ADVERTISEMENT

ഇംഗ്ലണ്ടിലെ ഒന്നാം എലിസബത്ത് രാജ്ഞിയുടെ സാമ്രാജ്യം തകർക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു 1588 മേയ് അവസാനം ആ സ്പാനിഷ് പടക്കപ്പലുകൾ യാത്രതിരിച്ചത്. സ്പെയിനിലെ കൊറൂണയിൽ നിന്നാരംഭിച്ച യാത്രയിലുണ്ടായിരുന്നത് 130 കപ്പലുകൾ. സ്പാനിഷ് ആമാഡ (നാവികസേന) എന്നായിരുന്നു ആ കപ്പൽവ്യൂഹത്തെ ചരിത്രം വിശേഷിപ്പിച്ചത്. യുദ്ധത്തിൽ സ്പെയിനിന്റെ പോരാളികൾക്ക് ഇംഗ്ലിഷ് സൈന്യത്തെ തൊടാനായില്ലെന്നു മാത്രമല്ല രക്ഷപ്പെട്ടോടേണ്ടിയും വന്നു. എന്നാൽ കടലിൽ അവരെ കാത്തിരുന്നത് കൊടുങ്കാറ്റും കൂറ്റൻ തിരമാലകളും പാറക്കെട്ടുകളും കൊടുംമഴയും മിന്നലുമെല്ലാമായിരുന്നു. 

തീരം കാണാതെ കുറേ നാൾ അവർ അലഞ്ഞു. ആമാഡ കപ്പൽ വ്യൂഹത്തിലെ പ്രധാന കപ്പലുകളിലൊന്നായിരുന്നു ജിറോണ. സ്പെയിനിന്റെ പ്രധാന കപ്പൽ പോർമുനയെന്നുതന്നെ പറയാം. സ്പെയിനിൽ അതേപേരിലൊരു നഗരവുമുണ്ടായിരുന്നു. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ ഗതി കിട്ടാതെ അലഞ്ഞ ആമാഡവ്യൂഹത്തിലെ കപ്പലുകളിൽ രക്ഷപ്പെട്ടുനിന്നിരുന്നത് ജിറോണ മാത്രമായിരുന്നു. അതിലാകെയുണ്ടായിരുന്നത് 121 നാവികരും 186 സൈനികരും. എന്നാൽ തകർന്ന മറ്റു കപ്പലുകളിൽനിന്നു രക്ഷപ്പെടുത്തിയ ഒട്ടേറെ പേരെ ജിറോണയിൽ കയറ്റേണ്ടിവന്നു. അങ്ങനെ താങ്ങാവുന്നതിലും കൂടുതൽ ഭാരവുമായി സഞ്ചരിക്കുന്നതിനിടെ 1588 ഒക്ടോബർ 26ന് ആ കപ്പൽ ഒരു പാറക്കെട്ടിലിടിച്ചു. 

വടക്കൻ അയർലൻഡിന്റെ വടക്കൻ തീരത്തായിരുന്നു അപകടം. 1300 ലേറെ നാവികരുമായി കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളി‌ൽ മറഞ്ഞു. ആകെ രക്ഷപ്പെട്ടത് ഒൻപതു പേരെന്നാണു ചരിത്രം. നാവികർക്കും സൈനികർക്കുമൊപ്പം കപ്പലിലെ വമ്പൻ നിധിശേഖരവുമാണ് കടലിലേക്കു മറഞ്ഞത്. സ്വർണവും അമൂല്യ രത്നക്കല്ലുകളുമൊക്കെയായി ഇന്ന് കോടിക്കണക്കിനു രൂപ മൂല്യം വരുന്ന നിധിയായിരുന്നു കടലിൽ കാണാതായത്. നിധിയന്വേഷിച്ചു പല പര്യവേക്ഷകരും കടലിലേക്കിറങ്ങിയെങ്കിലും കപ്പൽ തകർന്നതിന്റെ കൃത്യമായ ഇടം പിടികിട്ടാതെ തോറ്റു പിന്മാറുകയായിരുന്നു. എന്നാൽ 1967ൽ ബെൽജിയംകാരനായ റോബർട്ട് സ്റ്റെനുവി ഈ നിധി ലക്ഷ്യമിട്ട് അയർലൻഡിലെത്തി. 

discovery-spanish-armada-girona-treasure-northern-ireland1

പ്രഫഷണൽ ഡൈവറായിരുന്ന അദ്ദേഹം 1588 കാലത്തെ കപ്പൽ ഭൂപടങ്ങൾ കണ്ടെത്തി പരിശോധിച്ചു. അങ്ങനെയാണ് ജിറോണ ഇടിച്ചുതകർന്നതെന്നു കരുതുന്ന പാറക്കൂട്ടത്തിനെപ്പറ്റി മനസ്സിലാക്കുന്നത്. അവയെപ്പറ്റി പ്രദേശവാസികളോടും വിശദമായി ചോദിച്ചു. കടലിനടിയിലെ കാഴ്ചകൾ പകർത്താനെത്തിയ ടിവി സംഘമാണെന്നു പറഞ്ഞായിരുന്നു റോബർട്ടും സഹപ്രവർത്തകനും അദ്ദേഹത്തിന്റെ ഭാര്യയും പര്യവേക്ഷണം ആരംഭിച്ചത്. ഏതാനും ദിവസങ്ങൾക്കകംതന്നെ ഒരു പീരങ്കിയുടെ അവശിഷ്ടം സംഘത്തിനു ലഭിച്ചു. പിന്നാലെ സ്പാനിഷ് വെള്ളി നാണയങ്ങളുടെ ശേഖരവും. ഒരു വലിയ നങ്കൂരം കൂടി ഒരാഴ്ചയ്ക്കിടെ ലഭിച്ചതോടെ മൂവരും ഉറപ്പിച്ചു– ജിറോണയിലെ നിധി കയ്യെത്തും ദൂരത്തുണ്ട്. പക്ഷേ ഇപ്പോൾ പുറത്തെടുത്താൽ അതിന്മേൽ നിയമപരമായി യാതൊരു അധികാരവുമുണ്ടാവില്ല. 

കണ്ടെത്തിയ നിധിയെല്ലാം ഒരു കടൽഗുഹയിൽ ഒളിപ്പിച്ച് റോബർട്ട് ലണ്ടനിലേക്ക് പോയി. കൂടുതൽ പണവും മറ്റു സന്നാഹങ്ങളുമായെത്തി. നിധി ലഭിച്ചാൽ അതിന്മേൽ അവകാശവാദം ഉന്നയിക്കാനുള്ള നിയമവശങ്ങളും ഒരുക്കിയായിരുന്നു ആ മടങ്ങിവരവ്. എല്ലാം രഹസ്യമായി തുടർന്നു. കടലിനടിയിലെ ആവാസവ്യവസ്ഥ ചിത്രീകരിച്ചിരുന്ന സംഘത്തിന് ഒരു പീരങ്കിയുടെ അവശിഷ്ടം ലഭിച്ചെന്ന വാർത്ത പക്ഷേ കാട്ടുതീ പോലെയാണു പടർന്നത്. ജനമിളകി കടൽത്തീരത്തെത്തി, ടൂറിസ്റ്റുകളെക്കൊണ്ടു പ്രദേശം നിറഞ്ഞു, തെരുവുകളിൽ പോസ്റ്ററുകളായി, പത്രങ്ങളിൽ നിധിചരിത്രം നിറഞ്ഞു. 1969 ആയപ്പോഴേക്കും ജിറോണയിലെ നിധിയിലെ ഏറിയ പങ്കും റോബർട്ടും സംഘവും മുങ്ങിത്തപ്പിയെടുത്തു. അതോടെ സ്പെയിൻ സ്വത്തിൽ അവകാശവാദം ഉന്നയിച്ചു, ചിലരാകട്ടെ വടക്കൻ അയർലൻഡിൽത്തന്നെ ആ നിധി തുടരണമെന്നു വാദിച്ചു. സംഗതി കോടതിയിലെത്തി.

കൃത്യമായി ഒരുടമയെ ചൂണ്ടിക്കാണിക്കാനില്ലാത്തതിനാൽ നിധി പൂർണമായും വിൽക്കാൻ കോടതി അനുവാദം നൽകി. അന്നത്തെ മൂല്യമനുസരിച്ച് ഒന്നേകാൽ കോടി രൂപയ്ക്കുള്ള വസ്തുക്കളായിരുന്നു റോബർട്ടും സംഘവും കണ്ടെത്തിയത്. അദ്ദേഹം തീരുമാനിച്ചതാകട്ടെ ആ നിധി വടക്കൻ അയർലൻഡിലെ അൾസ്റ്റർ മ്യൂസിയത്തിനു വിൽക്കാനും. ഇന്നും മ്യൂസിയത്തിലെ പ്രധാന ആകർഷണമാണ് ജിറോണയിലെ നിധി. നൂറുകണക്കിനു സ്വർണ–വെള്ളി നാണയങ്ങളും ആഭരണങ്ങളും കൗതുകവസ്തുക്കളും ലോക്കറ്റുകളുമെല്ലാമായി 12,000ത്തോളം വസ്തുക്കൾ ചേർന്നതായിരുന്നു നിധി. ആറടി നീളമുള്ള സ്വർണമാലയായിരുന്നു അതിലൊന്ന്. ഒരു പഞ്ചസാരച്ചാക്കിന്റെ ഭാരമുള്ള മാല എന്നായിരുന്നു പുരാവസ്തു ഗവേഷകർ അതിനെ വിശേഷിപ്പിച്ചത്. ചുവന്ന രത്നക്കല്ലുകൾ പതിപ്പിച്ച പല്ലിയുടെ വലിയ ശിൽപമായിരുന്നു മറ്റൊന്ന്. 400 വർഷത്തിലേറെ കടലിൽ കിടന്നിട്ടും കാര്യമായ കേടുപാടുകളൊന്നും വരാതെ സംരക്ഷിക്കപ്പെട്ട ആ കപ്പൽനിധി ഇന്നും ലോകത്തിലെ ഏറ്റവും അമൂല്യമായ നിധിശേഖരങ്ങളിലൊന്നായാണു കണക്കാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com