20 ബിരുദം, ഐഎഎസ്, ഐപിഎസ്, എംഎൽഎ, മന്ത്രി; ഡോ. ശ്രീകാന്ത് ജിച്കറിന്റെ വിജയങ്ങൾക്ക് പിന്നിൽ !

HIGHLIGHTS
  • ഇരുപതു ബിരുദങ്ങൾ കരസ്ഥമാക്കിയ ഇന്ത്യക്കാരനെക്കുറിച്ചു കേട്ടിട്ടുണ്ടോ?
success-story-of-dr-shrikant-jichkarand-time-management
ഡോ. ശ്രീകാന്ത് ജിച്കർ
SHARE

ഇരുപതു ബിരുദങ്ങൾ കരസ്ഥമാക്കിയ ഇന്ത്യക്കാരനെക്കുറിച്ചു കേട്ടിട്ടുണ്ടോ? അങ്ങനെയൊരാളുണ്ട്; മഹാരാഷ്ട്രക്കാരനായ ഡോ.ശ്രീകാന്ത് ജിച്കർ. എംബിബിഎസിലൂടെയാണു ജിച്കർ തന്റെ ഉപരിപഠനം തുടങ്ങിയത്. പിന്നെ എംഡിയെടുത്ത് സ്പെഷലിസ്റ്റ് ഡോക്ടറായി.  നിയമത്തിൽ എൽഎൽബി, എൽഎൽഎം, ബിസിനസ് മേഖലയിൽ എംബിഎ അങ്ങനെ സംസ്കൃതത്തിൽ ‍‍ഡി.ലിറ്റ് വരെ. 

അദ്ദേഹത്തിന്റെ ബിരുദയാത്രകൾ തുടങ്ങുന്നത് 19ാം  വയസ്സിലാണ്. പിന്നീടുള്ള 17 വർഷം സർവകലാശാലാ പരീക്ഷകൾക്കായി തന്റെ സമയമത്രയും മാറ്റിവച്ചു. എന്നിട്ടും വിജ്ഞാനദാഹം തീർന്നില്ല. 1978ൽ സിവിൽ സർവീസ് പരീക്ഷയെഴുതി ഐപിഎസ് നേടി. രാജി വച്ച് 1980ൽ വീണ്ടും പരീക്ഷയെഴുതി; അത്തവണ ഐഎഎസ്. 4 മാസത്തിനു ശേഷം രാജിവച്ചു രാഷ്ട്രീയത്തിലിറങ്ങി. 1980ൽ 25–ാം വയസ്സിൽ മഹാരാഷ്ട്ര നിയമസഭയിൽ അംഗമായി. 

14 വകുപ്പുകൾ വരെ കൈകാര്യം  ചെയ്ത മന്ത്രിയുമായി. തീർന്നില്ല; 1992–98 കാലയളവിൽ രാജ്യസഭാ അംഗവുമായിരുന്നു അദ്ദേഹം. അരലക്ഷത്തിലേറെ പുസ്തകങ്ങളുമായി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ലൈബ്രറികളിലൊന്നിന്റെ ഉടമയുമായിരുന്നു ജിച്കർ. 2004ൽ 49–ാം വയസ്സിൽ കാറപകടത്തിൽ മരിക്കും വരെ അദ്ദേഹം പഠനം തുടർന്നു കൊണ്ടേയിരുന്നു. 

ഇന്ത്യയിലെ റെക്കോർഡുകൾ രേഖപ്പെടുത്തുന്ന ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ അദ്ദേഹത്തിന്റെ പേരുണ്ട്– ഏറ്റവും യോഗ്യതയുള്ള ഇന്ത്യക്കാരൻ എന്ന വിശേഷണവുമായി. താരതമ്യേന ഹ്രസ്വമായ തന്റെ ആയുസ്സിൽ ജിച്കർ എങ്ങനെ ഇത്രയധികം നേട്ടങ്ങൾ കൈവരിച്ചു? അദ്ദേഹം തന്റെ സമയം സമർഥമായി വിനിയോഗിച്ചു എന്നതാണു കാരണം.

 ജിച്കർക്കും നമുക്കും ഭൂമിയിലെ എല്ലാ മനുഷ്യർക്കും ഒരു ദിവസത്തിൽ കിട്ടുന്നത് 24 മണിക്കൂർ തന്നെയാണ്. ചിലർ ഓരോ നിമിഷവും ഭാവി ജീവിതത്തിലേക്കുള്ള ചെറുനിക്ഷേപങ്ങളാക്കുന്നു. 

മനസ്സു വച്ചാൽ നമുക്കും അതിലൊരാളാകാം. അതിനു പറ്റിയ സമയമാണ് ഈ ‘പുതുവർഷം’. പുതുവർഷമെന്നു കേൾക്കുമ്പോൾ സംശയിക്കേണ്ട. വിദ്യാർഥികളുടെ പുതുവർഷം ഈ പുതിയ അധ്യയനവർഷത്തുടക്കം തന്നെ. 

സമയം കൃത്യമായി വിഭജിച്ച് വിനിയോഗിച്ചാണ് അദ്ദേഹം ഈ നേട്ടങ്ങൾ  കരസ്ഥമാക്കിയത്.സമയം കൃത്യമായി എങ്ങനെ വിനിയോഗിക്കാമെന്ന് ഈ പുതിയ അധ്യയനവർഷത്തിൽ പഠിപ്പുര പറഞ്ഞുതരുന്നു

ക്ലാസ് റൂം @ ഹോം 

പുതിയ ബാഗും പുസ്‌തകങ്ങളുമായി പുതിയ ക്ലാസിൽ ചെന്നിരിക്കാനുള്ള അവസരം കോവിഡ് മൂലം നഷ്ടമായല്ലോ എന്നു സങ്കടപ്പെടേണ്ട. വീട്ടിൽ തന്നെ അങ്ങനെ ഒരു ക്ലാസ് റൂം ഒരുക്കിയാലോ? റൂം പോലും വേണമെന്നില്ല. ഒരു ചെറിയ മൂലയായാലും മതി. അവിടെ പുസ്‌തകങ്ങൾ, പേന, പെൻസിൽ തുടങ്ങിയവ മാത്രം മതി. ദിവസവും നിശ്ചിത സമയം ക്ലാസിലെന്ന പോലെ നിങ്ങളുടെ 'പഠനോപകരണ'വുമായി  അവിടെ ചെന്നിരിക്കുക. പഠനോപകരണം ഏതാണെന്നു മനസ്സിലായോ ? ഓൺലൈൻ  ക്ലാസുകൾ കാണാനും കേൾക്കാനുമുള്ള മൊബൈലോ ടാബ്‌ലറ്റോ തന്നെ. ആ ക്ലാസ് റൂമിലിരിക്കുമ്പോൾ പഠനം മാത്രം മതി മനസ്സിലും മൊബൈലിലുമെല്ലാം

ടൈം ടേബിൾ ക്ലോക്ക്

ഇത്തവണ ക്ലാസിൽ കൂട്ടുകാരെ നിയന്ത്രിക്കാൻ അധ്യാപകരൊന്നുമില്ല. സ്കൂളിലെപ്പോലെ പീരിയഡുകളുമില്ല. സമയനിയന്ത്രണം നമ്മുടെ കയ്യിൽത്തന്നെയാണെന്നു ചുരുക്കം. 

ടൈം നമ്മുടെ കയ്യിൽ നിൽക്കണമെങ്കിൽ ഒരു ‘ടൈം ടേബിൾ’ തന്നെ വേണം. വ്യത്യസ്തമായ ഒരു ടൈം ടേബിൾ തയാറാക്കിയാലോ? ദിവസം മുഴുവൻ ഉപയോഗിക്കാവുന്ന തരത്തിലാകണം ഇത്. ചാർട്ട് പേപ്പറിൽ ഒരു ക്ലോക്ക് വരച്ചെടുക്കുക. സാധാരണ കാണുന്ന 12 മണിക്കൂർ ക്ലോക്കല്ല. 24 മണിക്കൂർ ക്ലോക്ക്. ചാർട്ട് പേപ്പറിൽ വലിയൊരു വട്ടം വരച്ച് അതിനെ 24 ആയി വിഭജിക്കുക. ഓരോ ഭാഗവും ഓരോ മണിക്കൂറാണ്. അതായത്, തലേന്നു പുലർച്ചെ 12 മുതൽ ഇന്നു രാത്രി 12 വരെയുള്ള ഒരു ദിവസം. ഓരോ മണിക്കൂറിലും ചെയ്യാനുദ്ദേശിക്കുന്ന പ്രധാന കാര്യങ്ങൾ ക്ലോക്കിൽ നിറങ്ങളിൽ അടയാളപ്പെടുത്താം. ഉദാഹരണം രാത്രി 10 മുതൽ രാവിലെ 6 വരെ ഉറക്കം, 6 മുതൽ 7 വരെ പത്രം വായന, വൈകിട്ട് 7 മുതൽ 10 വരെ പഠനം.. നിങ്ങളുടെ ‘ക്ലാസ് റൂമിൽ’ കാണാവുന്ന സ്ഥലത്തു തന്നെ അത് ഒട്ടിച്ചു വയ്ക്കുക. 

ഹാബിറ്റ് സ്റ്റാക്കിങ്

ഹാബിറ്റ് സ്റ്റാക്കിങ് (habit stacking) എന്നു കേട്ടിട്ടുണ്ടോ? നല്ല ശീലങ്ങൾ പതിവാക്കാനുള്ള തന്ത്രമാണത്. ഹാബിറ്റ് സ്റ്റാക്കിങ് എന്നതിന്റെ അർഥം ശീലങ്ങൾ അടുക്കി വയ്ക്കുക എന്നതു തന്നെ. അതായത്, പുസ്തകങ്ങളെപ്പോലെ ഒന്നിനു മുകളിൽ ഒന്നായി ശീലങ്ങളെ വയ്ക്കുക. ഇതിൽ ഇഷ്ടമുള്ള ശീലങ്ങളുണ്ടായിരിക്കും. അത്ര ഇഷ്ടമല്ലെങ്കിലും നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളുണ്ടാകും. ഉദാഹരണം പറയാം. 

1. രാവിലെ എഴുന്നേറ്റ ഉടൻ ഞാൻ തലേന്നു പഠിച്ച കാര്യങ്ങളിൽ ഓർമയുള്ളത് ഒരു പേപ്പറിൽ എഴുതി നോക്കും. 

2. എന്നും പല്ലു തേച്ചതിനു ശേഷം ഞാൻ ഒരു ഗ്ലാസ് വെള്ളം കുടിക്കും. 

3. രാത്രി ഉറങ്ങാനായി കിടക്കും മുൻപ് ഒരു പുതിയ വാക്ക് പഠിക്കും. 

അപ്പോൾ പുതുവർഷത്തിലേക്കു കടക്കാം അല്ലേ.. എല്ലാവർക്കും വിജയാശംസകൾ!

English Summary: Succes story of Dr Shrikant Jichkar and time management

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA