ADVERTISEMENT

നൊബേൽ സമ്മാനത്തിന്റെ ഹാസ്യപതിപ്പ് എന്നാണ് ഇഗ് നൊബേൽ(Ig Nobel) സമ്മാനം അറിയപ്പെടുന്നത്. ആദ്യം ചിരിപ്പിക്കുകയും പിന്നെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ശാസ്ത്രനേട്ടങ്ങൾക്കുള്ള ആദരമാണ് ഇഗ് നൊബേൽ സമ്മാനം എന്നാണ് പുരസ്കാരം നൽകുന്ന ഇംപ്രോബബിൾ റിസർച്ച് (Improbable Research) എന്ന സംഘടന പറയുന്നത്. യുഎസിലെ കേംബ്രിജ് ആസ്ഥാനമായാണ് സംഘടന പ്രവർത്തിക്കുന്നത്. വിചിത്രവും ഹാസ്യാത്മകവുമായ ഒട്ടേറെ  കണ്ടുപിടുത്തങ്ങളെ ജനശ്രദ്ധയിലെത്തിക്കുന്നതിലൂടെ, സാധാരണക്കാരിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ഇഗ് നൊബേൽ പ്രേരകമാകുന്നു.

ചരിത്രം

ഇംപ്രോബബിൾ റിസർച്ച് പ്രസിദ്ധീകരിക്കുന്ന മാസികയാണ്  ആനൽസ് ഓഫ് ഇംപ്രോബബിൾ റിസർച് ( Annals of Improbable Research). ശാസ്ത്ര ഗവേഷണങ്ങളെ നർമരസത്തോടെ ഇതിൽ അവതരിപ്പിക്കുന്നു. മാസികയുടെ സ്ഥാപകരിൽ പ്രമുഖനും എഡിറ്ററുമായ മാർക്ക് ഏബ്രഹാംസ് ആണ് ഇഗ് നൊബേലിന്റെ ഉപജ്ഞാതാവ്. 1991ലാണ് ആദ്യമായി പുരസ്കാരം നൽകിയത്. 10 വിഭാഗത്തിലാണ് സമ്മാനം നൽകുന്നത്. ഹാർവഡ് യൂണിവേഴ്സിറ്റിയിലെ സാന്റേഴ്സ് തിയറ്ററിൽ സെപ്റ്റംബറിലാണ് പുരസ്കാര വിതരണം. നൊബേൽ പുരസ്കാര ജേതാക്കളാണ്  ഇഗ് നൊബേൽ ജേതാക്കൾക്കു പുരസ്കാരം സമ്മാനിക്കുന്നത്. 2000ൽ ഇഗ് നൊബേലും 2010ൽ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനവും റഷ്യൻ വംശജനായ ആന്ദ്ര ഗെയിമിന് ലഭിച്ചിട്ടുണ്ട്.

2021ലെ ജേതാക്കൾ

അംഗീകൃത ശാസ്ത്ര ജേണലുകളിൽ പ്രസിദ്ധപ്പെടുത്തിയ ഗവേഷണ പ്രബന്ധങ്ങൾ മാത്രമേ ഇഗ് നൊബേൽ സമ്മാനത്തിന് സാധാരണ പരിഗണിക്കാറുള്ളൂ. 

ജീവശാസ്ത്രം  

സ്വീഡനിലെ ലുണ്ട് യൂണിവേഴ്സിറ്റിയിലെ സൂസന്നെ സ്കോട്ട് ഉൾപ്പെടെ 3 ഗവേഷകർക്കാണ് പുരസ്കാരം. പൂച്ചകൾ വ്യത്യസ്ത ശബ്ദങ്ങളിൽ മനുഷ്യരോട് ആശയവിനിമയം നടത്തുന്നത് ഇവർ കണ്ടെത്തി. പത്തിലേറെ ശബ്ദങ്ങളിൽ പൂച്ചകൾ തങ്ങളുടെ വികാരങ്ങൾ പങ്കുവയ്ക്കുന്നു എന്നാണു കണ്ടെത്തൽ.

പരിസ്ഥിതി ശാസ്ത്രം 

ലെയ്‌ല സറ്റാരിയും മറ്റു 3 പേരുമാണ് വിജയികൾ. ചവച്ചരച്ചശേഷം അലസമായി തുപ്പുന്ന ച്യൂയിംഗങ്ങൾ പലപ്പോഴും നടപ്പാതകളിൽ കാണാം. ഫ്രാൻസ്, ഗ്രീസ്, സിംഗപ്പൂർ, സ്പെയിൻ, തുർക്കി എന്നീ രാജ്യങ്ങളിൽനിന്ന് ഇത്തരം ച്യൂയിംഗങ്ങൾ ശേഖരിച്ച് അതിലെ ബാക്റ്റീരിയത്തിന്റെ ജനിതക ശാസ്ത്രപഠനങ്ങൾ നടത്തിയതിനാണ് ഇവർക്കു പുരസ്കാരം.

രസതന്ത്രം

അക്രമം, ലൈംഗികത, സാമൂഹിക വിരുദ്ധത, ലഹരി ഉപയോഗം, മോശമായ ഭാഷ തുടങ്ങിയവ ഉൾപ്പെടുന്ന സിനിമാ രംഗങ്ങൾ, തിയറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കുന്ന പ്രേഷകന്റെ ശരീര ഗന്ധത്തിൽ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസം വരുത്തുന്നുണ്ടോ എന്ന പഠനത്തിനാണ് പുരസ്കാരം. ജർമൻകാരനായ ജോർഗ് വിക്കറും മറ്റ് 9 ഗവേഷകരും പുരസ്കാരത്തിനർഹരായി.

സാമ്പത്തിക ശാസ്ത്രം 

ഫ്രഞ്ചുകാരനായ പാവ്‌ലോ ബ്ലവക്സ്കിയാണ് ജേതാവ്. 15 രാജ്യങ്ങളിലെ 2017 മന്ത്രിമാരുടെ  ബോഡി മാസ് ഇൻഡെക്സും അഴിമതിയും താരതമ്യം ചെയ്തു നടത്തിയ പഠനത്തിനാണ് പുരസ്കാരം. അഴിമതിയും രാഷ്ട്രീയക്കാരുടെ അമിതവണ്ണവും തമ്മിൽ ബന്ധമുണ്ട് എന്നായിരുന്നു പഠനഫലം. 

വൈദ്യശാസ്ത്രം 

ജർമൻകാരനായ ഒക്ലേ സെൻ ബുളറ്റിനും മറ്റു 3 ഗവേഷകരുമാണ് വിജയികൾ. ശ്വസനവും  ലൈംഗികതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു പഠനം. കഫംമൂലമുള്ള ശ്വാസതടസ്സം ഇതുമൂലം കുറയും എന്നവർ കണ്ടെത്തി.

സമാധാനം 

യുഎസിലെ ഉത് സർവകലാശാലയിലെ ഇ.എ. ബിസീരിസ്സും മറ്റു രണ്ടു ഗവേഷകരുമാണ് ജേതാക്കൾ. മുഖത്തേൽക്കുന്ന മർദനങ്ങളിൽനിന്ന് സ്വയം സംരക്ഷിക്കുന്നതിനാണ് മനുഷ്യരിൽ താടിരോമം രൂപപ്പെട്ട് പരിണമിച്ചിരിക്കുന്നത് എന്ന സിദ്ധാന്തം ശരിവയ്ക്കുന്ന പരീക്ഷണത്തിനായിരുന്നു സമ്മാനം.

ഫിസിക്സ്  

കാൽനടയാത്രക്കാർ നടപ്പാതകളിലൂടെ സഞ്ചരിക്കുമ്പോൾ സഹയാത്രികരെ കൂട്ടിമുട്ടാതെ സുരക്ഷിതമായ അകലം പാലിച്ച് നടക്കുന്നു. കാൽനടക്കാർ എന്തുകൊണ്ട് പരസ്പരം തുടർച്ചയായി കൂട്ടിമുട്ടുന്നില്ല എന്ന പഠനത്തിനാണ് നെതർലൻഡ്സ് ഐന്തോവൻ യൂണിവേഴ്സിറ്റിയിലെ അലിസാൻഡ്രോ കോർബെറ്റെക്കും മറ്റു 4 ഗവേഷകർക്കും ഫിസിക്സിനുള്ള  ഇഗ് നൊബേൽ ലഭിച്ചത്. 

കൈനറ്റിക്സ് 

ജപ്പാൻ ശാസ്ത്രജ്ഞൻ ഹിസാഷി മുരാകാമിയും മറ്റു 3 പേരുമാണ് വിജയികൾ.  നടപ്പാതകളിലൂടെ സഞ്ചരിക്കുമ്പോൾ ചില സമയത്ത് അവിചാരിതമായി വഴിയാത്രക്കാർ കൂട്ടിമുട്ടും. അത് എന്തുകൊണ്ട്് എന്ന ഗവേഷണത്തിനാണു പുരസ്കാരം.‌

ഷഡ്പദ ശാസ്ത്രം  

മുങ്ങിക്കപ്പലുകളിലെ പാറ്റശല്യം നിയന്ത്രിക്കുന്നതിനായി യുഎസ് നേവിയുടെ വെക്ടർ കൺട്രോൾ വിഭാഗം 50 വർഷം മുൻപു കണ്ടെത്തിയ ഒരു രാസസംയുക്തത്തെക്കുറിച്ചുള്ള ഗവേഷണത്തിനാണു പുരസ്കാരം.

ഗതാഗതം  

ആഫ്രിക്കയിൽ പല സ്ഥലങ്ങളിലും കാണ്ടാമൃഗങ്ങളെ ഹെലികോപ്റ്ററിൽ തലകീഴായി കെട്ടിത്തൂക്കി കൊണ്ടുപോകാറുണ്ട്. ഈ പ്രവർത്തനംമൂലം കാണ്ടാമൃഗങ്ങൾക്ക് ഉണ്ടാകുന്ന  ശാരീരിക പ്രശ്നങ്ങളെകുറിച്ച് നമീബിയയിലെ  കോർണൽ സർവകലാശാലയിലെ റോബിൻ റാഡ്ക്ലിഫും 12 ഗവേഷകരും നടത്തിയ പഠനങ്ങൾക്കാണു സമ്മാനം. കാണ്ടാമൃഗങ്ങളെ സാധാരണ ഒരു സ്ഥലത്തു നിന്നു മറ്റൊരു പ്രദേശത്തേക്കു കൊണ്ടുപോകുന്ന രീതിയാണ് ഇത്.

ഇന്ത്യയും ഇഗ് നൊബേലും

30 വർഷത്തെ ചരിത്രത്തിൽ 11 തവണ ഇന്ത്യക്കാർക്കു പുരസ്കാരം ലഭിക്കുകയുണ്ടായി. ഉത്തർപ്രദേശിലെ ഒരു സാധാരണ കർഷകനായിരുന്നു ലാൽ ബിഹാരി. ജീവിച്ചിരിക്കുമ്പോൾ ത്തന്നെ അധികൃതരുടെ തെറ്റായ ഇടപെടലുകൾകൊണ്ട് സർക്കാർ രേഖകളിൽ  അദ്ദേഹത്തെ പരേതനായി രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇത്തരത്തിൽ നൂറിലേറെ ആളുകളുണ്ടെന്ന് മനസ്സിലായ ബിഹാരി അവരെ കൂട്ടി ‘പരേതർക്കായുള്ള സംഘടന’ രൂപീകരിച്ചു. അദ്ദേഹത്തിന്റെ പ്രതിഷേധ പ്രവർത്തനങ്ങൾക്ക് 2003 ൽ  സമാധാനത്തിനുള്ള ഇഗ് നോബൽ സമ്മാനം ലഭിക്കുകയുണ്ടായി. 

ആനകളിൽ പഠനം നടത്തി, അവയുടെ ഉപരിതല വീസ്തീർണം കണ്ടുപിടിക്കുന്നതിനുള്ള ഗണിതസൂത്രവാക്യം രൂപീകരിച്ചതിന് മണ്ണൂത്തി കാർഷിക സർവകലാശാലയിലെ കെ.പി. ശ്രീകുമാറിനും ജി. നിർമലനും 2002ൽ ഗണിതശാസ്ത്രത്തിനുള്ള ഇഗ് നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്.

English summary : Ig Nobel prize

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com