ADVERTISEMENT

കോശത്തിന്റെ പിന്നാലെ സൂക്ഷ്മദൃഷ്ടിയുമായി ഇറങ്ങിയ റോബർട്ട് ഹുക്ക്, ആന്റൻവാൻ ല്യൂവൻ ഹുക്ക് എന്നിവരുടെ കഥ ജൂൺ 16ലെ പഠിപ്പുരയിൽ വായിച്ചല്ലോ. കൂടുതൽ വിശേഷങ്ങൾ ഇതാ....

1628ൽ ഇറ്റലിയിൽ ജനിച്ച ജീവശാസ്ത്രജ്ഞനായിരുന്നു മാർസെലോ മാൽപിജി (Marcello Malpighi).  മൈക്രോസ്കോപ് ഉപയോഗിച്ച് അദ്ദേഹം വിവിധ ജന്തുക്കളുടെ കോശ ഘടനയെയും കലകളെയും (tissue) പഠിച്ചു. മൈക്രോസ്കോപിക് അനാട്ടമിയുടെ പിതാവായി ലോകം മാൽപിജിയെ കണക്കാക്കുന്നു.

റോബർട്ട് ഹുക്കിന്റെ കണ്ടുപിടിത്തത്തിനുശേഷം സസ്യങ്ങളിൽ വിശദമായ കോശപഠനങ്ങൾ നടന്നുപോന്നിരുന്നു. പ്ലാന്റ് അനാട്ടമി (Plant Anotomy) യുടെ പിതാവായി കണക്കാക്കപ്പെടുന്ന നെമിയാഹ്  ഗ്രൂ (Nehemiah Grew) വിന്റെ പഠനങ്ങൾ ഇതിൽ ഏറെ ശ്രദ്ധേയമാണ്. 1641ൽ ഇംഗ്ലണ്ടിൽ ജനിച്ച ഗ്രൂ സസ്യങ്ങളിലെ സംവഹനകലകളെക്കുറിച്ചും പരാഗരേണുക്കളെക്കുറിച്ചും വിശദമായി പഠിച്ചു. സസ്യശരീരത്തിന്റെ വിവിധ ഭാഗങ്ങൾ എല്ലാംതന്നെ കോശനിർമിതമാണെന്ന് 1700നു മുൻപുതന്നെ ഗ്രൂ കണ്ടെത്തിയിരുന്നു.

1776ൽ ഫ്രാൻസിൽ ജനിച്ച ഹെൻ‌റി ഡ്യൂട്രോചേറ്റ് (Henri Dutrochet) നടത്തിയ പഠനങ്ങൾ സസ്യകോശങ്ങളും ജന്തുകോശങ്ങളും തമ്മിലുള്ള അടിസ്ഥാന ബന്ധം വിശദമാക്കി. കോശങ്ങളിലെ ഓസ്മോസിസ് (osmosis) അദ്ദേഹം കൃത്യമായി വിശദീകരിച്ചു. ജീവജാലങ്ങളുടെ ഘടനാപരവും ശരീരധർമപരവുമായ അടിസ്ഥാന ഘടകമാണു കോശങ്ങൾ എന്ന വിശദീകരണം അദ്ദേഹത്തിന്റേതാണ്.

ഫ്രഞ്ച് ശാസ്ത്രജ്ഞൻ ഫെലിക്സ് ഡുജാർഡിൻ (Felix Dujardin) പ്രോട്ടോസോവൻ കോശങ്ങളെക്കുറിച്ചു നടത്തിയ പഠനങ്ങൾ, ഡുജാർഡിന്റെ സമകാലികനായ പിയർ ടർപിന്റെ (Pierre Turpin) സസ്യകോശ വൈവിധ്യത്തെക്കുറിച്ചുള്ള പഠനങ്ങൾ, സ്കോട്ടിഷ് സസ്യശാസ്ത്രജ്ഞൻ റോബർട്ട് ബ്രൗൺ (Robert Brown) കോശ മർമത്തെക്കുറിച്ച് 1831ൽ നടത്തിയ പഠനങ്ങൾ തുടങ്ങിയവ കോശജീവശാസ്ത്രത്തെ അതിവേഗം മുന്നോട്ടു നയിച്ചു.

കോശസിദ്ധാന്തം

കോശത്തിന്റെ ധർമം, ഘടന, നിർമിതി എന്നിവയെ പരസ്പരം ബന്ധപ്പെടുത്തി പൂർണതോതിലുള്ള ഒരു സിദ്ധാന്തം അപ്പോഴും രൂപപ്പെട്ടിരുന്നില്ല. ഒരേ കാലഘട്ടത്തിൽ ജീവശാസ്ത്ര ഗവേഷണങ്ങളിൽ മുഴുകിയിരുന്ന ജർമൻ ഗവേഷകരായിരുന്നു തിയോഡർ ഷ്വാനും (Theodor Schwann) മത്തിയാസ് ഷ്ളീഡനും (Mathias Schleiden). ഷ്വാൻ ജന്തുകോശങ്ങളിലും ഷ്ളീഡൻ സസ്യകോശങ്ങളിലും ഗവേഷണത്തിൽ ഏർപ്പെട്ടു. 1838ൽ ആകസ്മികമായി അവർ പരസ്പരം അവരുടെ ഗവേഷണ നിരീക്ഷണങ്ങൾ പങ്കുവയ്ക്കുകയും ഒരു വർഷത്തിനുശേഷം അത് കോശസിദ്ധാന്തം (Cell Theory) ആയി രൂപീകരിക്കപ്പെടുകയും ചെയ്തു. 1839ൽ ഷ്വാൻ പ്രസിദ്ധീകരിച്ച കൃതിയിൽ ‘കോശസിദ്ധാന്തം’ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു.

1. ജീവനുള്ളവയെല്ലാം ഒന്നോ അതിൽ കൂടുതൽ കോശങ്ങളാലോ നിർമിതമാണ്.

2. ജീവികളുടെ ഘടനാപരവും ശരീരധർമപരവുമായ അടിസ്ഥാന ഘടകം കോശങ്ങളാണ്.

3. പുതിയ കോശങ്ങളെ എങ്ങനെ നിർമിക്കപ്പെടുന്നു എന്നതിനെ സംബന്ധിച്ചായിരുന്നു മൂന്നാമത്തെ പ്രസ്താവന. എന്നാൽ ഇതു വ്യക്തമാക്കുവാൻ ഷ്വാനും ഷ്ലീ‍ഡനും കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ മൂന്നാമത്തെ പ്രസ്താവന ശാസ്ത്രലോകം തള്ളി.

ആധുനിക കോശസിദ്ധാന്തം

പുതിയ കോശങ്ങൾ നിർമിക്കപ്പെടുന്നതു സംബന്ധിച്ച ശരിയായ വിശദീകരണം 1855ൽ റുഡോൾഫ് വിർച്ചോ (Rudolf Virchow) നൽകി. പുതിയ കോശങ്ങൾ പഴയ കോശങ്ങളിൽ നിന്നു വിഭജനഫലമായി രൂപംകൊള്ളുന്നു എന്നാണ് വിർച്ചോ നൽകിയ വിശദീകരണം. റോബർട്ട് റിമാക്ക് (Robert Remac) എന്ന ജർമൻ ശാസ്ത്രജ്ഞനും വിർച്ചോവിന്റേതിനു സമാനമായ കണ്ടെത്തൽ നടത്തിയിരുന്നു. അങ്ങനെ വിർച്ചോവിന്റെ വിശദീകരണത്തോടെ കോശ സിദ്ധാന്തം ആധുനിക കോശസിദ്ധാന്തമായി രൂപാന്തരപ്പെട്ടു. ജീവശാസ്ത്രത്തിന്റെ പിന്നീടുള്ള വികാസത്തിന് ആധുനിക കോശ സിദ്ധാന്തം ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു.

(കോശത്തിന്റെ കഥ ഇനിയും തുടരും)

English summary: Cell-theory 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com