ഐഎസ്ഐയിലെ മലയാളികൾ !

malayalees-in-isi
വക്കം അബ്ദുൽ ഖാദർ മൗലവിയുടെ പുത്രനായ എഴുത്തുകാരൻ വക്കം അബ്ദുൽ ഖാദർ., ടി.പി. കുമാരൻ നായർ (ചിത്രത്തിനു കടപ്പാട് –Maddy's Ramblings), വക്കം അബ്ദുൽ ഖാദർ
SHARE

ഐഎസ്ഐ എന്നു കേൾക്കുമ്പോൾ ഒരു ഉൽപന്നത്തിന്റെ ഗുണമേന്മ നിശ്ചയിക്കുന്ന ഐഎസ്ഐ(ഇന്ത്യൻ സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂട്ട്) മാർക്ക് ആണല്ലോ നമുക്കാദ്യം ഓർമ വരിക.1947ൽ ഐഎസ്ഐ രൂപീകരിച്ചപ്പോൾ ആദ്യമായി ഒരു ഉൽപന്നത്തിന്റെ മാനദണ്ഡങ്ങൾ നിശ്ചയിച്ചത് ഇന്ത്യൻ ദേശീയ പതാകയുടേതാണ് എന്നും നാം കേട്ടിട്ടുണ്ട്. എന്നാൽ ഇതതല്ല.

റാഷ് ബിഹാരി ബോസിന്റെയും മറ്റും പ്രവർത്തനഫലമായി മലേഷ്യയിലെ പെനാങ്ങിൽ രൂപീകരിക്കപ്പെട്ട സ്ഥാപനമായിരുന്നു  ഐഎസ്​ഐ എന്ന ഇന്ത്യൻ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട്. ചാരപ്രവർത്തനം, കായിക അഭ്യാസങ്ങൾ, ഗറില്ലാ യുദ്ധമുറകൾ  തുടങ്ങിയവയിലൊക്കെ പരിശീലനം നൽകാൻ ലക്ഷ്യമിട്ട് ആരംഭിച്ച ഈ സ്ഥാപനത്തിന്  ജപ്പാൻ സേനയുടെ പരിശീലനവും സാമ്പത്തിക സഹായവും ലഭിച്ചിരുന്നു. ആദ്യ ബാച്ചിന്റെ പരിശീലനത്തിനു മേൽനോട്ടം വഹിച്ചിരുന്നതു മലയാളിയായ നെടിയംപറമ്പിൽ രാഘവൻ ആയിരുന്നു.

ഈ ഐഎസ്ഐയിൽ പരിശീലകനായിരുന്നു  ടി.പി.കുമാരൻ നായർ. അദ്ദേഹം മലബാർ സ്‌പെഷൽ പൊലീസിൽ  ജോലി ചെയ്യുമ്പോളായിരുന്നു ഭഗത് സിങ്ങിനെ  തൂക്കിക്കൊന്നു എന്ന വാർത്ത വന്നത്. അതിൽ പ്രതിഷേധിക്കാൻ നിരത്തിലിറങ്ങിയവരെ തടയണമെന്ന് ഉത്തരവ് വന്നപ്പോൾ ദേശാഭിമാനിയായ കുമാരൻ നായർ അത് അനുസരിക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് എംഎസ്പി വിടേണ്ടി വന്ന അദ്ദേഹം പിന്നീട് കുറച്ചു കാലം റോയൽ എയർ ഫോഴ്സിലും ജോലി ചെയ്തു. 1939ൽ സിംഗപ്പൂരിലെത്തിയ അദ്ദേഹം അവിടെ ടാക്സി ഡ്രൈവറായും ജീവിച്ചു. ആയിടയ്ക്കാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗുമായി ചേർന്നു പ്രവർത്തിക്കുകയും  അതുവഴി ഐഎസ്ഐയിൽ ഡ്രിൽ മാസ്റ്ററായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തത്. അവിടെ ആദ്യ ബാച്ചിൽ ട്രെയിനിങ് പൂർത്തിയാക്കിയ 26 പേരെ ജപ്പാൻ സേന ചാര പ്രവർത്തനത്തിനായി ഇന്ത്യയിലേക്ക് അയച്ചെങ്കിലും എല്ലാവരും ബ്രിട്ടിഷ് സേനയുടെ പിടിയിലായി. 

    

ആദ്യ ഗ്രൂപ്പ് താനൂരിലും രണ്ടാമത്തെ ഗ്രൂപ്പ് ഗുജറാത്ത് തീരത്തും മൂന്നും നാലും ഗ്രൂപ്പുകൾ മ്യാന്മറിലുമാണു പിടിയിലായത്. ഒട്ടേറെ മലയാളികളുണ്ടായിരുന്നതിൽ വധശിക്ഷയ്ക്കു വിധേയനായതു വക്കം അബ്ദുൽ ഖാദറായിരുന്നു.1993ൽ ഭാരത സർക്കാർ അദ്ദേഹത്തിന്റെയും കൂടെ വധശിക്ഷയ്ക്കു വിധിക്കപെട്ട സത്യേന്ദ്ര ബർദൻ, ഫൗജ സിങ് എന്നിവരുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത തപാൽ സ്റ്റാംപ് പുറത്തിറക്കി.

ഗുജറാത്തിൽ പിടിയിലായവരിൽ ചിലർ കുറ്റം സമ്മതിക്കുകയും മറ്റുള്ളവരുടെ പേരുവിവരങ്ങൾ നൽകുകയും ചെയ്തതോടെയാണു പിന്നീട് ഇന്ത്യയിലെത്തിയ കുമാരൻ നായരും പിടിയിലായത്. മദ്രാസ് ട്രയൽസ് എന്നറിയപ്പെടുന്ന കുറ്റ വിചാരണയിൽ കുമാരൻ നായർക്കു വധശിക്ഷയാണു വിധിച്ചത്. സാക്ഷാൽ രാജഗോപാലാചാരി അദ്ദേഹത്തിന് വേണ്ടി കേസ് വാദിക്കാനെത്തിയിട്ട് പോലും വധശിക്ഷയിൽ നിന്നും ഒഴിവാക്കാനായില്ല. സുഭാഷ് ചന്ദ്ര ബോസ് ശഹീദ്-ഇ -ഹിന്ദ്  എന്ന് വിശേഷിപ്പിച്ച കുമാരൻ നായരുടെ ഓർമയ്ക്കായി ശഹീദ് ഇ ഹിന്ദ് കുമാരൻ നായർ  റോഡ് കോഴിക്കോട് നെല്ലിക്കോടിൽ സ്ഥിതി ചെയ്യുന്നു.

അഞ്ചുതെങ്ങിൽ നിന്ന് സ്വദേശാഭിമാനി പ്രതിവാര പത്രം ആരംഭിച്ച വക്കം അബ്ദുൽ ഖാദർ മൗലവി സ്വാതന്ത്ര്യസമര പോരാളിയും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്നു. അദ്ദേഹത്തിന്റെ പുത്രൻ നിരൂപകനും ഗ്രന്ഥകാരനുമായിരുന്ന വക്കം അബ്ദുൽ ഖാദറാണ്. 

English Summary : Malayalees in ISI

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA