ADVERTISEMENT

അടുത്ത ആഴ്ച കൂട്ടുകാർ സ്കൂളിലേക്കു പോവുകയാണല്ലോ...  അതിനായി നമുക്കുചില ചെറിയ ഒരുക്കങ്ങൾ ഒക്കെ വേണ്ടേ? ജൂൺ ഒന്നുവരെ  അതിനായി കാത്തിരിക്കേണ്ടതില്ല. ഇപ്പോൾത്തന്നെ നമുക്ക്  കുറച്ചുകാര്യങ്ങൾ പ്ലാൻ ചെയ്താലോ? ഏറ്റവും ആദ്യം വേണ്ടത് കൂട്ടുകാർക്ക് സ്വന്തമായി ഒരു പഠന സ്ഥലനമാണ്. പഠനമൂല (Study corner) എന്ന് തൽക്കാലം നമുക്കതിനെ വിളിക്കാം. കൂട്ടുകാരുടെ പുസ്തകങ്ങൾ, പഠനോപകരണങ്ങൾ ഇതൊക്കെ മാത്രം മതി അവിടെ.  അതൊരുക്കാൻ വലിയ പാടൊന്നുമില്ല. രക്ഷകർത്താക്കളുടെ സഹായത്തോടെ നമുക്ക് നമ്മുടെ പഠനമൂല ഉണ്ടാക്കിയാലോ?

 

വായു, വെളിച്ചം മുഖ്യം 

പഠിക്കുന്ന സ്ഥലമാണ്. അതുകൊണ്ടുതന്നെ നല്ല വായു, നല്ല വെളിച്ചം എന്നിവ പ്രധാനമാണ്. വീട്ടിൽ തന്നെ നല്ല വായുസഞ്ചാരമുള്ള, വെളിച്ചം ലഭിക്കുന്ന സ്ഥലം വേണം നമ്മുടെ പഠനമൂലയ്ക്കായി തിരഞ്ഞെടുക്കാൻ. വീടിന്റെ സൗകര്യം കണക്കാക്കി ചെറുതോ, വലുതോ ആയ സ്ഥലം ആകാം.  പൊതുവായ ഹാളുകൾ ഒഴിവാക്കിയാൽ നന്ന്. എന്നിരുന്നാലും, മറ്റുമുറികൾ ഇല്ലെങ്കിൽ ഹാളിന്റെ ഒരു മൂലയിൽ ആയാലും മതി. ജനലിന്റെ അടുത്തോ, ഏതെങ്കിലും വെളിച്ചസ്രോതസ്സിനോട് അടുത്തോ ആവുന്നത് നല്ലതാണ്. എവിടെയായാലും നല്ല കാറ്റും വെളിച്ചവും ഉള്ള സ്ഥലമാകണമെന്നർത്ഥം. 

 

 

ഡയറിയെഴുത്ത് 

ആദ്യം ടേബിളിലെ അവശ്യസാധനങ്ങളുടെ ലിസ്റ്റിൽ ഡയറി പറഞ്ഞിരുന്നുവല്ലോ. എന്നും ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പായി പത്തുമിനിറ്റ് അന്നന്നത്തെ കാര്യങ്ങൾ ഡയറിയിൽ കുറിയ്ക്കണം. സ്‌കൂളിലെ, വഴിയിലെ ഒക്കെ വിശേഷങ്ങൾ നമ്മുടെ സ്വതസിദ്ധമായ ഭാഷയിൽ കുറിച്ചുവയ്ക്കണം. എന്തിനാണെന്നോ? ഈ ഓർമകൾ നാളെ വിലമതിക്കാനാവാത്തതാണ്. അത് ഇപ്പോളല്ല, നാളെയേ നമുക്ക് മനസ്സിലാകൂ.

 

ടേബിൾ, കസേര 

പണ്ടൊക്കെ കുട്ടികൾ നിലത്തിരുന്നാണ്  പഠിച്ചിരുന്നത്.  ഒരു മേശ, കസേര അല്ലെങ്കിൽ സ്റ്റൂൾ ഇത്രയുമാണ് പ്രധാനമായും വേണ്ടത്. 

പഠനത്തിന് അവശ്യം വേണ്ട സംഗതികൾ മേശയിൽ സജ്ജീകരിക്കാം.  പേന, പെൻസിൽ, സ്കെയിൽ, ഇറേസർ, ഷാർപ്നർ എന്നിവ അടങ്ങിയ ഒരു ബോക്സ്, പാഠപുസ്തകങ്ങൾ, കളർ പെൻസിലുകൾ, പെൻ ഹോൾഡർ, പേപ്പർ വെയിറ്റ്, ബുക്ക് മാർക്കർ, പഠിച്ചതൊക്കെ  കുറിക്കുവാനുള്ള ഒരു ലഘുപുസ്തകം പിന്നെ ഒരു ഡയറി. ഇത്രയുമായാൽ നമ്മുടെ സ്റ്റഡി ടേബിൾ റെഡി. ഇതെല്ലാം കടയിൽ നിന്നു വിലകൊടുത്തു വാങ്ങണമെന്നൊന്നുമില്ല. പേപ്പർ വെയ്റ്റായി പല സാധനങ്ങളും നമുക്ക് ഉപയോഗിക്കാൻ പറ്റും. അവ നിറംകൊടുത്തും സ്റ്റിക്കറുകൾ ഒട്ടിച്ചും ഭംഗിയാക്കാം. അതുപോലെ മനോഹരമായ പെൻ ഹോൾഡർ, ബുക്ക് മാർക്കർ ഇവയൊക്കെ നമുക്ക് സ്വന്തമായി ഉണ്ടാക്കാം. 

 

മൊബൈൽ ഫോണിന് പ്രവേശനമില്ല 

ഓൺലൈൻ ക്ലാസുകൾ, അത്യാവശ്യം ഗൂഗിളിലൂടെയുള്ള അറിവുസമ്പാദനം എന്നിവയൊഴികെ മൊബൈൽ ഫോണിന് നമ്മുടെ പഠനമൂലയിൽ പ്രവേശനം ഇല്ല. കാരണം ഇന്റർനെറ്റ് ഒരു മായിക ലോകമാണ്. ആ ലോകം നമ്മെ എപ്പോളും മാടിവിളിച്ചുകൊണ്ടിരിക്കും. പക്ഷേ, നമുക്കതിന് സമയമില്ല. നമുക്ക്  പഠനലോകമാണ് മുഖ്യം. 

 

ടൈംടേബിൾ 

പഠനമൂലയിൽ രണ്ട് ടൈംടേബിളുകൾ സ്ഥാപിക്കാം. ഒന്ന് സ്‌കൂളിലെ ടൈംടേബിൾ. രണ്ടാമത്തേത് നമ്മുടെ സ്വന്തം ടൈംടേബിൾ. സ്‌കൂളിലെ ടൈംടേബിൾ അധ്യാപകർ ഉണ്ടാക്കിക്കോളും. നമ്മുടേത് നമ്മുടെ പഠനവിഷയങ്ങളെ അധികരിച്ചുകൊണ്ട് നാം തന്നെ ഉണ്ടാക്കണം.  അത് ഓരോരുത്തരുടെയും താൽപര്യവും സൗകര്യവും അനുസരിച്ച് തയാറാക്കാം.  ഒരു ടൈംടേബിൾ ജീവിതത്തിന്റെ ഭാഗമാകുന്നത്‌ ജീവിതത്തിനുതന്നെ ഒരു അടുക്കും ചിട്ടയും ഉണ്ടാവാൻ സഹായിക്കും.

 

അടുക്കും ചിട്ടയും

 

ആ പഠനമൂലയിലൂടെ നാം സ്‌കൂളിലെ പാഠങ്ങൾ മാത്രമല്ല, ജീവിതത്തിലെ പാഠങ്ങൾ കൂടി പഠിക്കുവാൻ പോകുകയാണ്. അച്ചടക്കവും, അടുക്കും ചിട്ടയുമൊക്കെ ഇവിടെ നാം പഠിക്കും. മേൽപറഞ്ഞ സാധനങ്ങളൊക്കെ നമുക്ക് ടേബിളിൽ ഭംഗിയായി അടുക്കിവയ്ക്കണം. നമ്മുടെ പുസ്തകങ്ങൾ ഇടതുവശത്തു ഒതുക്കി വച്ച് വലതുവശം എഴുതുവാനായി ഉപയോഗിക്കാം. എന്തുതന്നെയായാലും പഠിച്ചുകഴിഞ്ഞുപോകുമ്പോൾ നമ്മുടെ സ്റ്റഡി ടേബിൾ വൃത്തിയായി അടുക്കിവച്ചിട്ടേ പോകുവാൻ പാടുള്ളൂ. പഠിച്ചു മടുക്കുമ്പോൾ ഒന്ന് റിലാക്സ് ചെയ്യാൻ പാഠപുസ്തകങ്ങൾ കൂടാതെ നല്ല കഥാപുസ്തകങ്ങളോ, റുബിക്സ് ക്യൂബോ ഒക്കെ വയ്ക്കുന്നതിൽ കുഴപ്പമില്ല. 

 

കൺമുന്നിലെ ഓർമപ്പെടുത്തലുകൾ 

ഹോംവർക്കുകൾ, അസൈൻമെന്റുകൾ, പ്രോജക്ട് വർക്കുകൾ ഇവയെക്കുറിച്ചും, സമർപ്പിക്കേണ്ട ദിനത്തെപ്പറ്റിയുമൊക്കെ  മറന്നുപോകാൻ സാധ്യതയുണ്ട്. അത് സംഭവിക്കാതെയിരിക്കാൻ ഒരു കാര്യം ചെയ്യാവുന്നതാണ്. നമ്മുടെ ടേബിളിന്റെ മുകളിലെ ഭിത്തിയിൽ ഒരു ചെറിയ ബോർഡ് സ്ഥാപിക്കാം.  ചെറിയ പേപ്പറിൽ പ്രോജക്ടിന്റെയൊക്കെ ഡേറ്റ്, വിഷയം എന്നിവ എഴുതി ആ ബോർഡിൽ ഒട്ടിച്ചുവയ്ക്കാം. എഴുതുന്ന ബോർഡാണെങ്കിൽ എഴുതിയും വയ്ക്കാം. ഇനി അഥവാ ബോർഡില്ലെങ്കിൽ ഭിത്തിയിലെ ഒരു ഭാഗം അതിനായി ഉപയോഗിക്കയുമാകാം. അതിനൊപ്പം സ്ഥലമുണ്ടെങ്കിൽ ആവർത്തനപ്പട്ടികകൾ, പീരിയോഡിക് ടേബിൾ എന്നിവകൂടി ഒട്ടിച്ചുവയ്ക്കാം.

 

English summary : School opening plan and tips for students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT