴ്സ് വൺ

യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനം.  ‘പറക്കുന്ന വൈറ്റ് ഹൗസ്’ എന്ന പേരിൽ അറിയപ്പെടുന്നു. പ്രസിഡന്റിന്റെ ഓഫിസിനും അനുബന്ധസൗകര്യങ്ങൾക്കും മാത്രമായി 4000 ചതുരശ്രഅടി വിസ്തീർണമുണ്ട്. വൈറ്റ് ഹൗസിലെപ്പോലെ എല്ലാ ഒൗദ്യോഗിക ജോലികളും വിമാനത്തിലിരുന്നു പ്രസിഡന്റിനു നിർവഹിക്കാം. ലോകത്തിലെ ഏറ്റവും അത്യാധുനിക സുരക്ഷാ സന്നാഹങ്ങൾ വിമാനത്തിൽ ക്രമീകരിച്ചിട്ടുണ്ട്.  രണ്ടു നിലയുള്ള വിമാനത്തിന്റെ മുകളിലത്തെ നിലയിലാണു പ്രസിഡന്റ് യാത്ര ചെയ്യുക. വിമാനത്തിനുള്ളിൽനിന്നു തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാം.  ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ ഇതിലുണ്ട്. ആകാശത്തു വച്ചുതന്നെ ഇന്ധനം നിറയ്ക്കാം. ഏറെനേരം ആകാശത്തു തുടരാം. ആണവ സ്ഫോടനത്തിന്റെ ആഘാതത്തിൽപ്പോലും ക്ഷതമേൽക്കില്ല. ബോയിങ്ങിന്റെ 747 – 200  ബി സീരീസിൽപ്പെട്ടതാണ് എയർ ഫോഴ്സ് വൺ. ലോകത്തിലെ ഏറ്റവും വിലകൂടിയ ഔദ്യോഗിക യാത്രവിമാനമായി എയർഫോഴ്സ് വണ്ണിനെ കണക്കാക്കുന്നു (1.39 ബില്യൻ ഡോളർ). ഈ വിമാനത്തിനൊപ്പം അതേ വിഭാഗത്തിലുള്ള മറ്റൊന്നു കൂടി സാധാരണ തയാറായി നിൽക്കും. ആദ്യത്തേതിനു തകരാർ സംഭവിച്ചാൽ പകരം ഉപയോഗിക്കാൻ. 

യുഎസ് പ്രസിഡന്റിന്റെ ഒൗദ്യോഗിക ഹെലികോപ്റ്റർ മറീൻ വൺ എന്ന പേരിലാണ് അറിയപ്പെടുന്നത്. മിസൈൽ പ്രതിരോധ ശേഷിയുള്ള ഹെലികോപ്റ്ററിൽ 14 പേർക്കു സഞ്ചരിക്കാം. യുഎസ് പ്രസിഡന്റ് മറ്റൊരു രാജ്യത്തെത്തിയാൽ മിക്കവാറും ഇത്തരം അഞ്ചെണ്ണമാണ് എത്തുക.  സുരക്ഷ കണക്കിലെടുത്ത് പ്രസിഡന്റ് ഏതിലാണു സഞ്ചരിക്കുന്നതെന്നു മറ്റുള്ളവർക്കു മനസ്സിലാകാതിരിക്കാൻ 5 ഹെലികോപ്റ്ററുകളും ഒന്നിച്ചാണു പറക്കുക. (‘പ്രസിഡൻഷ്യൽ ഷെൽ ഗെയിം’ എന്നാണ് ഈ പറക്കലിനെ വിശേഷിപ്പിക്കുന്നത്). 

Obama Community College

ഔദ്യോഗികമായി വിമാനയാത്ര നടത്തിയ ആദ്യ ഭരണാധികാരിയായി വിശേഷിപ്പിക്കുന്നത് ബൾഗേറിയയുടെ ചക്രവർത്തിയായിരുന്ന ഫെർഡിനാൻഡ് ഒന്നാമനെയാണ്. 1910 ജൂലൈ 15ന് ബൽജിയത്തിലേക്കായിരുന്നു അദ്ദേഹത്തിന്റെ ‘വിമാനസവാരി’

1919ൽ പാരിസ് സമാധാന സമ്മേളനത്തിൽ പങ്കെടുക്കാൻ പറന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി േഡവിഡ് ലോയ്ഡ് ജോർജിന്റെ പേരിലാണ് ജനാധിപത്യരീതിയിലൂടെ അധികാരത്തിലെത്തിയ ഒരു ഭരണത്തലവന്റെ ആദ്യ ആകാശയാത്ര. 

ഒൗദ്യോഗികവിമാനം സ്വന്തമാക്കിയ ലോകത്തിലെ ആദ്യ ഭരണകൂടം ബ്രിട്ടിഷ് രാജകുടുംബമാണ്. 1928ൽ 2 വെസ്റ്റ്ലാൻഡ് വാപിറ്റി വിമാനങ്ങൾ വാങ്ങി. 1936ൽ അധികാരമേറ്റ എഡ്വേഡ് എട്ടാമൻ കിങ്സ് ഫ്ലൈറ്റ് എന്നു പേരിട്ടതോടെ ഏതെങ്കിലും രാഷ്ട്രത്തലവന്റെ ആദ്യ ഔദ്യോഗിക വിമാനം എന്ന ഖ്യാതി  സ്വന്തം.

റഷ്യൻ പ്രസിഡൻഷ്യൽ എയർക്രാഫ്റ്റ് 

റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രാവിമാനം. Ilyushin IL-96-300PU വിഭാഗത്തിൽപ്പെട്ട വിമാനം. റൊസ്സിയ എയർലൈൻസാണ് നിയന്ത്രിക്കുന്നത്. വാർത്താവിനിമയ, മിസൈൽ പ്രതിരോധസംവിധാനങ്ങൾ പ്രത്യേകത. ജിംനേഷ്യമടക്കമുള്ള  സൗകര്യങ്ങൾ.  500 മില്യൻ ഡോളറാണ് വില. 

COTAM 001

ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനം. ഫ്രഞ്ച് വ്യോമസേനയുടെ നിയന്ത്രണത്തിലാണ് യാത്രകൾ. എയർബസ് എ330–200 വിഭാഗത്തിലുള്ളതാണ് നിലവിലെ യാത്രാവിമാനം. 250 പേർക്ക് യാത്ര ചെയ്യാം

കത്തോലിക്കാ  സഭയുടെ അധിപനും

ലോകത്തെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാൻ സിറ്റിയുടെ ഭരണാധികാരിയുമായ പോപ്പിന്റെ ഔദ്യോഗിക വിമാനത്തെ Papal Flight, Shepherd One എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. ഇറ്റലിയുടെ വിമാനക്കമ്പനിയായ അലിറ്റാലിയയുടെ ചാർട്ടർ ചെയ്ത വിമാനങ്ങളിലാണ്  പോപ്പിന്റെ യാത്രകൾ.  ഏതെങ്കിലും രാജ്യത്തിന്റെ വ്യോമമേഖലയിലൂടെ പറക്കുമ്പോൾ അവിടത്തെ ഭരണാധികാരിക്ക്  മാർപാപ്പ ആശംസ അയയ്‌ക്കുന്ന പതിവുണ്ട്.

 English Summary : Presidential jets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com