ADVERTISEMENT

‌‌നാവിക സേന 2017 ൽ ഡീക്കമ്മിഷൻ ചെയ്ത  വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിരാടിന്റെ പൊളിക്കൽ നടപടികൾ നിർത്തിവയ്ക്കാൻ ഇന്നലെ സുപ്രീം കോടതി നിർദേശിച്ചു. കപ്പൽ മ്യൂസിയമാക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു സ്ഥാപനം ഹർജി നൽകിയതിനെത്തുടർന്നായിരുന്നു ഇത്. പൊളിക്കാനായി കപ്പൽ വാങ്ങിയ ശ്രീരാം ഗ്രൂപ്പിനു 100 കോടി നൽകാൻ തയാറാണെന്നും സ്ഥാപനം അറിയിച്ചിരുന്നു. 

ഇന്ത്യയുടെ നാവിക പാരമ്പര്യത്തിന്റെ പ്രൗഡോജ്വല ഉദാഹരണമായ കപ്പൽ പൊളിക്കരുതെന്നും നിലനിർത്തണമെന്നും വാദിച്ച ഒട്ടേറെപേർക്ക് ആശ്വാസം നൽകുന്നതാണ് താൽക്കാലിക വിധി. എന്തായിരുന്നു ഐഎൻഎസ് വിരാട്? ലോകത്തിലെ തന്നെ ഏറ്റവും സർവീസുള്ള വിമാനവാഹിനിക്കപ്പൽ. 

∙ ബ്രിട്ടനിലെ ഹെർമിസ്

29 വർഷം ഇന്ത്യൻ നേവിയിൽ, അതിനും മുൻപ് 27 വർഷം ബ്രിട്ടിഷ് നേവിയിൽ. മൊത്തം 56 വർഷങ്ങളാണ് വിരാട് കടലിനെ ഭരിച്ചത്. 226 മീറ്റർ നീളവും കാൽ ലക്ഷത്തിലധികം ടൺ ഭാരവുമുള്ള വിരാടിൽ സുവർണകാലത്ത് 150 ഓഫിസർമാരും 1500 നാവികരും പണിയെടുത്തിരുന്നു. 

എച്ച്എംഎസ് ഹെർമിസ് എന്നായിരുന്നു കപ്പലിന്റെ ബ്രിട്ടിഷ് നാവികസേനയിലെ പേര്. 1982ൽ അർജന്റീനയുമായി ബ്രിട്ടൻ നടത്തിയ ഫാക്‌ലൻഡ് ദ്വീപ് യുദ്ധത്തിൽ ഐഎൻഎസ് വിരാട് നിർണായക പങ്കു വഹിച്ചു. ബ്രിട്ടന്റെ അധീനതയിലായിരുന്നെങ്കിലും തങ്ങളുടെ തീരത്തിനടുത്ത് സ്ഥിതി ചെയ്ത ഫാക്‌ലൻഡ് ദ്വീപിൽ അർജന്റീനിയൻ സൈന്യം ആധിപത്യം സ്ഥാപിച്ചു. ഇതിനു ശേഷം യുദ്ധപ്രഖ്യാപനമുണ്ടായെങ്കിലും മൂന്നാം ദിനമാണ് ബ്രിട്ടിഷ് നേവി ദ്വീപിനു സമീപം എത്തിയത്. അന്നെത്തിയ കപ്പലുകളിൽ ഹെർമിസായിരുന്നു ഫ്ലാഗ് ഷിപ്. യുദ്ധം ഒടുവിൽ ബ്രിട്ടൻ ജയിച്ചു. 

1987ൽ കുറേ മോടിപിടിപ്പിക്കലുകൾക്കു ശേഷം വിരാട് എന്ന പേര് സ്വീകരിച്ചുകൊണ്ട് കപ്പൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. ‘ജലമേവ യശ്യ, ബലമേവ തസ്യ’ എന്നതായിരുന്നു കപ്പലിന്റെ ആപ്തവാക്യം. ആരു കടലിനെ നിയന്ത്രിക്കുന്നോ അവർ മഹാശക്തൻമാരാകുന്നു എന്ന അർഥം വരുന്ന വാക്കുകൾ. ആർ 22 എന്നതായിരുന്നു കപ്പലിന്റെ നമ്പർ. 

∙ ഗ്രാൻഡ് ഓൾഡ് ലേഡി

ഇന്ത്യയുടെ ഭാഗമായതിനു ശേഷം കുറേയേറെ ദൗത്യങ്ങളിൽ വിരാട് പങ്കെടുത്തു. 1989ലെ ഓപ്പറേഷൻ ജൂപ്പിറ്ററാണ് ഇതിൽ ആദ്യത്തേത്. ആഭ്യന്തരയുദ്ധം നടന്നുകൊണ്ടിരുന്ന ശ്രീലങ്കയിലേക്ക് ഇന്ത്യൻ സമാധാന സേനയെ എത്തിച്ചതായിരുന്നു ഇത്. 1999ൽ കാർഗിൽ യുദ്ധ സമയത്ത് കറാച്ചി ഉൾപ്പെടെയുളള പാക്ക് തുറമുഖങ്ങൾ ബ്ലോക്ക് ചെയ്യുന്നതിൽ ഐഎൻഎസ് വിരാട് ശ്രദ്ധേയ പങ്കു വഹിച്ചു. പാർലമെന്റ് ആക്രമണത്തെത്തുടർന്ന് സൈന്യം നടത്തിയ ഓപ്പറേഷൻ പരാക്രം എന്ന ദൗത്യത്തിലും വിരാട് പങ്കെടുത്തു. 

നാവികസേനയ്ക്കു വേണ്ടി ആറു ലക്ഷത്തോളം നോട്ടിക്കൽ മൈലുകൾ വിരാട് സഞ്ചരിച്ചു. സീക്കിങ്,സീ ഹാരിയർ തുടങ്ങിയ വിമാനങ്ങൾ ചേതക്, കാമോവ്,എഎൽഎച്ച് എന്നീ ഹെലിക്കോപ്റ്ററുകൾ എന്നിവയെ വഹിച്ചിട്ടുണ്ട്. ഗ്രാൻഡ് ഓൾഡ് ലേഡി എന്നായിരുന്നു അക്കാലത്ത് ഐഎൻഎസ് വിരാടിനെ വിളിച്ചിരുന്ന പേര്. 

∙വീരൻമാരുടെ ‘മദർ’

ഒട്ടേറെ നാവിക വീരൻമാർക്കു ജനനമേകിയ വിരാടിനെ ‘മദർ’ എന്നാണ് നാവികസേനാംഗങ്ങൾ വിളിച്ചിരുന്നത്. അഡ്മിറൽമാരായ മാധവേന്ദ്ര സിങ്, അരുൺ പ്രകാശ്, നിർമൽ കുമാർ വർമ,ഡി. കെ. ജോഷി ഉൾപ്പെടെയുള്ളവർ ഐഎൻഎസ് വിരാടിന്റെ മു‍ൻ ക്യാപ്റ്റൻമാരായിരുന്നു. ഇവർ ഉൾപ്പെടെ 40 ഉന്നത ഫ്ലാഗ് ഓഫിസർമാർ വിരാടിൽ സേവനമനുഷ്ടിച്ചവരാണ്. ഇപ്പോൾ വൈസ് അഡ്മിറലായ മലയാളി നാവിക ഉദ്യോഗസ്ഥൻ ആർ. ഹരികുമാർ 2010–11 കാലയളവിൽ വിരാടിന്റെ ക്യാപ്റ്റനായിരുന്നു. 2016 –17 കാലയളവിൽ കപ്പലിനെ നിയന്ത്രിച്ച പുനീത് ഛദ്ദയാണ് അവസാന ക്യാപ്റ്റൻ. ഹെർമിസ് ആയുള്ള പൂർവകാലത്ത് അന്നു സൈനികനായിരുന്ന ചാൾസ് രാജകുമാരൻ ഹെലിക്കോപ്റ്റർ പൈലറ്റ് എന്ന നിലയിൽ വിരാടിന്റെ ഭാഗമായിരുന്നു. പിന്നീടൊരിക്കൽ ഇന്ത്യ സന്ദർശിച്ച വേളയിൽ വിരാടുമായി തനിക്ക് വൈകാരികമായ ബന്ധമുണ്ടെന്നും ചാൾസ് അനുസ്മരിച്ചിരുന്നു. 

English Summary : INS Viraat - Important and Interesting Facts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com