അഴകിൽ മാത്രമല്ല പേരിലും റോസാ വിസ്മയം; പല പേരിൽ പലരുടെ പേരിൽ റോസാച്ചടികള്‍

HIGHLIGHTS
  • ലതാ മങ്കേഷ്കറുടെ പേരിലുണ്ട് നീല കലർന്ന വയലറ്റ് നിറത്തിലുള്ള ലത റോസ്
rose-variety-names
ലത,വൈഗൈ, ഗംഗ
SHARE

 പനിനീർപ്പൂവിന് പ്രമുഖ കൃഷിശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥന്റെ പേരിട്ടതായി കഴിഞ്ഞ ദിവസം കൂട്ടുകാർ വായിച്ചിരിക്കുമല്ലോ... അത്തരത്തിൽ പ്രമുഖരുടെ പേരിലുള്ള ചെടികളെക്കുറിച്ച് അറിയാം..

ലോകം ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തികളുടെ പേരിൽ ധാരാളം റോസ് ഇനങ്ങളുണ്ട്. ഹൃദയഹാരികളായ ഈ റോസ് ഇനങ്ങൾ റോസ് ബ്രീഡർമാരുടെ ( വ്യത്യസ്ത റോസ് ചെടികൾ  സങ്കരണം നടത്തി പുതിയവ ഉണ്ടാക്കുന്നവർ ) സർഗവൈഭവത്തിന്റെ സാക്ഷ്യപത്രങ്ങളാണ്. പൂവിന്റെ ആകൃതി, സവിശേഷത, നിറം, ഗന്ധം എന്നിവയെ അടിസ്ഥാനമാക്കിയും ബ്രീഡർക്ക് ഇഷ്ടമുള്ള‌ വ്യക്തികൾ, സ്ഥലങ്ങൾ, സംഭവങ്ങൾ എന്നിവയോടു ബന്ധപ്പെടുത്തിയുമാണ് ഇവയ്ക്കു പേരിടുന്നത്.

rose-variety-names3
ഹോട്ട് ചോക്ലേറ്റ്

റോസിലും ഉണ്ട് വാനമ്പാടിയും രജനിയും

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായിക ലതാ മങ്കേഷ്കറുടെ പേരിലുണ്ട് നീല കലർന്ന വയലറ്റ് നിറത്തിലുള്ള ലത റോസ്. അവരുടെ  ആരാധകനും അർജന്റീനയിലെ റോസ് ബ്രീഡറുമായ സാന്റിയാഗോ ലോപ്പസാണ് ഇതു വികസിപ്പിച്ചത്. ചിറ്റ് ചോർ എന്ന ഹിന്ദി സിനിമയോടുള്ള ആരാധനയിൽ നിന്നാണ് ഡോ. ബി.പി.പാൽ തൂവെള്ള നിറത്തിലുള്ള ചിറ്റ്ചോർ റോസുണ്ടാക്കിയത്. പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തിയുടെ പേരിലുണ്ട് നീലലോഹിത വർണത്തിലുള്ള (Lilac) ഒരു റോസ് ഇനം. പിങ്ക് കലർന്ന ചുവപ്പു പൂക്കളുണ്ടാകുന്ന രജനിയുടെ (രജനീകാന്ത്) പിന്നിൽ എം.എസ്.വീരരാഘവനാണ്. ഡോ. എൻ.വി.ശാസ്ത്രിയുടെ സൃഷ്ടിയാണ് കുലകളായി ചുവപ്പു പൂക്കൾ വിരിയുന്ന ‘ശങ്കർ ജയ് കിഷൻ’.

റോസിലെ വിഐപികൾ

ഇന്ത്യയിൽ ഉണ്ടാക്കിയിട്ടുള്ള റോസ് ഇനങ്ങളിൽ നല്ലൊരു പങ്ക് രാഷ്ട്രനേതാക്കളുടെ പേരിലുള്ളവയാണ്. റോസാപ്പൂക്കളെ സ്നേഹിച്ചിരുന്ന ജവാഹർലാൽ നെഹ്റുവിന്റെ പേരിൽ രണ്ടിനങ്ങളുണ്ട്. ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്  വികസിപ്പിച്ച ക്രീം പൂക്കളുള്ള  ജവാഹർ റോസും എ.എം.ഭട്ടാചാർജി എന്ന പ്രശസ്ത റോസ് ബ്രീഡർ വികസിപ്പിച്ച കടുംചുവപ്പു പൂക്കളുള്ള  പണ്ഡിറ്റ് നെഹ്‌റുവും. 

rose-variety-names1

മനോഹരമായ തൂവെള്ള പൂക്കൾ വിരിയുന്ന ‘ബാപ്പുജി റോസ്’ ഗാന്ധിജിയോടുള്ള ആദരസൂചകമാണ്. കൂടാതെ നേതാജി സുഭാഷ് ചന്ദ്രബോസ്, സക്കീർ ഹുസൈൻ, ലാൽ ബഹദൂർ ശാസ്ത്രി, രാജാറാം മോഹൻ റായ്‌, ലോകമാന്യ (ബാലഗംഗാധര തിലക്), സരോജിനി നായിഡു, രാജാജി, മുൻ രാഷ്ട്രപതിമാരായ രാജേന്ദ്ര പ്രസാദ്. എസ്.രാധാകൃഷ്ണൻ, പ്രണബ് മുഖർജി, മുൻ പ്രധാനമന്ത്രി പ്രിയദർശിനി (ഇന്ദിര ഗാന്ധി), ജ്യോതി ബസു എന്നിങ്ങനെ ഒട്ടേറെ പ്രമുഖ നേതാക്കളുടെ പേരുമായി ബന്ധപ്പെട്ട് റോസിനങ്ങളുണ്ട്. ബെംഗളൂരുവിലെ റോസ് ബ്രീഡറായ കസ്തൂരി രംഗൻ, പ്രധാനമന്ത്രിയുടെ പേരിൽ വികസിപ്പിച്ച മോദി റോസാണ് ഈ പട്ടികയിൽ ഏറ്റവും പുതിയത്. കുങ്കുമ നിറത്തിലുള്ള പുറം ഇതളുകളും മഞ്ഞ ഉള്ളിതളുകളുമാണ് ഇതിനുള്ളത്. 

  സാമൂഹിക പരിഷ്കർത്താക്കളുടെ പേരിലുള്ള റോസിനങ്ങളിൽ  ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഇളം പിങ്ക് പൂക്കൾ വിരിയുന്ന  തെരേസയ്ക്ക് (മദർ തെരേസ ) പുറമേ തുളസിദാസ്, സ്വാമി വിവേകാനന്ദ, താൻസെൻ, ഗുരുദേവ് ടഗോർ, ശ്രീ ദയാനന്ദ്, അരബിന്ദൊ, സൂർദാസ് എന്നിവ ഉൾപ്പെടുന്നു.

പനിനീർപൂക്കളിലെ കൈലാസം

സ്ഥലങ്ങളും ചരിത്രസ്മാരകങ്ങളുമായി ബന്ധപ്പെട്ടും ഒട്ടേറെ റോസുകളുണ്ട്.  മുത്തുപോലുള്ള ചെറിയ പൂക്കൾ വിരിയുന്ന ‘ഡൽഹി വൈറ്റ് പേൾ’, വള്ളിറോസായ  ക്ലൈംപിങ് കന്യാകുമാരി, ചുവപ്പു കലർന്ന ബ്രൗൺ നിറത്തിലുള്ള പൂക്കൾ തരുന്ന കോവളം  എന്നിവ ഉദാഹരണം.  കാലടി, കൈലാഷ്‌, ശ്രീനഗർ, മധുര, കോളാർ പ്രിൻസസ്, ഗൊൽക്കൊണ്ട, ജന്തർ മന്ദിർ, ജയ് ഹിന്ദ്, ഡക്കാൻ ഡിലൈറ്റ്, താജ്മഹൽ, സിറ്റി ഓഫ് ലക്നൗ, ബെല്ലെ ഓഫ് പഞ്ചാബ്, ഷിമോഗ, പ്രൈഡ് ഓഫ് നാഗ്പുർ എന്നിങ്ങനെ വേറെയുമുണ്ട്. 

നദികൾ (ഗംഗ, ഗോദാവരി, നർമദ, പമ്പ, വൈഗ), പുരാണ കഥാപാത്രങ്ങൾ (മഹാലക്ഷ്മി, കൃഷ്ണ, അർജുന, സാന്ദീപനി, അപ്സര, തിലോത്തമ) തുടങ്ങി  ഉദ്യാനങ്ങളുടെയും (ഷാലിമാർ) പാനീയങ്ങളുടെയും (റോസ് ഷർബത്ത്, ഹോട്ട് ചോക്ലേറ്റ്) സുഗന്ധദ്രവ്യങ്ങളുടെയും (ഗുലാബി അത്തർ) പേരിൽവരെ റോസ് ഇനങ്ങളുണ്ട് .

rose-variety-names2

മഞ്ഞപ്പട്ടുടുത്ത് ജാനകി അമ്മാൾ

ശാസ്ത്രജ്ഞരുടെ പേരിലുമുണ്ട് റോസാച്ചെടികൾ. മലയാളിയായ പ്രമുഖ സസ്യശാസ്ത്രജ്ഞ ഇ.കെ.ജാനകി അമ്മാളിന്റെ പേരിലുള്ള റോസ് വികസിപ്പിച്ചത് കൊടൈക്കനാലിലുള്ള എം.എസ്.വീരരാഘവനാണ്. ജാനകി അമ്മാളിന് ഏറെ ഇഷ്ടമായിരുന്ന മഞ്ഞപ്പട്ടിന്റെ നിറമാണ്‌ ഈ റോസിന്.  'പ്രഫ. എം.എസ്.സ്വാമിനാഥൻ' എന്ന പേരിൽ ചുവപ്പു നിറത്തിലുള്ള പൂക്കളുണ്ടാകുന്ന റോസ് വികസിപ്പിച്ചതും വീരരാഘവനാണ്. സ്വാമിനാഥനോടുള്ള ആദരസൂചകമായി ബെംഗളൂരുവിലെ കെജിഎസ് സൺ & റോസ് നഴ്സറി ‘ജൂവൽ ഓഫ് മങ്കൊമ്പ്‌ ‘ എന്ന റോസും വികസിപ്പിച്ചു. പിങ്ക് നിറമാണിതിന്.

പ്രശസ്ത ആണവ ശാസ്ത്രജ്ഞനായിരുന്ന ഡോ. ഹോമി ജെ. ഭാഭയുടെ പേരിലുള്ള റോസിന് തൂവെള്ള നിറമാണ്. ഡോ. ബി.പി.പാലാണ് ഇതു വികസിപ്പിച്ചത്. ഓറഞ്ചു കലർന്ന കടും ചുവപ്പു നിറമാണ്  ‘സർ സി.വി.രാമൻ' റോസിന്. നല്ല മണമുള്ള ഇനമാണിത്. ജഗദീഷ് ചന്ദ്രബോസ്, എം.എസ്.രൺധാവ, ഡോ. ശാന്തിസ്വരൂപ് ഭട്നാഗർ, ഡോ. കിദ്വായി എന്നിവരുടെ പേരിലുമുണ്ട് റോസുകൾ.

English Summary : Rose variety names

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS