പന്നി ഹൃദയവുമായി ആദ്യ മനുഷ്യൻ; നമ്മുടെ ഹൃദയം, അവരുടേതും

HIGHLIGHTS
  • മുതിർന്ന ആളുടെ ഹൃദയത്തിന്റെ സമാന വലുപ്പമുള്ളതാണ് പന്നിയുടെ ഹൃദയം
animal-organs-for-human-transplantation
ഡേവിഡ് ബെന്നറ്റ് ശസ്ത്രക്രിയയ്ക്കു ശേഷം ഡോക്ടർക്കൊപ്പം
SHARE

അവയവമാറ്റ ശസ്ത്രക്രിയകളിൽ മനുഷ്യാവയവം കിട്ടിയില്ലെങ്കിൽ പകരം മനുഷ്യരുമായി പരിണാമപരമായി ഏറ്റവും അടുത്തുനിൽക്കുന്ന  മനുഷ്യേതര പ്രൈമേറ്റുകളുടെ  (NHP -Non Human Primates)  അവയവങ്ങൾ ആകും കൂടുതൽ ചേരുക എന്ന ചിന്ത ശാസ്ത്രജ്ഞർക്കിടയിൽ ആദ്യമേ ഉണ്ടായിരുന്നു.  ബബൂണുകൾ, റീസസ് കുരങ്ങുകൾ, സൈനോമോൾഗസ് കുരങ്ങുകൾ പോലെയുള്ള  പ്രൈമേറ്റുകൾ. അവയുടെ വൃക്ക, കരൾ, ഹൃദയം തുടങ്ങിയവ മനുഷ്യരിൽ മാറ്റി വച്ചുള്ള ഗവേഷണങ്ങൾ 1920 മുതൽ ലോകത്ത് പലയിടങ്ങളിലും നടന്നുവന്നു. അവയവങ്ങൾ മുറിച്ചെടുത്തുമാറ്റിയ ശേഷം ജീവികളെ മരിക്കാൻ വിടുന്നതിലെ നൈതിക-ധാർമിക പ്രശ്നങ്ങൾ പലരും ഉയർത്തിയിരുന്നു. മൃഗാവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവരുടെ കടുത്ത പ്രതിഷേധവും പലപ്പോഴും ഉണ്ടായിട്ടുണ്ട്. മനുഷ്യേതര പ്രൈമേറ്റുകളിൽ നിന്നു പ്രത്യേക അണുബാധകൾ മനുഷ്യരിലേക്കു പടരുന്നതിനുള്ള സാധ്യത വളരെ ഉയർന്ന തോതിൽ ആയിരുന്നു. ആൾകുരങ്ങുകളുടെ അവയവങ്ങളുടെ വലുപ്പവും  മനുഷ്യരുടെ സമാന അവയവങ്ങളുടെ വലുപ്പവും തമ്മിലുള്ള വ്യത്യാസം പ്രധാന പ്രശ്നം തന്നെയായിരുന്നു. അങ്ങനെയാണു മറ്റു മൃഗങ്ങളിലേക്കു ഗവേഷകരുടെ ശ്രദ്ധ തിരിഞ്ഞത്. മുതിർന്ന ആളുടെ  ഹൃദയത്തിന്റെ സമാന വലുപ്പമുള്ളതാണ് പന്നിയുടെ ഹൃദയം. അങ്ങനെ പന്നിയുടെ അവയവങ്ങൾ കൂടുതലായി ഉപയോ​ഗിച്ചുള്ള പരീക്ഷണങ്ങൾ നടന്നു. 

                                          

സെനോട്രാൻസ്പ്ലാന്റേഷൻ (Xenotransplantation) 

മറ്റൊരു ജീവിയുടെ അവയവം നമ്മുടെ ശരീരത്തിൽ തുന്നിച്ചേർത്തുപിടിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല. നമ്മുടെ പ്രതിരോധ സംവിധാനം ഇത്തരം കൂട്ടിച്ചേർക്കലുകളെ ഉടൻ തള്ളിക്കളയാൻ ശ്രമിക്കും. ജീവനുള്ള കോശങ്ങൾ, കലകൾ, അവയവങ്ങൾ എന്നിവ മറ്റൊരു സ്പീഷീസിലെ ജീവിയിലേക്കു മാറ്റി സ്ഥാപിക്കുന്ന പരിപാടിയാണ് സെനോട്രാൻസ്പ്ലാന്റേഷൻ. പുറമേനിന്നുള്ള, അന്യവസ്തു എന്നൊക്കെ അർഥമുള്ള സെനോസ് എന്ന  ഗ്രീക്ക് പദത്തിൽ നിന്നാണ് ഈ പ്രയോഗം വന്നത്.  കാൻസർ ഗവേഷണങ്ങൾക്കായി മനുഷ്യരുടെ ട്യൂമർ കോശങ്ങൾ എലികളിൽ ട്രാൻസ്പ്ലാന്റ് ചെയ്തുള്ള പരീക്ഷണങ്ങൾ ഓങ്കോളജി പ്രീ- ക്ലിനിക്കൽ റിസർച്ചുകളുടെ ഭാഗമായി മുൻപുതന്നെ നടക്കാറുണ്ട്. ഗുരുതര വൃക്കത്തകരാറുള്ള ഒരു കുട്ടിക്ക് മുയലിന്റെ വൃക്കയുടെ ചെറുഭാഗം വച്ചുപിടിപ്പിച്ചതിനെക്കുറിച്ച് 1905ൽ ഒരു ശാസ്ത്ര ജേണലിൽ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ  2 ദശകങ്ങളിലായി ആട്, പന്നി, കുരങ്ങുകൾ എന്നിവയുടെ ശരീരഭാഗങ്ങൾ മനുഷ്യരിൽ തുന്നിച്ചേർക്കാൻ നടത്തിയ ഒട്ടേറെ ശ്രമങ്ങളുടെ പഠനവിവരങ്ങൾ ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ ഉണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തിൽ മാറ്റിസ്ഥാപിച്ച അവയവങ്ങളെ ശരീരം തിരസ്കരിക്കുന്നത് എന്നതിനെക്കുറിച്ച് ശരിയായ  ധാരണകൾ അന്ന്  കുറവായിരുന്നു. ഇമ്യൂണോളജിക്കൽ അടിസ്ഥാനങ്ങളെ ആശ്രയിച്ചാണ് തിരസ്കരണം എന്ന മനസ്സിലായതോടെ സെനോട്രാൻസ്പ്ലാന്റേഷൻ നടത്തുന്നതിലെ താൽപര്യം ശാസ്ത്രജ്ഞരിൽ കുറഞ്ഞു.  പിന്നീട് ഇമ്യൂണോ സപ്രസെന്റുകളായ മരുന്നുകളുടെ കണ്ടെത്തലോടെ അവയവമാറ്റ  പരീക്ഷണങ്ങൾ  വീണ്ടും സജീവമായി. 

അമേരിക്കൻ പ്ലാസ്റ്റിക് സർജൻ ആയ ജോസഫ് മുറൈ 1954ൽ ആദ്യമായി ഐഡന്റിക്കൽ  ഇരട്ടകളിലൊരാളുടെ വൃക്ക,  രോഗിയായ മറ്റേ ആളിൽ മാറ്റി സ്ഥാപിച്ച ശസ്ത്രക്രിയ വിജയകരമായി നടത്തി.  വൃക്ക ലഭിച്ച ആൾ ഇമ്യൂണോ സപ്രസെന്റുകളായ മരുന്നുകളുടെ സഹായത്തോടെ പിന്നീട് 8 വർഷം ജീവിച്ചു.  അവയവമാറ്റ ശസ്ത്രക്രിയയിൽ മുറൈയുടെ ഈ  നേട്ടത്തിന് 1990ൽ നൊബേൽ പുരസ്കാരം ലഭിച്ചു. 1963ൽ ചിമ്പാൻസികളുടെ വൃക്കകൾ മനുഷ്യരിൽ മാറ്റി സ്ഥാപിച്ചുള്ള കുറേയേറെ ശസ്ത്രക്രിയകൾ നടന്നു. ഇത്തരത്തിൽ നടന്ന 13 ശാസ്ത്രക്രിയകളിലൊന്നിലെ ഒരു സ്‌കൂൾ ടീച്ചർ ചിമ്പാൻസി വൃക്കയുമായി 9 മാസം ജീവിച്ചു. 1984ൽ 

കലിഫോർണിയയിലെ ലോമ ലിൻഡ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിൽ ഒരു കുഞ്ഞിന് ബബൂണിന്റെ ഹൃദയം മാറ്റിവച്ചിരുന്നു. ബേബി ഫേ എന്ന പേരിൽ പ്രശസ്തയായ ആ കുഞ്ഞ് 21 ദിവസം ജീവിച്ചു. 2021 ഒക്ടോബറിൽ, ന്യൂയോർക്കിൽ പന്നിയുടെ വൃക്ക വിജയകരമായി ഒരാളിലേക്കു മാറ്റിവച്ചു. ഇതുവരെ നടന്നതിൽ ഏറ്റവും വിജയകരവും വിപുലവുമായ സെനോട്രാൻസ്പ്ലാന്റേഷൻ ആയിരുന്നു അത്. ഇപ്പോൾ ഒരു മനുഷ്യനിൽ ജനിതക വ്യതിയാനം നടത്തിയ പന്നിയുടെ ഹൃദയം സ്ഥാപിച്ചുകൊണ്ട് വൈദ്യശാസ്ത്ര രംഗത്ത് വലിയ കുതിച്ചു ചാട്ടം നടന്നിരിക്കുന്നു. 

പന്നി ഹൃദയവുമായി  ആദ്യ മനുഷ്യൻ 

57 വയസ്സുള്ള  ഡേവിഡ് ബെന്നറ്റ് എന്ന  അമേരിക്കക്കാരന്റെ ശരീരത്തിലാണു പന്നിയിൽ നിന്ന് ഹൃദയം മാറ്റിവച്ചിരിക്കുന്നത്.  ഗുരുതരമായ ഹൃദ്രോഗമുള്ള അദ്ദേഹത്തെ മരണത്തിൽ നിന്നു രക്ഷിക്കാനുള്ള അവസാനശ്രമം എന്ന നിലയിൽ ആണ്  മേരിലാൻഡ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലെ ഡോക്ടർമാർക്ക് ഇതിന് യുഎസ് മെഡിക്കൽ റഗുലേറ്റർ പ്രത്യേക ഇളവുകൾ  അനുവദിച്ചത്. മനുഷ്യ ദാതാവിൽ നിന്നുള്ള ഹൃദയമോ ഹാർട്ട് പമ്പോ സ്വീകരിക്കാൻ അദ്ദേഹത്തിന്റെ ശരീരത്തിനു കഴിയില്ലായിരുന്നു. ഏഴു മണിക്കൂർ നീണ്ടുനിന്ന സർജറിക്ക് ശേഷം ഡേവിഡ് സുഖമായിരിക്കുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. 

ജനിതക വ്യതിയാനം വരുത്തിയ പന്നി

പന്നിയുടെ അവയവങ്ങൾ  മനുഷ്യരിൽ  മാറ്റിവയ്ക്കുമ്പോൾ, വളരെക്കുറഞ്ഞ സമയം കൊണ്ടുതന്നെ ശരീരം അതു നശിപ്പിക്കാനും തിരസ്കരിക്കാനും  ആണ്  സാധ്യത. സ്വീകർത്താവിൽ സ്വാഭാവികമായി നിലനിൽക്കുന്ന  ആന്റിബോഡികൾ അന്യജീവി വർഗത്തിലെ അപരിചിതമായ ആന്റിജനുകളുമായി പ്രതിപ്രവർത്തനം നടത്തുന്നതാണ് ഇതിനു കാരണം. ഇത് ഒഴിവാക്കാൻ  ഇമ്മ്യൂൺ സിസ്റ്റത്തെ മറികടക്കാൻ പുതുതായി പല മരുന്നുകളും കണ്ടുപിടിച്ചിട്ടുണ്ട്.  കൂടാതെ ജനിതക വ്യതിയാനം നടത്തിയ പന്നികളെ ഉപയോഗപ്പെടുത്താനും ശ്രമം തുടങ്ങി. അവയവത്തെ "അന്യവസ്തു" എന്ന് തിരിച്ചറിഞ്ഞു നിരാകരിക്കുന്നതു തടയാനുള്ള  ജനിതകമാറ്റങ്ങളാണു പന്നിയിൽ നടത്തുന്നത്. ഇപ്പോൾ നടന്ന ശസ്ത്രക്രിയയിൽ അവയവ മാറ്റത്തിനായി ഉപയോഗിച്ച പന്നിയുടെ ജനനത്തിനു മുൻപേ തന്നെ ജീനുകളിൽ പത്തിടങ്ങളിൽ മാറ്റം വരുത്തിയിരുന്നു. അന്യജീവിയുടെ ആണെന്ന് മനസ്സിലായി തിരസ്കരിക്കുന്നത് ഒഴിവാക്കാനായി  ജീൻ എഡിറ്റിങ്ങ് വഴി മൂന്നിടങ്ങളിൽ മാറ്റം വരുത്തി. ഹൃദയത്തിൽ രക്തം കട്ടപിടിക്കുന്നത് തടയാനും, തിരസ്കരണം ഒഴിവാക്കാനും തന്മാത്രാതല യോജിപ്പ് ഉണ്ടാകാനും  ആറ്  മനുഷ്യജീനുകൾ കൂട്ടിച്ചേർത്തു.  ഹൃദയം വലുപ്പം കൂടുന്നത് നിർത്തിവയ്ക്കാനായി ഒരു ജീനിന്റെ പ്രവർത്തനം നിർത്തി.  ഇത്തരത്തിൽ ജനിപ്പിച്ച് വളർത്തിയ ഒരു വയസ്സ് പ്രായമായ പന്നിയുടെ ഹൃദയം ആണ് മാറ്റി വയ്ക്കാൻ ഉപയോഗിച്ചത്.

അസമിലെ ബറുവ 

1997ൽ അസമിലെ സോനാപ്പുരിൽ ഡോ. ധനിറാം ബറുവ എന്ന   സർജൻ പന്നിയുടെ ഹൃദയം മനുഷ്യനിൽ വച്ചുപിടിപ്പിച്ചിരുന്നു. ശസ്ത്രക്രിയ നടത്തി ഒരാഴ്ചയ്ക്കു ശേഷം സൈക്കിയ എന്ന 32 വയസ്സുകാരൻ മരണപ്പെട്ടു. ഇത്തരത്തിൽ അവയവ മാറ്റ ശസ്ത്രക്രിയ നടത്താൻ ബറുവ അനുമതി  തേടിയിരുന്നില്ല. ബറുവയ്ക്ക് പിന്നീട് 40 ദിവസം ജയിൽ ശിക്ഷ ലഭിച്ചു.ഹോങ്കോങ്ങിൽ നിന്നുള്ള ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജോനാഥൻ ഹോയുടെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ നടത്തിയത്.

English Summary : Animal organs for human transplantation

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA