ADVERTISEMENT

ലോകപ്രസിദ്ധമായ ഹാരി പോട്ടർ കൃതികൾ ജനനം കൊണ്ട എലിഫന്റ് ഹൗസ് തീപിടിത്തത്തിൽ കത്തിനശിച്ചു. സ്കോട്‌ലൻ‍ഡ് തലസ്ഥാനം എഡിൻബർഗിൽ സ്ഥിതി ചെയ്യുന്ന കഫേയാണ് എലിഫന്റ് ഹൗസ്. ഇവിടെയിരുന്നാണ് ഹാരി പോട്ടറുടെ സ്രാഷ്ടാവായ ജെ.കെ.റോളിങ് കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള ലോകപ്രശസ്ത കൃതികളിൽ ചിലത് എഴുതിയത്.

എലിഫന്റ് ഹൗസിനു സമീപമുള്ള പാറ്റിസെറി വലേറി എന്ന കെട്ടിടത്തിൽ പടർന്ന തീയാണ് വ്യാപിച്ചത്. 12 ഫയർ എൻജിനുകളും 60 അഗ്‌നിശമന സേനാംഗങ്ങളും തീ കെടുത്താനായി രംഗത്തെത്തി. 

 

വൻ നാശനഷ്ടങ്ങൾ കഫേയ്ക്ക് ഉണ്ടായിട്ടുണ്ടെന്ന് എലിഫന്റ് ഹൗസിന്റെ ഉടമസ്ഥൻ ഡേവിഡ് ടെയ്‌ലർ പറഞ്ഞു. കഫേ പഴയ പടിയാക്കുവാൻ മാസങ്ങൾ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുനിന്നും ധാരാളം ഹാരി പോട്ടർ ആരാധകർ എലിഫന്റ് ഹൗസ് സന്ദർശിക്കാൻ എത്താറുണ്ട്.തങ്ങളുടെ പ്രിയ കഥാപാത്രത്തിനു ജെ.കെ.റോളിങ് ജന്മം നൽകിയത് ഇവിടെയാണെന്നുള്ളതാണ് ഈ വരവിനു പിന്നിലെ ചേതോവികാരം.

 

1995ൽ ആണ് എലിഫന്റ് ഹൗസ് സ്ഥാപിതമായത്. എഡിൻബർഗ് കഫേ എന്നായിരുന്നു ആദ്യപേര്. നഗരത്തിന്റെ പഴയ മേഖലയിൽ എഡിൻബർഗ് കോട്ടയ്ക്ക് അഭിമുഖമായിട്ടാണു കഫേ സ്ഥിതി ചെയ്യുന്നത്. എന്നാൽ ഹാരി പോട്ടറുടെ ആദ്യകഥ ഇവിടെയാണ് എഴുതിയതെന്നുള്ളത് ജെ.കെ.റോളിങ്ങുമായി അടുപ്പമുള്ളവർ പലപ്പോഴും സംശയം പ്രകടിപ്പിച്ചിട്ടുള്ള കാര്യമാണ്. ഈ കഫേയിൽ എത്തുന്നതിനു മുൻപ് തന്നെ ഹാരി പോട്ടറെക്കുറിച്ച് റോളിങ് എഴുതിയിട്ടുണ്ടെന്ന് അവർ പറയുന്നു. എന്നാൽ കൃതികളുടെ കുറേയേറെ ഭാഗങ്ങൾ ഇവിടെയാണ് എഴുതിയതെന്നുള്ളതിൽ തർക്കമില്ല. ജെ.കെ.റോളിങ്ങിനെ കൂടാതെ പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റായ ഇയാൻ റാങ്കിൻ, അലക്സാണ്ടർ മക്കാൽ സ്മിത്ത് തുടങ്ങിയ എഴുത്തുകാരും ഈ കഫേയിലെ നിത്യസന്ദർശകരായിരുന്നു.

 

1965ൽ ബ്രിട്ടനിലെ ബ്രിസ്റ്റോളിലാണു ജെ.കെ.റോളിങ് ജനിച്ചത്. 1986ൽ എക്സീറ്റർ സർവകലാശാലയിൽ നിന്നു ബിരുദം നേടിയ റോളിങ് കുറച്ചുകാലം ആംനെസ്റ്റി ഇന്റർനാഷനനിലു വേണ്ടി ജോലി ചെയ്തിട്ടുണ്ട്. പിന്നീട് പോർച്ചുഗലിൽ ഇംഗ്ലിഷ് അധ്യാപികയായി ജോലി നോക്കിയ റോളിങ് വാഹിതയാകുകയും ഒരു പെൺകുട്ടിയുടെ അമ്മയാകുകയും ചെയ്തു. തുടർന്ന് ബ്രിട്ടനിൽ വീണ്ടും തിരിച്ചെത്തിയ റോളിങ് എഡിൻബർഗിൽ സ്ഥിരതാമസമാക്കി. 1997ലാണ് ഹാരി പോട്ടർ പരമ്പരയിലെ ആദ്യ കൃതിയായ ‘ഹാരി പോട്ടർ ആൻഡ് ദ സോഴ്സറേഴ്സ് സ്റ്റോൺ’ പുറത്തിറങ്ങിയത്. പുസ്തകം ലോകമെങ്ങും തരംഗം സൃഷ്ടിച്ചു. പിന്നീട് 200 രാജ്യങ്ങളിൽ അറുപതോളം ഭാഷകളിൽ ഹാരി പോട്ടറുടെ കഥ പറയുന്ന തുടർകൃതികൾ ഇറങ്ങി. 2007ൽ പുറത്തിറങ്ങിയ ഹാരി പോട്ടർ ആൻഡ് ദി ഡെത്ത്‌ലി ഹാലോസാണ് പരമ്പരയിലെ അവസാനകൃതി.

 

English summary: Fire damages cafe where JK Rowling wrote Harry Potter

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com