‘സൂപ്പർ ഇന്റലിജൻസ്’ മനുഷ്യരെ യന്ത്രങ്ങളുടെ അടിമയാക്കുമോ?

HIGHLIGHTS
  • നമ്മൾ ഈ സാങ്കേതികവിദ്യയ്ക്ക് അടിമയാകേണ്ടി വരുമോ?
  • കാര്യങ്ങൾ സ്വയം പഠിച്ചെടുത്ത ശേഷമാണ് ഇവ ഇതു ചെയ്യുന്നത്
benefits-and-risks-of-artificial-intelligence
Photo credit :Sdecoret / Shutterstock
SHARE

ടെർമിനേറ്റർ എന്ന പ്രശസ്തമായ ഹോളിവുഡ് ചലച്ചിത്രം കണ്ടിട്ടുണ്ടോ? സമീപഭാവിയിൽ സംഭവിക്കുന്ന റോബട്ടുകളും മനുഷ്യരുമായുള്ള പോരാട്ടങ്ങളും  അതിജീവനങ്ങൾക്കായുള്ള മനുഷ്യരുടെ ശ്രമങ്ങളെക്കുറിച്ചുമെല്ലാം പ്രമേയമാക്കുന്ന ചിത്രമാണ് ഇത്. സ്കൈനെറ്റ് എന്ന മനുഷ്യനിർമിതമായ ആർട്ടിഫിഷൽ ഇന്റലിജൻസ് പദ്ധതി മനുഷ്യരുടെ കൈയിലൊതുങ്ങാത്ത വിധം വളർച്ച പ്രാപിച്ച് ഒടുവിൽ മനുഷ്യരെത്തന്നെ നിയന്ത്രിക്കുന്ന തലത്തിൽ എത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

ഇതൊക്കെ സിനിമയിൽ നടക്കും. ഭൂമിയിൽ നമ്മളെ ഭരിക്കാൻ ഒരു സാങ്കേതികവിദ്യയും വളർന്നിട്ടില്ലാ എന്നാണു തോന്നലെങ്കിൽ അതു ശരിയാകണമെന്നില്ലയെന്നു മുന്നറിയിപ്പ് നൽകുകയാണ് ഒരുസംഘം രാജ്യാന്തര ശാസ്ത്രജ്ഞർ. ജർമനിയിലെ പ്രശസ്തമായ മാക്സ് പ്ലാങ്ക് സർവകലാശാലയിലെ ശാസ്ത്രജ്ഞർ ഇയാദ് റഹ്‌വാ‍ൻ എന്ന വിദഗ്ധനു കീഴിൽ പരീക്ഷണങ്ങൾ നടത്തിയ ശേഷമാണ് ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസിനെ നശിപ്പിച്ചു കളയാനുള്ള ഒരു അൽഗരിതവും നമ്മുടെ കൈയിലില്ലെന്നാണ് ഈ ശാസ്ത്രജ്ഞർ പറയുന്നത്. 

∙ഉയരുന്ന എഐ

നിലവിൽ നമ്മൾ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ ബാല്യകാലത്തിലാണു നമ്മൾ ജീവിക്കുന്നത്. നമ്മുടെ ഫോണുകളിലും കാറുകളിലും ഗൃഹോപകരണങ്ങളിലുമൊക്കെ ആർട്ടിഫിഷൽ ഇന്റലിജൻസ് പതിയെ കടന്നു വന്നിരിക്കുന്നു. ഗൂഗിൾ ഹോം, ആമസോൺ അലക്സ തുടങ്ങിയ സ്മാർട് അസിസ്റ്റന്റുമാരെയും ഇന്നു നമ്മൾ ആശ്രയിക്കുന്നു.  നമ്മൾ ചെയ്തു കൊണ്ടിരുന്ന പല പ്രവൃത്തികളും ഇന്ന് ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. 

ഇനിയിതു കൂടുകയേയുള്ളൂ.  ഡ്രൈവറില്ലാത്ത കാറുകളും സാധനങ്ങൾ തീർന്നാൽ കടയിലേക്ക് ഓർഡർ ചെയ്യുന്ന റഫ്രിജറേറ്ററും അങ്ങനെ എല്ലാരീതിയിലും സ്വയം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന എഐ സംവിധാനങ്ങൾ നമ്മുടെ ജീവിതം വളരെ ഈസിയാക്കിത്തരും. എന്നാൽ ഇതിനൊക്കെ പകരം ഒരുനാൾ നമ്മൾ ഈ സാങ്കേതികവിദ്യയ്ക്ക് അടിമയാകേണ്ടി വരുമോ?

∙വന്നേക്കാം

അതെ, ഇങ്ങനെയൊരവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നു തന്നെ ശാസ്ത്രജ്ഞർ പറയുന്നു. ഇന്നു നമ്മൾ പ്രോഗ്രാം ചെയ്യാതെ തന്നെ സ്വയം കാര്യങ്ങൾ ചെയ്യുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനങ്ങളുണ്ട്. കാര്യങ്ങൾ സ്വയം പഠിച്ചെടുത്ത ശേഷമാണ് ഇവ ഇതു ചെയ്യുന്നത്.  ഇവയുടെ അൽഗരിതങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നെന്നത് പലപ്പോഴും പ്രോഗ്രാമർമാർക്കു മനസ്സിലാകില്ല. ഇങ്ങനെയിങ്ങനെ ബുദ്ധി കൂടി ബുദ്ധി കൂടി അതിബുദ്ധിയായി (സൂപ്പർ ഇന്റലിജന്റ്) മാറുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് ഒന്നാലോചിച്ചു നോക്കൂ. ഭാവിയിൽ വാഹനങ്ങളും യുദ്ധോപകരണങ്ങളുമുൾപ്പെടെ എഐയുടെ കീഴിലായിരിക്കും. അപ്പോൾ ഇവയൊക്കെ സ്വന്തം കാര്യങ്ങൾക്കുപയോഗിച്ച് മനുഷ്യരുടെ മേലെ ആധിപത്യം ഉറപ്പിക്കാൻ അതിബുദ്ധിയായി മാറുന്ന എഐക്കു കഴിയും. 

ഇതിനാൽ തന്നെ എഐയുടെ കാര്യത്തിൽ ലോകം ജാഗ്രത പുലർത്തണമെന്നാണ് ഈ ശാസ്ത്രജ്ഞർ പറയുന്നത്. എഐയുടെ ശേഷികൾ നിയന്ത്രിക്കണം എന്ന് ഇവർ ആവശ്യപ്പെടുന്നു. 

∙മസ്കിന്റെ പേടി

ആർട്ടിഫിഷൽ ഇന്റലിജൻസ് പിടിച്ചടക്കൽ നടത്തുന്ന ഒരു ലോകം ചില മനുഷ്യരുടെ ഭാവനയാണെന്നു നമുക്ക് തള്ളിവിടാൻ കഴിയില്ല. ഈ മേഖലയുമായി നേരിട്ടു ബന്ധമുള്ള ശതകോടീശ്വരനും ഇന്നു ലോകത്തിലെ ഏറ്റവും വലിയ ധനികനുമായ ഇലോൺ മസ്ക് പറയുന്നത് കേൾക്കൂ. ‘മനുഷ്യരേക്കാൾ ആർട്ടിഫിഷൽ ഇന്റലിജൻസ് സ്മാർട്ടാകുന്ന കാലമാണ് ഇപ്പോൾ. 2025 ഓടെ ഈ സാങ്കേതികവിദ്യ അതീവമായ കരുത്ത് പ്രാപിക്കും. 

മനുഷ്യർ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ വളർച്ചയെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം. മനുഷ്യനു ലോകത്തുള്ള ഏറ്റവും വലിയ ഭീഷണി ഈ സാങ്കേതികവിദ്യയായിരിക്കും. ’ മസ്കിന്റെ ഈ വാക്കുകൾ ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

മസ്ക് മാത്രമല്ല മറ്റു ചില പ്രമുഖരും ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ വളർച്ചയിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് സ്ഥാപകനും സാങ്കേതിക വിദഗ്ധനുമായ ബിൽ ഗേറ്റ്സൊക്കെ ഇതിൽ ഉൾപ്പെടും. അന്തരിച്ച സ്റ്റീഫൻ ഹോക്കിങ്ങിനു എഐയെക്കുറിച്ച് അത്ര നല്ല അഭിപ്രായമുണ്ടായിരുന്നില്ല. ‘ആർട്ടിഫിഷൽ ഇന്റലിജൻസ് മനുഷ്യവംശത്തിന്റെ അന്ത്യം കുറിക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. 

English Summary : Benefits and risks of artificial intelligence

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA