ADVERTISEMENT

ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ വിശ്വകായികമേളയായ പാരാലിംപിക്സിന്റെ 16–ാമത് പതിപ്പ് ജപ്പാനിലെ ടോക്കിയോയിൽ അവസാനിച്ചു. ജീവിതത്തിന്റെ കയ്പേറിയ അനുഭവങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ട് തിരിച്ചുവരവിന്റെയും അതിജീവനത്തിന്റെയും മാതൃക കാട്ടിയ ഒരുപറ്റം കായികതാരങ്ങളുടെ വിജയം അടുത്തറിയാം. ഒപ്പം പാരാലിംപിക്സ് എന്ന മഹത്തായ കായികമേളയുടെ ചരിത്രവും മനസ്സിലാക്കാം .

ചരിത്രം

രണ്ടാം ലോകയുദ്ധത്തിൽ നട്ടെല്ലിന് പരുക്കേറ്റ ഇംഗ്ലിഷുകാർക്കുവേണ്ടി 1948ൽ  ഇന്റർനാഷനൽ വീൽചെയർ ഗെയിംസ് എന്ന പേരിൽ ഇംഗ്ലണ്ടിലെ സ്റ്റോക്ക് മാൻഡവില്ലിൽ സർ ലുഡ്‍വിഗ് ഗുട്ട്മാൻ ഒരു കായികമേള സംഘടിപ്പിച്ചു. 4 കൊല്ലം കഴിഞ്ഞുള്ള മേളയിൽ ഹോളണ്ട്, ഇസ്രയേൽ എന്നിവിടങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ അത്‍ലീറ്റുകളും പങ്കെടുത്തു. സ്റ്റോക്ക് മാൻഡവിൽ ഗെയിംസ് എന്ന് അറിയപ്പെടുന്നു ഈ മേളകളുടെ വിജയം പാരലിംപിക്സ് എന്ന മഹത്തായ ആശയത്തിന് വഴിവച്ചു. ഒളിംപിക്സിന്റെ മാതൃകയിൽ, 1960ൽ റോമിൽ ആദ്യ പാരാലിംപിക് മേള സംഘടിപ്പിച്ചു. 23 രാജ്യങ്ങളിൽനിന്നായി 400 അത്‍ലീറ്റുകൾ പങ്കെടുത്തു. ആദ്യ 5 മേളകൾ വിൽചെയറിന്റെ സഹായത്തോടെ ജീവിതം നയിക്കുന്ന ഭിന്നശേഷിക്കാരെ ഉദ്ദേശിച്ചുള്ളതായിരുന്നു. 1976 ടൊറ‌‌‌ന്റോ മേള മുതൽ എല്ലാത്തരം ഭിന്നശേഷിയുള്ളവരുടെയും മഹാമേളയായി പാരാലിംപിക്സ്. ന്യൂറോളജിസ്റ്റ് കൂടിയായ സർ ലുഡ്‍വിഗ് ഗുട്ട്മാനെയാണ് പാരാലിംപിക്സിന്റെ പിതാവായി  അംഗീകരിച്ചിട്ടുള്ളത്.  

ഇരുമേളകളിലും മെഡൽ

ഒളിംപിക്സിലും പാരാലിംപിക്സിലും മെഡൽ സ്വന്തമാക്കിയത് ഒരാൾ മാത്രം– ഹംഗറിയുടെ പൽ ഷീകേഴ്സ്. 1988 ഒളിംപിക്സിൽ ഫെൻസിങ്ങിൽ വെങ്കലം നേടിയ ഇദ്ദേഹം 1992 മുതൽ 2012 വരെ പാരാലിംപിക് മേളകളിൽ പങ്കെടുത്തു. മൂന്നു സ്വർണവും മൂന്നു വെങ്കലവും നേടി. 1991ൽ വാഹനാപകടത്തിൽ പരുക്കേറ്റതോടെയാണ് അദ്ദേഹം ഭിന്നശേഷിക്കാരനായത്.

ഒളിംപിക്സിൽ പതാകയേന്തി

പാരാലിംപിക്സിൽ പങ്കെടുത്തൊരു താരം പിന്നീട് ഒളിംപിക്സിൽ ഭാഗ്യം പരീക്ഷിച്ചെന്നു മാത്രമല്ല ഒളിംപിക് മാർച്ച് പാസ്റ്റിൽ രാജ്യത്തിന്റെ പതാകയേന്തുകയും ചെയ്തു. ഇറാന്റെ തയ്ക്വാൻഡോ താരമായിരുന്ന സഹ്റാ നെമാറ്റിയാണ് ഈ അപൂർവ നേട്ടത്തിനുടമ.  കാർ അപകടത്തിൽ പരുക്കേറ്റതോടെ  വീൽചെയറിലായി സഹ്റയുടെ  പിന്നീടുള്ള ജീവിതം. വിട്ടുകൊടുക്കാൻ ഒരുക്കമല്ലാതിരുന്ന സഹ്റാ അമ്പെയ്ത്തു പരിശീലിച്ചു. 2016ലെ ഒളിംപിക്സിന്  യോഗ്യത നേടി. 2012, 16, 2020  പാരാലിംപിക് മേളകളിൽനിന്ന് അമ്പെയ്ത്തിൽ മൂന്നു സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം നേടി.

കൂടുതൽ മെഡലുകൾ

പാരാലിംപിക്സിൽ കൂടുതൽ മെഡലുകൾ നേടിയതിനുള്ള ബഹുമതി അമേരിക്കയുടെ നീന്തൽ താരം ട്രിഷ സോണിന്. കാഴ്ചയില്ലാതെ ജനിച്ച ട്രിഷ 7 മേളകളിൽ നിന്നായി നീന്തിയെടുത്തത് 55 മെഡലുകൾ. (41 സ്വർണം, 9 വെള്ളി, 5 വെങ്കലം). കൂടുതൽ സ്വർണ മെഡലുകൾ എന്ന റെക്കോർഡും അവരുടെ പേരിലാണ്.

പന്ത്രണ്ടിൽ പങ്കാളിത്തം 

കൂടുതൽ പാരാലിംപിക് മേളകളിൽ പങ്കെടുത്തതിനുള്ള റെക്കോർഡ് ഓസ്‌ട്രേലിയയുടെ നീന്തൽ, ഷൂട്ടിങ്  താരം ലിബ്ബി കോസ്‌മലയുടെ  പേരിലാണ്: 12 മേളകൾ (1972– 2016). 13 മെഡൽ നേടി.

എഫ്–1 റേസിങ് താരം  പാരാലിംപിക്സിൽ 

1990കളിൽ ഫോർമുല വൺ റേസിങ്ങിൽ സജീവമായിരുന്ന ഇറ്റലിക്കാരൻ അലസാന്ദ്രോ സനാർദിക്ക് കായിക ചരിത്രത്തിലെ അത്യപൂർവമായ തിരിച്ചുവരവിന്റെ കഥയാണ് പറയാനുള്ളത്. 2001ലെ ചാംപ് കാർ റേസിങ്ങിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് ഇരുകാലുമറ്റ്, ചോരവാർന്ന് മരിക്കുമെന്ന സ്ഥിതിയിലെത്തിയ അദ്ദേഹത്തെ ഒരു ഹെലികോപ്‌റ്ററിൽ ബെർലിനിൽ എത്തിക്കുമ്പോഴേക്ക് ശരീരത്തിലെ മൂന്നിലൊന്നു രക്‌തവും ചോർന്നുപോയിരുന്നു.അൽപനേരം ഹൃദയം നിലച്ചു. വൈദികനെത്തി അന്ത്യകൂദാശയും നൽകി. തിരിച്ചടികളിൽ പതറാതെ അദ്ദേഹം ഹാൻഡ് സൈക്ലിങ് താരമായി 2012, 2016 പാരാലിംപിക് മേളകളിൽനിന്നായി നാലു സ്വർണവും രണ്ട് വെള്ളിയും നേടി ചരിത്രം കുറിച്ചു. 

‘മലയാളി’ സ്വർണജേതാവ്

2016 റിയോ പാരാലിംപിക്‌ മേളയിൽ സ്വർണമെഡൽ സ്വന്തമാക്കിയ കാനഡയുടെ നീന്തൽ താരം കാതറീന റോക്സന്റെ (100 മീറ്റർ ബ്രെസ്റ്റ്സ്‌ട്രോക്ക് എസ്ബി8 വിഭാഗം) മാതാവ് ലിസ തിരുവനന്തപുരം ശ്രീകാര്യം സ്വദേശിനിയാണ്. ജനിച്ചപ്പോൾ തന്നെ കാതറീനയ്‌ക്ക് ഇടത് കൈ, മുട്ടുവരെ മാത്രമേ ഉണ്ടായിരുന്നുള്ളു. അതൊന്നും കാര്യമാക്കാതെ കൃത്രിമ കൈവച്ചു കാതറീന വളർന്നു. അച്‌ഛൻ വെല്ലൂർ സ്വദേശി ബോറിസ് മകളെ നീന്തൽ പഠിപ്പിച്ചു.  

പാരാലിംപിക്സിൽ ഇന്ത്യ

ഇന്ത്യ ആദ്യമായി പങ്കെടുത്തത് 1968ലെ മേളയിലാണ് (ടെൽ അവീവ്). 1972 മേളയിൽ മുരളീകാന്ത് പേത്കർ (50 മീറ്റർ ഫ്രീസ്റ്റൈൽ 3, നീന്തൽ) സ്വർണം നേടി, ഇന്ത്യയുടെ ആദ്യ പാരാലിംപിക്‌ മെഡൽ ജേതാവ് എന്ന ബഹുമതി സ്വന്തമാക്കി. 

ഇന്ത്യ ഇതുവരെ 12 മേളകളിൽ അത്‌ലീറ്റുകളെ അയച്ചു. ആകെ നേടിയത് 9 സ്വർണം, 12 വെള്ളി, 10 വെങ്കലം അടക്കം 31 മെഡലുകൾ. 2020 ടോക്കിയോ മേളയിലാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം (5 സ്വർണം, 8 വെള്ളി, 6 വെങ്കലം . ആകെ 19 മെഡലുകൾ). 

2020 ടോക്കിയോ മേളയിൽ ഇന്ത്യ

സ്വർണം

∙അവനി ലെഖാര, ഷൂട്ടിങ്

∙സുമിത് ആന്റിൽ, 

  ജാവലിൻ ത്രോ

∙പ്രമോദ് ഭഗത്, ബാഡ്മിന്റൻ

∙മനീഷ് നർവാൽ, ഷൂട്ടിങ്

∙കൃഷ്ണ നാഗർ,   ബാഡ്മിന്റൻ

വെള്ളി

∙ഭാവിനാബെൻ പട്ടേൽ,   ടേബിൾ ടെന്നിസ്

∙നിഷാദ് കുമാർ,  ഹൈജംപ്

∙മാരിയപ്പൻ തങ്കവേലു,   ഹൈജംപ്

∙ദേവേന്ദ്ര ഝജാരിയ,   ജാവലിൻത്രോ 

∙യോഗേഷ് കഥുനിയ,   ഡിസ്കസ് ത്രോ 

∙പ്രവീൺ കുമാർ, ഹൈജംപ് 

∙സിങ‌്‌രാജ് അദാന, ഷൂട്ടിങ്

∙സുഹാസ് യതിരാജ്,   ബാഡ്മിന്റൻ

വെങ്കലം

∙ശരത് കുമാർ,  ഹൈജംപ്

∙സിങ‌്‌രാജ് അദാന, ഷൂട്ടിങ്

∙അവനി ലെഖാര, ഷൂട്ടിങ്

∙ഹർവീന്ദർ സിങ്,   അമ്പെയ്ത്ത്

∙സുന്ദർ സിങ് ഗുർജർ,   ജാവലിൻത്രോ 

∙മനോജ് സർക്കാർ,   ബാഡ്മിന്റൻ

English summary : Evolution of the Paralympic Movement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com