ADVERTISEMENT

സ്വപ്നം കാണാനും അതു നേടാനും പ്രാപ്തരാക്കുന്ന പഠിപ്പുര ‘TEACH ME DREAM’ സൂത്രവാക്യത്തിൽ ഇന്നു നാം പരിചയപ്പെടുന്നത് 

സ്വയം പരിണാമം (Evolution), സമർപ്പണം (Dedication), നീതിബോധം (Righteousness), ഉത്സാഹം (Enthusiasm) എന്നീ ചങ്ങാതിമാരെയാണ്. പഠനം അടക്കമുള്ള ലക്ഷ്യങ്ങൾ നേടുന്നതിൽ ഇവർക്കെന്തു കാര്യമെന്നു തോന്നുന്നുണ്ടോ? ആദ്യമേ പറഞ്ഞല്ലോ, മാർക്ക് നേടുക മാത്രമല്ല വലിയ ലക്ഷ്യങ്ങളിലേക്കു നടക്കാനും അവയെ സ്വന്തമാക്കാനും കൂടിയുള്ള പരിശീലനമാണ് പ്ലാൻ 2022 എന്ന്.  മികച്ച മനുഷ്യരാകുക എന്നതു കൂടിയാണ് നമ്മുടെ ലക്ഷ്യം എന്ന്.

 

∙പരിണാമ സിദ്ധാന്തം നിങ്ങൾക്കറിയാം. പ്രൈമേറ്റുകളിൽ നിന്ന് പരിണാമത്തിലൂടെ– ശാരീരികവും മാനസികവും ബൗദ്ധികവുമായി വികാസം പ്രാപിച്ച മനുഷ്യരുണ്ടായി, അല്ലേ. ലക്ഷ്യത്തിലേക്കുള്ള നമ്മുടെ യാത്രയും ജീവിതവും അങ്ങനെയായാലോ. മാറ്റങ്ങളും തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും എല്ലാമായി സ്വയം പരിണമിച്ച്, വികാസം പ്രാപിച്ചുള്ള യാത്ര. വ്യക്തിത്വ വികസനം നമ്മുടെ യാത്രയിലെ മുഖ്യഘടകമാണെന്നാണു പറഞ്ഞുവന്നത്. ഒന്നിനെയും കണ്ണടച്ചു വിശ്വസിക്കാതെ ചോദ്യം ചെയ്തും വായിച്ചും പഠിച്ചും മനസ്സിലാക്കിയും മറ്റു പലരോടും ചോദിച്ചും സ്വയം ചിന്തിച്ചും വേണം കാഴ്ചപ്പാടുകൾ രൂപപ്പെടുത്താൻ. ഇല്ലെങ്കിൽ പലതിന്റെയും ഒരു വശം മാത്രം കണ്ട് അതാണു ശരിയെന്നു തെറ്റിദ്ധരിക്കാൻ ഇടയാകും.  

 

∙സ്വയം മാറുന്നതിനൊപ്പം സമൂഹത്തിൽ നല്ല മാറ്റങ്ങൾ വരുത്താൻ ഇടപെടേണ്ടതും നമ്മുടെ കടമയാണെന്നു മറക്കല്ലേ. ഞാനൊരാൾ വിചാരിച്ചാൽ ഒന്നും നടക്കില്ലെന്നു കണ്ണടയ്ക്കാൻ എളുപ്പമാണ്. പക്ഷേ, നാം ചെയ്യുന്ന കൊച്ചുകൊച്ചു നല്ല കാര്യങ്ങൾക്ക് തീർച്ചയായും നന്മയുടെ ലോകം തീർക്കാനാകും. ഓരോരുത്തരും ഒരു ചെറു തിരി തെളിക്കുന്നുവെന്നു കരുതുക. ഇങ്ങനെ, ആയിരക്കണക്കിനു പേർ തിരി തെളിച്ചാലോ? വലിയ പ്രകാശമുണ്ടാകില്ലേ. അതുപോലെയാണ് നന്മയുടെ തുള്ളികളും.  

 

∙ചെയ്യുന്ന കാര്യങ്ങളെ ഇഷ്ടപ്പെട്ട് മനസ്സ് പൂർണമായി അർപ്പിച്ച് അതിൽ മുഴുകുക, അനാവശ്യ ചിന്തകളെ ഒഴിവാക്കുക, ആത്മാർഥതയോടെ ഓരോ ചുവടും വയ്ക്കുക – ഇതാണു സമർപ്പണം. വേണം–വേണ്ട മനസ്സോടെ ലക്ഷ്യത്തെ സമീപിച്ചാൽ പതറിപ്പോകുമെന്നുറപ്പ്. വേണ്ടാത്തതു കണ്ടെത്തി ഒഴിവാക്കി, വേണ്ടതിനു വേണ്ടി സ്വയം വിട്ടു കൊടുക്കാം. ഇഷ്ടമില്ലാത്തതും കഷ്ടപ്പാടുള്ളതുമായ ചില കാര്യങ്ങളും ലക്ഷ്യം പൂർത്തീകരിക്കാൻ ചെയ്യേണ്ടി വന്നേക്കാം. അവയോടും മുഖം വീർപ്പിച്ചിട്ടു കാര്യമില്ല. ഇഷ്ടപ്പെടാൻ പറ്റുന്നില്ലെങ്കിലും സ്വയം ഏറ്റെടുത്ത ജോലി ഭംഗിയായി തീർക്കുന്നതു പോലെ ആത്മാർഥമായി അതും നമുക്കു ചെയ്യാം. 

 

∙സാർ നോക്കുന്നില്ല, കോപ്പിയടിച്ചോളൂ എന്ന് ഒരു പെൺകുട്ടിയോടു കൂട്ടുകാരൻ പറഞ്ഞു. ഇല്ല എന്നു മറുപടി. ആരും അറിയില്ല എന്നായി കൂട്ടുകാരൻ. മറ്റുള്ളവർ അറിയുന്നുണ്ടോ എന്നല്ല, എനിക്ക് അറിയാമല്ലോ ഞാൻ കോപ്പിയടിച്ചെന്ന് എന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. അതെ, ആരും കാണാതിരുന്നാൽ, അറിയാതിരുന്നാൽ എന്തു തെറ്റും കള്ളവും ചെയ്യാം, അറിഞ്ഞാലോ പിടിക്കപ്പെട്ടാലോ മാത്രമേ കുഴപ്പമുള്ളൂ എന്ന ചിന്ത അപകടമാണ്. നമുക്ക് എത്ര കഴിവുണ്ടെങ്കിലും സത്യവും നീതിയുമില്ലാത്ത ചുവടുവയ്പുകൾ അവയുടെ തിളക്കം കുറയ്ക്കും. താൽക്കാലിക വിജയങ്ങൾ ഉണ്ടായാലും പിന്നീടു ചുവടുപിഴയ്ക്കാം. ശരിയായ ലക്ഷ്യം മറന്നുപോകുക പോലും ചെയ്യാം.

 

∙ഉത്സാഹം – ആ വാക്കു കേൾക്കുമ്പോൾ തന്നെ ഉത്സാഹം തോന്നുന്നുണ്ടല്ലേ. ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ ശീലിക്കാം. ലക്ഷ്യങ്ങളെ ആവേശത്തോടെ സമീപിക്കാം. ഹോ, ഇതിലെന്താണിത്ര വലിയ കാര്യം, എന്ന തണുപ്പൻ രീതി മാറ്റാം. തുറന്നു ചിരിക്കാം, ഉത്സാഹമുണ്ടാകാനുള്ള നല്ല മരുന്നാണു കേട്ടോ കളിചിരികൾ. 

 

English Summary : Plan for next year– Column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com