P ഫോർ പരസ്യം V ഫോർ വാചകം ; പരസ്യങ്ങളുടെ ആ ഗുട്ടൻസ്
Mail This Article
അടുത്തകാലത്തു ടെലിവിഷനിൽ വന്ന പരസ്യങ്ങളിൽ ആളുകളെ ഏറ്റവും കൂടുതൽ ആകർഷിച്ച ഒരു പരസ്യത്തിലെ വരികളിൽ നിന്നാണ് ഈ കുറിപ്പിന്റെ തലക്കെട്ട്: ‘പി ഫോർ പായൽ വി ഫോർ വിള്ളൽ.’
ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള ആളുകളെ പഠിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂട്. ആ ക്ലാസ് കേട്ട് ടിവിയുടെ അകത്തുള്ളവർ മാത്രമല്ല പുറത്തുള്ള നമ്മളും അതേറ്റു പറയുമെന്ന സ്ഥിതിയായിട്ടുണ്ട് ഇപ്പോൾ. അതിന്റെ ഗുട്ടൻസ് എന്താണെന്ന് നിങ്ങൾ ആലോചിച്ചു നോക്കിയിട്ടുണ്ടോ? കേട്ടുകേട്ടു വീണ്ടും കേട്ടു നമ്മൾ മൂളി നടക്കുന്ന പാട്ടുകൾ പോലെ ഒരു ദിവസം പല തവണ ആവർത്തിച്ചു കേൾക്കുന്ന ഈ പരസ്യ വാചകങ്ങളും നമ്മളുടെ തലയ്ക്കകത്തു കയറി താമസം തുടങ്ങും. പിന്നീട് ഈ വാചകം കേട്ടാലോ കണ്ടാലോ തന്നെ നമുക്കാ രംഗം ഓർമവരും. ഒപ്പം പ്രോഡക്ടും. പായലും പൂപ്പലും വിള്ളലുമൊക്കെ പോപ്പുലറാകുന്നതിനു മുൻപേ പോപ്പുലറായ വേറെയൊരാളുണ്ട്: കറ. അയ്യോ ഉടുപ്പിൽ കറയായല്ലോ എന്നു കരഞ്ഞിരുന്ന നമ്മളൊക്കെ ഇപ്പോൾ ‘കറ നല്ലതാണ്’ എന്നു പറഞ്ഞു തുടങ്ങി! നല്ലതു ചെയ്‌താൽ പറ്റുന്ന കറ മാത്രമാണ് നല്ലതെന്നാണ് ആ പരസ്യവാചകം നമ്മളോട് പറയുന്നത്. കൂട്ടുകാരുമായി തല്ലുകൂടി ചെളിയിൽ കിടന്നുരുണ്ടു വീട്ടിൽ ചെന്ന് കറ നല്ലതാണെന്ന് പറഞ്ഞാൽ, അപ്പോഴറിയാം ശരിക്കും പണി പാളിയോ എന്ന്!
അതു പറഞ്ഞപ്പോഴാണ് ഓർമ വന്നത് ഹിറ്റായ പാട്ടുകളുടെ പാരഡികളും പരസ്യവാചകങ്ങളായി വേഷം മാറി വരും. അതു കൊണ്ടല്ലേ സിനിമാ നടനായ നീരജ് മാധവിന്റെ ‘അയ്യയ്യോ പണി പാളീലോ’ എന്ന ഹിറ്റ് ഗാനത്തെ പരസ്യത്തിലെടുത്തത്. പാട്ടുകൾ മാത്രമല്ല സമകാലിക സംഭവങ്ങളും പരസ്യത്തിന്റെ തലക്കെട്ടുകളായി കയറിക്കൂടാറുണ്ട്. ഇന്ത്യയുടെ സ്വന്തം മിൽക്ക് ബ്രാൻഡ് ആയ അമുൽ ആണ് അക്കാര്യത്തിലെ വിദഗ്ധർ. ശരിക്കും അമുൽ എന്ന ബ്രാൻഡ് നിലവിൽ വന്നതിനു ശേഷം ഇന്ത്യയിൽ സംഭവിച്ച പ്രധാന കാര്യങ്ങളെക്കുറിച്ച് ഒരു ഏകദേശ ധാരണ കിട്ടണമെങ്കിൽ അന്നുതൊട്ടിന്നു വരെ അമുൽ പുറത്തിറക്കിയ കാർട്ടൂൺ പരസ്യങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാൽ മതി. അമുൽ എന്ന ‘വല്യേട്ടന്റെ’ ചുവടു പിടിച്ചു മിൽമ ‘കൊച്ചേട്ടനും’ ഈ പരിപാടി ഇപ്പോൾ തങ്ങളുടെ പരസ്യങ്ങളിൽ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.
മലപ്പുറത്തു നിന്നുള്ള ഒൻപതു വയസ്സുകാരൻ മുഹമ്മദ് ഫായിസ് തന്റെ നിഷ്കളങ്കത കൊണ്ട് വൈറലാക്കി മാറ്റിയ ‘ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല്ല’ എന്ന സൂപ്പർ ഹിറ്റ് ഡയലോഗ് ആണു മിൽമ തങ്ങളുടെ പരസ്യവാചകമായി ഒരിക്കൽ ഉപയോഗിച്ചത്.
അതിനായി ഒരു വണ്ടി നിറച്ചു സമ്മാനങ്ങളും മിൽമ ഫായിസിന് കൊടുത്തു. അതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറൽ ആയ രണ്ടു യുവ ഡോക്ടർമാരുടെ നൃത്തവും മിൽമയുടെ പരസ്യത്തിൽ ഇടം നേടി. എന്നാൽ ഇതിനൊക്കെ മുൻപു തന്നെ മലയാളത്തിലെ ഹിറ്റ് പരസ്യവാചകങ്ങളിലൊന്ന് മിൽമയ്ക്കു സ്വന്തമാണ്. ‘കേരളം കണി കണ്ടുണരുന്ന നന്മ.’
പറയാനാണെങ്കിൽ ഇതുപോലെ ഹിറ്റായ വാചകങ്ങളും പരസ്യങ്ങളും ഒട്ടേറെയുണ്ട്. ദൂരദർശൻ കാലത്ത് നിങ്ങളുടെ മാതാപിതാക്കളുടെ ഇഷ്ട പാനീയം ആയിരുന്ന രസ്നയുടെ 'ഐ ലവ് യു രസ്ന' തൊട്ട് നിങ്ങളുടെ അപ്പൂപ്പന്റെ ആദ്യത്തെ ടിവിയായ ഒനിഡയുടെ ‘നെയ്‌ബേഴ്സ് എൻവി, ഓണേഴ്സ് പ്രൈഡ്’ വരെ. പിന്നെ മലയാളി എന്നും ഓർത്തിരിക്കുന്ന ‘തകർക്കാൻ പറ്റാത്ത വിശ്വാസ’വും, ‘വന്നല്ലോ വനമാല’യും, 'കൊള്ളാലോ വിഡിയോണു'മൊക്കെ. മിൽമയുടെ പാലൊഴിച്ച ഒരു ചൂട് ചായ, അതും ‘ഉയരം കൂടുമ്പോൾ കടുപ്പം കൂടു’ന്ന കണ്ണൻ ദേവൻ ചായപ്പൊടികൊണ്ട്, ഒപ്പം ചൂടുള്ള വാർത്തകളുമായി ‘മലയാളത്തിന്റെ സുപ്രഭാതം’ ആയ മലയാള മനോരമയും കൂടിയായാൽ മലയാളിയുടെ ഒരു ദിനം കെങ്കേമമായി ആരംഭിക്കുകയാണ്!
(പരസ്യരംഗത്തു പ്രവർത്തിക്കുന്ന ഫേവർ തിരക്കഥാകൃത്തും സിനിമാ നടനുമാണ്)
ശ്രദ്ധിക്കൂ...!
പരസ്യവാചകങ്ങളെക്കുറിച്ചു വായിച്ചല്ലോ. എങ്കിൽ ഇതാ രസകരമായ ഒരു ടാസ്ക് കൂട്ടുകാർക്ക്. രണ്ടു പരസ്യവാചകങ്ങൾ തയാറാക്കണം. വീട്ടിലെ മുതിർന്നവരുടെ സഹായവും തേടാം കേട്ടോ. വാചകങ്ങൾ ഇന്നത്തെ മലയാള മനോരമ ദിപത്രത്തിലെ ഹായ് കിഡ്സ് പേജിൽ എഴുതി ഫോട്ടോയെടുത്ത് ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയിൽ ഏതിലെങ്കിലും മുതിർന്നവരുടെ സഹായത്തോടെ പോസ്റ്റ് ചെയ്യണം. ഈ ഹാഷ്ടാഗ് ചേർക്കണം:
#HaiKidsAd
English Summary : Favour Francis writes about catchy advertisement titles