ഇന്ത്യയുടെ വൈവിധ്യങ്ങളിലൂടെ, സവിശേഷതകളിലൂടെ ഒരു സഞ്ചാരം; ദ് ഗ്രേറ്റ് ഇന്ത്യൻ യാത്ര

HIGHLIGHTS
  • പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളുണ്ട് ഇന്ത്യയില്‍
  • ഇന്ത്യയെക്കുറിച്ചുള്ള ആയിരം അറിവുകൾ ഇതാ
thousand-amazing-facts-about-india
Representative image. Photo Credits; Vectomart/ Shutterstock.com
SHARE

പറഞ്ഞാൽ‍ തീരാത്ത വിശേഷങ്ങളുണ്ട് ഇന്ത്യയില്‍. നാനത്വത്തിലും ഏകത്വം കാത്തുസൂക്ഷിക്കാന്‍ സാധിക്കുന്നതിനു പിന്നില്‍ നൂറു നൂറു കാര്യങ്ങളുണ്ട്. ഇന്ത്യയെക്കുറിച്ചുള്ള ആയിരം അറിവുകൾ ഇതാ...

ആന്ധ്രപ്രദേശ്

∙ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം 

∙തെലുങ്ക് സംസാരിക്കുന്നവർക്കായി പ്രത്യേക സംസ്‌ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോറ്റി ശ്രീരാമലു 56 ദിവസത്തെ നിരാഹാര സമരം നടത്തി; സമരത്തിനൊടുവിൽ മരണം.

∙പോറ്റി ശ്രീരാമലുവിന്റെ മരണത്തിനുശേഷം 1953 ഒക്‌ടോബർ ഒന്നിന് ആന്ധ്രപ്രദേശ് സംസ്‌ഥാനം നിലവിൽ വന്നു. 

∙തെലുങ്ക് പ്രധാന ഭാഷ

∙കടൽത്തീര നീളത്തിൽ രാജ്യത്ത് രണ്ടാംസ്ഥാനം (974 കിലോമീറ്റർ)

∙കൃഷ്‌ണാ നദിയുടെ  തീരഗ്രാമങ്ങളിൽ നിന്നായിരുന്നു ഭാരതത്തിന്റെ തനതു നൃത്തരൂപമെന്ന നിലയിൽ ലോകമെങ്ങും പ്രചാരം നേടിയ കുച്ചിപ്പുഡിയുടെ തുടക്കം

∙മുഖ്യനെല്ലുൽപാദക സംസ്ഥാനം. 

അരുണാചൽ പ്രദേശ്

∙ഹിമാലയൻ മലനിരകൾ അതിരിടുന്ന അരുണാചൽ പ്രദേശിന്റെ പേരിന്റെ അർത്ഥം ‘‘ഉദയസൂര്യന്റെ നാട്’’ എന്നാണ്. 

∙ഇന്ത്യയിൽ പ്രഭാതസൂര്യന്റെ രശ്മികൾ ആദ്യം പതിക്കുന്നത് അരുണാചലിലെ ഡോങ്ങിലാണ് (Dong)

∙നിബിഡവനങ്ങളും മലനിരകളും നിറഞ്ഞ അരുണാചലിന്  വനവിസ്തൃതിയുടെ കാര്യത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനമുണ്ട്. 

∙സപ്ത സഹോദരിമാർ എന്നറിയപ്പെടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വച്ച് ഏറ്റവും വലിയ സംസ്ഥാനം.

∙1987 ഫെബ്രുവരി 20ന് നിലവിൽ വന്നു.

∙തലസ്ഥാനം : ഇറ്റാനഗർ 

∙നിഷി, അഡി, വാഞ്ചോ, നോക്ട, ഗാലോ, താനി തുടങ്ങി ഒട്ടേറെ പ്രാദേശിക ഭാഷകളാൽ സമ്പന്നമാണ് അരുണാചൽ.  

∙അരുണാചലിലെ ഈസ്റ്റ് കാമങ്ങ് ജില്ലയിലെ ആയിരത്തോളം പേർ മാത്രം സംസാരിക്കുന്ന ഒരു ഭാഷയാണിത് കോറോ (KORO)

∙ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം.

∙നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ ഏജൻസി (NEFA) യുടെ ഭാഗമായിരുന്നു അരുണാചൽ പ്രദേശ്.

∙അഡി, നിഷി, അപതാനി, മോൻപ, മിലാങ്, സിൻഗ്പോ, ടാങ്സ തുടങ്ങി അറുപതിലധികം ഗോത്രവർഗക്കാർ അരുണാചലിലുണ്ട്.

∙ ഡോണി–പോളോ (Donyi-polo) എന്ന മതവിഭാഗക്കാർ ധാരളമുണ്ട് അരുണാചലിൽ. ഡോണി–പോളോ എന്ന പദത്തിന്റെ അർഥം സൂര്യൻ–ചന്ദ്രൻ എന്നാണ്.

∙പഖൂയി, ഡി എറിങ്, മേഹാവോ, കാനെ, ഈഗിൾ നെസ്റ്റ്, കാംലാങ് എന്നീ വന്യജീവി സങ്കേതങ്ങളും നംദഫ ദേശീയോദ്യാനം, മൗളിംഗ് ദേശീയോദ്യാനം എന്നിവയും അരുണാചൽ പ്രദേശിലാണ്. 

∙ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത വിഹാരമായ തവാങ് അരുണാചലിലാണ്. 

അസം 

∙രൂപവൽക്കരണം: 1950 ജനുവരി 26

∙തലസ്ഥാനം: ദിസ്പുർ

∙പ്രധാന ഭാഷകൾ: അസമീസ്, ബംഗാളി, ബോഡോ, മിഷിങ്, കർബി

∙എഷ്യയിലാദ്യമായി എണ്ണനിക്ഷേപം കണ്ടെത്തിയത് അസമിലെ ദിഗ്‌ബോയി(്DIGBOI)ലാണ്–1889. 

∙ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉൽപാദിപ്പിക്കുന്ന സംസ്ഥാനം

∙ഇന്ത്യയിൽ ഏറ്റവും അധികം ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങൾ ഉള്ള സംസ്ഥാനം.

∙പുരാതന കാലത്ത് അസം അടങ്ങുന്ന പ്രദേശം കാമരൂപ എന്ന പേരിൽ അറിയപ്പെട്ടിരുന്നു.

∙എ.ഡി. 640 ൽ ഭാസ്കർ വർമന്റെ കാലത്ത് ചൈനീസ് സഞ്ചാരിയായ ഹുയാൻസാങ് കാമരൂപ സന്ദർശിച്ചതിനെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

∙വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരമാണ് ഗുവാഹത്തി. 

∙കിഴക്കിന്റെ പ്രകാശ ഗോപുരം എന്നറിയപ്പെടുന്ന ഗുവഹത്തിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ തേയില വിപണന കേന്ദ്രം.

∙അസമിന്റെ ദുഃഖം എന്നറിയപ്പെടുന്ന ബ്രഹ്മപുത്ര ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നു.

∙ലോഹിത് നദിക്ക് കുറുകെ 9150 മീറ്റർ നീളത്തിലുളള ധോല–സദിയ പാലം ആണ് ഇന്ത്യയിലെ നീളം കൂടിയ പാലം.  

∙ബ്രഹ്മപുത്ര നദിയിലെ മാജുലി ദ്വീപ് ആണ് ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ല.

∙അസമിലെ ഗോലാഘട്ട്, നഗാവോൺ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് കാസിരംഗ നാഷനൽ പാർക്ക്. ലോകത്തിലെ മൊത്തം ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും ഇവിടെയാണുള്ളത്. 

∙ഇന്ത്യയിൽ കാണപ്പെടുന്ന ഒരേയൊരു ആൾക്കുരങ്ങായ ഹൂലോക്ക് ഗിബ്ബണെ സംരക്ഷിക്കുന്ന ഹൊല്ലോങ്ങപർ ഗിബ്ബൺ സാങ്ച്വറി അസമിലാണ്.

∙അസമിന്റെ ദേശീയോൽസവമാണ് ബിഹു.ബിഹു ആഘോഷത്തോടനുബന്ധിച്ച് നടത്തുന്നതാണ് ബിഹു നൃത്തം.

∙ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന അർധ സൈനിക വിഭാഗമാണ് അസ്സം റൈഫിൾസ്. ഷില്ലോങ് ആണ് അസം റൈഫിൾസിന്റെ ആസ്ഥാനം.

ബിഹാർ

∙ബിഹാറിന്റെ പഴയ നാമം മഗധ എന്നായിരുന്നു. 

∙മൗര്യ രാജാക്കൻമാരുടെ ദേശവും ബീഹാറിലായിരുന്നു. 

∙അന്ന് തലസ്ഥാനമായിരുന്ന പാടലീപുത്രയാണ് ഇന്നത്തെ തലസ്ഥാനമായ പട്ന.

∙ശ്രീബുദ്ധന് ബോധോദയം ലഭിച്ച ബോധ്‌ഗയ ബിഹാറിലാണ്. 

∙ബുദ്ധസന്യാസാശ്രമത്തെക്കുറിക്കുന്ന ‘വിഹാർ‘ എന്ന പദമാണ് ബിഹാറായതെന്ന് കരുതപ്പെടുന്നു.

∙പുരാതന പ്രസിദ്ധമായ നളന്ദ, വിക്രമശില സർവകലാശാലകൾ സ്ഥിതി ചെയ്തിരുന്നത് ബീഹാറിലാണ്.

∙ഗംഗ , കോസി , ബാഗ്‌മതി, ഗാന്ധക്  തുടങ്ങിയവയാണ് ബിഹാറിലെ പ്രമുഖ നദികൾ

∙മഹാത്മാഗാന്ധിയുടെ ആദ്യ ഇന്ത്യൻ സത്യാഗ്രഹം ബീഹാറിലെ ചമ്പാരനിൽ 1917ൽ നടന്നു

∙ഇന്ത്യയിലെ ഏറ്റവും വലിയ കന്നുകാലിമേള  നടക്കുന്നത് ബീഹാറിലെ സോൻപൂരിലാണ്.

∙ഏറ്റവും ജനസാന്ദ്രത കൂടിയ ഇന്ത്യൻ സംസ്ഥാനം

∙ഇന്ത്യയിലെ ആദ്യ രാഷ്ട്രപതിയായിരുന്ന ഡോ രാജേന്ദ്രപ്രസാദിന്റെ ജന്മസ്ഥലം ബിഹാറിലെ സിറദേയി (ZIRADEI)

∙ വർധമാനമഹാവീരൻ ജനിച്ചത് വൈശാലിയിലാണ്.

ഛത്തീസ്ഗഡ്

∙പ്രാചീന കാലത്ത് ദക്ഷിണ കോസലം, മഹാകോസലം എന്നിങ്ങനെ അറിയപ്പെട്ടിരുന്ന സംസ്ഥാനം

∙36 കോട്ടകൾ എന്നയർത്ഥത്തിലാണ്  സംസ്ഥാനത്തിന് ആ പേര് ലഭിച്ചതെന്ന് കരുതുന്നു. 

∙രൂപവൽക്കരണം: 2000 നവംബർ 1

∙പ്രധാന ഭാഷ: ഹിന്ദി, ഛത്തീസ്‌ഗഡി, ഗോത്രഭാഷകൾ. 

∙കോർബ ദേശീയ ഉദ്യാനം: കാഞ്ചർഘട്ട്

∙സംസ്ഥാന മൃഗം: കാട്ടുപോത്ത്

∙സംസ്ഥാന പക്ഷി: ഹിൽ മൈന

∙കാസിറ്റെറൈറ്റ് എന്ന ടിൻ അയിര് ഏറ്റവുമധികം ലഭിക്കുന്ന ഇന്ത്യൻ സംസ്ഥാനം.

∙ഛത്തിസ്ഗഢിലെ തന്തവതെ ജില്ലയിലെ ഇന്ദ്രവതി ദേശീയോദ്യാനം രാജ്യത്തെതന്നെ പ്രധാനപ്പെട്ട ടൈഗർ റിസർവുകളിലൊന്നാണ്.

∙കാംഗർഘട്ടി (KANGER GHATI)  ദേശീയോദ്യാനം ഛത്തിസ്ഗഢിന്റെ ഔദ്യോഗിക പക്ഷിയായ ഹിൽ മൈനയുടെ ആവാസ കേന്ദ്രമാണ്. 

∙മഹാനദി, ഇന്ദ്രാവതി, ഗോദാവരി, ശബരി  തുടങ്ങിയവ വിവിധ നദികളാണ്.

∙ഇന്ദ്രാവതി നദിയിലാണ് രാജ്യത്തെ വീതികൂടിയ വെള്ളച്ചാട്ടമായ ചിത്രകൂട് വെള്ളച്ചാട്ടം രൂപംകൊള്ളുന്നത്. 

∙ഛത്തിസ്ഗ‍ഡിന്റെ തനത് നാടൻ കലാരൂപമാണ് പാണ്ഡവാനി. മഹാഭാരതത്തിന്റെ പാണ്ഡവരുടെ കഥകളുടെ ആവിഷ്കാരമാണ് ഈ കലാരൂപം. 

∙ഭിലായിലാണ് രാജ്യത്തെ പ്രധാന സ്റ്റീൽ പ്ലാന്റും സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യാ (SAIL) യുടെ പ്രധാന പ്ലാന്റുമായ ഭിലായ് സ്റ്റീൽ പ്ലാന്റ്. 

∙നാഷനൽ തെർമൽ പവർ കോർപ്പറേഷന്റെ കീഴിലാണ് പ്രശസ്തമായ കോർബ സൂപ്പർ തെർമൽ പവർ പ്ലാന്റ്.

ഗോവ 

∙രൂപവൽക്കരണം:1987 മേയ് 30

∙1961ൽ ഓപ്പറേഷൻ വിജയ് എന്ന സൈനിക നീക്കത്തിലൂടെ  451 വർഷത്തെ കോളനി വാഴ്ചയ്ക്കു ശേഷം ഗോവയെ മോചിപ്പിച്ചു

∙പ്രധാന ഭാഷകൾ: കൊങ്കണി, മറാഠി. 

∙ഗോവ വിമോചനത്തിന് മുൻപ് പോർച്ചുഗീസ് ഔദ്യോഗിക ഭാഷ.

∙പ്രധാന ഉത്സവം: വസന്ത്പഞ്ചമി, ഷിഗ്മോ

∙ സംസ്ഥാന മൃഗം: ഇന്ത്യൻ ബൈസൺ

∙സംസ്ഥാന പക്ഷി: യെല്ലോ ത്രോട്ടണ്ട് ബുൾബുൾ (Ruby throated Yellow Bulbul )

∙സംസ്ഥാന മൽസ്യം : Grey Mullet (Mugil cephalus)

∙സംസ്ഥാന വൃക്ഷം : തെങ്ങ്–Coconut (Cocas nucifera)

∙വിസ്തീർണം ഇന്ത്യയിൽ ഏറ്റവും കുറവ്.

∙രണ്ട് ജില്ലകൾ മാത്രമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം (ഏറ്റവും കുറവ് ജില്ലകൾ ഉള്ള സംസ്ഥാനം).

∙അതിമനോഹരമായ ബീച്ചുകൾക്ക് പ്രസിദ്ധമാണ്, എന്നാൽ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം. (131 കിമി )

∙കിഴക്കിന്റെ റോം, കിഴക്കിന്റെ പറുദീസ എന്നീ അപരനാമങ്ങളുള്ള സംസ്ഥാനം

∙ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോൽസവത്തിന്റെ സ്ഥിരം വേദി

∙ഗോവയിലെ പോർച്ചുഗീസ് ഭരണത്തിന്റെ ശേഷിപ്പുകളായി നിലകൊള്ളുന്ന ഗോവയിലെ പള്ളികളും കോൺവെന്റുകളും (Churches and convents of Goa) 1981 ൽ യുനസ്കോ ലോകപൈതൃക പട്ടികയിൽ ഇടം കണ്ടെത്തി.വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നതിലൂടെ ലോകപ്രശസ്തമായ ബോം ജീസസ് ബസലിക്ക ഓൾഡ് ഗോവയിലാണ്. 

∙മണ്ഡോവിയും സുവാരിയുമാണ് ഗോവയിലെ പ്രധാന നദികൾ.

∙രാജ്യത്തെതന്നെ പ്രധാന തുറമുഖങ്ങളിൽ ഒന്നാണ് ഗോവയിലെ മർമഗോവ തുറമുഖം.

∙ഒട്ടേറെ കോട്ടകളാൽ സമ്പന്നമാണ് ഗോവ. ഇവയിൽ ഏറ്റവും പ്രശസ്തമായത് പോർച്ചുഗീസ് വൈസ്രോയി ആയിരുന്ന റുയ് ഡെ ടവോറ 1612 ൽ പണികഴിപ്പിച്ച ഫോർട്ട് അഗ്വാദ ആണ്. 

∙രാജ്യത്തെ ആദ്യത്തെ പ്രിന്റിങ് പ്രസ് സ്ഥാപിക്കപ്പെട്ടത് ഓൾഡ് ഗോവയിലെ സെന്റ് പോൾസ് കോളജിലാണ്.1556 ലാണ് ആദ്യപുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്.

ഗൂജറാത്ത്

∙രൂപികരണം: 1960 മെയ് 1

∙ പ്രധാന ഭാഷ: ഗുജറാത്തി, ഹിന്ദി

∙പ്രധാന നഗരങ്ങൾ: അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട്, ഭാവ്നഗർ, ജാംനഗർ, ജുനാഗഡ്

∙ പ്രധാന ഉത്സവം: ദീപാവലി, ജന്മാഷ്ടമി, ഹോളി

∙ ദേശീയ ഉദ്യാനം: ബ്ലാക്ക്ബക്ക് നാഷനൽ പാർക്ക്, ഗീർവനം, മറൈൻ ദേശീയ പാർക്ക്

∙സംസ്ഥാന മൃഗം: സിംഹം

∙സംസ്ഥാന പക്ഷി: ഗ്രേറ്റർ ഫ്ലമിംഗോ 

∙വിശ്വാമിത്രി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന വഡോദര ഗുജറാത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നു

∙മഹാത്മഗാന്ധിയുടെ ദണ്ഡിയാത്രയ്ക്ക് തുടക്കമിട്ട സബർമതി ആശ്രമം അഹമ്മദാബാദിലാണ്.

∙ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ എക്സ്പ്രസ് ഹൈവേ അഹമ്മദാബാദ്–വഡോദര എക്സ്പ്രസ് ഹെവേയാണ്.

∙ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരം (1600 കിമി)

∙രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മനാട് 

∙പരുത്തിയുടേയും നിലക്കടലയുടേയും ഉദ്പാദനത്തിൽ ഒന്നാമതാണ് ഗുജറാത്ത്.

∙ക്ഷീരഉദ്പാദനരംഗത്ത് ശ്രദ്ധേയമായ ‘അമുൽ’ ഗുജറാത്തിലെ ആനന്ദിലാണ്.

∙ഏഷ്യൻ സിംഹങ്ങളുടെ സാന്നിധ്യം കൊണ്ട് പ്രശസ്തമാണ് ഗിർവനം.

∙സമ്പൂർണ മദ്യനിരോധനം നടപ്പാക്കിയ ആദ്യ സംസ്ഥാനം

∙ഇന്ത്യയുടെ വജ്രനഗരം എന്നറിയപ്പെടുന്നത് സൂറത്താണ്.

ഹരിയാന

∙രൂപവൽക്കരണം:1966 നവംബർ 1

∙പ്രധാന ഭാഷ: ഹിന്ദി

∙പ്രധാന നഗരങ്ങൾ: ഫരീദബാദ്, ഗുരുഗ്രാം, പാനിപ്പത്ത്, അമ്പാല

∙പ്രധാന ഉത്സവം: ദീപാവലി, ലോഹ്‍രി

∙ദേശീയ ഉദ്യാനം: സുൽത്താൻപുർ, കലേസർ

∙സംസ്ഥാന മൃഗം: കൃഷ്ണമൃഗം

∙സംസ്ഥാന പക്ഷി: ബ്ലാക്ക് ഫ്രാങ്കോലിൻ

∙ഇന്ത്യയുടെ പാൽത്തൊട്ടി ( Milkpail of India ) എന്നറിയപ്പെടുന്നു.

∙മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ  കാർഫാക്ടറി ഹരിയാനയിലെ ഗുരുഗ്രാമിലാണ്.

∙ഘഗ്ഗർ (Ghaggar) ആണ് ഹരിയാനയിലെ ഏകനദി

∙പ്രശസ്തമായ സൂരജ്കുണ്ഡ് കരകൗശലമേള എല്ലാ വർഷവും ഫെബ്രുവരിയിൽ

∙മഹാഭാരതയുദ്ധം നടന്നതായി കരുതപ്പെടുന്ന കുരുക്ഷേത്രം ഹരിയാനയിലാണ്.

ഹിമാചൽ പ്രദേശ്

∙രൂപവൽക്കരണം : 1971 ജനുവരി 25

∙ പ്രധാന ഭാഷകൾ: പഹാടി , ഹിന്ദി

∙ പ്രധാന നഗരങ്ങൾ: ഷിംല, ധർമശാല

∙ പ്രധാന ഉത്സവങ്ങൾ: ലോഹ്രി, ഹാൽദ, മഹാശിവരാത്രി, കുളുദസറ

∙ ദേശീയ ഉദ്യാനം: ഗ്രേറ്റർ ഹിമാലയൻ, ഇന്ദർകില്ല, ഖിർഗംഗ,പിൻവാലി, സിംബൽബാറ

∙ സംസ്ഥാന മൃഗം: ഹിമപ്പുലി

∙ സംസ്ഥാന പക്ഷി: വെസ്റ്റേൺ ട്രാഗോപൻ

∙സത്‍ലജ് , രവി , ബിയാസ്, ചാനാബ് എന്നിവ പ്രമുഖ നദികൾ.

∙ടിബറ്റൻ ബുദ്ധിസത്തിന്റെ ആത്മീയആചാര്യൻ ദലൈലാമയുടെ ആസ്ഥാനമാണ് ‘ലിറ്റിൽ ലാസ’ എന്നറിയപ്പെടുന്ന ധർമശാല

∙പഴസംസ്‍കരണം പ്രമുഖ വ്യവസായമാണ്. ആപ്പിൾ , ആപ്രിക്കോട്ട്, പ്ലം , തുടങ്ങിയ പഴങ്ങൾ ധാരാളം

∙പഞ്ചാബ് അതിർത്തിയോട് ചേർന്ന് ഹിമാചൽപ്രദേശിൽ സത്‌ലജ് നദിക്ക് കുറുകേ സ്‌ഥിതി ചെയ്യുന്ന ഭംക്രാനംഗൽ ആണ് ഇന്ത്യയിലെ ഏറ്റവും ഉയരമുളള അണക്കെട്ട്.

∙പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ഷിംല ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായിരുന്നു.

∙കുളുവും മണാലിയും വിനോദസഞ്ചാരത്തിന് പ്രസിദ്ധം.

ജാർഖണ്ഡ്

∙രൂപവൽക്കരണം: 2000 നവംബർ 15

∙ ഹിന്ദി – ഒൗദ്യോഗികഭാഷ. 

∙സന്താൾ , മുരണ്ടി, ഹോ (Ho), കുറുഖ് (Kurukh) തുടങ്ങി ഒട്ടേറെ പ്രാദേശികഭാഷകൾ

∙ പ്രധാന നഗരങ്ങൾ: ജംഷഡ്പുർ, ധൻബാദ്, റാഞ്ചി

∙പ്രധാന ഉത്സവങ്ങൾ: ഹോളി, ജന്മാഷ്ടമി, ദസറ, ദീപാവലി

∙ദേശീയ ഉദ്യാനം: ബെറ്റ്ല

∙സംസ്ഥാന മൃഗം: ആന

∙സംസ്ഥാന പക്ഷി: ഏഷ്യൻ കുയിൽ

∙ഇന്ത്യയിലെ കൽക്കരി ഖനികളുടെ നാടാണ് ധൻബാദ്.

∙സംസ്ഥാന പുഷ്പം : Palash (Butea monosperma)

∙മഹാഭാരതത്തിൽ പുണ്ഡരിക് ദേശം എന്ന് പ്രതിപാദിച്ചിരിക്കുന്ന പ്രദേശം

∙മുഗൾഭരണകാലത്ത് കുക്കാറ എന്നറിയപ്പെട്ടിരുന്ന പ്രദേശം.

∙പതിനായിരക്കണക്കിനു വർഷം മുന്നേയുള്ള പാരമ്പര്യമുളളവരാണ് ജാർഖണ്ഡിലെ ആദിമനിവാസികൾ. ജാർ‌ഖണ്ഡിലെ ആദിവാസി സമൂഹങ്ങൾ ഇന്നും സംസാരിക്കുന്ന ഭാഷയ്ക്ക് ഹാരപ്പൻ കാലത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. 

∙ജാർഖണ്ഡിലെ ഏക ദേശീയോദ്യാനമാണ് ബെട്‌ല.  Bison, Elephant, Tiger, Leopard, Axis-axis എന്നതിന്റെ ചുരുക്കെഴുത്താണ് ബെട്‌ല. ∙ലോകത്തിലെ ആദ്യത്തെ ടൈഗർ സെൻസസ്  നടന്നത്  ബെട്‌ല ദേശീയോദ്യാനത്തിലാണ്.

∙വന്യജീവി സമ്പത്തിനാൽ അനുഗൃഹീതം. ആയിരം ഉദ്യാനങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഹസാരിബാഗിലെ വന്യജീവി സങ്കേതം ,മഹ്വാവാദ്നർ‌, ദാൽമ, പലാമാവു, തോപ്ചഞ്ചി, ലവലോങ്, കൊദെർമ, പ്രശാന്ത്, ഗൗതം ബുദ്ധ, പാൽകോട് തുടങ്ങിയ വന്യജീവി സങ്കേതങ്ങളും ഈ സംസ്ഥാനത്താണ്. 

∙ധാതുസമ്പത്തിൽ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമാണ് ജാർഖണ്ഡ്. ഇരുമ്പയിര്, ബോക്സൈറ്റ്, ലൈംസ്റ്റോൺ, ഗ്രാഫൈറ്റ്, മൈക്ക, ചെമ്പ്, കൽക്കരി, കൈനൈറ്റ്, യുറേനിയം, മാംഗനീസ് തുടങ്ങി ഒട്ടേറെ ധാതുക്കളാൽ സമ്പന്നമായ സംസ്ഥാനമാണിത്. 

∙ഖനികളുടെ നഗരം, ഇന്ത്യയുടെ കൽക്കരി തലസ്ഥാനം എന്നിങ്ങനെ അറിയപ്പെടുന്ന നഗരമാണ് ധൻബാദ് 

∙ഇന്ത്യയിലെ ആദ്യത്തെ യുറേനിയം ഖനി സ്ഥിതിചെയ്യുന്നത് ജാദുഗുദയിലാണ്. 

∙ഇന്ത്യയിലെ പ്രധാന അഭ്രഖനിയാണ് കൊടർമ. സിങ്ഭം, ഗിരിദി, ധുംക എന്നിവിടങ്ങളിൽ ചെമ്പ് ഖനികൾ ഉണ്ട്. 

∙ലോഹർദാഗ, ഗുംല, പലാമു, എന്നിവിടങ്ങളിൽ ബോക്സൈറ്റ് നിക്ഷേപം കാണപ്പെടുന്നു. 

∙ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സ്റ്റീൽപ്ലാന്റ് ജാംഷഡ്പൂരിലെ ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനിയാണ്. (1907)

∙ റാഞ്ചി വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്നു.ദാസ്സം, പഞ്ച്ഗഘ്, ജോൻഹ, ഹുൻഡ്രു, ഹിർണി, ലോധ്, ഭട്ടിൻഡ, ഉസ്റി, മുർ‌ഗമഹാദേവ് തുടങ്ങി ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങൾ നഗരത്തിനു സമീപത്തായി സ്ഥിതിചെയ്യുന്നു. 

കർണാടക

∙രൂപവൽക്കരണം: 1956 നവംബർ 1

∙ പ്രധാന ഭാഷ: കന്നട

∙ പ്രധാന ഉത്സവം:  ദസറ

∙ ദേശീയ ഉദ്യാനം: നാഗർഹോൾ, കുദ്രേമുഖ്, ബന്നേർഘട്ട,ബന്ദിപുർ

∙ സംസ്ഥാന മൃഗം: ആന

∙ സംസ്ഥാന പക്ഷി: ഇന്ത്യൻ റോളർ

∙1956ൽ മൈസൂർ എന്ന പേരിലായിരുന്നു സംസ്ഥാനം രൂപീകരിച്ചത് 1973ൽ കർണാടക എന്നായി.

∙െഎ ടി നഗരമായ ബെംഗളൂരു ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നു

∙വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി

∙മൈസൂർ രാജാവിന്റെ തലസ്ഥാനമായിരുന്നു മൈസൂരു. ഇവിടെയാണ് പ്രശസ്തമായ വൃന്ദാവൻ ഗാർഡൻ.

∙രാജ്യത്ത് ഏറ്റവും കൂടുതൽ കാപ്പി ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം

∙കോളാറിലും റെയ്ച്ചൂരും സ്വർണഖനികളുണ്ട്.

∙കുടക് ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്ന് വിശേഷിക്കപ്പെടുന്നു. ഇവിടെ നടക്കുന്ന കൊടവ ഹോക്കി മേള ഏറെ പ്രശസ്തം.

∙ശ്രാവണബലഗോളയിലെ 17 മീറ്റർ ഉയരമുളള ഗോമതേശ്വർ പ്രതിമ ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമായായി കണക്കാക്കുന്നു.

∙യക്ഷഗാനത്തിന്റെ ഉറവിടെ കർണാടകമാണ്.

∙ഇന്ത്യയിൽ അഭയാർഥികളായെത്തിയ ടിബറ്റൻ വംശജർ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതലുളളത് കർണാടകയിലാണ്.

∙ഇന്ത്യയുടെ ദേശീയ പതാക നിർമ്മിക്കുന്ന ഏക അംഗീകൃത സ്ഥാപനം കർണാടക ഖാദി ഗ്രാമോദ്യോഗ് സംയുക്ത സംഘ ആണ്.

മധ്യപ്രദേശ്

∙രൂപീകണം–1956 നവംബർ 1

∙ പ്രധാന ഭാഷ: ഹിന്ദി

∙  പ്രധാന നഗരങ്ങൾ: ഇൻഡോർ, ഭോപ്പാൽ, ജബൽപുർ, ഗ്വാളിയർ

∙ പ്രധാന ഉത്സവം: ഖജുരാഹോ ഉത്സവം, ദസറ, മതായ്, ഹോളി, ജന്മാഷ്ടമി

∙ ദേശീയ ഉദ്യാനം: ബാന്ധവഗഡ്, കൻഹ, കുനോ, മാധവ്, മണ്ഡല, പന്ന, പെഞ്ച്, സഞ്ജയ്, സത്പുര,വൻവിഹാർ

∙ സംസ്ഥാന മൃഗം: സ്വാംപ് ഡീർ

∙ സംസ്ഥാന പക്ഷി: ഏഷ്യൻ പാരഡൈസ് ഫ്ലൈകാച്ചർ

∙ഇന്ത്യയുടെ ഹൃദയം എന്ന് വിശേഷണം

∙വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള  സംസ്ഥാനം

∙പ്രാചീനകാലത്ത് അശോകചക്രവർത്തിയുടേയും ഗുപ്തരാജവംശത്തിന്റെയും ഭരണത്തിൻ കീഴിലായിരുന്നു.

∙ചത്തർപുർ ജില്ലയിലാണ് പുരാതനമായ ഹിന്ദു- ജൈന ക്ഷേത്രങ്ങളടങ്ങുന്ന ഖജുരാഹോ ക്ഷേത്രസമുച്ചയം.1986–ൽ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഈ ക്ഷേത്രസമുച്ചയത്തെ ഉൾപ്പെടുത്തി.

∙ഖജുരാഹോയിൽ ഫെബ്രവരിയിൽ നടക്കുന്ന നൃത്തോത്സവമാണ് ഖജുരാഹോ ഉത്സവം

∙മധ്യപ്രദേശിന്റെ സാംസ്കാരിക തലസ്ഥാനം, മാർബിൾ സിറ്റി  എന്നിങ്ങനെ അറിയപ്പെടുന്ന ജബൽപൂരിലാണ് സൈനിക ആവശ്യങ്ങൾക്കായുള്ള വാഹനങ്ങൾ നിർമിക്കുന്ന വെഹിക്കിൾ ഫാക്ടറി (Vehicle Factory, Jabalpur). 

∙സിന്ധ്യ രാജവംശത്തിന്റെ തലസ്ഥാന നഗരമായിരുന്നു ഗ്വാളിയർ.

∙അശോകസ്തൂപം സാഞ്ചിയിലാണ്

∙ശിപ്രനദിക്കരയിൽ ‍സ്ഥിതി ചെയ്യുന്ന തീർത്ഥാടക കേന്ദ്രമായ ഉജ്വയിനിലാണ് കാളിദാസൻ ജീവിച്ചതെന്ന് കരുതപ്പെടുന്നു.

മഹാരാഷ്ട്ര

∙രൂപവൽക്കരണം:1960 മേയ് 1

∙സ്വാതന്ത്യ്രത്തിനു ശേഷം, കച്ച്, സൗരാഷ്‌ട്ര സംസ്‌ഥാലങ്ങളും ഹൈദരാബാദ് പ്രവിശ്യയിലെ മറാഠി സംസാരിക്കുന്ന പ്രദേശങ്ങളും (മറാഠിവാഡി), മധ്യപ്രദേശിലെ മറാഠി സംസാരിക്കുന്ന പ്രദേശങ്ങവും (വിദർഭ) ചേർന്നാണ് മഹാരാഷ്‌ട്രാ സംസ്‌ഥാനം രൂപം കൊണ്ടത്.

∙പ്രധാന ഭാഷ: മറാഠി .  ഹിന്ദി, ഗുജറാത്തി, ഉർദു, കന്നഡ, കൊങ്കിണി എന്നിവയും സംസാരിക്കപ്പെടുന്നു.

∙പ്രധാന നഗരങ്ങൾ: മുംബൈ, പുണെ, നാഗ്പുർ, നാസിക്, ഔറംഗബാദ്

∙പ്രധാന ഉത്സവം: കാളിദാസ് ഉത്സവം, ചിക്കു ഉത്സവം, ഗണേശ ചതുർഥി

∙ദേശീയ ഉദ്യാനം: ചന്ദോളി, ഗുഗാമൽ, നവേഗാവ്, സഞ്ജയ് ഗാന്ധി പാർക്ക്, തടോബ

∙സംസ്ഥാന മൃഗം: മലയണ്ണാൻ

∙ സംസ്ഥാന പക്ഷി: ഗ്രീൻ ഇംപീരിയൽ പിജിൻ

∙മുംബൈ തുറമുഖത്തിന് സമീപം അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപിലെ ഹിന്ദു–ബുദ്ധ ഗുഹാക്ഷേത്രങ്ങളാണ് എലഫന്റാ ഗുഹകൾ . ∙1987-ൽ എലഫന്റാ ഗുഹകളെ യുനെസ്കോ ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തി.

∙ ഔറംഗബാദ് ജില്ലയിൽ വേരൂർ എന്ന ഗ്രാമത്തിലാണ് മനോഹരമായ എല്ലോറ ഗുഹാ സമുച്ചയം സ്ഥിതിചെയ്യുന്നത്.  

∙വെസ്‌റ്റേൺ ഗാട്ടിന്റെ കിഴക്കു ഭാഗത്താണ് ഡക്കാൻ പീഠഭൂമി. ലാവ ഒഴുകി രൂപം കൊണ്ട സ്‌ഥലമായതിനാൽ മണ്ണിനു കറുത്ത നിറമാണ്. വെസ്‌റ്റേൺ ഗാട്ടിനും അറേബ്യൻ സമുദ്രത്തിനും ഇടയിലാണ് ‘കൊങ്കൺ’ തീരപ്രദേശം.

∙ഇന്ത്യൽ സംസ്‌ഥാനങ്ങളിൽ ജനസംഖ്യയിൽ രണ്ടാമതും വലിപ്പത്തിൽ മൂന്നാം സ്‌ഥാനവുമാണ് മഹാരാഷ്‌ട്രയ്‌ക്കുളളത്.

∙ജനങ്ങളിൽ ബഹുഭൂരിപക്ഷവും കൃഷിക്കാരാണ്. ജോവർ, ബജ്‌റ, നെല്ല്, കോട്ടൺ, മെയ്‌സ്, ഉളളി, എണ്ണക്കുരുക്കൾ, കരിമ്പ്, പുകയില തുടങ്ങിയവ പ്രധാന കൃഷിയാണ്. ഓറഞ്ച്, മുന്തിരി, മാങ്ങ തുടങ്ങിയവയും സമൃദ്ധമായി വളരുന്നു. 

∙മഹാരാഷ്‌ട്രയിലെ രത്നഗിരി മാങ്ങയും നാഗ്‌പൂർ ഓറഞ്ചും നാസിക് മുന്തിരിയും പ്രസിദ്ധമാണ്.

∙ഇന്ത്യയിലെ വ്യവസായ തലസ്‌ഥാനമാണ്  മുംബൈ 

∙ ഗേറ്റ് വേ ഓഫ് ഇന്ത്യ, ജൂഹു ബീച്ച്, ചൗപ്പാത്തി, മറൈൺ ഡ്രൈവ്, നരിമാൻ പോയിന്റ്, ആർട്ട് ഗാലറി, കമലാ നെഹ്‌റു പാർക്ക്, മലബാർ ഹിൽ തുടങ്ങിയവ മുംബൈയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്

മണിപ്പൂർ

∙രൂപവൽക്കരണം: 1972 ജനുവരി 21

∙പ്രധാന ഭാഷ: മണിപ്പുരി

∙പ്രധാന ഉത്സവം: ഗാങ് നാഗൈ, യോഷാങ്, ചെയ്രബ

∙ദേശീയ ഉദ്യാനം: കീബുൽ, ലാംജോ, മുര്യൻ

∙സംസ്ഥാന മൃഗം: സാങ്ഗായ്

∙സംസ്ഥാന പക്ഷി: മിസ് ഹ്യൂംസ് ഫീസന്റ് Nongyeen (Mrs. Humen's Pheasant)

∙ഔദ്യോഗിക പുഷ്പം: Siroi Lily (Lilium Mackliniac)

∙മണിപ്പൂർ എന്ന പേര് ആദ്യമായി ഔദ്യോഗികമായി ഉപയോഗിച്ചത് പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഗരിബ നവാസ എന്ന രാജാവിന്റെ ഭരണകാലത്താണ്. 

∙ലോകത്തിലെ ഒരേയൊരു ഒഴുകുന്ന ദേശീയോദ്യാനം (Floating National Park) എന്ന ഖ്യാതിയുള്ള കെയ്ബുൾ ലെംജാവോ ദേശീയോദ്യാനം മണിപ്പൂരിലാണ്.

∙വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ ശുദ്ധജല തടാകമമായ ലോക്തക് തടാകത്തിലാണ് കെയ്ബുൾ ലംജാവോ ദേശീയോദ്യാനം നിലകൊള്ളുന്നത്.

∙പൂർണമായും സ്ത്രീകളാൽ നടത്തപ്പെടുന്ന വലിയ മാർക്കറ്റാണ് ഇംഫാലിലെ ക്വയിറാംബന്ദ് ബസാർ. ഈ മാർക്കറ്റ് Ima Keithel എന്നും അറിയപ്പെടുന്നു. 

∙ലോകത്തിലെ തന്നെ ഏറ്റവും പഴക്കംചെന്ന പോളോ ഗ്രൗണ്ടുകളിലൊന്നായ Mapal Kangjeibung ഇംഫാലിലാണ് നിലകൊള്ളുന്നത്.

∙വംശനാശ ഭീഷണി നേരിടുന്ന സൻഗായി മാനുകളുടെ (മണിപ്പൂർ ബ്രോ ആന്റിലേഡ് മാൻ) അവസാന അഭയകേന്ദ്രം എന്നറിയപ്പെടുന്നത് കെയ്ബുൾ (Kaibul) ലംജാവോ ദേശീയോദ്യാനം.  ഡാൻസിങ് ഡീർ (Dancing Deer) എന്നും സൻഗായ് അറിയപ്പെടുന്നു. 

∙കൃഷ്ണരാധ സങ്കൽപ്പത്തിൽനിന്ന് രൂപംകൊണ്ട  പ്രമുഖ നൃത്തരൂപമാണ് മണിപ്പൂരി രാസലീല നൃത്തം.ജഗോയി എന്നും ഈ നൃത്തം അറിയപ്പെടുന്നു.

∙ഇന്ത്യയിൽ ചെളികൊണ്ടു നിർമിച്ച ഏറ്റവും ഉയരംകൂടിയ അണക്കെട്ടാണ് സിങ്ദാ അണക്കെട്ട്

∙കുകി, നാഗാ എന്നിവ മണിപ്പൂരിലെ പ്രമുഖ ഗോത്രവിഭാഗങ്ങളാണ് 

∙മണിപ്പൂരിലെ വളളംകളി ഉത്സവമാണ് ഹൈക്രു ഹിഡോഗ്ബ (HAIKU HIDONGBA)

മേഘാലയ

∙രൂപവൽക്കരണം: 1972 ജനുവരി 21

∙പ്രധാന ഭാഷകൾ: ഇംഗ്ലിഷ്, ഗിരിവർഗഭാഷകളായ ഘാസി,ഗാരോ  

∙പ്രധാന ഉത്സവം: സ്ട്രോബറി ഉത്സവം

∙ദേശീയ ഉദ്യാനം: ബാൽഫക്രം, നോക്രേക്

∙സംസ്ഥാന മൃഗം: മേഘാവൃതപുലി

∙സംസ്ഥാന പക്ഷി: ഹിൽ മൈന

∙1972 ജനവരി 21–നാണ് മേഘാലയ സംസ്‌ഥാന പദവി നേടിയത്. ബ്രിട്ടീഷ് ഭരണകാലത്ത് പഴയ അസമിന്റെ ഭാഗമായിരുന്ന മേഘാലയ 1970–ൽ അസമിനുളളിലെ സ്വയം ഭരണപ്രദേശമായി.പീന്നീട് 1972–ൽ പൂർണ്ണ സംസ്‌ഥാന പദവി നേടി

∙തലസ്ഥാനമായ ഷില്ലോങ് ‘ കിഴക്കിന്റെ സ്കോട്‍ലൻഡ് ’ എന്നറിയപ്പെടുന്നു.

∙മേഘങ്ങളുടെ ആലയം എന്ന അർത്ഥത്തിലാണ് മേഘാലയയ്‌ക്ക് ആ പേര് ലഭിച്ചത്.സമൃദ്ധമായി മഴ പെയ്യുന്ന മേഘാലയ നിബിഡവനങ്ങളാൽ സമ്പന്നമാണ്.പുളളിപ്പുലിയും കാണ്ടാമൃഗവുമടക്കമുളള നിരവധി വന്യമൃഗങ്ങളേയും ഇവിടെ കണ്ടുവരുന്നു

∙മേഘാലയയിലെ സോഹ്റ (ചിറാപുഞ്ചി) ,മൗസിൻറാം (Mawsynram) എന്നീ സ്‌ഥലങ്ങൾ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ്.ഘാസി (Khasi) കുന്നുകളിലാണ് ചിറാപുഞ്ചിയും മൗസിൻറാമും

∙ രാജ്യത്തെ പുരാതനഗിരിവർഗങ്ങളായ ഘാസി,ഗാരോ,ജാന്തിയ എന്നീ വിഭാഗങ്ങളാണ് മേഘാലയയുടെ ജനസംഖ്യയിലെ എൺപതു ശതമാനവും. ഒരോ വിഭാഗത്തിനും സ്വന്തമായ ആചാരരീതിയും വേഷവും ഭാഷയും   സംസ്‌കാരവുമുണ്ട്. 

∙ഗാരോ വിഭാഗത്തിന്റെ കൊയുത്തുത്സവമാണ് വാൻഗാല

∙മേഘാലയയുടെ പ്രധാന വരുമാനംമാർഗം കൃഷിയാണ്.നെല്ല് ,ചോളം,പരുത്തി,കൈതച്ചക്ക തുടങ്ങിയവയാണ് പ്രധാന കൃഷികൾ.പ്രസിദ്ധമായ ഘാസി മൻഡാരിൻ ഓറഞ്ചുകൾ മേഘാലയയിലാണ് ഉദ്‌പാദിപ്പിക്കുന്നത്.

മിസോറം

∙മിസോകളുടെ നാട് എന്നാണ് പേരിന്റെ അർത്ഥം. ‘മിസോ’ എന്നാൽ ഉയർന്നപ്രദേശവാസികൾ (പർവതവാസികൾ) എന്നാണർത്ഥം. മലകളും നദികളും തടാകങ്ങളും നിറഞ്ഞ ദേശം.

∙സംസ്ഥാനത്തിന്റെ 91 ശതമാനവും വനനിബിഡം. ശതമാനാടിസ്ഥാനത്തിൽ വനഭൂമി ഏറ്റവും കൂടിയ സംസ്ഥാനം

∙ജനസംഖ്യ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സംസ്ഥാനം.

∙സാക്ഷരത ഏറ്റവും കൂടിയ രണ്ടാമത്തെ സംസ്ഥാനം

∙ബ്രിട്ടിഷ് ഭരണകാലത്ത് ലൂഷായ് ഹിൽസ് എന്നറിയപ്പെട്ടിരുന്നു.

∙1959 ൽ മിസോ കുന്നുകളിൽ രൂക്ഷമായ ക്ഷാമം ഉടലെടുത്തു. മൗതം ക്ഷാമം (Mautam Famine) എന്നാണിത് അറിയപ്പെട്ടത്. 

∙2011 സെൻസസ് പ്രകാരം രാജ്യത്ത് സാക്ഷരത ഏറ്റവും കൂടിയ ജില്ല മിസോറമിലെ സിർച്ചിപ്പ് (Serchhip) ആണ്. സാക്ഷരത ഏറ്റവും കൂടിയ രണ്ടാമത്തെ ജില്ല മിസോറമിലെതന്നെ ഐസ്വാളും.

∙മിസോറമിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഫോങ്പുയ് (Phawngpui) ബ്ലൂ മൗണ്ടെയ്ൻ എന്നും അറിയപ്പെടുന്നു. 2157 മീറ്ററാണ് ഈ കൊടുമുടിയുടെ ഉയരം.

∙1990 – 1993 കാലഘട്ടത്തിൽ മിസോറം ഗവർണറായിരുന്ന സ്വരാജ് കൗശൽ ആണ് ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഗവർണർ സ്ഥാനത്തെത്തിയ വ്യക്തി (37–ാം വയസിൽ )

∙ഉൽസവങ്ങളാൽ സമ്പന്നമാണ് മിസോറം. ചാപ്ചർ കുട്,  തൽഫാവങ്ങ് കുട്,  മിം കുട്, പാൾ കുട് (Pawl Kut) എന്നിവ മിസോറമിലെ പ്രധാന ആഘോഷങ്ങളാണ്.

∙മിസോറമിലെ ഏറ്റവും പ്രശസ്തമായ നൃത്തമാണ് ചെറാവ് (Cheraw) മുളനൃത്തം.  പുരുഷന്മാർ നിലത്തിരുന്ന് മുള ചലിപ്പിക്കുകയും സ്ത്രീകൾ വർണാഭമായ വേഷംധരിച്ച് ഇതിനിടയിലൂടെ നൃത്തം ചെയ്യുകയും ചെയ്യുന്നു.

∙ വൻടാങ്ങ് (Vantawng) വെള്ളച്ചാട്ടം പ്രമുഖവിനോദസഞ്ചാരകേന്ദ്രമാണ്.മർലൻ ദേശീയോദ്യാനം (Murlen National Park), ഫങ്പുയ് ദേശീയോദ്യാനം (Phawngpui National Park) എന്നിവ മിസോറമിലാണ്.

∙ദക്ഷിമ മിസോറാമിലെ പലാക് തടാകം ഭൂകമ്പത്തെത്തുടർന്ന്  രൂപപ്പെട്ടതാണെന്ന് കരുതപ്പെടുന്നു.

∙ലെങ്തെങ് വന്യജീവി സങ്കേതം, ഖാങ്ലങ് വന്യജീവി സങ്കേതം, തൊരാങ്ലങ് വന്യജീവി സങ്കേതം, പുവൽരെങ് വന്യജീവി സങ്കേതം, താവി വന്യജീവി സങ്കേതം എന്നിവ വന്യജീവിസങ്കേതങ്ങളാണ്.

∙മിസോറമിലെ പ്രധാന ഭാഷ മിസോ ആണ്. ലുഷായ് എന്നും ഈ ഭാഷ അറിയപ്പെടുന്നു. ചക്മ, മാര, ലായി തുടങ്ങിയ ഭാഷകളും ഉപയോഗത്തിലുണ്ട്.

നാഗാലാൻഡ്

∙ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നാണ് നാഗാലാൻഡ് അറിയപ്പെടുന്നത്. ഒരോ ഗ്രാമങ്ങളും ഒാരോ രാജ്യം പോലെയാണ്. നിശ്ചിത അതിർത്തികളുണ്ട്.

∙2011 ലെ സെൻസസ് പ്രകാരം ജനസംഖ്യാ വർധന നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം.

∙2011 ലെ സെൻസസിൽ നെഗറ്റീവ് ജനസംഖ്യാ വർധന നിരക്ക് രേഖപ്പെടുത്തിയ രാജ്യത്തെ ഏക സംസ്ഥാനം.

∙2013 ൽ രാജ്യാന്തര പക്ഷി നിരീക്ഷകർ ഫാൽക്കൺ ക്യാപിറ്റൽ ഓഫ് ദ് വേൾഡ് (Falcon Capital of the World) ആയി പ്രഖ്യാപിച്ച സംസ്ഥാനം.

∙നാഗാലാൻഡിലെ ട്വൻസാങ്, മോൺ ജില്ലകളൊഴികെയുള്ള ഭാഗം ആദ്യകാലത്ത് അസമിലെ നാഗാ ഹിൽസ് ജില്ലയുടെ ഭാഗമായിരുന്നു. 1878 മുതൽ നാഗ ഹിൽസ് ജില്ലയുടെ തലസ്ഥാനമായിരുന്നു കൊഹിമ.

∙ നാഗാലാൻഡ് ആദ്യകാലത്ത് നാഗാഞ്ചി (Naganchi / Nakanchi) എന്നറിയപ്പെടുന്നു. 

∙ അൻഗാമി, അഉ(Ao), ചാങ്, കൊണ്യാക്ക്, കുകി, ലോത്ത, ഫോം തുടങ്ങിയവ പ്രമുഖഗോത്രവർഗങ്ങൾ. ജനസംഖ്യ കൂടിയ നാഗ ഗോത്രം കൊണ്യാക്ക് ആണ്.

∙ ഔദ്യോഗിക ഭാഷ ഇംഗ്ലിഷ്. ഏറ്റവും  ഉപയോഗിക്കുന്ന പ്രാദേശിക ഭാഷ അഉ (Ao). ഗോത്രങ്ങളുടെ പേരിൽത്തന്നെയാണ് ഗോത്ര ഭാഷകളും അറിയുന്നത്.

∙പ്രമുഖനഗരമായ ദിമാപൂർ നാഗാലാൻഡിന്റെ പ്രവേശനകവാടം എന്നറിയപ്പെടുന്നു. നാഗാലാൻഡിലെ ഏറ്റവും വലിയ നഗരമാണ് ദിമാപ്പൂർ. കചാരി രാജവംശത്തിന്റെ പുരാതന തലസ്ഥാന നഗരമായിരുന്നു 

∙നാഗാലാലാൻഡിലെ ഏറ്റവും ഉയരംകൂടിയ ഭാഗം സാരമതി ആണ്. 3826 മീറ്ററാണ് ഇന്ത്യ – മ്യാൻമർ അതിർത്തിയിലെ ഈ കൊടുമുടിയുടെ ഉയരം.

∙ഇൻടാങ്കി ദേശീയോദ്യാനം, ഫക്കിം വന്യജീവി സങ്കേതം, രങ്കപഹാർ വന്യജീവി സങ്കേതം എന്നിവ നാഗാലാൻഡിലാണ്.

∙ട്രിപ്പിൾ ഫാൾസ്, വാവാദെ ഫാൾസ് എന്നിവ പ്രമുഖ വെള്ളച്ചാട്ടങ്ങൾ .

∙നാഗാലാൻഡ് ഉൽസവങ്ങളുടെ നാട് (Land of Festivals) എന്നും അറിയപ്പെടുന്നു .ഡിസംബർ മാസത്തിലെ ഹോൺബിൽ ഉത്സവം  (Hornbill Festival) ഏറെ പ്രശസ്തം.  കിസാമ ഗ്രാമത്തിലാണ് ഹോൺബിൽ ഉത്സവം നടക്കുന്നത്. നാഗൻമാരുടെ പാരമ്പര്യ നൃത്തവും , നാടൻപാട്ടുകളും , കലാവൈവിദ്ധ്യങ്ങളും നിറയുന്ന ഈ ആഘോഷം ‘ഉത്സവങ്ങളുടെ ഉത്സവം’ (festival of festivals) എന്നറിയപ്പെടുന്നു.

∙ പാടം വിത്തിട്ട ശേഷം നടക്കുന്ന ആഘോഷമാണ് മേവാട്സു. മഴക്കാലത്തെ വരവേൽക്കുന്ന തുളുനി ,  പുതുവത്സരത്തെ വരവേൽക്കുന്ന അഹോലിങ്,  മോൺയു തുടങ്ങി വിവിധ ഗോത്രവർഗക്കാരുടെ നിരവധി ആഘോഷങ്ങളുണ്ട്.

∙ആയോധനകലയും യുദ്ധരംഗങ്ങളും അനുസ്മരിപ്പിക്കുന്ന സംഘനൃത്തങ്ങൾ നാഗാനൃത്തങ്ങളു‌െട പൊതുസ്വഭാവമാണ്.

∙ധാൻസിരി, ഡൊയാങ്, ഡിഖു, ടിസു, മിലാക്, സുങ്കി എന്നിവയാണ് നാലാഗാൻഡിലൂടെ ഒഴുകുന്ന പ്രധാന നദികൾ.

∙കൊഹിമക്ക് സമീപമുളള ഖൊനോമ ഗ്രാമമാണ് (Khonoma) ഇന്ത്യയിലെ ആദ്യത്തെ ഹരിതഗ്രാമം.

∙നാഗാ ഗ്രാമങ്ങളിൽ കാണപ്പെടുന്ന ‘മൊറാങ്’ (Morung) എന്ന വലിയ കുടിലുകൾ നാഗാസംസ്കാരത്തിന്റെ ആവിഭാജ്യഘടകമാണ്. യുവാക്കൾ ഇതിൽ താമസിച്ചാണ് സാമൂഹ്യരീതികളും ആയുധവിദ്യയും മറ്റും അഭ്യസിച്ചിരുന്നത്. ആദിവാസി സമ്മേളനങ്ങൾ നടക്കുന്നതും മൊറാങ്ങിൽവച്ചാണ്. 

∙ജാഫു കൊടുമുടി (Japfu Peak), സുകോ വാലി (Dzukou Valley), ഷില്ലോയ് തടാകം, വേദ കൊടുമുടി തുടങ്ങി നിരവധി ടൂറിസ്റ്റ് സങ്കേതങ്ങൾ നാഗാലാൻഡിലുണ്ട്.

ഒഡീഷ

∙രൂപവൽക്കരണം: 1950 ജനുവരി 26

∙പ്രധാന നഗരങ്ങൾ: ഭുവനേശ്വർ, കട്ടക്ക്, റൂർക്കല

∙ പ്രധാന ഉത്സവം: പുരി രഥയാത്ര, കുമാർ പൂർണിമ

∙ ദേശീയ ഉദ്യാനം: ഭിതർകണിക, സിംലിപാൽ 

∙സംസ്ഥാന മൃഗം:സമ്പാർ Sambar (Rusa Unicolor)

∙സംസ്ഥാന വൃക്ഷം: Aswatha (Ficus Religiosa)

∙സംസ്ഥാന പുഷ്പം: Ashoka (Saraca asoca)

∙സംസ്ഥാന പക്ഷി: ഇന്ത്യൻ റോളർ

∙പ്രാചീന കാലത്ത് ഒദ്ര, കലിംഗ, ഉത്കൽ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന പ്രദേശം.

∙ബിസി 261  അശോക ചക്രവർത്തിയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ കലിംഗയുദ്ധം നടന്നത് ദയ നദിയുടെ തീരത്താണെന്നു കരുതുന്നു..

∙മയൂർഭഞ്ജ് ജില്ലയിലാണ് സിംലിപ്പാൽ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 

∙ കേന്ദ്രപ്പാറ (Kendrapara) ജില്ലയിലെ ഭിട്ടാർ കണിക ദേശീയോദ്യാനം ഉപ്പു ജല മുതലയ്ക്ക്  പ്രസിദ്ധമാണ്.

∙ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജലതടാകമാണ് ചിലിക

∙ഒലിവ് റിഡ്‌ലെ (Olive Ridley) കടലാമകളുടെ പ്രജനനവുമായി ബന്ധപ്പെട്ട് ലോകപ്രശസ്തമാണ് ഗാഹിർമാത കടൽത്തീരവും മറൈൻ സാങ്ച്വറിയും. ആയിരക്കണക്കിന് കടലാമകൾ ഒരുമിച്ച് മുട്ടയിടാൻ കടൽത്തീരത്തെത്തുന്ന പ്രതിഭാസത്തെ അരിബാഡ എന്നാണ് വിളിക്കുന്നത്. 

∙ഒഡീഷയിലെ പ്രധാനപ്പെട്ട നദിയാണ് മഹാനദി. ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്ന ഈ നദി ഛത്തീസ്ഗഢിലൂടെയും ഒഴുകുന്നു. 

∙ഒഡീഷയിലെ പുരി ജില്ലയിൽ ബംഗാൾ ഉൾക്കടലിന്റെ തീരത്താണ് ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്ന കൊണാർക്ക് സൂര്യക്ഷേത്രം. രഥത്തിന്റെ രൂപത്തിലുള്ള ഈ ക്ഷേത്രത്തിന് 24 ചക്രങ്ങളുണ്ട്. ഏഴ് കുതിരകളെ പൂട്ടിയ രഥത്തിന്റെ മാതൃകയിലാണ് ക്ഷേത്രം. 

∙ഇന്ത്യയിലെ ക്ലാസിക്കൽ നൃത്തകലാ രൂപങ്ങളുടെ സംഗമമാണ് എല്ലാ വർഷവും ഡിസംബറിൽ നടക്കുന്ന കൊണാർക്ക് ഫെസ്റ്റിവൽ. 

∙സാരികൾക്ക് പേരുകേട്ട സംസ്ഥാനമാണ് ഒഡിഷ.ഇകാത്, കോട്പാട്, പിക്ടോറിയൽ, സമ്പാൽപ്പുരി എന്നിവ വിവിധയിനം സാരികളാണ്.

∙ആറു നദികളുടെ സാന്നിധ്യത്താൽ ഒഡീഷയുടെ തീരദേശത്തെ ഹെക്സാ ഡെൽറ്റിക് റീജിയൻ എന്നും ആറു നദികളുടെ ദാനം എന്നും വിളിക്കുന്നു. സുബർണരേഖ, ബൈതരണി, മഹാനദി, റിഷികുല്യ, ബുദ്ധബലംഗ, ബ്രഹ്മാണി എന്നിവയാണ് ഈ നദികൾ.

∙ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് പുതുജീവൻ നൽകിയ നേതാജി സുഭാഷ് ചന്ദ്രബോസ് 1897 ജനുവരി 23 ന് കട്ടക്കിലാണ് ജനിച്ചത്. 

∙വെള്ളക്കടുവകളാൽ പ്രശസ്തമാണ് ചന്ദക വനമേഖലയോടു ചേർന്നു കിടക്കുന്ന നന്ദൻകാനൻ സുവോളജിക്കൽ പാർക്ക്. 

∙പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര ലക്ഷക്കണക്കിന് തീർഥാടകരെ ആകർഷിക്കുന്നു.

∙ഒഡീഷയുടെ തനത് നൃത്തരൂപമാണ് ഒഡീസ്സി. ജയദേവന്റെ ഗീതാഗോവിന്ദമാണ് ഒഡീസ്സിയിൽ പ്രധാനമായും ഉപയോഗിക്കുന്നത്.

∙ഇന്ത്യയിലെ പ്രധാന മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളിലൊന്നാണ് ചാന്ദിപ്പൂർ ഓൺ സീ. 

പഞ്ചാബ്

∙രൂപവൽക്കരണം: 1966 നവംബർ 1

∙പ്രധാന ഭാഷ: പഞ്ചാബി

∙പ്രധാന നഗരങ്ങൾ: ലുധിയാന, അമൃത്‌സർ, ജലന്ധർ, പട്യാല

∙പ്രധാന ഉത്സവം: ലോഹ്റി, ഗുരു പുരബ്, ബൈശാഖി

∙സംസ്ഥാന മൃഗം: കൃഷ്ണമൃഗം

∙സംസ്ഥാന പക്ഷി: നോർത്തേൺ ഗോഷാവ്ക്

∙അഞ്ചു നദികളുടെ നാടെന്ന അർത്ഥത്തിലാണ് പഞ്ചാബ് എന്ന പേര്

∙സത്‌ലജ്,രവി,ബിയാസ്, ചെനാബ്, ഝലം എന്നിവയാണ് പ്രധാന നദികൾ

∙പഞ്ചാബിലെ അമൃത്‌സർ നഗരത്തിലാണ് സുവർണക്ഷേത്രം.

∙അക്‌ബർ ചക്രവർത്തി മൂന്നാം സിക്ക് ഗുരുവായ ഗുരു രാംദാസിന് നൽകിയ സ്‌ഥലമാണ് പിന്നീട് അമൃത്‌സർ എന്ന പേരിലറിയപ്പെട്ടത്. 

∙ഹർമന്ദർ സാഹിബ് എന്നും സുവർണക്ഷേത്രത്തിന് പേരുണ്ട്.

∙ഇന്ത്യയുടെ ധ്യാനപ്പുര  എന്നറിയപ്പെടുന്ന പഞ്ചാബിൽ ഗോതമ്പ്,ചോളം,നെല്ല്,കരിമ്പ്,മില്ലറ്റ് ,പരുത്തി തുടങ്ങിയവയാണ് പ്രധാനമായും കൃഷി  ചെയ്യുന്നത്.

∙.സൈക്കിൾ,തയ്യൽ മെഷീനുകൾ,കമ്പിളി,ട്രാക്‌ടർ,രാസവളം,വസസ്‌പതി തുടങ്ങിയവ പ്രധാന വ്യവസായ ഉത്‌പന്നങ്ങളാണ്.

∙അമൃത്‌സറിലെ കമ്പിളിപ്പുതപ്പും ഷാളുകളും പ്രശസ്‌തമാണ്.

∙ജലന്ധർ സ്‌പോർട്‌സ് ഉപകരണങ്ങളുടെ നിർമിതിക്കു പേരു കേട്ട സ്ഥലമാണ്

∙ബംഗ ഗ്രാമത്തിലാണ് സ്വതന്ത്രസമരവിപ്ലവ നായകൻ ഭഗത്‍സിങ് ജനിച്ചത്.

∙സ്വാതന്ത്രസമരചരിത്രത്തിലെ അവിസ്മരണീയമായ ഏടായ ജാലിയൻവാലാബാഗ് പഞ്ചാബിലാണ്.

രാജസ്ഥാൻ

∙ഇന്ത്യയിലെ ഏറ്റവും വലിയ സംസ്‌ഥാനം

∙രൂപവൽക്കരണം: 1956 നവംബർ 1

∙പ്രധാന ഭാഷകൾ: ഹിന്ദി, രാജസ്ഥാനി

∙പ്രധാന നഗരങ്ങൾ: ജയ്പുർ, ജോധ്പുർ, കോട്ട, അജ്മേർ

∙പ്രധാന ഉത്സവം: ഗംഗോർ ഉൽസവം, മാർവാർ ഉത്സവം

∙ദേശീയ ഉദ്യാനം: ഡസേർട്ട്, മുകുന്ദ്ര ഹിൽസ്

∙സംസ്ഥാന മൃഗം: ഒട്ടകം, ചിങ്കാര

∙സംസ്ഥാന പക്ഷി: ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് (Godawan/ Great Indian Bustard (Ardeotis nigriceps)

∙സംസ്ഥാന വൃക്ഷം : Khejri (Prosopis cineraria)

∙സംസ്ഥാന പുഷ്പം : Rohida

∙രാജ്‌പുട്ടാന എന്നാണ് രാജസ്‌ഥാൻ അറിയപ്പെട്ടിരുന്നത്.

∙പിങ്ക് സിറ്റി എന്നാണ് തലസ്ഥാനമായ ജയ്‌പൂർ അറിയപ്പെടുന്നത്.ചെങ്കൽ നിറത്തിലുള്ള കെട്ടിടങ്ങൾ ജയ്‌പൂരിൽ നിറഞ്ഞുനിൽക്കുന്നു.

∙സുന്ദരമായ തടാകങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്ന നഗരമാണ് ഉദയ്‌പൂർ.

∙ രജപുത്രസംസ്‌കാരത്തിന്റെ മഹിമ വിളിച്ചോതുന്ന മന്ദിരങ്ങളും ശില്‌പങ്ങളും ഉദയ്‌പൂരിലുണ്ട്.

∙ലൂനി,ചംബൽ,ബനാസ്,മഹി,സബർമതി എന്നിവയാണ് പ്രധാന നദികൾ.

∙ദ് ഗ്രേറ്റ് ഇന്ത്യൻ ഡെസേർട്ട് എന്നറിയപ്പെടുന്ന മരുഭൂമിയാണ് താർ മരുഭൂമി.  

∙താർ മരുഭൂമിയോട് ചേർന്നുളള പൊഖ്‌റാനിലാണ് ഇന്ത്യ രണ്ട് അണുവിസ്‌ഫോടനങ്ങളും നടത്തിയത്.

∙സംസ്ഥാന നൃത്തം : ഘൂമർ

∙ഗ്രാഫൈറ്റ്, സിങ്ക്, ചുണ്ണാമ്പുകല്ല്, മാർബിൾ, ജിപ്സം എന്നിവയുടെ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം.

∙വംശനാശ ഭീഷിണി നേരിടുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർസ് എന്ന പക്ഷിയെ ഇവിടെ കാണുന്നു.

∙കോട്ടയിലെ ദാരാ ദേശീയോദ്യാനം ബിക്കാനീറിലെ ഗജ്നർ വന്യജീവി സങ്കേതം, കരൗലിയിലെ കേലാദേവി സാങ്ച്വറി, ബറാനിലെ ഷേർഗഢ് സാങ്ച്വറി, സീതാമാത സങ്കേതം, ധോൽപുറിലെ വൻവിഹാർ സാങ്ച്വറി തുടങ്ങി നിരവധി വന്യജീവി സങ്കേതങ്ങളാൽ സമ്പന്നമാണ് രാജസ്ഥാൻ.

∙താർ മരുഭൂമിയുടെ പടിഞ്ഞാറു ഭാഗത്ത് താമസിക്കുന്ന, മരങ്ങളെയും മൃഗങ്ങളേയും മറ്റു ജീവികളേയും സംരക്ഷിക്കുന്നതിൽ പ്രാധാന്യം നൽകുന്ന മതവിഭാഗമാണ് ബിഷ്ണോയ്.

∙രാജ്യത്തെ പ്രധാന ടൈഗർ റിസർവുകളിലൊന്നാണ് രാജസ്ഥാനിലെ സവായ്മാധോപൂർ ജില്ലയിലെ രന്തംബോർ ദേശീയോദ്യാനം. . 

∙ അജ്‌മേറിലാണ് പ്രസിദ്ധ സൂഫിവര്യനായ ക്വാജാ മൊയ്നുദ്ദീൻ ചിസ്തിയുടെ കബറിടം സ്ഥിതി ചെയ്യുന്ന അജ്മീർ ഷറീഫ് ദർഗ നില കൊള്ളുന്നത്. 

∙ബിക്കാനീറിലെ ദേഷനോകിലെ കാർണിമാതാ ക്ഷേത്രം എലികളെ സംരക്ഷിക്കുന്നതിനാൽ പ്രസിദ്ധമാണ്. 

∙ഒട്ടകത്തിന്റെ രോമം കൊണ്ടുള്ള ഉൽപ്പന്നങ്ങൾക്ക് പ്രസിദ്ധമാണ് ബിക്കാനീർ.

∙രാജസ്ഥാന്റെ സുവർണ നഗരം എന്നറിയപ്പെടുന്ന ജയ്സാൽമേർ, താർ മരുഭൂമിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്നു. 

∙ ജയ്സാൽമിറിലെ ഡെസേർട്ട് ഫെസ്റ്റിവൽ ഏറെ പ്രസിദ്ധം

∙ ഇന്ത്യയിലെ പഴക്കംചെന്ന പർവത നിരയായ ആരവല്ലി പർവത നിരയിലാണ് മൗണ്ട് ആബു. 

∙പുഷ്കറിലെ ഒട്ടകമേള ലോകപ്രശസ്തം

∙ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതികളിലൊന്നാണ് 347 മുറികളുള്ള ജോധ്പൂർ രാജകുടുംബത്തിന്റെ പ്രധാന വസതിയായിരുന്ന ഉമൈദ്ഭവൻ കൊട്ടാരം.

∙ഘൂമർ, ഭവായ്, ഗയിർ, കച്ചിഘോസി, തേരാതലി, കൽബേലിയ തുടങ്ങിയവ രാജസ്ഥാനിലെ നൃത്തരൂപങ്ങളാണ്. രാജസ്ഥാന്റെ തനതു പാവകളിയാണ് 1500 ഓളം വർഷം പഴക്കമുള്ള കത്പുട്‍ലി.

സിക്കിം

∙രൂപവൽക്കരണം: 1975 മേയ് 16

∙ പ്രധാന നഗരങ്ങൾ: ഗാങ്ടോക്, നാംചി

∙ പ്രധാന ഉത്സവം: ലോസുങ്, ഹാങ് ലിഹാബ് സോൾ

∙ ദേശീയ ഉദ്യാനം: ഖാങ്ചെങ്ഡ്സോങ്ഗ

∙ സംസ്ഥാന മൃഗം: ചുവന്ന പാണ്ട (Red Panda)

∙സംസ്ഥാന പക്ഷി: ബ്ലഡ് ഫീസന്റ് ( Blood Pheasent)

∙സംസ്ഥാന വൃക്ഷം: Rhododendron

∙സംസ്ഥാന പുഷ്പം: Noble Dendrobium

∙ജനസംഖ്യ ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം

∙ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലുപ്പം കുറഞ്ഞ രണ്ടാമത്തെ സംസ്ഥാനം

∙നേപ്പാളി ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം

∙ഹിതപരിശോധനയിലൂടെ ഇന്ത്യൻ യൂണിയന്റെ ഭാഗമായ സംസ്ഥാനം.

∙1950 ൽ സിക്കിം ഇന്ത്യയുടെ സംരക്ഷിത പ്രദേശമായി. 

∙1975ൽ 36–ാം ഭരണഘടനാ ഭേദഗതിപ്രകാരം ഇന്ത്യയിലെ സംസ്ഥാനമായി.

∙മൂന്നു വശവും അയൽ രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് സിക്കിം. ചൈന, ഭൂട്ടാൻ, നേപ്പാൾ എന്നിവയാണ് അയൽ രാജ്യങ്ങൾ. ഇന്ത്യൻ സംസ്ഥാനങ്ങളിൽ  ബംഗാളുമായി മാത്രമേ സിക്കിം അതിർത്തി പങ്കിടുന്നുള്ളു.

∙സിക്കിമിൽ 12 ഔദ്യോഗിക ഭാഷകളാണുള്ളത്. ഇംഗ്ലീഷ് ,നേപ്പാളി, സിക്കിമീസ്, ലെപ്ച, തമാങ്, ലിമ്പു, നെവാരി, റായ്, ഗുരുങ്, മഗർ, സുൻവർ, ഇംഗ്ലിഷ് എന്നിവയാണിവ. ഇതിൽ നേപ്പാളി ഭാഷയാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.

∙ചിത്രശലഭങ്ങൾക്കു പ്രസിദ്ധമായ സംസ്ഥാനമാണ് സിക്കിം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ആയിരത്തി അഞ്ഞൂറിനടുത്തു ചിത്രശലഭങ്ങളിൽ എഴുന്നൂറോളം  ഇനങ്ങളെ സിക്കിമിൽ കണ്ടെത്തിയിട്ടുണ്ട്.

∙ലപ്ച, ഭൂട്ടിയ, നേപ്പാളി, ലിമ്പു, റായ്, മഗർ, ഗുരുങ്, നേവാർ, ഗൂർഖ, തമൻഗ് തുടങ്ങി നിരവധി ഗോത്രവർഗങ്ങളാൽ സമ്പന്നമാണ് സിക്കിം. ഇതിൽ ഏറ്റവും പഴയ ജനത എന്നു പറയാവുന്നത് ലപ്ചകളെയാണ്.

∙റായ് സമുദായത്തിന്റെ സകേവ ഉൽസവം, നേവാറികളുടെ മാ പൂജ, നേപ്പാളികളുടെ ദശ്ശായി ഉൽസവം, ഭൂട്ടിയകളുടെ നവവൽസര ആഘോഷമായ സോനം ലൊസൂങ്, ലെപ്ചകളുടെ ഉൽസവമായ നാംസൂങ്, ഗുരുങ്ങുകളുടെ ഉൽസവമായ താമു ലോചാർ, തമാങ്ങുകളുടെ ഉൽസവമായ സോനം ലോചാർ തുടങ്ങി നിരവധി ആഘോഷങ്ങൾ സിക്കിമിൽ അരങ്ങേറുന്നു.

∙സിക്കിമിലെ പ്രശസ്തമായ മുഖംമൂടി നൃത്തമാണ് ചാം (Chaam).  

∙ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനമാണ് കാഞ്ചൻ ജംഗ ദേശീയോദ്യാനം. 

തമിഴ്നാട്

∙രൂപവൽക്കരണം:1969 ജനുവരി 14

∙പ്രധാന ഭാഷ: തമിഴ്

∙പ്രധാന നഗരങ്ങൾ: ചെന്നൈ, കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളി, തിരുപ്പൂർ, സേലം

∙പ്രധാന ഉത്സവം: പൊങ്കൽ,ദീപാവലി

∙ദേശീയ ഉദ്യാനം: ഗിണ്ടി, ഗൾഫ് ഓഫ് മന്നാർ മറൈൻ, ഇന്ദിരാഗാന്ധി വൈൽഡ് ലൈഫ് സാങ്ച്വറി ആൻഡ് നാഷനൽ പാർക്ക്, മുതുമലൈ, മുകൂർത്തി

∙സംസ്ഥാന മൃഗം: വരയാട്

∙സംസ്ഥാന പക്ഷി: എമറാൾഡ് ഡോവ്

∙മദ്രാസ് എന്നായിരുന്നു പഴയ പേര്

∙രാജ്യത്തെ തുകൽ ഉത്‌പന്നങ്ങളുടെ മുഖ്യഭാഗവും തമിഴ്‌നാടിന്റെ സംഭാവനയാണ്

∙തമിഴ്‌നാട്ടിൽ രൂപം കൊണ്ട പ്രധാന നൃത്തരൂപമാണ് ഭരതനാട്യം.

∙കാവേരി, പാലാർ,ചെയ്യാർ,പൊന്നൈയാർ,മോയാർ,ഭവാനി,അമരാവതി,വൈഗായ്,ചിറ്റാർ,താമ്രപണ്ണി എന്നിവയാണ് തമിഴ്‌നാട്ടിലെ  പ്രധാന നദികൾ.

∙കൽപ്പാക്കം ഇന്ദിരാഗാന്ധി അറ്റോമിക്ക് പവർ പ്ലാന്റ് സ്‌ഥിതിചെയ്യുന്നു.

∙നെല്ല്,കരിമ്പ്,നിലക്കടല തുടങ്ങിയവയാണ് പ്രധാന കൃഷികൾ..പരുത്തി,സൂര്യകാന്തി,തെങ്ങ്,കശുവണ്ടി,തേയില,കാപ്പി തുടങ്ങിയവയും തമിഴ്‌നാട്ടിൽ കൃഷി ചെയ്യുന്നു.

∙പുരാതന വാസ്‌തു–ശിൽപ വൈദ്‌ഗ്‌ധ്യത്തിനു പേരുകേട്ടതാണ് തമിഴ്‌നാട്ടിലെ മഹാക്ഷേത്രങ്ങൾ.ശുചീന്ദ്രം,രാമേശ്വരം,മധുര,കാഞ്ചീപുരം,പളനി,മഹാബലിപുരം,ശ്രീരംഗം,തഞ്ചാവൂർ,കന്യാകുമാരി,എന്നിവിടങ്ങളിലെ ക്ഷേത്രങ്ങൾ പ്രസിദ്ധമാണ്.   

∙.ഇന്ത്യയുടെ തെക്കെ അറ്റത്തുളള കന്യാകുമാരി മൂന്നു സാഗരങ്ങളുടെ സംഗമസ്‌ഥാനമെന്ന നിലയിൽ ലോകപ്രശസ്‌തമാണ്.

∙ഊട്ടി,കൊടൈക്കനൽ,നീലഗിരി തുടങ്ങി അതിമനോഹരങ്ങളായ ഹിൽസ്‌റ്റേഷനുകളും തമിഴ്‌നാട്ടിലുണ്ട്.

∙ ചെന്നൈയോട് ചേർന്ന് 12 കിലോമീറ്റർ നീളുന്ന മറീന കടപ്പുറം ലോകത്തെ തന്നെ നീളം കൂടിയ ബീച്ചുകളിലൊന്നാണ്.

∙ഉന്നത തത്വചിന്തയും കാവ്യഭംഗിയും കൊണ്ട് ശ്രദ്ധേയമാണ് തിരുക്കുറൽ. തിരുവള്ളൂവർ ആണ് രചിച്ചത്.

∙ചെന്നൈയാണ് രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന മുനിസിപ്പൽ കോർപ്പറേഷൻ.

∙ഇന്ത്യയിൽ ഉപയോഗിക്കുന്ന തീപ്പെട്ടിയുടെ ബഹുഭൂരിപക്ഷവും നിർമിക്കുന്നത് തമിഴ്നാട്ടിലാണ്

തെലങ്കാന

∙രൂപവൽക്കരണം:2014 ജൂൺ 2

∙ പ്രധാന ഭാഷകൾ: തെലുങ്ക്, ഉറുദു

∙ പ്രധാന നഗരങ്ങൾ: ഹൈദരാബാദ്, വാറങ്കൽ, നിസാമബാദ്, ഖമ്മം, കരിംനഗർ, രാമഗുണ്ടം

∙പ്രധാന ഉത്സവം: ഉഗാദി, ബൊണാലു

∙ ദേശീയ ഉദ്യാനം: മൃഗവാണി, മഹാവിർ ഹരിന വനസ്ഥലി, കാശു ബ്രഹ്മനാന്ദ റെഡ്ഡിദേശീയോദ്യാനം.

∙സംസ്ഥാന മൃഗം: മാൻ

∙സംസ്ഥാന പക്ഷി: ഇന്ത്യൻ റോളർ

∙ഇന്ത്യ സ്വാതന്ത്രം നേടുമ്പോൾ സമ്പന്നമായ നാട്ടുരാജ്യമായിരുന്നു ഹൈദരബാദ്. നൈസാം എന്നായിരുന്നു ഭരണാധികാരികൾ അറിയപ്പെട്ടിരുന്നത്.

∙ആന്ധ്രപ്രദേശിന്റെ ഭാഗമായിരുന്ന തെലങ്കാന 2014 ജൂൺ 2ന് പ്രത്യേക സംസ്ഥാനമായി.

∙12–ാം നൂറ്റാണ്ടിൽ കാകതീയ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു വാറങ്കൽ.

∙ഗോദാവരി, മഞ്ചീര , മുസി , കൃഷ്ണ തുടങ്ങിയവ പ്രധാന നദികൾ

∙ഇന്ത്യയിലെ ചരിത്രസ്മാരകങ്ങളിൽ ഒന്നായ, 1591ൽ നിർമിച്ച ചാർമിനാർ കവാടവും പളളിയും ഹൈദരബാദിലാണ്.

∙ ഗോൽക്കോണ്ടയിൽനിന്നാണ് കോഹിനൂർ രത്നം ഖനനം ചെയ്ത് എടുത്തത് 

∙സിംഗറോണി (Singareni)  കൽക്കരി ഖനി കമ്മം ജില്ലയിലാണ്.

∙ പ്രധാനമായി സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഉത്സവമാണ് ബദുകമ്മ

∙ഹൈദരബാദ് – സെക്കന്ദരബാദ് ഇരട്ടനഗരങ്ങളാണ്.

∙ഹുസൈൻ സാഗർ തടാകമാണ് ഇവയെ വേർതിരിക്കുന്നത്.

ത്രിപുര

∙രൂപവൽക്കരണം: 1972 ജനുവരി 21

∙പ്രധാന ഭാഷകൾ: ബംഗാളി, കൊക്ബരക്

∙പ്രധാന ഉത്സവം: ഗരിയ പൂജ, മകർ സംക്രാന്തി

∙ദേശീയ ഉദ്യാനം: ബൈസൺ, ക്ലൗഡഡ് ലപ്പേർഡ്

∙സംസ്ഥാന മൃഗം: ഭായ്റി കുരങ്ങ്

∙സംസ്ഥാന പക്ഷി: ഗ്രീൻ ഇംപീരിയൽ പിജിൻ

∙ഗോത്രവർഗക്കാരുടെ കൊയ്ത്തുത്സവമാണ് ഗരിയപൂജ. പാട്ടും നൃത്തവുമെല്ലാം ഇതിന്റെ ഭാഗമാണ്.

∙ഗോത്രവർഗക്കാരുടെ മുളകൊണ്ടുളള പരമ്പരാഗതമായ വീടുകൾ ടോങ് എന്നറിയപ്പെടുന്നു.

∙ഗരിയ നൃത്തം , ജൂം നൃത്തം എന്നിവ പ്രധാനനൃത്തരൂപങ്ങളാണ്.

ഉത്തർപ്രദേശ്

∙രൂപവൽക്കരണം:1950 ജനുവരി 24

∙പ്രധാന ഭാഷകൾ: ഹിന്ദി, ഉറുദു

∙പ്രധാന നഗരങ്ങൾ: കാൻപുർ, ലക്നൗ, ഗാസിയാബാദ്, ആഗ്ര, വാരാണസി, മീററ്റ്, പ്രയാഗ്, ബറേലി, അലിഗഡ്

∙പ്രധാന ഉത്സവം: രാമനവമി, ഹോളി

∙ദേശീയ ഉദ്യാനം: ധുദ്വ

∙സംസ്ഥാന മൃഗം: ബാരസിംഗ

∙ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം

∙പ്രാചീനകാലത്ത് ബ്രഹ്മർഷിദേശം , മധ്യദേശം എന്നിങ്ങനെ അറിയപ്പെട്ടിരുന്നു.

∙ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹൽ ആഗ്രയിലാണ്.

∙ദേശീയ പാതകളുടെ ദൈർഘ്യത്തിൽ ഒന്നാം സ്ഥാനത്ത്

∙1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ പ്രധാന സമരകേന്ദ്രങ്ങളിലൊന്നായിരുന്നു ലക്നൗ.

∙കഥക് നൃത്തത്തിലെ ഒരു പ്രധാന വകഭേദമാണ് ലക്നൗ ഘരാന. നവാബ് വാജിദ് അലി ഷായുടെ രാജാങ്കണത്തിൽ രൂപം പ്രാപിച്ചതാണ് ലക്നൗ ഘരാന. 

∙ത്രിവേണി സംഗമത്താൽ പ്രശസ്തമായ ഉത്തർപ്രദേശിലെ തീർത്ഥാടന കേന്ദ്രമാണ് പ്രയാഗ്‍രാജ് ( അലഹാബാദ് എന്നു പഴയ പേര്). ലോകപ്രശസ്തമായ കുംഭമേള മഹോത്സവം ഇവിടെയാണ് നടക്കുന്നത്.

∙ബി.സി.മൂന്നാം നൂറ്റാണ്ടിൽ സ്ഥാപിച്ച അശോക സ്തംഭവും പ്രശസ്തമായ പാതാ​ളപുരി ​ക്ഷേത്രവും അലഹബാദ് കോട്ടയിലാണ്. 

∙പ്രമുഖ ബുദ്ധമത തീർത്ഥാടന കേന്ദ്രമായ സാരാനാഥിലെ സ്തൂപത്തിൽ നിന്നാണ് ദേശീയ ചിഹ്നമായ അശോക സ്തംഭം സ്വീകരിച്ചത്.

∙ഒന്നാം സ്വതന്ത്രസമരം ആരംഭിച്ചത് മീററ്റിലാണ്.

∙ഒന്നാം സ്വാതന്ത്രസമരത്തിൽ ബ്രിട്ടിഷുകാർക്കെതിരെ പട നയിച്ച റാണി ലക്ഷ്മിബായിയുടെ നാടാണ് ഝാൻസി

∙ഉത്തർപ്രദേശ് ഇന്ത്യയുടെ പഞ്ചസാരകിണ്ണം എന്നറിയപ്പെടുന്നു.

∙ലോകത്തിലെ ഏറ്റവും വലിയ സ്‍കൂൾ ലക്നനൗവിലെ സിറ്റി മോണ്ടിസോറി സ്കൂളാണ് (56,000 വിദ്യാർത്ഥികൾ)

ഉത്തരാഖണ്ഡ്

∙രൂപവൽക്കരണം:2000 നവംബർ 9

∙ പ്രധാന ഭാഷകൾ: ഹിന്ദി, ഗഡ്വാളി, കുമൗണി, ഇംഗ്ലിഷ്

∙ പ്രധാന നഗരങ്ങൾ: ഡെറാഡൂൺ, ഹരിദ്വാർ, റൂർക്കി

∙പ്രധാന ഉത്സവം: ഗംഗാ ദസറ, മകർ സംക്രാന്തി

∙ദേശീയ ഉദ്യാനം: ഗംഗോത്രി, ഗോവിന്ദ് പശു വിഹാർ, ജിം കോർബറ്റ്, നന്ദാദേവി, രാജാജി, വാലി ഓഫ് ഫ്ലവേഴ്സ്

∙ സംസ്ഥാന മൃഗം: കസ്തൂരി മാൻ ( Alpine Musk Deer )

∙സംസ്ഥാന പക്ഷി: ഹിമാലയൻ മൊണാൽ (Himalayan Monal)

∙സംസ്ഥാന വൃക്ഷം: Burans 

∙സംസ്ഥാന പുഷ്പം: ബ്രഹ്മ കമൽBrahma kamal 

∙ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം. രൂപീകരണ വേളയിൽ ഉത്തരാഞ്ചൽ എന്നറിയപ്പെട്ടിരുന്നത്

∙വടക്ക് എന്നർത്ഥം വരുന്ന ഉത്തര, ഭൂമി, ദേശം എന്നിങ്ങനെ അർഥംവരുന്ന ഖണ്ഡ എന്നീ വാക്കുകൾ ചേർന്നാണ് ഉത്തരാഖണ്ഡ് എന്ന പേരുണ്ടായതെന്ന് കരുതുന്നു.

∙ഹിമാലയത്തിലെ ഡൂൺ താഴ്‌വയിലാണ് ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂൺ സ്ഥിതിചെയ്യുന്നത്. . നിരവധി പബ്ലിക് സ്കൂളുകളുടെ സാന്നിധ്യത്താൽ പ്രശസ്തമാണ് ഈ പ്രദേശം. 

∙ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെ ആസ്ഥാനം ഡെറാഡൂൺ ആണ്. 

∙തീർഥാടന നഗരമായ ഹരിദ്വാർ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയ്ക്കും പ്രശസ്തമാണ്.

∙ഉത്തരാഖണ്ഡിലെ സാംസ്കാരിക നഗരം എന്നറിയപ്പെടുന്നത് അൽമോറ 

∙ഇന്ത്യൻ സിവിൽ സർവീസിലെ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന ലാൽ ബഹദൂർ ശാസ്ത്രി നാഷനൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ സ്ഥിതി ചെയ്യുന്ന മസ്സൂറി ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിലാണ്. 

∙ട്രക്കിങ്ങിന് പ്രശസ്തമാണ് ടിബറ്റ് / ചൈന അതിർത്തിയിലുള്ള  മാന ഗ്രാമം

∙ഏറെ പ്രശസ്തമായ ഹിൽ സ്റ്റേഷനാണ് നൈനിറ്റാൾ.   നൈനിറ്റാളിൽ രാംഗംഗ നദിക്ക് സമീപമാണ് ആദ്യത്തെ ദേശീയോദ്യാനമായ  ജിം കോർബറ്റ് ദേശീയോദ്യാനം

∙1970കളിൽ റേനി ഗ്രാമത്തിലായിരുന്നു ലോകപ്രസിദ്ധമായ ‘ചിപ്കോ പ്രസ്ഥാന’ത്തിന്റെ തുടക്കം. വനത്തിൽ വൃക്ഷങ്ങൾ മുറിക്കാൻ അനുവദിക്കുന്ന നയത്തിനെതിരെ ഗ്രാമീണരായ സ്ത്രീകൾ സമരരംഗത്തെത്തി. വനം തങ്ങളുടെ വീടാണെന്നു പ്രഖ്യാപിച്ച് ഇവർ മരങ്ങളെ ആലിംഗനം ചെയ്ത് നിന്നു. ചിപ്കോ എന്ന പദത്തിന്റെ അർഥം കെട്ടിപ്പിടിക്കുക (to hug) എന്നാണ്. 

∙ഗംഗ, യമുന, രാംഗംഗ, കാളിഗംഗ, അളകനന്ദ, മന്ദാകിനി,ഭാഗീരഥി തുടങ്ങിയവയാണ് പ്രമുഖ നദികൾ

∙ഏഴു കുന്നുകളാൽ ചുറ്റപ്പെട്ട നൈനിറ്റാളിലെ തടാകം വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. നിരവധി തടാകങ്ങളാലും ഡൂൺ താഴ്‌വര, സൗർ വാലി, ജോഹർ വാലി തുടങ്ങിയ താഴ്‌വരകളാലും വിവിധ വെള്ളച്ചാട്ടങ്ങളാലും സൂര്യകുണ്ഡ്, തപ്ത്കുണ്ഡ്, ഗൗരികുണ്ഡ് തുടങ്ങിയ ചുടു നീരുറവകളാലും സമ്പന്നമാണ് ഉത്തരാഖണ്ഡ്. 

∙ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ അണക്കെട്ടാണ് ഭാഗീരഥി നദിയിലെ തെഹ്‌രി ഡാം. 

∙ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ അളകനന്ദ നദിയുടെ കരയിലാണ് ഏറെ പ്രസിദ്ധമായ ബദരീനാരായൺ ക്ഷേത്രം 

പശ്ചിമ ബംഗാൾ

∙രൂപവൽക്കരണം:1956 നവംബർ 1

∙പ്രധാന ഭാഷ: ബംഗാളി

∙പ്രധാന നഗരങ്ങൾ: കൊൽക്കത്ത, അസൻസോൾ, സിലിഗുഡി, ദുർഗാപുർ ബർധമാൻ

∙പ്രധാന ഉത്സവം: ദുർഗാപൂജ, കാളിപൂജ

∙ ദേശീയ ഉദ്യാനം: ഗോരുമാര, സിംഗാലില, സുന്ദർബൻസ്

∙ സംസ്ഥാന മൃഗം: ഫിഷിംങ് ക്യാറ്റ്

∙സംസ്ഥാന പക്ഷി: വൈറ്റ് ബ്രസ്റ്റഡ് കിങ്ഫിഷർ

∙പ്രാചീനരാജ്യമായ ‘വംഗ ’ ദേശത്തിന്റെ പേരിൽ നിന്നാണ് ബംഗ്ല എന്ന പേരിന്റെ ഉദ്ഭവം.

∙ഡൽഹിക്ക് മുമ്പ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന കൽക്കത്ത (1773 മുതൽ 1911 വരെ)

∙തേയില വ്യവസായത്തിന് പേര് കേട്ടതാണ് പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ഡാർജിലിങ്. ഹിമാലയൻ മൗണ്ടനീയറിങ്ങ് ഇൻസ്റ്റിട്ട്യൂട്ട് ഇവിടെയാണ്.

∙ഇന്ത്യയിലെ ഏറ്റവും നീളമുളള തൂക്കുപാലമാണ് കൊൽക്കത്തയിൽ ഹഗ്ലി പാലത്തിന് കുറുകേയുളള രബീന്ദ്രബ്രിഡ്‍ജ് (ഹൗറ പാലം)

∙സാഹിത്യ നൊബേൽ ജേതാവും ദേശീയഗാനം രചയിതാവുമായ രവീന്ദ്രനാഥ ടാഗോർ 1861ൽ കൊൽക്കത്തയിലാണ്  ജനിച്ചത്.

∙സിറ്റി ഓഫ് ജോയ്, ഇന്ത്യയിലെ ആദ്യ ശാസ്ത്രനഗരം എന്നും കൊൽക്കത്ത അറിയപ്പെടുന്നു.

∙സമാധാന നൊബേൽ ജേതാവായ മദർ തരേസയുടെ ‘മിഷണറീസ് ഓഫ് ചാരിറ്റി’യുടെ ആസ്ഥാനം കൊൽക്കത്ത 

∙ഇന്ത്യയിലെ ഏറ്റവും പഴയ ഫുട്ബോൾ ക്ലബ് 1889ൽ സ്ഥാപിച്ച മോഹൻ ബഗാനാണ്.ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക എന്നും കൊൽക്കത്ത അറിയപ്പെടുന്നു.

∙ഇന്ത്യയിൽ ഉദ്പാദിപ്പിക്കുന്ന ചണത്തിന്റെ പകുതിയിലധികവും ബംഗാളിൽ നിന്നാണ്.

∙കൽക്കരി വ്യവസായത്തിന് പേര് കേട്ട അസൻസോൾ (ASANSOL) നഗരം ‘കറുത്ത വജ്രത്തിന്റെ ദേശം’ (Land of black Diamond) എന്നറിയപ്പെടുന്നു.

∙ശാന്തിനികേതൻ വിശ്വഭാരതി സർവകലാശാല, കൊൽക്കത്ത വിക്ടോറിയ മെമ്മോറിയൽ മന്ദിരം , സുവോളജിക്കൽ ഗാർഡൻ, ഹൗറ ബോട്ടാണിക്കൽ ഗാർഡൻ തുടങ്ങിയവയും  പ്രധാന സ്ഥാപനങ്ങളാണ്.

∙ബേലൂരാണ് ശ്രീരാമകൃഷണമിഷന്റെ ആസ്ഥാനം

∙ഇന്ത്യയിലെ ആദ്യ െഎ െഎ ടി ഖരക്പൂരാണ്

∙കൊൽക്കത്തയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി – നാഷണൽ ലൈബ്രറി

∙ജനസാന്ദ്രതയിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനമാണ് ബംഗാളിന്

                                          

കേന്ദ്രഭരണ പ്രദേശങ്ങൾ

ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം

∙ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിൽ തെക്കു വടക്കായി നിരയായും നിരതെറ്റിയും കിടക്കുന്ന 572 ദീപുകളുടെ കൂട്ടത്തെയാണ് ആൻഡമാൻ നിക്കോബാർ ദീപ സമൂഹം എന്ന് പറയുന്നത്. 38 എണ്ണത്തിലേ ജനവാസമുളളു.

∙ ബ്രിട്ടീഷുകാർ സെല്ലുലാർ തടവുകൾ സ്ഥാപിച്ചിരുന്ന സ്വാതന്ത്യ്ര സമരകാലത്ത്  ഈ ദ്വീപിനെ കാലാപാനി എന്നാണ് വിളിച്ചിരുന്നത്.കാലാപാനി എന്നാൽ കറുത്ത വെള്ളം എന്നാണർത്ഥം.

∙രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാൻ ദ്വീപുകൾക്ക് മേൽ അധികാരം നേടി നേതാജി സുഭാഷ് ചന്ദ്രബോസിന് കൈമാറി. അദ്ദേഹം ദ്വീപുകൾളെ ഷഹീദ് , സ്വരാജ് എന്നിങ്ങനെ നാമകരണം െചയ്തു.

∙വടക്കൻ ആൻഡമനിലുളള ബാരൺദ്വീപ് തെക്കനേഷ്യയിലെ ഏക സജീവ അഗ്നിപർവതമാണ്. ആൻഡമനിലുളള നിർജീവ അഗ്നിപർവതമാണ് നിർക്കോണ്ടം

∙ഇന്ത്യയുടെ തെക്കേ അതിരെന്നു വിശേഷിപ്പിക്കാവുന്നത് ആൻഡമാൻ-നിക്കോബാർ ദ്വീപസമൂഹത്തിൽ തെക്കേയറ്റത്തുള്ള ഇന്ദിരാ പോയിന്റാണ്  (നേരത്തേ പിഗ്മാലിയൻ പോയിന്റ് എന്നായിരുന്നു പേര്). 

∙ദേശീയ ഉദ്യാനം: ക്യാംബെൽ ബേ, ഗലാത്തിയ, മഹാത്മാ ഗാന്ധി മറൈൻ, മിഡിൽ ബട്ടൺ ഐലൻഡ്, ഹാരിയത്ത്, റാണി ഝാൻസി, സാഡിൽ പീക്ക്

ലഡാക്ക്

∙ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണപ്രദേശമാണ് ലഡാക്ക്.

∙ടിബറ്റൻ സംസ്കാരത്തിന്റെ സ്വാധീനം പ്രകടം , ലിറ്റിൽ ടിബററ് എന്നറിയപ്പെടുന്നു.

∙ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനമാണ് ഹെമീസ് പാർക്ക്. ഹിമപ്പുലിയുടെ സാന്നിധ്യം കൊണ്ട് പ്രശസ്തം.

∙സിയാചിൻ ഗ്ലാസിയറാണ് ലോകത്തിലേറ്റവും ഉയരത്തിലുളള ഹെലിപാഡ്.

∙ലഡാക്കിലെ പ്രധാന ഉത്സവമാണ് ഹെമിസ്. ടിബറ്റൻ  താളവാദ്യങ്ങളും നൃത്തവും വർണവുമെല്ലാം നിറയുന്ന ആഘോഷമാണ് ഹെമിസ്

ജമ്മു കാശ്മീർ

∙ശ്രീനഗർ വേനക്കാല തലസ്ഥാനം . ജമ്മു ശീതകാല തലസ്ഥാനം

∙ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകം വൂളാർ തടാകമാണ്.

∙ഹൗസ്ബോട്ട് വിനോദസഞ്ചാരത്തിന് ഏറെ പ്രസിദ്ധമാണ് ശ്രീനഗറിലെ ദാൽ തടാകം. ശ്രീനഗർ ഝലം നദീതീരത്താണ്.

∙മാൻസബ‍ൽ തടാകം താമരയ്ക്ക് പ്രസിദ്ധം.

∙അമർനാഥ് ഗുഹാക്ഷേത്രത്തിലേക്കുളള തീർത്ഥയാത്ര അനേകരെ ആകർഷിക്കുന്നു.

ചണ്ഡിഗഡ്

∙പഞ്ചാബിന്റെയും ഹരിയാനയുടേയും തലസ്ഥാനം കൂടിയായ കേന്ദ്രഭരണപ്രദേശം

∙1948ൽ പഞ്ചാബിന്റെ തലസ്ഥാനമായി. 1966ൽ പഞ്ചാബ് വിഭജിച്ച് ഹരിയാന സംസ്ഥാനത്തിന് രൂപം നൽകിയപ്പോൾ കേന്ദ്രഭരണപ്രദേശമായി.

∙ആസൂത്രിതനഗരമാണ് ചണ്ഡിഗഡ്

ദാദ്ര, നാഗർ ഹവേലി

∙1961ൽ ഇന്ത്യൻ യൂണിയന്റെ ഭാഗമായ ദാദ്രയും ഗുജറാത്തിലും , ഗുജറാത്ത്–മഹാരാഷ്ട്ര അതിർത്തിയിലുമായി നിലകൊളളുന്നു . ദാദ്ര ഗുജറാത്ത് സംസ്ഥാനത്തിനുളളിലാണ്.നഗർഹവേലി ഗുജറാത്തിന്റെയും മഹാരാഷ്ട്രയുടേയും അതിർത്തിയിലാണ്.

∙നഗർഹവേലിക്കുളളിലെ ഗുജറാത്ത് ഗ്രാമപ്രദേശമാണ് മഗ്വാൽ (MAGHVAL )

∙ധോഡിയ (DHODIA) , കൊക്ണ (KOKNA) വർളി (VARLI) തുടങ്ങിയ ആദിവാസിവിഭാഗക്കാരാണ് ജനങ്ങളിൽ ഭൂരിഭാഗവും.

ദാമൻ, ദിയു

1961–ൽ പോർച്ചുഗീസുകാരിൽ നിന്നും ഗോവയ്ക്കൊപ്പം ബലമായി പിടിച്ചെടുത്തതാണ് ദാമനും ദിയുവും 

പുതുച്ചേരി

∙3 സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന കേന്ദ്രഭരണപ്രദേശം. േകരളത്തിലെ മാഹി, തമിഴ്നാട്ടിലെ പുതുച്ചേരി,കാരക്കൽ (Karaikal), ആന്ധ്രാപ്രദേശിലെ യാനം എന്നിവ പുതുച്ചേരിയുടെ പരിധിയിലാണ്.

∙ഫ്രഞ്ചുകാർക്കായിരുന്നു പുതുച്ചേരിയിൽ ആധിപത്യം. 1954ൽ ഇന്ത്യയുടെ ഭാഗമായി.

∙ഇന്ത്യൻ തത്വചിന്തകനായ അരബിന്ദോയുടെ പ്രധാനപ്രവർത്തനകേന്ദ്രവും ആശ്രമവും പുതുച്ചേരിയിലാണ്.

∙പ്രമുഖ വൈദ്യവിദ്യാഭ്യാസ സ്ഥാപനമാണ് ജവഹർലാൽ ഇൻസ്റ്റിട്ട്യൂട്ട് ഒാഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ഇൻസ്റ്റിട്ട്യൂഷൻ(ജിപ്മെർ)

‍ഡൽഹി

∙1911ൽ ഡൽഹി ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായി

∙സർ എഡ്വിൻ ലുട്ടെൻസ്, സർ ഹെർബർട്ട് ബേക്കർ എന്നിവരാണ് ന്യൂഡൽഹി നഗരത്തിന്റെ മുഖ്യശില്പികൾ.

∙ഏറ്റവും ജനസംഖ്യയുളളതും ജനസാന്ദ്രതയേറിയതുമായ കേന്ദ്രഭരണ പ്രദേശം

∙സ്വന്തമായി ഹൈക്കോടതിയുളള ഏക കേന്ദ്രഭരണപ്രദേശം

∙മുഗൾഭരണാധികാരി ഷാജഹാൻ നിർമ്മിച്ചതാണ് പ്രധാന വാണിജ്യകേന്ദ്രമായ ചാന്ദിനിചൗക്ക്

∙ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം പളളിയാണ് ഡ‍ൽഹി ജുമാ മസ്ജിദ്

∙ഇന്ത്യൻ റയിൽ മ്യൂസിയം ചാണക്യപുരിയിലാണ്.

∙ഇന്ത്യയിലെ ആദ്യ ആർക്കിയോളജിക്കൽ പാർക്കാണ് മെഹ്റോളി ആർക്കിയോളജിക്കൽ പാർക്ക്.

∙രാഷ്‌ട്രപതി ഭവനു ചുറ്റുമുളള സുന്ദരമായ ഉദ്യാനം മുഗൾ ഗാർഡൻ എന്ന് അറിയപ്പെടുന്നു. 

∙ഡൽഹിയിൽ ഷാജഹാൻ പണി കഴിപ്പിച്ച ചുവപ്പു കോട്ട വളരെ പ്രസിദ്ധമാണ്. 

∙1947 ഓഗസ്‌റ്റ് 15 ന് ഇന്തയ്‌ക്കു സ്വാതന്ത്രം ലഭിച്ചപ്പോൾ , സ്വതന്ത്ര ഇന്തയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആദ്യമായി ചുവപ്പു കോട്ടയ്‌ക്കു മുകളിൽ ദേശീയ പതാക ഉയർത്തി.

∙ഒന്നാം ലോക മഹായുദ്ധത്തിൽ ജീവൻ ബലികഴിച്ച ഇന്ത്യൻ ജവാന്മാരുടെ സ്‌മരണയ്‌ക്കായ പണി തീർത്തിട്ടുള്ളതാണ് ഇന്ത്യാഗേറ്റ്.  

∙കുത്തബുദ്ദീൻ സ്‌ഥാപിച്ച കുത്തബ് മീനാർ, അതിനടുത്തായി സ്‌ഥിതി ചെയ്യുന്ന അയൺ പില്ലർ, ഹുമയൂണിന്റെ കുടീരം, പഴയ കോട്ട മുതലായവയും ഡൽഹിയിലെ പ്രസിദ്ധങ്ങളായ കെട്ടിടങ്ങളാണ്. 

∙നെഹ്‌റു പ്ലാനട്ടേറിയം, സുവോളജിക്കൽ പാർക്ക്, ജുമാ മസ്‌ജിദ്, താമരപ്പൂവിന്റെ ആകൃതിയിലുളള ബഹായി മന്ദിരം തുടങ്ങിയവയും ഡൽഹിയിലെ പ്രധാനപ്പെട്ട സ്‌ഥലങ്ങളാണ്. 

∙മഹാത്മാ ഗാന്ധി വെടിയേറ്റുവീണ ബർളാ ഹൗസ് ഡൽഹിയലാണ്. 

∙ഗാന്ധിജി അന്ത്യ വിശ്രമം കൊള്ളുന്ന രാജ്‌ഘട്ട്, രാജീവ് ഗാന്ധിയുടെ സമാധിസ്‌ഥലമായ വീർഭൂമി.  ഇന്ദരാഗാന്ധിയുടെ സമാധി സ്‌ഥൽ. നെഹ്റുവിന്റെ സമാധിസ്ഥലം ശാന്തിഭവൻ.

∙ജയ്‌പൂരിലെ മഹാരാജാവായ ജയ്‌സങ് പണ കഴിപ്പിച്ച ജന്തർ മന്ദിർ ഡൽഹിയിലെ പ്രസിദ്ധമായ വാനനീരീക്ഷണ കേന്ദ്രമാണ്.

∙ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കാണ് ‘സുവോളജിക്കൽ ഗാർഡൻ’ 

∙യമുനാ നദി ഡൽഹിയിൽ കൂടിയാണ് ഒഴുകുന്നത്. 

∙ഇന്ത്യയിലെ പ്രമുഖ ഗവേഷണസ്ഥാപനങ്ങളും കേന്ദ്രസാഹിത്യ അക്കാദമി, ലളിത കല അക്കാദമി, സംഗീത നാടക അക്കാദമി തുടങ്ങിയവയുടെ ആസ്‌ഥാന കേന്ദ്രങ്ങളും ഡൽഹിയിൽ സ്‌ഥിതി ചെയ്യുന്നു. 

ലക്ഷ്വദ്വീപ്

∙36 ദ്വീപുകളുടെ സമൂഹമാണ് ലക്ഷ്വദ്വീപ് . 10 എണ്ണത്തിൽ മാത്രമാണ് ജനവാസമുളളത്

∙രാജ്യത്തെ ഏറ്റവും ചെറിയ ലോക്‌സഭാ മണ്ഡലം

∙ലക്ഷ്വദീപിന് അടുത്തുളള വിദേശരാഷ്ട്രം മാലിദ്വീപാണ്

∙മലയാളമാണ് പ്രധാന ഭാഷ. പ്രാദേശികഭാഷകളുമുണ്ട്.

∙അഗത്തിയിലാണ് വിമാനത്താവളം

∙ഏറ്റവും ജനസംഖ്യയുളള ദ്വീപ് കവരത്തി

English Summary: Thousand amazing facts about India

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA