ADVERTISEMENT

ലോകമെമ്പാടും 75 ലക്ഷം പേരുടെ മരണത്തിനിടയാക്കിയ രണ്ടാം ലോകയുദ്ധം അവസാനിച്ചതിന്റെ 76ാം വാർഷികമാണ് കഴിഞ്ഞ ദിവസം കടന്നു പോയത്. യൂറോപ്പിൽ നിന്നുള്ള രാജ്യങ്ങൾ നേതൃത്വം കൊടുത്ത രണ്ടു ചേരികളിൽ ഭാഗഭാക്കായ ലോകത്തെ ഒട്ടനവധി രാജ്യങ്ങൾ തമ്മിൽ തുടർന്ന യുദ്ധത്തിൽ ഏറ്റവും വലിയ വില്ലൻ സ്ഥാനം ലഭിച്ചത് ജർമനിക്കാണ്. ഹിറ്റ്ലറുടെ നേതൃത്വത്തിൽ നാത്‌സിഭരണം കൊടുമ്പിരികൊണ്ടിരുന്ന ജർമനിയിൽ വംശീയതയായിരുന്നു ഏറ്റവും വലിയ ആയുധം. ആര്യൻ വർഗത്തിന്റെ അപ്രമാദിത്വത്തിൽ വിശ്വസിച്ചിരുന്ന നാത്‌സിഭരണകൂടം മറ്റെല്ലാ വിഭാഗങ്ങളെയും വെറും അധകൃതരായി കണക്കാക്കി. ഇവരുടെ രോഷവും ക്രൂരതയും ഏറ്റവും അനുഭവിക്കേണ്ടി വന്ന വിഭാഗമാണു ജൂതർ. ജർമനിയിലെയും പോളണ്ടിലെയും നെതർലൻഡ്സിലെയുമൊക്കെ ജൂതർ, നാത്‌സി പരാക്രമത്തിൽ എല്ലാം നഷ്ടപ്പെട്ടവരായി. അവരിൽ പലരുടെയും ജീവിതം കോൺസൻട്രേഷൻ ക്യാംപുകളിൽ കൊടിയ പീഡനങ്ങൾക്കു വിധേയമായി അവസാനിച്ചു.

 

എല്ലാ മനുഷ്യവിഭാഗങ്ങളിലും നന്മയുള്ളതുപോലെ നാത്‌സി ജർമനിയിലുമുണ്ടായിരുന്നു നന്മയുടെ കൈത്തിരിനാളങ്ങൾ. അവിടത്തെ ജൂതരിൽ 1200 ഓളം പേരെ നാത്‌സികളുടെ രക്തക്കൊതിക്കു വിട്ടുകൊടുക്കാതെ ഒരു തള്ളപ്പക്ഷി കുഞ്ഞിപ്പക്ഷികളെ സംരക്ഷിക്കുന്നതു പോലെ സംരക്ഷിച്ചയാളാണു ഓസ്കർ ഷിൻഡ്‌ലർ. ജർമനിയിൽ നിന്നുള്ള ഒരു ബിസിനസുകാരൻ.

 

ഓസ്കർ ഷിൻഡ്‌ലർ ഒരു മഹാനായല്ല ജീവിച്ചത്. അതു തന്നെയാണു ഷിൻഡ്‌ലറുടെ ജീവിതത്തെ വ്യത്യസ്തമാക്കുന്ന കാര്യവും. നാത്‌സി പാർട്ടിയുടെ സജീവ അംഗത്വമുള്ള ആളായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ യൗവ്വനഘട്ടങ്ങളിൽ ഷിൻഡ്‌ലർ വളരാൻ വെമ്പുന്ന വളരെ തന്ത്രശാലിയായ ഒരു കച്ചവടക്കാരനായിരുന്നു. പണമുണ്ടാക്കുന്നതും മദ്യപിക്കുന്നതും തന്റെ ജീവിതചര്യയാക്കിയ ഒരു ബിസിനസുകാരൻ. 1908 ഏപ്രിൽ 28നു ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിൽ സ്ഥിതി ചെയ്യുന്ന മൊറേവിയയിലെ സമ്പന്ന കുടുംബത്തിലാണ് ഷിൻഡ്‌ലർ ജനിച്ചത്. പത്തൊൻപതാം വയസ്സിൽ അദ്ദേഹം എമിലി എന്ന ജർമൻ വനിതയെ വിവാഹം കഴിച്ചു.

 

നാത്‌സി ജർമനിയുടെ യുദ്ധമുന്നേറ്റങ്ങളെയെല്ലാം ഷിൻഡ്‌ലർ പിന്തുണച്ചിരുന്നു. യുദ്ധത്തിലൂടെ ജർമൻ ബിസിനസ്സുകാർക്കു വളരാനുള്ള അവസരമാണൊരുങ്ങുന്നതെന്നു ഷിൻഡ്‌ലർ ഉറച്ചു വിശ്വസിച്ചു. ഒരു പരിധിവരെ അതു ശരിയായിരുന്നുതാനും.

ആയിടയ്ക്കാണു യുദ്ധത്തിന്റെ ഭാഗമായി ജർമനി പോളണ്ടിനെ ആക്രമിച്ചു കീഴ്പ്പെടുത്തിയത്. പോളണ്ടിലെ ക്രാക്കോ എന്ന നഗരത്തിലേക്കു ഷിൻഡ്‌ലറും പോയി. മനോഹരമായി സംസാരിക്കാനും ഇടപെടാനും അറിയുന്ന ഷിൻഡ്‌ലർ ചില ഓഫിസർമാരെ ചാക്കിട്ട് ആ മേഖലയിൽ ഒരു ഇനാമൽ പാത്രനിർമാണ ഫാക്ടറി സ്ഥാപിക്കാനുള്ള അംഗീകാരം നേടിയെടുത്തു. നാത്‌സി ഭരണം പൂർണ ഏകാധിപത്യപരമായിരുന്നെങ്കിലും ഉദ്യോഗസ്ഥതലത്തിൽ അഴിമതിക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. സജീവമായ കരിഞ്ചന്തയും ജർമനിയിലുണ്ടായിരുന്നു. ക്രാക്കോവിലുള്ള ഉദ്യോഗസ്ഥർക്ക് കൈക്കൂലിയും മദ്യവും വിളമ്പി ഇതിന്റെയെല്ലാം സാധ്യതകൾ ഷിൻഡ്‌ലർ സമർഥമായി ഉപയോഗിച്ചു.

 

ഇമാലിയ എന്നു പേരിട്ട ഷിൻഡ്‌ലറുടെ ഫാക്ടറി നല്ലരീതിയിൽ പച്ചപിടിച്ചു. അതു വലിയ ലാഭമുണ്ടാക്കിത്തുടങ്ങി. തൊഴിലാളികൾക്കായി അധികം പണമൊന്നും കൊടുക്കേണ്ടി വന്നിരുന്നില്ല ഷിൻഡ്‌ലർക്ക്, കാരണം തൊഴിലാളികൾ മിക്കവരും ജൂതരാണെന്നതിനാലായിരുന്നു. നാസി സാമ്രാജ്യത്തിൽ ജൂതർക്ക് നിർബന്ധിത തൊഴിൽ ചെയ്യണമായിരുന്നു. അക്കാലത്തെ മിക്ക ജർമൻ കമ്പനികളും ഈ നിയമം കാരണം വലിയ ലാഭമുണ്ടാക്കി. കൂട്ടത്തിൽ ഷിൻഡ്‌ലറും. വളരെ കഠിനവും കഷ്ടതാപൂർണവുമായ സാഹചര്യങ്ങളിലായിരുന്നു ഈ തൊഴിലെടുപ്പ്.

 

ക്രാക്കോവിൽ അരലക്ഷത്തിലേറെ ജൂതരുണ്ടായിരുന്നു. നാത്‌സികൾ പോളണ്ട് ആക്രമിക്കുന്നതിനു മുൻപ് അവരെല്ലാവരും അവിടെ സന്തോഷത്തോടെയും സമാധാനത്തോടെയും പാർത്തു വന്നു. എന്നാൽ ജർമൻ അധീശത്വത്തിനു ശേഷം അവരുടെ നില കഷ്ടമായി. വീടുകളിൽ നിന്നു കുടിയിറക്കപ്പെട്ട ജൂതരെ ആളുകൾ തിങ്ങിപ്പാർക്കുന്ന ഘെറ്റോ ക്യാംപുകളിലാക്കി നാത്‌സികൾ. മനുഷ്യരെന്ന ഒരു പരിഗണനയും അവർക്കുണ്ടായിരുന്നില്ല. അവർ പൊതു ഇടങ്ങളിൽ മർദ്ദിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്തു. ഉറ്റബന്ധുക്കളുടെ മുന്നിൽ വച്ചു കൊല്ലപ്പെട്ടവരും കുറവായിരുന്നില്ല. ശേഷിച്ചവർ ഷിൻഡ്‌ലറെപ്പോലെയുള്ള നാത്‌സി അനുകൂല മുതലാളിമാരുടെ സ്ഥാപനങ്ങളിൽ കൂലിയില്ലാത്തൊഴിൽ ചെയ്ത് അരിഷ്ടിച്ചു ജീവിച്ചു.

 

എന്നാൽ ഇടയ്ക്കെപ്പോഴോ ഒരു നിമിഷമെത്തി, നിഷ്ഠൂരനായ ഒരു മുതലാളിയിൽ നിന്നു മനുഷ്യത്വം തുളുമ്പുന്ന ഒരു ഭാവമാറ്റം. ഷിൻഡ്‌ലർ പോലുമറിയുന്നുണ്ടായിരുന്നില്ല അത്. 1942ൽ ലോകയുദ്ധ സമയത്ത് ജർമൻ പട ക്രാക്കോവിലെ ഒരു ഘെറ്റോ ജൂതക്കോളനിയിൽ നടത്തിയ പൈശാചികമായ കൂട്ടക്കൊലപാതകമാണ് അതിനു വഴിവച്ചത്. ഈ ദൃശ്യം ഷിൻഡ്‌ലർ നേരിട്ടുകണ്ടു. അനുതാപത്തിന്റെ മഞ്ഞുതുള്ളികൾ അദ്ദേഹത്തിന്റെ മനസ്സിൽ പൊടിച്ചു. ക്രാക്കോവിലെ ജൂത തൊഴിലാളികളുമായി അദ്ദേഹം സൗഹൃദം പുലർത്താൻ തുടങ്ങി. അവരിൽ പലരും തന്റെ സ്വന്തമാണെന്ന തോന്നൽ. മറ്റെല്ലാ ഫാക്ടറികളിലും ജൂതർ കിരാതനടപടികൾ നേരിട്ടു പട്ടിണി കിടന്നപ്പോൾ ഷിൻഡ്‌ലറുടെ ഫാക്ടറിയിലുള്ളവർ മൂന്നു നേരം ഭക്ഷണം കഴിച്ചു. അവരെ അവിടെ തല്ലാനും കൊല്ലാനും ആരുമുണ്ടായിരുന്നില്ല. ഷിൻഡ്‌ലറുടെ സംരക്ഷണയിലുള്ള ജൂതർ തങ്ങളെ ‘ഷിൻഡ്‌ലർജൂഡൻ’ എന്നു വിശേഷിപ്പിച്ചു തുടങ്ങി. പിതൃസമാനമായ സ്നേഹമായിരുന്നു ഷിൻഡ്‌ലർക്ക് അവരോട്.

 

ലാഭം എന്ന ലക്ഷ്യം ഷിൻഡ്‌ലറിൽ പതിയെ അസ്തമിച്ചു തുടങ്ങി. തന്റെ ജൂതത്തൊഴിലാളികളുടെ സംരക്ഷണം ആ സ്ഥാനം നേടി. ഇതിനിടെ ക്രാക്കോവിലെ ഷിൻഡ്ലറുടെ പ്ലാന്റ് അടച്ചുപൂട്ടാനും ആയിരത്തിലധികം ജൂതരെ ഓഷ്‌വിറ്റ്സിലെ കോൺസൻട്രേഷൻ ക്യാംപിലേക്കു മാറ്റാനും നാസി മേലാളരുടെ ഓർഡറെത്തി. ഷിൻഡ്‌ലറുടെ തൊഴിലാളികളുടെ ഹൃദയമിടിപ്പ് ഉയർന്നു തുടങ്ങി. ഓഷ്‌വിസ് വെറുമൊരു സ്ഥലമായിരുന്നില്ല. ജൂതരെ സംബന്ധിച്ച് അതൊരു അറവുശാലയായിരുന്നു. തങ്ങളെ ഉന്മൂലനം ചെയ്യാനായി നാത്സികൾ സ്ഥാപിച്ച കൊലപാതകകേന്ദ്രം.

 

ആദ്യമൊന്നു പകച്ചെങ്കിലും ഷിൻഡ്‌ലറുടെ ബുദ്ധി ഉടനടി തന്നെ പ്രവർത്തിച്ചു. അദ്ദേഹം ഒരു പട്ടിക തയാറാക്കി. ഷിൻഡ്‌ലേർസ് ലിസ്റ്റ് എന്ന പേരിൽ പിൽക്കാലത്ത് പ്രശസ്തമായ ആ പട്ടികയിൽ നാനൂറിലധികം സ്ത്രീകളുൾപ്പെടെ 1200 ജൂതരുടെ പേരുകളുണ്ടായിരുന്നു. തന്റെ ജന്മനാടായ മൊറേവിയയിൽ ഒരു ആയുധ ഫാക്ടറി ഉണ്ടാക്കുന്നുണ്ടെന്നും അതിൽ ജോലിക്കാരായി ഇവർ വേണമെന്നും ഷിൻഡ്‌ലർ നാസി ഭരണകൂടത്തോട് ആവശ്യപ്പെട്ടു. രണ്ടാംലോകയുദ്ധം കനത്തു നിന്ന കാലഘട്ടമായതിനാൽ നാത്‌സികൾക്കും ആയുധങ്ങൾ ആവശ്യമായിരുന്നു.ഇതും ഷിൻഡ്‌ലറിന്റെ സ്വാധീനവും കൂടിയായതോടെ ആവശ്യം അംഗീകരിക്കപ്പെടുകയും ആ ജൂതർ മൊറേവിയയിലേക്കു പോവുകയും ചെയ്തു. കൊടിയ ദ്രോഹങ്ങൾ കാത്തിരുന്ന ഓഷ്‌വിത്‌സിൽ എത്താതെ അവരെല്ലാവരും രക്ഷനേടി. തന്റെ കൈയിലുണ്ടായിരുന്ന 40 ലക്ഷം ജർമൻ മാർക്ക് വരുന്ന തുക, ജൂതരെ രക്ഷിക്കാനായി അദ്ദേഹം കൈക്കൂലി നൽകിയെന്നു കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ ആയുഷ്കാല സമ്പാദ്യമായിരുന്നു അത്.

 

രണ്ടാം ലോകയുദ്ധത്തിനു ശേഷം ഷിൻഡ്‌ലറും ഭാര്യയും അർജന്റീനയിലെത്തി ഒരു ഫാം തുടങ്ങി. എന്നാൽ അദ്ദേഹത്തിന്റെ ഈ പ്രസ്ഥാനം അത്ര പച്ചപിടിച്ചില്ല. തുടർന്ന് ജർമനിയിലേക്ക് മടങ്ങിയ ഷിൻഡ്‌ലറിന്റെ അന്ത്യനാളുകൾ കഷ്ടതയിലായിരുന്നു. അദ്ദേഹം പണ്ടു രക്ഷിച്ച ജൂതർ ഒട്ടേറെ സംഭാവനകൾ നൽകി. 1974 ൽ ജർമനിയിലെ ഹിൽഡേഷൈമിൽ അദ്ദേഹം അന്തരിച്ചു. പിന്നീട് ജൂതസംഘടനകൾ ഇടപെട്ട് അദ്ദേഹത്തിന്റെ മൃതദേഹം ജറുസലമിൽ എത്തിക്കുകയും ആദരപുരസ്സരം അവിടെ സംസ്കരിക്കപ്പെടുകയും ചെയ്തു.

 

ഷിൻഡ്‌ലർക്ക് ഇസ്രയേലിൽ ഹീറോ പരിവേഷമാണ്. 1993ൽ അദ്ദേഹത്തിനും ഭാര്യ എമിലിക്കും ‘റൈറ്റിയസ് എമങ് ദ നേഷൻസ്’ എന്ന സ്ഥാനം നൽകി ഇസ്രയേൽ ആദരിച്ചു. ഹോളോകോസ്റ്റ് കാലഘട്ടത്തിൽ തങ്ങളെ സഹായിച്ചവർക്ക് അവർ നൽകുന്ന ഉന്നത ബഹുമതിയാണിത്. ചരിത്രത്തിന്റെ താളുകളിൽ വിസ്മൃതിയിലായി പോകേണ്ടിയിരുന്ന ഷിൻഡ്‌ലറുടെ കഥ 1983 ൽ തോമസ് കീനലി എന്ന എഴുത്തുകാരൻ ‘ഷിൻഡ്‌ലേഴ്സ് ആർക്’ എന്ന പേരിൽ നോവലാക്കി.

തുടർന്ന് തൊണ്ണൂറുകളിൽ വിഖ്യാത ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് ഷിൻഡ്‌ലേഴ്സ് ലിസ്റ്റ് എന്ന ചിത്രം പുറത്തിറക്കി. നിരവധി അംഗീകാരങ്ങൾ നേടിയ ചിത്രം ഷിൻഡ്‌ലറെ ജനമനസ്സുകളിൽ പ്രതിഷ്ഠിച്ചു.

ഓസ്കർ ഷിൻഡ്‌ലർ ഒരു പ്രത്യാശയാണ്. ഏതു ദുർഘടമായ പാറയിലും മനുഷ്യത്വത്തിന്റെ പച്ചപ്പ് വിരിയുമെന്ന പ്രതീക്ഷ.

 

English Summary : Oskar Schindler's life after world war II

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com