സൂപ്പർസ്റ്റാർ ഹെക്ടർ
വിലപിടിപ്പുള്ള സാധനങ്ങൾ ലേലത്തിലൂടെ വിൽപന നടത്തിയതായി നമ്മൾ വാർത്തകളിലൂടെ അറിയാറുണ്ട്. പ്രശസ്തർ ഉപയോഗിച്ച സാധനങ്ങൾ മുതൽ സ്ഥാപനങ്ങൾ വരെ ലേലത്തിലൂടെ വിൽക്കും. എന്നാൽ കഴിഞ്ഞദിവസം ഒരു കൗതുകകരമായ ലേലവിൽപന നടന്നു. ഹെക്ടർ എന്നു പേരുള്ള ഒരു ദിനോസറിനെ...വില കിട്ടിയത് എത്രയെന്നോ. ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ കണക്കാക്കിയാൽ ഏകദേശം 93 കോടി രൂപ. ചില്ലറക്കാരൻ ദിനോസറല്ല ഇത്. ലോകസിനിമാവേദിയിൽ അദ്ഭുതവും ഭീതിയും ഒരു പോലെ പടർത്തിയ സ്റ്റീവൻ സ്പിൽബർഗിന്റെ ജുറാസിക് പാർക്ക് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ കുറേ ഇടിവെട്ടുസീനുകളിൽ കാണിക്കുന്ന ദിനോസറുകളുടെ വംശക്കാരനാണു കക്ഷി.
ഹെക്ടറിനെ പരിചയപ്പെടാം
10 കോടി വർഷം പഴക്കമുള്ള ദിനോസറാണ് ഹെക്ടർ. ജുറാസിക് കാലഘട്ടത്തിനു ശേഷമുള്ള ക്രെറ്റേഷ്യസ് കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഇതിന്റെ ഫോസിൽ രൂപത്തിലുള്ള അസ്ഥികൂടം മാത്രമാണ് ഇപ്പോൾ ഉള്ളത്. ഡൈനോനിക്കസ് ആന്റിറോപസ് എന്ന വിഭാഗത്തിൽ പെടുന്ന ഹെക്ടറിന്റെ ഫോസിൽ യുഎസിലെ പ്രശസ്ത ലേലകമ്പനിയായ ക്രിസ്റ്റീസാണു ലേലത്തിൽ വച്ചത്. 2013ൽ യുഎസിലെ മൊണ്ടാന സംസ്ഥാനത്തുനിന്നാണു ഹെക്ടറിനെ കിട്ടിയത്. ലേലത്തിൽ വയ്ക്കുന്നതിനു മുൻപായി പ്രതീക്ഷിച്ചിരുന്നത് 40 മുതൽ 50 വരെ കോടി രൂപയായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിന്റെ ഏകദേശം ഇരട്ടിയോളം തുക കിട്ടി.
ഡൈനോനിക്കസ് വിഭാഗത്തിലുള്ള ദിനോസറുകളിൽ ഏറ്റവും പൂർണമായ ഫോസിലാണു ഹെക്ടറെന്നാണ് ഈ രംഗത്തെ വിദഗ്ധരൊക്കെ പറയുന്നത്. ദിനോസറുകളുടെ അസ്ഥികൂടമൊക്കെ ആരാകും വാങ്ങുന്നത്? ചില സെലിബ്രിറ്റികൾക്കും ധനികർക്കുമൊക്കെ ആദിമകാലത്തെ ഫോസിലുകൾ സ്വന്തമാക്കുന്നത് വലിയ താൽപര്യമുള്ള കാര്യമാണത്രേ. 2020 സ്റ്റാൻ എന്ന ടൈറാനോസറസ് റെക്സ് ദിനോസറിന്റെ അസ്ഥികൂടം ലേലത്തിൽ വിറ്റത് 3.18 കോടി യുഎസ് ഡോളർ വിലയ്ക്കാണ്.
ജുറാസിക് പാർക്കിലെ ഭീകരൻ
1993ൽ ജുറാസിക് പാർക് സിനിമ പുറത്തിറങ്ങി. ചിത്രത്തിലെ ഏറ്റവും പ്രശസ്തമായ ദിനോസർ ടൈറനോസറസ് റെക്സ് എന്നറിയപ്പെടുന്ന ദിനോസറാണ്. ദിനോസർ എന്നു പറഞ്ഞാൽ ഇന്നും നമ്മുടെ മനസ്സിൽ കടന്നുവരുന്നതും ഇതിന്റെ രൂപം തന്നെ. പല വിഭാഗങ്ങളുണ്ടായിരുന്ന ദിനോസർ വംശത്തിലെ ഏറ്റവും ഭയങ്കരൻമാരിലൊരാൾ തന്നെയായിരുന്നു ടൈറനോസറസ് റെക്സ് അഥവാ ടി.റെക്സ്.
എന്നാൽ ചിത്രത്തിലെ ഭയപ്പെടുത്തുന്ന ഒട്ടേറെ സീനുകൾ സൃഷ്ടിച്ചത് വെലോസിറാപ്റ്ററുകൾ എന്ന ദിനോസറുകളാണ്. റാപ്റ്ററുകൾ എന്നു ചുരുക്കി വിളിക്കുന്ന ഇവ ഡൈനോനിക്കസ് ദിനോസറുകളെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു (യഥാർഥ വെലോസിറാപ്റ്ററുകൾ മംഗോളിയയിലുണ്ടായിരുന്ന ടർക്കിക്കോഴിയുടെ അത്രമാത്രം വലുപ്പമുള്ള ദിനോസറുകളാണ്).ഡൈനോനിക്കസ് എന്ന പേരിനു പഞ്ച് കുറവായതിനാൽ ചിത്രത്തിൽ വെലോസിറാപ്റ്റർ എന്ന പേര് കടമെടുക്കുകയായിരുന്നു. ജുറാസിക് പാർക്കിൽ കുട്ടികളായ ലെക്സിനെയും ടിമ്മിനെയും അടുക്കളയിൽ ദിനോസറുകൾ വേട്ടയാടാനെത്തുന്ന സീൻ ഏറെ പരിഭ്രമിപ്പിക്കുന്നതാണ്. ഈ സീനിൽ പ്രത്യക്ഷപ്പെടുന്ന ദിനോസറുകളും ഡൈനോനിക്കസാണ്. ചിത്രത്തിന്റെ ക്ലൈമാക്സ് സീനിൽ രക്ഷപ്പെടുന്നവരെ ആക്രമിക്കാനെത്തുന്ന വില്ലൻമാരും ഇവ തന്നെ. ഇവയെ ചിത്രത്തിൽ ടി.റെക്സ് കൊല്ലുന്നതായാണു പിന്നീട് കാണിക്കുന്നത്.
കാലുകളിൽ അരിവാൾ
9 അടി നീളമുണ്ടായിരുന്ന ഈ ദിനോസറുകൾ വടക്കൻ അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലാണു ജീവിച്ചത്. അരിവാൾ പോലെ വളഞ്ഞിരുന്ന മൂർച്ചയേറിയ കാൽനഖങ്ങൾ ഇവയ്ക്കുണ്ടായിരുന്നു. യുഎസിലെ മൊണ്ടാന, യൂട്ടാ, വ്യോമിങ്, ഒക്‌ലഹോമ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഇവയുടെ അസ്ഥികൂടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ദിനോസറുകൾ എവിടെപ്പോയി?
ഇന്ന് ഭൂമിയുടെ ആധിപത്യം മനുഷ്യർക്കാണ്. എന്നാൽ അതിനും മുൻപ് ഈ ഭൂമിയെ അടക്കിഭരിച്ചിരുന്നത് ഉരഗവർഗത്തിൽപെട്ട ദിനോസറുകളാണ്. മനുഷ്യരുടെ പൂർവികജീവികൾ പോലും പ്രത്യക്ഷപ്പെടുന്നതിനു മുൻപുള്ള മീസോസോയിക് യുഗത്തിലായിരുന്നു ഇവ ഭൂമിയിൽ റോന്തുചുറ്റിയത്.
മീസോസോയിക് യുഗത്തിലെ ട്രയാസിക് കാലഘട്ടത്തിന്റെ അവസാനം ഇവ ഭൂമിയിൽ ഉത്ഭവിച്ചു. പിന്നീട് ജുറാസിക്, ക്രെറ്റേഷ്യസ് എന്നീ 2 കാലഘട്ടങ്ങളിൽ ഇവ പ്രബലരായി. എന്നാൽ ക്രെറ്റേഷ്യസ് കാലഘട്ടത്തിനു ശേഷം ദിനോസറുകൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷരായി. എങ്ങനെ?
6.6 കോടി വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കൂട്ടവംശനാശത്തിലാണ് ദിനോസറുകൾ അപ്രത്യക്ഷരായതെന്നു ശാസ്ത്രജ്ഞർ പറയുന്നു. അന്നത്തെ കാലത്തെ സസ്യങ്ങുടെയും മൃഗങ്ങളുടെയും എണ്ണത്തിൽ 75 ശതമാനത്തോളം ഇതിൽ നശിച്ചു. ഒരു വമ്പൻ ഛിന്നഗ്രഹം ഭൂമിയിൽ വന്നിടിച്ചതിന്റെ പ്രത്യാഘാതങ്ങളാലാണ് ഇതു സംഭവിച്ചതെന്ന് കരുതിപ്പോരുന്നു. ഭൂമിയിൽ അന്നു സംഭവിച്ച ചില അഗ്നിപർവത സ്ഫോടനങ്ങൾ മൂലം കാലാവസ്ഥ ദുസ്സഹമായി മാറിയതും കാരണമായി പറയുന്നുണ്ട്. ഏതായാലും അന്നു പോയതാണ് ദിനോസറുകൾ. ഇപ്പോഴെങ്ങാനും ഇവിടെ ഉണ്ടായിരുന്നെങ്കിൽ...ശ്ശൊ ചിന്തിക്കാൻ വയ്യ, നമ്മളൊക്കെ ഒരു വഴിയായേനെ.
English Summary : Dinosaur skeleton that inspired jurassic park sold for over 39 crore