ADVERTISEMENT

1926 ഏപ്രിൽ 7...ഫാസിസ്റ്റ് സാമ്രാജ്യഭരണം ശക്തമായിരുന്ന ഇറ്റലിയിലെ കുപ്രസിദ്ധ ഏകാധിപതി ബെനിറ്റോ മുസോളിനി, റോമിൽ നടന്ന ഒരു കൂട്ടായ്മയിൽ പ്രസംഗിച്ച ശേഷം ജനങ്ങളെ അഭിവാദ്യം ചെയ്തു കൊണ്ട് പിയാസ ഡെൽ ക്യാംപിഡോഗ്‌ലിയോ ചത്വരത്തിലൂടെ നടക്കുകയായിരുന്നു. മുസോളിനിയെ പ്രതീക്ഷിച്ചെന്ന മട്ടിൽ ചത്വരത്തിന്റെ ഒരു ഭാഗത്ത് കാഴ്ചയിൽ അവശയെന്നു തോന്നിപ്പിക്കുന്ന ഒരു അൻപതുകാരി നിൽപുണ്ടായിരുന്നു. മുസോളിനിയും അവരുമായുള്ള അകലം കുറഞ്ഞുവന്നു. തന്റെ വസ്ത്രത്തിൽ മറച്ചുപിടിച്ചിരുന്ന കൈത്തോക്ക് ആ വനിത ഇതിനിടയിൽ കൈയിലെടുത്തു. മുസോളിനിയുടെ നേർക്ക് ഉന്നം പിടിച്ച് അവർ ആദ്യ വെടിവച്ചു. വെടിയൊച്ച പിയാസ ഡെൽ ക്യാംപിഡോഗ്‌ലിയോ ചത്വരത്തെ ഒരു നിമിഷത്തേക്ക് നടുക്കിക്കളഞ്ഞു.

 

മുസോളിനിയുടെ ഭാഗ്യം, ആ നിമിഷത്തിൽ ബാൻഡ് ഗീതം നയിക്കുന്ന കുട്ടികളെ നോക്കാനായി അദ്ദേഹം തലയൊന്നു വെട്ടിച്ചു. വനിത തോക്കിൽ നിന്നുതിർത്ത വെടിയുണ്ട, ഏകാധിപതിയുടെ മൂക്കിൻതുമ്പിലുരസി ഒരു മുറിവ് തീർത്തു എങ്ങോട്ടോ പോയി. ഭയവിഹ്വലനായ അദ്ദേഹം നിലത്തേക്കു വീണു. രണ്ടാമതും ആ വനിത മുസോളിനിയുടെ നേർക്കു വെടിയുതിർത്തെങ്കിലും അതും ലക്ഷ്യം തെറ്റി. അപ്പോഴേക്കും ഇരമ്പിയാർത്തു വന്ന പുരുഷാരം അവരെ കീഴടക്കി നിലത്തേക്കിട്ടു.

 

ആ വനിതയായിരുന്നു വയലറ്റ് ഗിബ്സൺ, ഇറ്റാലിയൻ ഏകാധിപതി മുസോളിനിക്കെതിരെ വധശ്രമം നടത്തിയിട്ടുള്ളവരിലെ ഏക വനിത. മുസോളിനിയെ പരുക്കേൽപിക്കാൻ അവർക്കു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. തലവെട്ടിക്കാൻ തോന്നിയ ഭാഗ്യം അനുകൂലമല്ലായിരുന്നെങ്കിൽ, 1943 വരെ തുടർന്ന മുസോളിനിയുടെ ഏകാധിപത്യഭരണം സംഭവിക്കില്ലായിരുന്നു. ലോകം ലക്ഷ്യം വച്ചുള്ള പടയോടത്തിന് നാസി ഏകാധിപതി അ‍‍ഡോൾഫ് ഹിറ്റ്ലർക്ക് തന്റെ കരുത്തനായ കൂട്ടാളിയെയും കിട്ടില്ലായിരുന്നു.

 

1876 ൽ അയർലൻഡിലെ സമ്പന്നമായ ആഷ്ബോൺ പ്രഭുകുടുംബത്തിലാണു വയലറ്റിന്റെ ജനനം. യൗവനകാലത്ത് ബ്രിട്ടനിലെ വിക്ടോറിയാ മഹാറാണിയുടെ സഭയിൽ ഉദ്യോഗസ്ഥയായിരുന്നു വയലറ്റ്. ഐറിഷ് തലസ്ഥാനം ഡബ്ലിനിലും, ഇംഗ്ലണ്ടിലെ ലണ്ടനിലുമായിട്ടായിരുന്നു വയലറ്റിന്റെ ജീവിതം. ഇതിനിടയിൽ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ വയലറ്റ് അനുഭവിച്ചിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്. ഹിസ്റ്റീരിയ എന്ന രോഗാവസ്ഥായാണ് അവരെ വേട്ടയാടിയതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പറയുന്നു. പിൽക്കാലത്ത് പാരിസിൽ യുദ്ധവിരുദ്ധ പ്രവർത്തനങ്ങൾക്കായി എത്തിയ വയലറ്റ് അക്കാലത്ത് ഇറ്റലിയിൽ ഉയർന്നു വന്ന ഫാസിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ നായകനായ ബെനിറ്റോ മുസോളിനിയെയും കഠിനമായി വെറുത്തിരുന്നു. ഈ എതിർപ്പാണ് മുസോളിനിയുടെ കൊലപാതകശ്രമത്തിലേക്ക് വയലറ്റിനെ എത്തിച്ചത്.

വെടിവയ്പിനു ശേഷം വയലറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറച്ചുസമയത്തിനു ശേഷം മൂക്കിലൊരു ബാൻഡ് എയിഡുമായി മുസോളിനി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു. 

 

എന്നാ‍ൽ ആ വധശ്രമം മുസോളിനിക്കു വലിയ നാണക്കേടുണ്ടാക്കിയെന്നു ചരിത്രകാരൻമാർ പറയുന്നു. ഇറ്റാലിയൻ മണ്ണിൽവച്ച് ഒരു വിദേശ വനിത തനിക്കുനേരെ വെടിയുതിർക്കുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. വയലറ്റ് ഗിബ്സണെ താമസിയാതെ ഇംഗ്ലണ്ടിലേക്കു തിരിച്ചയച്ചു. അവിടെ അവർ നോർത്താംപ്ടണിലുള്ള ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ടു. പിന്നീട് 1956ൽ മരിക്കുന്നതുവരെയുള്ള അവരുടെ 29 വർഷം നീളുന്ന ജീവിതം ആ മാനസികാരോഗ്യകേന്ദ്രത്തിലെ സെല്ലിലായിരുന്നു. മരണശേഷം  സംസ്കാരത്തിൽ വയലറ്റിന്റെ ബന്ധുക്കളിൽ ഒരാൾ പോലും പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്. പിന്നീട് വയലറ്റിനെപ്പറ്റി ലോകം മറന്നു. ചരിത്രത്തിന്റെ വിസ്മൃതികളിലെങ്ങോ അവരുടെ പേര് മാഞ്ഞുപോയി. 

 

2014 ൽ സ്യോഭാൻ ലൈനാം എന്ന ജേണലിസ്റ്റ് ഗിബ്സന്റെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കിയ ഒരു ഡോക്യുമെന്ററിയാണ് വീണ്ടും ആ പേര് വെളിച്ചത്തു കൊണ്ടുവന്നത്. തുടർന്ന് ബ്രിട്ടിഷ് ചരിത്രകാരനായ ഫ്രാൻസസ് സ്റ്റോണോർ സോൻഡേഴ്സ് ‘ദ വുമൺ ഹൂ ഷോട്ട് മുസോളിനി’ എന്ന പേരിൽ അവരെക്കുറിച്ച് ഒരു പുസ്തകവുമെഴുതി. ഇപ്പോൾ, വയലറ്റ് ഗിബ്സന്റെ പ്രതിമ അയർലൻഡിലെ അവരുടെ ജന്മഗേഹമായ മെരിയോൺ സ്ക്വയറിൽ സ്ഥാപിക്കാന‍ൊരുങ്ങുകയാണ് ഐറിഷ് സർക്കാർ. ഇറ്റാലിയൻ ഫാസിസ്റ്റ് പാർട്ടിയുടെ അധിപനും ഭരണാധികാരിയുമായ മുസോളിനി പിന്നെയും 17 വർഷം കൂടി ജീവിച്ചു. രണ്ടാംലോകമഹായുദ്ധത്തിന്റെ അന്ത്യഘട്ടങ്ങളിൽ ഹിറ്റ്ലർ കൊല്ലപ്പെട്ടതിനു ശേഷം സ്പെയിനിലേക്ക് ഒളിച്ചോടാൻ ശ്രമിച്ച മുസോളിനി വിമതരുടെ പിടിയിലാകുകയും അവരുടെ വെടിയേറ്റ് 1945 ഏപ്രിൽ 28നു മരിക്കുകയും ചെയ്തു.

 

English Summary : Violet Gibson - The Irish woman who shot Benito Mussolini

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com