ADVERTISEMENT

1996 നവംബർ 21ന് ഐക്യരാഷ്ട്ര സംഘടന (യുഎൻ) രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ടെലിവിഷന്റെ പ്രാധാന്യത്തെക്കുറിച്ചു ചർച്ച ചെയ്ത ലോക ടെലിവിഷൻ ഫോറം നടത്തി. തുടർന്ന് എല്ലാ വർഷവും നവംബർ 21 ലോക ടെലിവിഷൻ ദിനമായി ആചരിക്കാൻ യുഎൻ തീരുമാനിച്ചു. വിനോദത്തിനുള്ള ഉപാധി എന്ന നിലയിലും അഭിപ്രായരൂപീകരണം നടത്തുന്ന മാധ്യമം എന്ന നിലയിലും ടെലിവിഷന് സമൂഹത്തിൽ വലിയ പ്രാധാന്യമുണ്ടെന്ന് വിലയിരുത്തിയായിരുന്നു തീരുമാനം. പക്ഷാപാതരഹിതമായ വിവരങ്ങളാകണം ടെലിവിഷനിലൂടെ കൈമാറ്റം ചെയ്യപ്പെടേണ്ടതെന്നു ഈ ദിനം ഓർമിപ്പിക്കുന്നു.

 

ടിവി വന്ന വഴി

 

ദൂരം എന്ന് അർഥമാക്കുന്ന ‘ടെലി’, കാഴ്ച എന്ന് അർഥം വരുന്ന ‘വിഷൻ’ എന്നീ വാക്കുകൾ കൂടിച്ചേർന്നാണ് ‘ടെലിവിഷൻ’ എന്ന പദമുണ്ടായത്. പല പല ശാസ്ത്രജ്ഞർ പല രീതിയിൽ നടത്തിയ ഗവേഷണങ്ങളുടെ ഫലമാണ് ടെലിവിഷന്റെ കണ്ടുപിടിത്തം. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ടെലിവിഷനുകൾക്കു മുൻപ് മെക്കാനിക്കൽ ടെലിവിഷനുകൾ കണ്ടുപിടിച്ചു. 

 

∙1873: പ്രകാശ വീചികളെ വൈദ്യുത പ്രവാഹമാക്കി മാറ്റാമെന്ന്  കണ്ടെത്തിയത് ശാസ്‌ത്രജ്‌ഞരായ മേ, സ്മിത്ത് എന്നിവർ നടത്തിയ പരീക്ഷണങ്ങളെ തുടർന്നാണ്.

 

∙1878: വില്യം ക്രൂക്‌സ് കാഥോഡ് രശ്‌മികൾ പുറപ്പെടുവിക്കുന്ന ക്രൂക്‌സ് ട്യൂബ് കണ്ടുപിടിച്ചു.

 

∙ 1923: ചാൾസ് ജെങ്കിൻസ് റേഡിയോ വിഷൻ എന്ന പേരിൽ മെക്കാനിക്കൽ ടെലിവിഷൻ നിർമിച്ചു. റേഡിയോ റിസീവറുകൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഉപകരണമായിരുന്നു ഇത്. 

 

∙1925: ഒക്‌ടോബർ രണ്ടിനു സ്‌കോട്ടിഷ് ശാസ്‌ത്രജ്‌ഞനായ ജോൺ ലോഗി ബേഡ് ആദ്യ ടെലിവിഷൻ സംപ്രേഷണം നടത്തി.

 

∙1927: ഫിലോ ടെയ്‌ലർ ഫാൺസ്വേർത്ത് പൂർണമായും വൈദ്യുതിയിൽ പ്രവർത്തിപ്പിക്കുന്ന ടെലിവിഷൻ നിർമിച്ചു.

 

∙1928: ജോൺ ലോഗി ബേഡ് കളർ ടെലിവിഷൻ പ്രവർത്തിപ്പിച്ചു. ബേഡിന്റെ സഹായി വില്യം ടെയ്ന്റണിന്റെ മുഖമാണ് ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത ആദ്യ മനുഷ്യമുഖം. 

 

∙1929: ബിബിസി പരീക്ഷണാടിസ്‌ഥാനത്തിൽ ടെലിവിഷൻ സംപ്രേഷണം തുടങ്ങി.

 

∙1940: കളർ ടിവി സംപ്രേഷണം ന്യൂയോർക്കിൽ പരീക്ഷണാടിസ്‌ഥാനത്തിൽ തുടങ്ങി.

 

∙1959: സെപ്‌റ്റംബർ 15ന് ഇന്ത്യയിൽ ആദ്യമായി ആകാശവാണി ടിവി സംപ്രേഷണം ആരംഭിച്ചു. പരീക്ഷണാർഥം ന്യൂഡൽഹിയിൽ 24 കിലോമീറ്റർ ദൂരം മാത്രമാണ് ഇത് ഏർപ്പെടുത്തിയത്. ആഴ്‌ചയിൽ രണ്ടു തവണ ഒരു മണിക്കൂർ മാത്രമായിരുന്നു ആദ്യ സംപ്രേഷണം.

 

∙1962: വാർത്താ വിനിമയ ഉപഗ്രഹമായ ടെൽസ്‌റ്റാർ വഴി അറ്റ്‌ലാന്റിക് സമുദ്രത്തിനു കുറുകെ ടിവി സിഗ്നലുകൾ സംപ്രേഷണം ചെയ്‌തു.

 

∙1975: അമേരിക്കൻ സാറ്റലൈറ്റ് എടി–6 ഉപയോഗിച്ച് ഇന്ത്യയിലെ 6 സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ടിവി സംപ്രേഷണം നടത്തി. 

 

സൈറ്റ് (സാറ്റലൈറ്റ് ഇൻസ്ട്രക്‌ഷനൽ ടെലിവിഷൻ എക്സ്പിരിമെന്റ്) എന്നായിരുന്നു ഈ പദ്ധതിയുടെ പേര്.

 

∙1982: ഏപ്രിൽ 25 ന് ദൂരദർശൻ ടിവി പ്രോഗ്രാമുകൾ കളറിൽ സംപ്രേഷണം ചെയ്തു തുടങ്ങി.

 

∙1985: ദൂരദർശന്റെ മലയാള ചാനൽ.

 

ഇന്റർനെറ്റ് അധിഷ്ഠിത സ്മാർട് ടിവിയാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. ഇന്റർനെറ്റിൽ നിന്ന് നേരെ പരിപാടികൾ കാണാൻ സ്മാർട് ടിവി വഴി കഴിയും.

 

ടിവി പലതരം

 

കാഥോഡ് റേ ട്യൂബ് (പിക്ചർ ട്യൂബ്) ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്ന ടിവികളാണ് ആദ്യകാലത്ത് പ്രചാരത്തിലുണ്ടായിരുന്നത്. എൽസിഡി(ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ), എൽഇഡി(ലൈറ്റ് എമിറ്റിങ് ഡയോഡ്), ഒഎൽഇഡി(ഓർഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ്) എന്നീ സാങ്കേതികവിദ്യകളാണു നിലവിൽ ഉപയോഗിക്കുന്നത്.

 

ടെൽസ്‌റ്റാർ

 

യുഎസിലെ എടി ആൻഡ് ടി കമ്പനി നിർമിച്ച ടെൽസ്‌റ്റാറാണ് ആദ്യത്തെ വാർത്താവിനിമയ കൃത്രിമോപഗ്രഹം. 1962ൽ ഭ്രമണപഥത്തിലെത്തിയ ടെൽസ്‌റ്റാർ ലോകത്തിന്റെ ഒരു കോണിൽനിന്നുള്ള ടിവി സിഗ്നലുകളെ മറ്റൊരു കോണിലെത്തിച്ചു വാർത്താവിനിമയ രംഗത്ത് വലിയ മാറ്റത്തിനു തുടക്കമിട്ടു.

 

റിമോട്ട് കൺട്രോൾ

 

റിമോട്ട് കൺട്രോൾ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് നിക്കോളാസ് ടെസ്‌ലയാണ് (1893). ആദ്യത്തെ വയർലെസ് റിമോടട് കൺട്രോൾ നിർമിച്ചത് റോബർട് അഡ്‌ലർ എന്ന അമേരിക്കക്കാരനാണ് (1956ൽ). ഇൻഫ്രാറെഡ് രശ്‌മികൾ ഉപയോഗിച്ചാണ് സാധാരണ ടെലിവിഷൻ റിമോട്ട് കൺട്രോൾ പ്രവർത്തിക്കുന്നത്.

 

English Summary : World television day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com