കയ്യിലൊതുക്കാം സയൻസ് : എഎസ്എസ്എൽസി പരീക്ഷാ സഹായി

HIGHLIGHTS
  • ഫിസിക്സ്, കെമിസ്ട്രി പരീക്ഷകൾക്ക് എങ്ങനെ ഒരുങ്ങണം?
  • ഇരട്ടി ചോയ്സ് എങ്ങനെ?
malayalam-pareeksha-sahayi-1
SHARE

ഫിസിക്സ്, കെമിസ്ട്രി പരീക്ഷകൾക്ക് എങ്ങനെ ഒരുങ്ങണം? എന്തൊക്കെ ശ്രദ്ധിക്കണം?

ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലേത് 40 സ്കോറിന്റെ എഴുത്തു പരീക്ഷയാണ്. ആകെ 80 സ്കോറിന്റെ ചോദ്യങ്ങൾ നൽകി അതിൽ 40 സ്കോറിന് മാത്രം ഉത്തരമെഴുതി യോഗ്യരാവുംവിധം ഇരട്ടി ചോയ്സ് (Double Choice) ചോദ്യക്കടലാസാണ് വരാൻ പോകുന്നതെന്ന് ഏതാണ്ടു വ്യക്തമായിരിക്കുന്നു. ഇതിനായി ഒരുങ്ങുമ്പോൾ കുട്ടികൾ കൂടുതൽ ശ്രദ്ധ നൽകി പഠിക്കേണ്ട ഉൗന്നൽ മേഖലകൾ അഥവാ ഫോക്കസ് ഏരിയകൾ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ഇരട്ടി ചോയ്സ് എങ്ങനെ?

ഫിസിക്സ്, കെമിസ്ട്രി പരീക്ഷകൾക്ക് 4 വിഭാഗങ്ങളിലായാണ് ചോദ്യങ്ങൾ ഉണ്ടാകാറുള്ളത്. 1 സ്കോർ, 2 സ്കോർ, 3 സ്കോർ, 4 സ്കോർ എന്നിങ്ങനെ സ്കോർ വിതരണമുള്ള നാല് വിഭാഗങ്ങൾ. ഓരോ വിഭാഗങ്ങളിലും 5 ചോദ്യങ്ങൾ വീതം നൽകുകയും അതിൽ 4 എണ്ണത്തിനു വീതം ഉത്തരമെഴുതുകയുമായിരുന്നു നിലവിലെ രീതി. ചോയ്സ് ഇരട്ടിക്കുമ്പോൾ ഇൗ നാല് വിഭാഗങ്ങളിലും 8 വീതം ചോദ്യങ്ങളാണു പ്രതീക്ഷിക്കുന്നത്. ഓരോ വിഭാഗത്തിലും 8 ചോദ്യങ്ങളിൽ ഏതെങ്കിലും  4 എണ്ണത്തിനു വീതം ഉത്തരമെഴുതാൻ ആവശ്യപ്പെടും.

ഫോക്കസ് ഏരിയ

ഓൺലൈൻ പഠനത്തിനും റിവിഷനുമിടയ്ക്ക് ചില പാഠഭാഗങ്ങളെങ്കിലും കുട്ടികൾ വിട്ടുപോവുകയോ വേണ്ടത്ര മനസ്സിരുത്തി ഉൾക്കൊള്ളാൻ കഴിയാതിരിക്കുകയോ ചെയ്തിട്ടുണ്ടാവാം. ഇത് കുട്ടികളുടെ പരീക്ഷയിലെ പ്രകടനത്തെ ബാധിക്കാതിരിക്കാനാണ് ഓരോ യൂണിറ്റിലെയും ചില ഭാഗങ്ങൾ മാറ്റിനിർത്തി ഉൗന്നൽ മേഖലകൾ നിർണയിച്ചു നൽകിയത്. മുഴുവൻ ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്നു മാത്രമാകണമെന്നില്ല. എങ്കിലും ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങൾ മാത്രം നന്നായി പഠിച്ച കുട്ടിക്ക് മുഴുവൻ സ്കോറും നേടാൻ കഴിയും വിധമാവും ചോദ്യരൂപങ്ങൾ.

ഫോക്കസ് ഏരിയയിൽ നിന്ന് എത്ര മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാവും?

മുഴുവൻ ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്നാവണമെന്നില്ല എന്നു സൂചിപ്പിച്ചല്ലോ. 40 സ്കോറിന്റെ ഫിസിക്സ്, കെമിസ്ട്രി പരീക്ഷകൾക്ക് ചോയ്സ് ചോദ്യങ്ങൾ ഉൾപ്പെടെ 80 സ്കോറിന്റെ ചോദ്യങ്ങളാണല്ലോ പ്രതീക്ഷിക്കുന്നത്. ഇതിൽ 70–75% വരെ, അതായത് പരമാവധി 60 മാർക്കിന്റെ വരെ ചോദ്യങ്ങൾ ഉൗന്നൽ മേഖലയിൽനിന്നു ചോദിച്ചേക്കാം. ബാക്കിയുള്ളവ ഊന്നൽ മേഖലയ്ക്കു പുറത്തുനിന്നാവാം. ഇൗ ചോദ്യങ്ങൾ പോലും ഉൗന്നൽ മേഖലയിലെ ആശയങ്ങളുമായി ബന്ധമുള്ളവയാകാനാണു സാധ്യത.

ഫോക്കസ് ഏരിയയിൽനിന്ന് പുറത്തുള്ള ചോദ്യങ്ങൾക്കും ഉത്തരമെഴുതാമോ?

ഓരോ വിഭാഗത്തിലും ആകെയുള്ള ചോദ്യങ്ങളിൽ നിർദേശിക്കപ്പെട്ട എണ്ണം ചോദ്യങ്ങൾക്കു മാത്രമേ ഉത്തരം എഴുതേണ്ടതുള്ളൂ. ഇൗ ചോദ്യങ്ങൾ ഏതെന്ന് നിങ്ങൾക്കു തന്നെ തീരുമാനിക്കാം. ഉൗന്നൽ മേഖല മാത്രം പഠിച്ച് പരീക്ഷയ്ക്കു തയാറായ കുട്ടിക്ക് ആ ഭാഗത്തെ ചോദ്യങ്ങൾ മാത്രം തിരഞ്ഞെടുക്കാം. പാഠപുസ്തകം മുഴുവനായും പഠിച്ച കുട്ടിക്ക്, എളുപ്പമെന്നു തോന്നുന്നുവെങ്കിൽ ഉൗന്നൽ മേഖലയിലെ ചോദ്യങ്ങൾക്കൊപ്പം മറ്റു ചോദ്യങ്ങൾ കൂടി തിരഞ്ഞെടുത്ത് നിർദേശിക്കപ്പെട്ട എണ്ണം ചോദ്യങ്ങൾക്ക് ഉത്തരമെഴുതാം.

എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാമോ?

സാധാരണഗതിയിൽ പത്താംക്ലാസിൽ പഠിച്ച ശരാശരി വിദ്യാർഥിക്ക് 40 സ്കോറിന്റെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാനുള്ള സമയമാണ് പരീക്ഷയ്ക്ക് ഉണ്ടാവുക (കൂൾ ഓഫ് ടൈം കൂടാതെ). എന്നാൽ, ഇൗ സമയത്തിനകംതന്നെ ഇതിലധികം ചോദ്യങ്ങൾക്ക് ഉത്തരമെഴുതുന്നതിനു തടസ്സമുണ്ടാകാൻ ഇടയില്ല. ചോയ്സ് ചോദ്യങ്ങളിൽ മുഴുവൻ എണ്ണത്തിനും ഭാഗികമായി ഉത്തരമെഴുതി സമയവും സ്കോറും പാഴാക്കാതെ ഏറ്റവും നന്നായി അറിയാവുന്ന, നിർദേശിക്കപ്പെട്ട എണ്ണം ചോദ്യങ്ങൾക്ക് ഉത്തരമെഴുതുന്നതാവും പ്രോത്സാഹിപ്പിക്കപ്പെടുക.

English Summary : SSLC pareekshasahai physics and Chemistry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA