ADVERTISEMENT

പല്ല് നന്നായാൽ പാതി നന്നായി എന്നാണ് ചൊല്ല്. ഭക്ഷണം കടിച്ചു മുറിക്കാൻ സഹായിക്കുന്ന മുൻനിരപ്പല്ലുകളും ഭക്ഷണം നന്നായി ചവച്ചരയ്ക്കാൻ സഹായിക്കുന്ന പിൻനിരപ്പല്ലുകളും നമുക്കുണ്ട്. ഒരു വ്യക്തിയുടെ ആത്മവിശ്വാസം വളർത്തുന്നതിലും സൗന്ദര്യം നിലനിർത്തുന്നതിലും പല്ലുകൾക്കു പങ്കുണ്ട്. പല്ലിന്റെ ആരോഗ്യത്തിനു ശരീരത്തിന്റെ മറ്റു ഭാഗങ്ങളുടെ ആരോഗ്യവുമായും ബന്ധമുണ്ട്. 

 

ഹൊമിനിഡ് കാലത്തെ ആദിമ മനുഷ്യരിൽ പല്ലുകൾ ഉണ്ടായിരുന്നു. ഓരോ കാലത്തും പല്ലിലും പരിണാമം സംഭവിച്ചുകൊണ്ടിരുന്നു. ഭക്ഷണ ശീലത്തിലെ മാറ്റങ്ങളാണ് പല്ലുകളുടെ രൂപത്തിലെയും വലുപ്പത്തിലെയും പരിണാമത്തിൽ വലിയ പങ്കു വഹിച്ചത്. 

 

ആദിമമനുഷ്യന്റെ ആഹാരം കിഴങ്ങുകളും കായ്കനികളുമായിരുന്നു. ഒപ്പം പച്ച മാംസവും ഭക്ഷിച്ചിരുന്നു. അക്കാലത്തെ പല്ലുകളുടെ അവശേഷിപ്പുകളുടെ പഠനത്തിൽ നിന്ന്, അവയ്ക്ക് വളരെയേറെ തേയ്മാനം സംഭവിച്ചിരുന്നു എന്നും അവയുടെ ഇനാമലിന്റെ കട്ടി കൂടുതലാണെന്നും മനസ്സിലായിട്ടുണ്ട്. അന്നത്തെ ആൾക്കാരുടെ വായിൽ വിവേകദന്തങ്ങൾ അഥവാ മൂന്നാമത്തെ അണപ്പല്ല് സ്ഥിരമായി കാണുമായിരുന്നു. അവർക്ക് ചവയ്ക്കാൻ അവ വേണമായിരുന്നു. അവരുടെ പല്ലുകൾക്കും താടിയെല്ലുകൾക്കും ഇന്നത്തെക്കാൾ വലുപ്പവും ഉണ്ടായിരുന്നു. എന്നാൽ താടിയെല്ല് കുറച്ചു കൂടി മുന്നോട്ടേക്കു വന്നു തുടങ്ങിയത് ആധുനിക മനുഷ്യരിലാണ്. ഗോതമ്പും ബാർളിയും കഴിച്ചു തുടങ്ങിയ സമയത്താണ് മോണരോഗങ്ങൾ ആദിമ മനുഷ്യരിൽ വന്നു തുടങ്ങിയത്. പഞ്ചസാരയും കരിമ്പുമൊക്കെ കഴിക്കാൻ തുടങ്ങിയപ്പോൾ മെല്ലെ ദന്തക്ഷയവും വന്നു തുടങ്ങി. 

 

രണ്ടുതരം പല്ലുകളാണ് മനുഷ്യനുണ്ടാവുന്നത്. പാൽപ്പല്ലുകളും(Milk teeth) സ്ഥിര ദന്തങ്ങളും(permanent teeth). ഏറ്റവും മുന്നിലായി ഉളിപ്പല്ലുകൾ (Incisors), അതു കഴിഞ്ഞു കോമ്പല്ല് (കൂർച്ചപ്പല്ല്– Canines), അവയ്ക്കു പിന്നിൽ മുന്നണപ്പല്ല് (Premolars), അവസാനമായി അണപ്പല്ലുകൾ (Molars) എന്നിവ അടങ്ങിയതാണ് സ്ഥിര ദന്തങ്ങൾ. ഇതിൽ പാൽപല്ലുകളുടെ കൂട്ടത്തിൽ Premolars ഉണ്ടാവില്ല. ആറു മാസം പ്രായമുള്ളപ്പോഴാണ് ആദ്യത്തെ പാൽപല്ല് കീഴ്ത്താടിയിലെ മുൻനിരയിൽ വരുന്നത്.12 വയസ്സോടെ 28 സ്ഥിര ദന്തങ്ങൾ വരും. അവസാനത്തെ അണപ്പല്ലുകൾ 18 - 25 വയസ്സിനുള്ളിലാണ് വരുക. ഇവയെ വിവേക ദന്തങ്ങൾ അഥവാ Wisdom teeth എന്ന് പറയുന്നു. ഹൊമിനിഡ് കാലത്തെ ആദിമ മനുഷ്യരിൽ പല്ലുകൾ ഉണ്ടായിരുന്നു. ഓരോ കാലത്തും പല്ലിലും പരിണാമം സംഭവിച്ചുകൊണ്ടിരുന്നു. ഭക്ഷണ ശീലത്തിലെ മാറ്റങ്ങളാണ് പല്ലുകളുടെ രൂപത്തിലെയും വലുപ്പത്തിലെയും പരിണാമത്തിൽ വലിയ പങ്കു വഹിച്ചത്. 

 

നമ്മുടെ പല്ലുകൾക്ക് പ്രധാനമായും 4 ഭാഗങ്ങളുണ്ട്. പല്ലിന്റെ ക്രൗൺ അഥവാ പുറത്തു കാണുന്ന മകുട ഭാഗത്തിനും വേരിനും പൊതുവായുള്ള ഭാഗമാണ് ഡെന്റേൻ അഥവാ ദന്ത വസ്തു (Dentin) ക്രൗണിൽ ഇതിനു മുകളിലായി ഇനാമലും ( Enamel) വേരിൽ ഇതിനു മുകളിലായി സിമന്റവും (Cementum) കാണപ്പെടുന്നു. ഏറ്റവും ഉൾഭാഗത്താണു നമുക്ക് ഇന്ദ്രിയസംവേദനം സാധ്യമാക്കുന്ന ഞരമ്പുകളും രക്തക്കുഴലുകളും സ്ഥിതി ചെയ്യുന്ന ദന്ത മജ്ജ അഥവാ പൾപ്പ് (Pulp). പൾപ്പ് സ്ഥിതി ചെയ്യുന്ന വേരിന്റെ ഭാഗത്തെ റൂട്ട് കനാൽ (Root canal) എന്നും ക്രൗണിന്റെ ഭാഗത്തെ പൾപ്പ് ചേമ്പർ (pulp chamber) എന്നും പറയുന്നു. മേൽപറഞ്ഞ ഭാഗങ്ങളിൽ അണുബാധയുണ്ടാവുമ്പോൾ അതു ദന്തക്ഷയം അഥവാ പല്ലിലെ പോടായി മാറുന്നു. പൾപ്പിലേക്ക് അണുബാധയെത്തുമ്പോഴാണ് നീരും വേദനയും ഉണ്ടാവുന്നത് പല്ലിനെ ഉൾക്കൊള്ളുന്ന അസ്ഥിയുടെ ഭാഗത്തെ ആൾവിയോളാർ ബോൺ (Alveolar bone) എന്നും പല്ലിനും അസ്ഥിക്കും ഇടയിലെ മൃദു കലയെ അസ്ഥി ബന്ധം അഥവാ പെരിയോഡോണ്ടൽ ലിഗമെന്റ് ( Periodontal Ligament) എന്നും പറയുന്നു.ഇവയ്ക്ക് അപാകതകൾ സംഭവിക്കുമ്പോൾ മോണരോഗമുണ്ടാവുന്നു 

 

മറ്റു ജീവജാലങ്ങളുടെ പല്ലുകളുടെ കാര്യത്തിലും ഒട്ടേറെ വൈവിധ്യങ്ങളുണ്ട്. മാംസഭുക്കുകളായ ജീവികൾക്ക് കൂർത്ത കോമ്പല്ലുകൾ ഉണ്ടാവും. കടുവയെയും സിംഹത്തെയും ഇനി കാണുമ്പോൾ അവയുടെ കോമ്പല്ലുകൾ ശ്രദ്ധിക്കാൻ മറക്കണ്ട. ആനയുടെ മുൻനിര പല്ല് (ശരിക്കു പറഞ്ഞാൽ മനുഷ്യരിലെ ലാറ്ററൽ ഇൻസിസർ പല്ലുകൾക്ക് തുല്യം) ആണ് അവയുടെ നീണ്ട കൊമ്പുകളായി രൂപം പ്രാപിച്ചിട്ടുള്ളത്. മനുഷ്യരിലെ പോലെ കേടും പൊട്ടലും ഇവയിലും ബാധിക്കാറുണ്ട്. കുതിരയുടെ തലയോടിനെക്കാൾ ബലമുള്ളതാണ് അവയുടെ പല്ലുകൾ. മനുഷ്യന്റേതു പോലെ 32 പല്ലുകളാണ് ജിറാഫിനുമുള്ളത്. പക്ഷേ, മേൽത്താടിയിലെ മുൻനിരപ്പല്ലുകൾ അവയിൽ കാണാറില്ല. ഒച്ചുകൾക്ക് അവയുടെ നാവിൽ ഇരുപത്തി അയ്യായിരത്തോളം ചെറിയ പല്ലുകൾ ഉണ്ട്. ഇത് നഗ്നനേത്രങ്ങളാൽ ദൃശ്യമാവാറില്ല.എലി, മുയൽ, അണ്ണാൻ തുടങ്ങിയവയ്‌ക്കൊക്കെ എപ്പോഴും വളരുന്ന പല്ലുകളാണുള്ളത്. സ്രാവിനാവട്ടെ എല്ലാ ആഴ്ചയിലും പല്ലുകൾ പൊഴിഞ്ഞ് പുതിയവ വരാറുണ്ട്. നമ്മെ സ്ഥിരമായി ഉപദ്രവിക്കുന്ന കൊതുകുകൾക്ക് വരെ 47 പല്ലുകൾ ഉണ്ട്. മരത്തിന്റെ പ്രായം അതിൽ കാണുന്ന വളർച്ചാ വളയങ്ങൾ നോക്കി അനുമാനിക്കാൻ കഴിയുന്നതു പോലെ ഡോൾഫിനുകളുടെ പല്ലിൽ കാണുന്ന വളയങ്ങൾ നോക്കി അവയുടെ പ്രായം നിർണയിക്കാം. 

 

വിരലടയാളങ്ങൾ പോലെ പല്ലടയാളങ്ങളുമുണ്ട്. പല്ലിന്റെ ഏറ്റവും പുറമെയുള്ള പാളിയായ ഇനാമലിന്റെ ഘടനയുടെ ഭാഗമായുള്ള ഇനാമൽ റോഡുകളുടെ ആവർത്തന രീതിയിലുള്ള വ്യത്യസ്തതയാണ് ഇവയ്ക്കു കാരണം. ഇവയെ ടൂത്ത് പ്രിന്റ്സ് അഥവാ അമീലോഗ്ലിഫിക്സ് എന്നാണ് പറയാറ്. കടി കിട്ടുന്ന ഭാഗത്തെ ദന്തക്ഷതങ്ങൾ അഥവാ ബൈറ്റ് മാർക്കുകളും പലതരമുണ്ട്. ഇവ ഇന്ന് കുറ്റകൃത്യം തെളിയിക്കാൻ ഫൊറൻസിക് വിദഗ്ധർ ഉപയോഗിക്കാറുണ്ട്. ഇത്തരം വിഷയങ്ങളെ അധികരിച്ചു വളർന്നു കൊണ്ടിരിക്കുന്ന ദന്ത ശാസ്ത്ര ശാഖയാണ് ഫൊറൻസിക് ഒഡൊന്റോളജി.

 

English Summary : Facts comparing human teeth to animal teeth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com