ADVERTISEMENT

ഹർത്താൽ, ബന്ദ് ദിവസങ്ങളിൽ മാത്രം കണ്ടിരുന്ന ഒഴിഞ്ഞ റോഡുകൾ നമുക്കു കൂടുതൽ പരിചിതമായത് കോവിഡ് കാലത്തെ ലോക്ഡൗൺ നാളുകളിലാകും. മനുഷ്യസഞ്ചാരത്തിനു നിയന്ത്രണം വീണെങ്കിലും, വാഹനങ്ങളിൽ നിന്നുള്ള പുകയും, അവയുടെ ബഹളവും ഹോൺ ശബ്ദവും ഒന്നുമില്ലാതിരുന്ന ആ ദിനങ്ങളിൽ പ്രകൃതിയും ജീവജാലങ്ങളും ഏറെ സന്തോഷിച്ചിട്ടുണ്ടാകാം!. ലോക്ഡൗൺ നാളുകളിൽ, 46 രാജ്യങ്ങളിലായി നാസ നടത്തിയ പഠനത്തിൽ വാഹനങ്ങളും മറ്റും അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്ന കാർബൺ മോണോക്സൈഡുകൾ, ഹൈ‍ഡ്രോകാർബണുകൾ, നൈട്രജൻ ഓക്സൈഡുകൾ എന്നിവയുടെ അളവിൽ കുറവു വന്നതായി കണ്ടെത്തി. വായുമലിനീകരണമുണ്ടാക്കുന്നതിലെ ഒരു പ്രധാന വില്ലനായ നൈട്രജൻ ഡയോക്സൈഡിന്റെ അളവ് മുൻപത്തെക്കാൾ 20% കുറഞ്ഞിരുന്നു.

 

എന്നാൽ, ലോക്ഡൗണിനൊക്കെ ഏറെനാൾ മുൻപേ രൂപപ്പെട്ടതാണ് ‘വാഹനങ്ങളെ ഒഴിവാക്കി ഒരു ദിനം’ എന്ന ആശയം. മോട്ടർ വാഹനങ്ങളുടെ അതിപ്രസരം കാരണമുള്ള പരിസ്ഥിതി പ്രശ്നങ്ങൾ കൂടിയതോടെ 1994 ഒക്ടോബറിൽ, സ്പെയിനിലെ ടോലിഡോയിൽ നടന്ന ഇന്റർനാഷനൽ ആക്സസിബിൾ സിറ്റിസ് കോൺഫറൻസിൽ എറിക് ബ്രിട്ടണാണ് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചത്. അതിനു മുൻപേ, 1956ൽ ബൽജിയവും നെതർലൻഡ്സും കാർ ഫ്രീ സൺഡേസ് നടപ്പാക്കിയിരുന്നു. മറ്റു പലയിടത്തും ചെറിയതോതിൽ നടപ്പാക്കിയിരുന്ന ഇത്തരം ദിനങ്ങൾ പിന്നീട് ഒട്ടേറെ വൻനഗരങ്ങളും വിവിധ രാജ്യങ്ങളും ഏറ്റുപിടിച്ചു. 

 

വായുമലിനീകരണം, ശബ്ദമലിനീകരണം, ഗതാഗതക്കുരുക്ക് തുടങ്ങിയവ കുറയ്ക്കുക എന്ന സന്ദേശവുമായി എല്ലാ വർഷവും സെപ്റ്റംബർ 22നാണു ലോക കാറില്ലാദിനം (World Car Free Day) കൊണ്ടാടുന്നത്. പ്രധാന റോഡുകളിലൂടെ സൈക്ലിങ്ങും സ്കേറ്റിങ്ങും നടത്തിയും കൂട്ടത്തോടെ പാട്ടുകൾപാടി നടന്നുമെല്ലാം ഈ ദിനം ജനം ആഘോഷിക്കുന്നു. ജീവിതശൈലി മെച്ചപ്പെടുത്തുന്നതിനായി കാൽനടയാത്ര, സൈക്കിൾയാത്ര എന്നിവയെ പ്രോത്സാഹിപ്പിക്കാനും കാറില്ലാദിനം ലക്ഷ്യമിടുന്നു. ഇന്ത്യയിൽ, ബെംഗളൂരു, പുണെ, ഗുരുഗ്രാമ് എന്നിങ്ങനെ ഒട്ടേറെ നഗരങ്ങളിൽ കാറില്ലാ ഞായറുകൾ, സൈക്കിൾ ദിനം, ബസ് ദിനം തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്.

 

നിലവിൽ, 150 കോടിയോളം കാറുകളാണു ലോകത്തുള്ളത്. 2040നകം ഇത് 200 കോടി കടക്കുമെന്നു പഠനങ്ങൾ പറയുന്നു.

എങ്കിലും, കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ യാത്ര ചെയ്യാൻ സ്വകാര്യതയും സൗകര്യവും നൽകുന്ന വാഹനമാണു കാറെന്നതിനാൽ തന്നെ അവ ഉപയോഗിക്കുന്ന വേളയിൽ കാര്യക്ഷമത ഉറപ്പാക്കാൻ ശ്രദ്ധിക്കാം. കൃത്യമായ ഇടവേളകളിൽ  പുകപരിശോധന  നടത്തിയും ടയറുകൾ മാറ്റിയും, 30 സെക്കൻഡിൽ കൂടുതൽ സിഗ്‌നലിൽ കാത്തുകിടക്കേണ്ടപ്പോൾ എൻജിൻ ഓഫ് ചെയ്തും, പെട്ടെന്ന് ആക്സിലറേറ്റ് ചെയ്യുന്നതും ഇടയ്ക്കിടയ്ക്ക് ബ്രേക്ക് ചെയ്യുന്നതും ഒഴിവാക്കിയും ശീലിക്കാം. മാതാപിതാക്കളെ ഇൗ ദിനത്തെക്കുറിച്ച് ഓർമിപ്പിക്കാനും മറക്കേണ്ട! 

 

∙ഒരു സാധാരണ പാസഞ്ചർ കാർ വർഷം ഏകദേശം 4.6 മെട്രിക് ടൺ കാർബൺ ഡയോക്സൈഡ് 

പുറന്തള്ളുന്നു.

 

∙പെട്രോൾ, ഡീസൽ കാറുകൾ ഉണ്ടാക്കുന്ന വായുമലിനീകരണത്തിന്റെ നാലിലൊന്ന്   മാത്രമേ ഇലക്ട്രിക് കാറുകൾ ഉണ്ടാക്കുന്നുള്ളൂ.

 

∙മണിക്കൂറിൽ 20 കിലോമീറ്റർ വേഗത്തിൽ സൈക്കിൾ ചവിട്ടുന്നയാൾക്ക് ഒരു മണിക്കൂറിനകം ശരാശരി 300 കാലറി കുറയ്ക്കാൻ സാധിക്കും! 

 

English summary : World Car Free Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com