കാണാത്ത നാണയം; കംപ്യൂട്ടർ സാങ്കേതിക വിദ്യയിലൂടെ നിർമിച്ച ബിറ്റ്കോയിൻ

HIGHLIGHTS
  • ബിറ്റ്കോയിൻ മാത്രമാണോ ക്രിപ്റ്റോ കറൻസി
bitcoin
SHARE

ഈയടുത്ത് ഒരു രാജ്യം ബിറ്റ്‌കോയിന് അംഗീകാരം കൊടുത്തെന്ന് വാർത്തകളിൽ കണ്ടില്ലേ....കൂട്ടുകാർക്കു ബിറ്റ്‌കോയിൻ എന്താണെന്നറിയാമോ ? നമ്മൾ കൊണ്ടു നടക്കുന്ന രൂപ പോലെയുള്ള ഒരു നാണയമല്ല അത്. കംപ്യൂട്ടർ സയൻസിലെ നൂതന സാങ്കേതിക വിദ്യയായ ബ്ലോക്‌ചെയിൻ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഒരു ഡിജിറ്റൽ കറൻസിയാണിത്. ക്രിപ്റ്റോ കറൻസി എന്നും പറയും. എന്താണു ക്രിപ്റ്റോ കറൻസി.. അതിന് ആദ്യം ബ്ളോക് ചെയിൻ എന്താണെന്നു മനസിലാക്കാം....

ബ്ലോക് ചെയിൻ 

പേരു പോലെ തന്നെ വിവരങ്ങളെ ബ്ലോക്കുകളായി കണക്കാക്കി അവയെ പരസ്‌പരം ചെയിൻ കൊണ്ടു ബന്ധിപ്പിച്ചിരിക്കുന്ന ടൈം സ്‌റ്റാംപുകളാണ് ബ്ലോക് ചെയിൻ. ഒരു ബ്ലോക്കിൽ ഡേറ്റ, ഹാഷ്, തൊട്ടു മുൻപിലത്തെ ബ്ലോക്കിന്റെ ഹാഷ് എന്നിവ കാണും. ഇതിൽ ഡേറ്റ എന്നു പറയുന്നതു നമ്മൾ ആ ബ്ലോക്കിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളാണ്. ഹാഷ് എന്നതു ഡേറ്റയിൽ ഹാഷ് അൽഗൊരിതം പ്രയോഗിക്കുമ്പോൾ കിട്ടുന്ന വാല്യു ആണ്. അതാകട്ടെ ഒരിക്കലും ആവർത്തിക്കില്ല. അതായത്, ഒരു ഹാഷ് വാല്യു ഒരു ബ്ലോക്കിനെ മാത്രമേ സൂചിപ്പിക്കൂ. അതു തന്നെയാണു  ബ്ലോക്‌ചെയിനിന്റെ സുരക്ഷയും. എല്ലാവരും അംഗീകരിച്ച, പഴയ ബ്ലോക്കിലേക്കു പോയി തിരുത്തിയാലും പിടി വീഴും. ബ്ലോക്കും ഹാഷ് വാല്യുവുമായി ഒത്തുനോക്കുമ്പോൾ ചേരില്ല. അതോടെ ചെയിൻ പൊട്ടും. പ്രൂഫ് ഓഫ് വർക്ക് കണക്കാക്കുന്നതിലൂടെയാണ് ഇതു കണ്ടെത്തുക. ബ്ലോക്‌ചെയിനിന്റെ സെക്യൂരിറ്റി ഹാഷ്, പ്രൂഫ് ഓഫ് വർക്ക്, വികേന്ദ്രീകൃത നെറ്റ് വർക്ക് എന്നിവയിലാണ്. 

ഹാഷ് 

ഒരു ബ്ലോക്കിലെ ഡേറ്റ ഹാഷ് അൽഗൊരിതം ഉപയോഗിച്ചു  പ്രോസസ് ചെയ്‌തു കിട്ടുന്ന വാല്യു ആണിത്. ഒരു ഡേറ്റയെ മറ്റൊരു രൂപത്തിലേക്കു മാറ്റുന്ന ഘട്ടം ഘട്ടമായുള്ള പ്രവർത്തനത്തെയാണു ഹാഷ് അൽഗൊരിതം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഹാഷ് അൽഗൊരിതം ഡേറ്റയെ ഹാഷ് എന്ന വാല്യു ആക്കി മാറ്റും. പക്ഷേ ആ വാല്യുവിനെ തിരികെ ഡേറ്റ ആക്കാൻ കഴിയില്ല. ഏതു വലുപ്പത്തിലുള്ള ഡേറ്റ നൽകിയാലും അൽഗൊരിതം തിരികെ തരുന്നതു മുൻ നിശ്ചയിച്ച വലുപ്പത്തിലുള്ള ഹാഷ് ആകും. ഒരു അക്ഷരമുള്ളതിനും 100 വാക്കുകളുള്ളതിനും ഒരേ നീളമുള്ള ഹാഷ് !

രണ്ടു പേർക്ക് ഒരേ ഫിംഗർ പ്രിന്റ് ഉണ്ടാകില്ല എന്ന പോലെ ഒരു ബ്ലോക്കിന് ഒരു വാല്യു മാത്രമേ കാണുകയുള്ളൂ. പുതിയ ബ്ലോക്ക്  കൂട്ടിച്ചേർക്കുമ്പോൾ അതിലുള്ള ഹാഷ് തൊട്ടു മുൻപുള്ള ബ്ലോക്കിന്റെതാണോയെന്നാണു പരിശോധിക്കുക. അതു ചേരുന്നതാണെങ്കിൽ പുതിയ ബ്ലോക്ക് അംഗീകരിക്കപ്പെടും. 

ഇനി ഇതു മാറ്റണമെന്നു തോന്നിയാലോ, ഇവിടം മുതലുള്ള എല്ലാ ബ്ലോക്കുകളും ഒഴിവാക്കി പുതിയ ചെയിൻ തന്നെ രൂപപ്പെടുത്തേണം. പഴയ ബ്ലോക്കിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ അതിന്റെ ഹാഷ് മാറും. അതോടെ രണ്ടു ബ്ലോക്കുകൾ തമ്മിലുള്ള ബന്ധം മുറിയും. 

പ്രൂഫ് ഓഫ് വർക്ക് 

ഈ മെക്കാനിസം പുതിയ ബ്ലോക്കുകൾ ഉണ്ടാകുന്നതിന് ആവശ്യമായ ഇടവേള ഉറപ്പാക്കുന്നു. ബിറ്റ്‌കോയിന് ഏകദേശം 10 മിനിറ്റാണു പുതിയ ബ്ലോക്ക് കൂട്ടിച്ചേർക്കാൻ ആവശ്യമായുള്ളത്. ചെയിനിലുള്ള ഒരു ബ്ലോക്കിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ തുടർന്നു വരുന്ന എല്ലാ ബ്ലോക്കുകൾക്കും പ്രൂഫ് ഓഫ് വർക്ക് കണക്കാക്കേണ്ടി വരും. 

പിയർ നെറ്റ്‌വർക് (peer -to-peer-network )  

ബ്ലോക് ചെയിൻ വികേന്ദ്രീകൃതമാണ്. സാധാരണ നെറ്റ്‌വർക്കുകളെ പോലെ സെർവറിലല്ല ഡേറ്റ സൂക്ഷിക്കുന്നത്. ആ ചെയിനിൽ അംഗമായിട്ടുള്ള എല്ലാവർക്കും ഡേറ്റയുടെ ഒരു കോപ്പിയുണ്ടാകും. കേന്ദ്രീകൃതമായി ഒരു സെർവറിലാണു ഡേറ്റ സൂക്ഷിക്കുന്നതെങ്കിൽ അതിന്റെ സുരക്ഷാ പിഴവു മുതലെടുത്ത് നുഴഞ്ഞു കയറി തെറ്റായ വിവരങ്ങൾ ചേർക്കാൻ കഴിയും. കണ്ടുപിടിക്കപ്പെട്ടില്ലെങ്കിൽ ആ വിവരങ്ങൾ യഥാർഥമാണെന്നു കരുതപ്പെടും. ഉദാഹരണത്തിനു ഒരു ബാങ്കിന്റെ സോഫ്റ്റ്‌വെയറിൽ നുഴഞ്ഞു കയറി നിങ്ങളുടെ അക്കൗണ്ടിൽ നിന്നു പണം മറ്റൊരാളുടെ അക്കൗണ്ടിലേക്കു മാറ്റിയെന്നു കരുതുക. സെർവറിലെ ഡേറ്റയിൽ തെറ്റു കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പണം നഷ്ടപ്പെട്ടതു തെളിയിക്കാൻ തന്നെ പ്രയാസമാണ്.

എന്നാൽ ബ്ലോക് ചെയിൻ സാങ്കേതിക വിദ്യയിൽ ഒരു പുതിയ ബ്ലോക് കൂട്ടിച്ചേർക്കണമെങ്കിൽ ആ ചെയിനിൽ അംഗമായിട്ടുള്ള 50 ശതമാനമെങ്കിലും ആളുകളുടെ അംഗീകാരം വേണം. അതായത് എല്ലാവരുമാറിയാതെ ഒന്നും ചെയ്യാനാകില്ല. പുതിയ ബ്ലോക് ഓരോരുത്തരുടെയും കോപ്പിയിൽ കൂട്ടിച്ചേർക്കപ്പെടുകയും ചെയ്യും. 

അമ്പമ്പോ എന്നാ വിലയാ....

36,47,399.06 രൂപയാണ് ഇന്നലത്തെ ബിറ്റ്‌കോയിൻ നിരക്ക്. ഇതു ദിവസവും മാറിക്കൊണ്ടിരിക്കും. ഓഹരികൾ പോലെ ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള നാണയങ്ങൾ വാങ്ങാനും വിൽക്കാനും കഴിയും. മറ്റൊരാളുടെ കൈവശം എത്രയുണ്ടെന്നോ, അത് ആർക്കാണ് നൽകുന്നതെന്നോ അറിയാൻ സാധിക്കില്ലെന്നു മാത്രം. അതിനാൽ തന്നെ പല രാജ്യങ്ങളിലും ക്രിപ്റ്റോ കറൻസി നിയമവിരുദ്ധമാണ്.

സതോഷി നാകമോട്ടോ 

2009 ൽ പുറത്തിറങ്ങിയ ബിറ്റ്‌കോയിൻ ആണു ആദ്യത്തെ ക്രിപ്റ്റോ കറൻസി. സതോഷി നാകമോട്ടോ എന്ന പേരിൽ അറിയപ്പെടുന്ന ജാപ്പനീസ് ഡവലപ്പറാണു ബിറ്റ്‌കോയിൻ സൃഷ്ടിച്ചത്. ഇയാൾ ആരാണെന്നതു ദുരൂഹത നിറയ്ക്കുന്ന ചോദ്യമായി ഇന്നും അവശേഷിക്കുന്നു. ആദ്യ കാലത്തു ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചവർക്കെല്ലാം വലിയ നേട്ടമായിരുന്നു. കറൻസി വളരുന്നതിനനുസരിച്ചു അവരുടെ നിക്ഷേപവും വളർന്നു. വിപണിയിലെ ആവശ്യ - ലഭ്യതകൾക്ക് അനുസരിച്ചാണു വിനിമയ നിരക്ക് മാറുന്നത്. 

ക്രിപ്റ്റോ കറൻസി 

പ്രധാനമായും ബ്ലോക് ചെയിൻ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിജിറ്റൽ കറൻസിയാണു ക്രിപ്റ്റോ കറൻസികൾ. ക്രിപ്റ്റോ എന്നത് എൻക്രിപ്‌ഷനെ (രഹസ്യ കോഡിലാക്കി വിവരങ്ങൾ സൂക്ഷിക്കുന്ന സങ്കേതം - ഗോപ്യഭാഷാസങ്കേതം) സൂചിപ്പിക്കുന്നു. കറൻസി എല്ലാവർക്കുമറിയാവുന്നതു പോലെ വിനിമയത്തെയും. ഓരോ കൈമാറ്റത്തിനും ഓരോ പുതിയ ബ്ലോക് കൂട്ടിച്ചേർത്താണു ക്രിപ്റ്റോ കറൻസി പ്രവർത്തിക്കുന്നത്. അതായത് എബി സോനയ്ക്കു 5 നാണയം നൽകിയാൽ എബിയുടെ അക്കൗണ്ടിൽ നിന്നും 5 കുറയും; സോനയുടെ അക്കൗണ്ടിൽ 5  കൂടും. പക്ഷേ, ഈ ഇടപാട് സാധുവാകണമെങ്കിൽ ആ ചെയിനിലുള്ള 50 ശതമാനമോ അതിലധികമോ ആളുകളുടെ അംഗീകാരം വേണം. പലപ്പോഴും ഇത്തരത്തിൽ അംഗീകാരം നൽകുന്നതു വലിയ കംപ്യൂട്ടർ നെറ്റ്‌വർക്കുകളായിരിക്കും. ബിറ്റ്‌കോയിൻ എക്സ്ചേഞ്ചുകൾ എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. ഉപയോക്താവിന്റെ കംപ്യൂട്ടറിലാണു ബിറ്റ്‌കോയിൻ സൂക്ഷിക്കപ്പെടുന്നത്. ബ്ലോക് ചെയിൻ വികേന്ദ്രീകൃതമായ ഡേറ്റാബേസ് ആണ്. കേന്ദ്രീകൃത സംവിധാനത്തിൽ നിയന്ത്രിക്കാൻ ഒരാൾ കാണും. എന്നാൽ വികേന്ദ്രീകൃത സംവിധാനത്തിൽ എല്ലാവർക്കും തുല്യ പ്രാധാന്യം ആണുള്ളത്. 

ബിറ്റ്കോയിൻ മാത്രമാണോ ക്രിപ്റ്റോ കറൻസി 

അല്ലേയല്ല. ബിറ്റ്‌കോയിനാണ് ആദ്യത്തേതും വലിയ രീതിയിൽ വളർന്നതും ഏറ്റവും ചർച്ച ചെയ്യപ്പെടുന്നതുമായ ക്രിപ്റ്റോ കറൻസി. എഥിരിയം, ലൈറ്റ്‌കോയിൻ, റിപ്പിൾ, സെഡ്കാഷ്, ഡോജ്കോയിൻ തുടങ്ങിയവയും ബിറ്റ്‌കോയിൻ പോലെയുള്ള ക്രിപ്റ്റോ കറൻസികളാണ്. ഇവയിൽ ചിലതു വളർച്ചാ ഘട്ടത്തിലാണ്. 

എൽ സാൽവദോർ 

ബിറ്റ്‌കോയിൻ ഇടപാടുകൾക്കു പൂർണ അംഗീകാരം നൽകിയ ആദ്യ രാജ്യം മധ്യ അമേരിക്കയിലെ എൽ സാൽവദോർ ആണ്. ഔദ്യോഗിക നാണയമായ ഡോളറിനൊപ്പമാണു ബിറ്റ്‌കോയിനും അംഗീകാരം ലഭിച്ചത്. സർക്കാർ സേവനങ്ങൾക്കുൾപ്പെടെ ബിറ്റ്‌കോയിനിൽ പണം അടയ്ക്കാം. 

English summary : Everything you need to know about bitcoin

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA