18,19 നൂറ്റാണ്ടുകളിൽ പഞ്ചാബിന്റെ വിവിധ പ്രദേശങ്ങൾ ഭരിച്ചവരിൽ പ്രമുഖരായിരുന്നു മഹാരാജ രഞ്ജിത്ത് സിങ്ങും ജസ്വന്ത് സിങ്ങും. ജസ്വന്ത് സിങ്ങിന്റെ സദസ്സിലെ അംഗമായിരുന്നു ഹിമ്മത് സിങ്. അദ്ദേഹം പിന്നീട് രഞ്ജിത്ത് സിങ്ങിന്റെ രാജസദസ്സിലും അംഗമായി. വക്കീലായി സേവനമനുഷ്ഠിച്ച ഹിമ്മത് സിങ്ങിന്റെ കഴിവുകളിൽ മതിപ്പു തോന്നിയ രാജാവ് അദ്ദേഹത്തിനു പാരിതോഷികമായി ഒരു ഗ്രാമം തന്നെ നൽകി. ആ ഗ്രാമമായിരുന്നു ജല്ലേവാൽ. ഗ്രാമത്തിന്റെ പേര് തന്റെ പേരിന്റെ കൂടെ കൂട്ടിച്ചേർത്ത അദ്ദേഹം ഹിമ്മത് സിങ് ജല്ലേ വാല എന്നറിയപ്പെട്ടു തുടങ്ങി.
ഹിമ്മത് സിങ് പിന്നീട് വിസ്മൃതിയിലാണ്ടെങ്കിലും സുവർണ ക്ഷേത്രത്തിന്റെ പരിസരത്തു സ്ഥിതി ചെയ്യുന്ന ആ ഗ്രാമത്തിലെ ഒരു ചെറിയ മൈതാനം അദ്ദേഹത്തിന്റെ പേരിന്റെ അവസാന ഭാഗമായ ജല്ലേ വാല എന്ന് അറിയപ്പെടാൻ തുടങ്ങി. പൂന്തോട്ടം എന്നർഥമുള്ള ബാഗ് എന്ന വാക്കും കൂടെ ചേർത്തു ജല്ലേ വാലാ ബാഗ് എന്നാണ് ആളുകൾ ആ മൈതാനത്തെ വിളിച്ചിരുന്നത്.
അത് പറഞ്ഞു പറഞ്ഞാണ് ഇന്നത്തെ പേരായ ജാലിയൻ വാലാ ബാഗ് ആയി മാറിയത്. ആദ്യകാലത്ത് വീടുകളാൽ ചുറ്റപ്പെട്ട ഒരു ഗ്രൗണ്ട് മാത്രമായിരുന്നു ജാലിയൻ വാലാ ബാഗ്. പലരും സ്ഥലം കയ്യേറി വീടുകളും കടകളും മറ്റും നിർമിച്ചിരുന്ന, അധികമാരും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഒരു പ്രദേശം. ഇടുങ്ങിയ ഒരു വഴിയും ഒന്ന് രണ്ടു കുടിലുകളും, അലക്കുകാർ ഉപയോഗിച്ചിരുന്ന കിണറുകളും സ്ഥിതി ചെയ്തിരുന്ന അവിടം വിരളമായേ പൊതുപരിപാടികൾക്കും മറ്റും ഉപയോഗിച്ചിരുന്നുള്ളൂ.

വെടിവയ്പ്, കാൽ മണിക്കൂറോളം
വർഷം 1919. റൗലറ്റ് ആക്ടിനെതിരെയുള്ള പ്രക്ഷോഭം പഞ്ചാബിൽ കൊടുമ്പിരി കൊണ്ടിരുന്ന സമയം. കോൺഗ്രസ് സമ്മേളനത്തിന് പറ്റിയ ഒരു വേദി കണ്ടെത്താൻ നിയോഗിക്കപ്പെട്ടത് ഷഷ്ടി ചരൺ മുഖർജി ആയിരുന്നു. അദ്ദേഹത്തിന്റെ മനസ്സിലെത്തിയത് ജാലിയൻ വാലാ ബാഗും.
1919 ഏപ്രിൽ പതിമൂന്നിന് നടന്ന കൂട്ടക്കൊലയ്ക്ക് തൊട്ടു മുൻപ് വരെ അദ്ദഹം വേദിയിലും ഉണ്ടായിരുന്നു. സമാനതകളില്ലാത്ത കൂട്ടക്കൊലയാണ് അന്ന് റെജിനാൾഡ് ഡയറിന്റെ നേതൃത്വത്തിൽ നടന്നത്. നിസ്സഹായരായ ജനങ്ങൾക്ക് നേരെ പതിനഞ്ചു മിനിറ്റോളം തുടർച്ചയായി വെടിവയ്പ് നടന്നു. കൊല്ലപ്പെട്ടവരുടെ സംഖ്യ അഞ്ഞൂറിനടുത്തായിരുന്നെങ്കിൽ പരുക്കേറ്റവരുടെ എണ്ണം ആയിരത്തോളമായിരുന്നു.
വിലയ്ക്കു വാങ്ങിയ മൈതാനം
കുപ്രസിദ്ധമായ ആ കൂട്ടക്കൊല ചരിത്രത്തിൽ നിന്നു മായ്ച്ചു കളയാൻ ബ്രിട്ടിഷുകാർ പല മാർഗങ്ങളും പയറ്റി. പ്രദേശം മുഴുവൻ ഇടിച്ചു നിരത്തി അവിടെ ഒരു വസ്ത്ര മാർക്കറ്റ് പണിയാനുള്ള ആലോചനയുമായി ബ്രിട്ടിഷുകാർ മുന്നോട്ടു നീങ്ങി. എന്നാൽ ഈ വിവരം അറിഞ്ഞ ഷഷ്ടി ചരൺ മുഖർജിയും കോൺഗ്രസ് സഹപ്രവർത്തകരും ഒരു ട്രസ്റ്റ് രൂപീകരിച്ചു. മദൻ മോഹൻ മാളവ്യ അധ്യക്ഷനും ഷഷ്ടി ചരൺ സെക്രട്ടറിയുമായിട്ടായിരുന്നു അത്. ഗാന്ധിജിയുടെ നേതൃത്വത്തിൽ ട്രസ്റ്റിന് വേണ്ടി ധനസമാഹരണവും ആരംഭിച്ചു. ഒൻപതര ലക്ഷത്തോളം രൂപ പിരിഞ്ഞു കിട്ടിയതിൽ അഞ്ചര ലക്ഷത്തോളം രൂപ ഉപയോഗിച്ചത് ആ പ്രദേശം അന്നു കൈവശം വച്ചിരുന്ന മുപ്പത്തിനാല് വ്യക്തികളിൽ നിന്നും വിലയ്ക്ക് വാങ്ങുവാനായിരുന്നു.
അങ്ങനെ ട്രസ്റ്റിനു സ്വന്തമായ ഭൂമിയിൽ രക്തസാക്ഷികൾക്ക് ഉചിതമായ ഒരു സ്മാരകം പണിയാൻ തീരുമാനിച്ചെങ്കിലും, ബ്രിട്ടിഷുകാർ ഒരിക്കലും അനുമതി നൽകിയില്ല. അതോടെ പ്രദേശം അങ്ങനെ തന്നെ കിടന്നെങ്കിലും ജനങ്ങൾ പതുക്കെ അങ്ങോട്ടൊഴുകിത്തുടങ്ങി. പലരും അവിടെ നിന്നുള്ള മണ്ണ് ശേഖരിച്ചു മടങ്ങുകയും ചെയ്തു.
സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ സ്മാരകം
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പ്രധാനമന്ത്രി നെഹ്റുവിന്റെ നേതൃത്വത്തിൽ 1951ൽ ജാലിയൻ വാലാ ബാഗ് നാഷനൽ മെമ്മോറിയൽ ആക്ട് പാസാക്കി. ഒരു നിയമത്തിനു കീഴിൽ നിർമിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യ സ്മാരകം എന്ന പദവി അങ്ങനെ ജാലിയൻ വാലാ ബാഗ് സ്മാരകത്തിനു സ്വന്തമായി. സ്മാരകത്തിന് ഉചിതമായ രൂപകൽപനയ്ക്കായുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആയിരക്കണക്കിന് രൂപകൽപനകൾ ലഭിച്ചതിൽ നിന്നു തിരഞ്ഞടുത്തതു ഡൽഹി സ്വദേശിയായ ടി.ആർ.മഹേന്ദ്ര, അമേരിക്കക്കാരനായ ബെഞ്ചമിൻ പോൾക്ക് എന്നിവർ ചേർന്നു സമർപ്പിച്ച ഡിസൈനായിരുന്നു. 1957ൽ നിർമാണം ആരംഭിച്ച സ്മാരകം ഒൻപതു ലക്ഷത്തിൽപ്പരം രൂപ ചെലവിൽ ഒരു വർഷം കൊണ്ട് പൂർത്തിയായി. പതിനാല് തൂക്ക് വിളക്കുകളും, വെടിയുതിർത്ത ബ്രിട്ടിഷ് പട്ടാളക്കാരെ അനുസ്മരിപ്പിക്കുന്ന കോളങ്ങളും നീന്തൽക്കുളവുമെല്ലാം അടങ്ങിയ ആ രൂപകൽപ്പനയിലെ സ്വാതന്ത്ര്യ ജ്യോതി (അമർ ജ്യോതി) എന്ന അണയാത്ത ജ്വാല 1961ൽ ഉദ്ഘാടനം ചെയ്തത് അന്നത്തെ രാഷ്ട്രപതി രാജേന്ദ്ര പ്രസാദായിരുന്നു.
ഉദ്ദം സിങ്ങിന്റെ ശിൽപം
രക്തസാക്ഷികളുടെ മുഖങ്ങൾ ആലേഖനം ചെയ്ത അഗ്നിനാളത്തിന്റെ രൂപത്തിലുള്ള ഒരു ശില്പം 2016ൽ സ്മാരകത്തിൽ സ്ഥാപിക്കപ്പെട്ടു. 2018ൽ സ്മാരകത്തിന്റെ കവാടത്തിൽ മറ്റൊരു ശിൽപവും. റെജിനാൾഡ് ഡയറിനു വെടി വയ്ക്കാനുള്ള നിർദേശം നൽകിയ മൈക്കൽ ഒ ഡയറിനെ ലണ്ടനിൽ വച്ച് വെടിവച്ചു കൊന്ന സാക്ഷാൽ ഉദ്ദം സിങ്ങിന്റെ ശിൽപമായിരുന്നു അത്.
English Summary : Jaliyan Wala bag