ADVERTISEMENT

 

കുട്ടികളുടെ ബുദ്ധി കൂട്ടുന്ന ഉൽപന്നമെന്നു പറഞ്ഞാൽ, ഏതു രക്ഷിതാവും ചാടിവീഴും. ടിന്നിലടച്ച ഉൽപന്നത്തിനു പകരം ചില പ്രത്യേക ആഹാരങ്ങളായാലോ? പാശ്‌ചാത്യ ശാസ്‌ത്രജ്‌ഞർ പറയുന്നു, തേൻ, പാൽ, ആഴക്കടൽ മൽസ്യം, ചെറുപയർ, ചോക്ക്‌ലേറ്റ് എന്നിവ ബുദ്ധിയുടെ ചങ്ങാതിമാരാണെന്ന്.‘ബ്രെയിൻ ഫുഡ് ’ അഥവാ ബുദ്ധിക്കുള്ള ആഹാരം എന്നതൊന്നില്ല എന്നു വാദിക്കുന്ന ഡോക്‌ടർമാർ ഏറെയുണ്ട്. എന്നാൽ യുഎസിലും ജർമനിയിയിലും മറ്റും പ്രശസ്‌തരായ ശാസ്‌ത്രജ്‌ഞരുടെ നേതൃത്വത്തിൽ നടന്ന പഠനങ്ങൾ തെളിയിക്കുന്നതോ ചില ആഹാരങ്ങൾ ബുദ്ധിയെ വളർത്തുമെന്ന്. തേൻ, പാൽ, ആഴക്കടൽ മൽസ്യം, ചെറുപയർ, ചോക്ക്‌ലേറ്റ് തുടങ്ങിയവയാണ് ആ ബുദ്ധിഭക്ഷണങ്ങൾ.

തേനും പാലും

തേൻ ബുദ്ധിയെ ഉണർത്തുമെന്ന് 1600 വർഷങ്ങൾക്കു മുൻപു ധന്വന്തരി പറഞ്ഞിട്ടുണ്ട്. അതാണ് ഇപ്പോൾ ജർമൻ ശാസ്‌ത്രജ്‌ഞർ ആവർത്തിക്കുന്നത്. പഠിക്കുന്ന കുട്ടികൾക്ക് അര ടീസ്‌പൂൺ തേൻ നൽകിയാൽ ഗുണമുണ്ടാകുമെന്നു പഠനം തെളിയിക്കുന്നു. പാലിലെ ‘സിസ്‌റ്റൈയ്‌ൻ ടൊറീൻ’ എന്ന അമിനോ ആസിഡാണു ബുദ്ധിശക്‌തി കൂട്ടുന്നതെന്നു ശാസ്‌ത്രജ്‌ഞർ. തിരുവിതാംകൂർ കൊട്ടാരത്തിലെ രാജകുമാരൻമാർക്കു 12 വയസ്സുവരെ സ്‌ത്രീകളുടെ മുലപ്പാൽ ശേഖരിച്ചു കൊടുക്കുമായിരുന്നുവെന്നു പറയുമ്പോഴാണ് ഈ തത്വത്തിനു ഭാരതീയപാരമ്പര്യത്തിലുള്ള പ്രാധാന്യം മനസിലാകുക. പാൽ വെള്ളം ചേർത്തു നൽകണമെന്നാണു ഗവേഷകർ പറയുന്നത്. ഒരു ഗ്ലാസ് പാൽ അത്രയും വെള്ളം ചേർത്തു വേണം കുട്ടികൾക്കു നൽകാൻ.

പഠിക്കാൻ പച്ചമുറി, നീലമുറി

മുറിയുടെ നിറം, പ്രകാശസംവിധാനം, വായുസഞ്ചാരം എന്നിവയ്‌ക്കെല്ലാം കുട്ടികളുടെ പഠനത്തിൽ സ്വാധീനമുണ്ട്. മുറികളുടെ നിറവും കുട്ടികളുടെ പഠനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗവേഷണം തെളിയിച്ചതെന്താണെന്നോ പച്ചനിറത്തിലും നീലനിറത്തിലുമുള്ള മുറികളിൽ പഠിക്കുന്ന കുട്ടികൾ കൂടുതൽ മികവു കാണിക്കുമെന്ന്. നന്നായി ലഭിക്കുന്ന ഓക്‌സിജന്റെ അളവും ബുദ്ധിയെ ഉണർത്തും. ഗോവണിച്ചുവട്ടിലല്ല, നല്ല വായുസഞ്ചാരമുള്ള സ്‌ഥലത്താകണം പഠനമുറി.മുഖത്തു പൊള്ളുന്ന വെളിച്ചം നൽകി തലചൂടാക്കുന്ന ടേബിൾ ലാംപ് ഒഴിവാക്കാം. മുഖത്തു നിന്നു മൂന്നടി മുന്നോട്ട് അളന്ന ശേഷം അവിടെ നിന്നു മുകളിൽ സ്‌ഥാപിക്കുന്ന സി എഫ് എല്ലോ, ട്യൂബ്‌ലൈറ്റുകളോ ആണ് ഉത്തമം.

 

ശ്രദ്ധിച്ച് കഴിക്കാം

മരച്ചീനിയും ഉരുളക്കിഴങ്ങും ബുദ്ധിവികാസത്തെ കുറയ്‌ക്കുമെന്നു ബ്രെയിൻ ഫുഡിൽ ഗവേഷണം നടത്തിയവർ പറയുന്നു. പൊട്ടറ്റോ ചിപ്‌സ്, ഫ്രഞ്ച്‌ഫ്രൈസ്, മസാലദോശ എന്നിവ പരീക്ഷാദിനങ്ങളിലെങ്കിലും ഒഴിവാക്കുന്നതു നല്ലത്. രാവിലെയും ഉച്ചയ്‌ക്കും രാത്രിയും വയറുനിറച്ച് ആഹാരവും വൈകിട്ടു ചായയും എന്ന രീതിയാണു മിക്ക വീട്ടിലും. മൂന്നോ നാലോ തവണ നിറവയർ കഴിക്കുന്നതിനേക്കാൾ നല്ലത് എട്ടോ പത്തോ തവണയായി അരവയർ കഴിക്കുന്നതാണെന്നും ഗവേഷകർ.പ്രായപൂർത്തിയായ ഒരാൾ ദിവസം എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. നാല് ഡിഗ്രിക്കു താഴെ ഊഷ്‌മാവുള്ള വെള്ളമാണു കുടിക്കേണ്ടതെന്നു ശാസ്‌ത്രജ്‌ഞർ പറയുന്നു. അച്‌ഛനും അമ്മയ്‌ക്കും 2800 കാലറി ഊർജമാണ് ഒരു ദിവസം വേണ്ടതെങ്കിൽ പഠിക്കുന്ന കുട്ടിക്കു വേണ്ടതു 4000 മുതൽ 5000 വരെ കാലറി ഊർജമാണെന്നതു മറക്കേണ്ട.

 

ചോക്ക്‌ലേറ്റിലെ ‘സ്‌നേഹം’

‘സ്‌നേഹം’ എന്ന വികാരം ഫീനയിൽ ഈഥൈൻ അമീൻ എന്ന രാസപദാർഥമാണെന്നും ബുദ്ധിശക്‌തി കൂട്ടാൻ ഇതു സഹായിക്കുമെന്നും ശാസ്‌ത്രലോകം. ഈ രാസപദാർഥം ഏറ്റവുംം അധികമുള്ളതു ചോക്ക്‌ലേറ്റിലാണ്. ചോക്ക്‌ലേറ്റ് വായിലിട്ട് അലിയിക്കുമ്പോൾ ഉമിനീരിലുള്ള ടയലിൻ എന്ന എൻസൈം, ഫീനയിൽ ഈഥൈൻ അമീനെ മോചിപ്പിക്കുന്നു. പരീക്ഷാനാളിൽ കുട്ടികൾക്ക് നന്നായി മിഠായി നൽകാമെന്നു സാരം.

 

കിഴക്കിന്റെ കഴിവ്

ഏറ്റവും നന്നായി പഠിക്കാൻ പറ്റുന്ന സമയം പുലർച്ചെ മൂന്നു മുതൽ ആറുവരെയാണ്. ഈ സമയത്തെ സരസ്വതിയുടെ വിളയാട്ടകാലമായാണു ഭാരതീയ ഋഷിവര്യൻമാർ കാണുന്നത്. ബ്രാഹ്‌മമുഹൂർത്തേ ഉത്തിഷ്‌ഠേ എന്നാണു വേദങ്ങളിൽ പറയുന്നത്. അതുപോലെ ദിക്കുകൾ നോക്കുമ്പോൾ കിഴക്കോട്ടു തിരിഞ്ഞിരുന്നു പഠിക്കുന്നവർ മികവു കാണിച്ചതിനും ഗവേഷണറിപ്പോർട്ടുകളുണ്ട്. ദക്ഷിണദിശ മൃത്യുദിശ, പൂർവദിശ ജ്‌ഞാനദിശ എന്നാണു പറയുന്നത്.

 

മുളകിലെ ‘ദേഷ്യം’

ദേഷ്യം എന്ന വികാരം ഫിനോപ്രോപേൻ എന്ന സംയുക്‌തത്തെ തലച്ചോറിൽ വർധിപ്പിക്കുന്നു. ഇതു കൂടുതലായാൽ ബുദ്ധിയും ഓർമയും കുറയും. ഇഞ്ചിയിലും മുളകിലുമാണ് ഇത് അധികമുള്ളത്.

 

മീനും പയറും

ആഴക്കടൽ മൽസ്യത്തിന്റെ കാര്യത്തിൽ ഒമേഗ ത്രീ എന്ന എസൻഷ്യൽ ഫാറ്റി ആസിഡ് ആണു ബുദ്ധിയുടെ കൂട്ടുകാരൻ. പക്ഷേ, മീൻ വറുക്കുമ്പോൾ ഒമേഗ ത്രീ നഷ്‌ടപ്പെടും. കറിയാണു നല്ലത്. അതും മത്തിയാണ് ഉത്തമം. ഒരു കാര്യം പ്രത്യേകം ഓർക്കാം, മീൻ പാത്രത്തിൽ മുങ്ങിക്കിടക്കുന്ന രീതിയിൽ വേണം പാചകം ചെയ്യാൻ, എങ്കിലേ ഒമേഗ ത്രീ ലഭിക്കുകയുള്ളൂ. ചെറുപയറും ബുദ്ധിവികാസത്തിനു നല്ലതാണ്.

 

എന്താ, സൈക്കിൾ ചവിട്ടിത്തുടങ്ങുകയല്ലേ?

ആരോഗ്യവും സൗന്ദര്യവുമുള്ള ശരീരം പണ്ടത്തേക്കാൾ ഹിറ്റ് ആണല്ലോ ഇപ്പോൾ. അതിന് എത്ര കാശു ചെലവാക്കാനും റെഡി. ചെലവ് കുറഞ്ഞ, നമുക്കും പ്രകൃതിക്കും കൊള്ളാവുന്ന ഒരു ഫിറ്റ്‌നസ് മന്ത്ര പറയട്ടേ സൈക്ലിങ്. ഹൃദയ പേശികൾക്കു കരുത്ത്, മസിലുകൾക്ക് ഉറപ്പ്, അരക്കെട്ടിന് ഒതുക്കം, പ്രതിരോധശേഷിക്കു ശക്‌തി സൈക്കിൾ ചവിട്ടുന്നതു ശീലമാക്കിയാൽ ഇവയെല്ലാം നമുക്കു സ്വന്തം. തീർന്നില്ല, മാനസികാരോഗ്യത്തിനും ശരീരാവയവങ്ങളുടെ ഏകോപനത്തിനും ഏറെ മെച്ചം. പലതരം ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതു വഴി ആയുസ് കൂടുമെന്നത് ഏറ്റവും പ്രധാന കാര്യം. നമ്മുടെ മാത്രമല്ല, പ്രകൃതിയുടെയും ആയുസ് കൂട്ടാം. അന്തരീക്ഷ മലിനീകരണം കൊണ്ടു വീർപ്പുമുട്ടുന്ന പരിസ്‌ഥിതിക്കു സൈക്കിൾ നൽകുന്ന ആശ്വാസം ചില്ലറയാണോ?

 

വെയിൽ കൊള്ളണേ...

വിറ്റാമിൻ ഡി ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ വല്ലതും അറിയുന്നുണ്ടോ? മനുഷ്യർ വെയിലും കാറ്റുമൊക്കെ കൊണ്ടു നടന്നിരുന്നപ്പോൾ ഈ വിറ്റാമിൻ താനേ ശരീരത്തിൽ കയറി വേണ്ടവിധം പ്രവർത്തിച്ച്, ഒരു കുഴപ്പവും ഉണ്ടാക്കാതെ അടങ്ങിയിരുന്നതാണ്. സൂര്യപ്രകാശമാണല്ലോ വിറ്റാമിൻ ഡിയുടെ ശക്‌തമായ സ്രോതസ്. ഇപ്പോൾ പലരും, പ്രത്യേകിച്ച്, ചെറുപ്പക്കാർ വെയിൽ കൊള്ളുന്നില്ല. അതുകൊണ്ടു വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നു. പിന്നെ, എല്ലുകളുടെ ശക്‌തി കുറയുന്നു, തളർച്ച ബാധിക്കുന്നു, പ്രതിരോധ ശേഷി കുറയുന്നു അങ്ങനെ പ്രശ്‌നങ്ങൾ അനവധി. ആഴക്കടൽ മൽസ്യവും, മുട്ടയുടെ മഞ്ഞയും കരളുമൊക്കെ കഴിക്കുന്നതു നല്ലതാണെങ്കിലും ഏറ്റവും നല്ല പ്രതിവിധി സൂര്യപ്രകാശം കൊള്ളുക എന്നതു തന്നെ.

 

English summary: Best foods to boost your brain and memory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com