ADVERTISEMENT

എന്താ ചിന്നു ഒരാലോചന?’

മുന്നിൽ നിവർത്തിയ നോട്ടുബുക്കും, കയ്യിൽ പേനയുമായി മുകളിലേക്കു നോക്കിയിരിക്കുന്ന ചിന്നുമോളോട് അച്ഛൻ ചോദിച്ചു.

‘സ്കൂൾ തുറന്നു, അസൈൻമെന്റും തുടങ്ങി...കേരള സമൂഹത്തിലെ നവോത്ഥാനത്തെക്കുറിച്ച് ഒരു ഉപന്യാസം തയാറാക്കാൻ സാമൂഹ്യ ശാസ്ത്ര ക്ലാസിൽ ആവശ്യപ്പെട്ടിരിക്കുകയാ... അച്ഛനാണെന്റെ പ്രതീക്ഷ.’

‘നല്ല കാര്യം, പക്ഷേ, കൂടുതൽ സോപ്പിടേണ്ട.... എനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ പറയാം. നവോത്ഥാനം എന്നാൽ പുത്തനുണർവ് ... കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും ഇതര രാജ്യങ്ങളിലും ലോക ചരിത്രത്തിലുമൊക്കെത്തന്നെ നവോത്ഥാനത്തെക്കുറിച്ചു പരാമർശമുണ്ട്. പത്തൊൻപതും ഇരുപതും നൂറ്റാണ്ടുകളിൽ കേരളത്തിലുണ്ടായ പുതിയ ഉണർവിനെക്കുറിച്ചായിരിക്കും നിന്റെ മാഷ് എഴുതാനാവശ്യപ്പെട്ടിരിക്കുക...’

‘അതെയതെ..... ചട്ടമ്പിസ്വാമികൾ, വൈകുണ്ഠസ്വാമികൾ, ശ്രീനാരായണ ഗുരു, വാഗ്ഭടാനന്ദൻ, അയ്യങ്കാളി, വി.ടി.ഭട്ടതിരിപ്പാട്, മന്നത്ത് പത്മനാഭൻ, സഹോദരൻ അയ്യപ്പൻ തുടങ്ങിയവരുടെ പ്രവർത്തനങ്ങളും സംഭാവനകളും പരാമർശിക്കണമെന്ന്  സൂചന തന്നിട്ടുണ്ട്.’

‘നല്ല കാര്യം... ആരുടെയൊക്കെ കാര്യം പറയണമെന്ന ചിന്തയിലായിരുന്നു ഞാൻ.. നമുക്ക് ഈ മഹാന്മാരുടെ സംഭാവനകൾ ഒന്നു പരിശോധിക്കാം.’

‘അതെയച്ഛാ. മറ്റുള്ളവരുടെ കാര്യം പിന്നീടു മതി.’

  ‘തിരുവനന്തപുരം ജില്ലയിലെ കണ്ണംമൂലയ്ക്കു സമീപം കൊല്ലൂർ ഗ്രാമത്തിൽ ജനിച്ച അയ്യപ്പനാണ് പിന്നീട് ചട്ടമ്പിസ്വാമികളായത്’.

‘പക്ഷേ അച്ഛാ, എന്താ പിന്നെ ചട്ടമ്പി എന്നു വിളിക്കാൻ കാരണം?’

‘അതോ, മിടുക്കനായ അയ്യപ്പൻ ക്ലാസ് ലീഡറായിരുന്നു. ആ സ്ഥാനപ്പേരാണ് ചട്ടമ്പി എന്നത്. പിന്നീടാണ് സ്വാമികളായത്. വോദോപനിഷത്തുകൾ ജാതിചിന്തകൾക്കതീതമാണന്നും അവ പഠിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും മറ്റുമുള്ള അദ്ദേഹത്തിന്റെ പ്രചാരങ്ങൾ പ്രമാണിമാരെ ചൊടിപ്പിച്ചു. പ്രാചീന മലയാളം, വേദാധികാരനിരൂപണം, അദ്വൈതചിന്താപദ്ധതി തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളാണ്. 1924 മേയ് 5ന് അദ്ദേഹം സമാധിയായി’.

‘ഇനി വൈകുണ്ഠസ്വാമികളെക്കുറിച്ചല്ലേ അച്ഛാ ?’

‘അതെ. കൂലി തന്നില്ലെങ്കിൽ വേല ചെയ്യേണ്ട എന്ന് ആവശ്യപ്പെട്ട്, ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ആഹ്വാനം ചെയ്ത്, സമപന്തിഭോജനം നടപ്പാക്കിക്കൊണ്ട് മുന്നേറിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു  വൈകുണ്ഠസ്വാമികൾ’.     

‘വൈക്കം, ഗുരുവായൂർ സത്യഗ്രഹങ്ങൾ അയിത്തോച്ചാടനവുമായി ബന്ധപ്പെട്ടതാണന്നു കേട്ടിട്ടുണ്ട്. എന്താണച്ഛാ ഈ അയിത്തം?’ ചിന്നു ജിജ്ഞാസയോടെ ചോദിച്ചു.

‘ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണവിവേചനത്തേക്കുറിച്ചു കേട്ടിട്ടില്ലേ... അതിനു സമാനമായി ഇവിടെ നിലനിന്ന ദുരാചാരമായിരുന്നു അയിത്തം. ടി.കെ.മാധവന്റെയും മറ്റും നേതൃത്വത്തിൽ സഞ്ചാര സ്വാതന്ത്ര്യത്തിനായി വൈക്കം ക്ഷേത്രപരിസരത്തു നടന്ന സമരമാണ് വൈക്കം സത്യഗ്രഹം. കെ.കേളപ്പന്റെയും മറ്റും നേതൃത്വത്തിൽ ആരാധനാ സ്വാതന്ത്ര്യത്തിനായി ഗുരുവായൂരിൽ നടന്ന സമരം ഗുരുവായൂർ സത്യഗ്രഹവും..’

‘ഹൊ. വളരെ പ്രാധാനപ്പെട്ട എത്ര കാര്യങ്ങളാണ് അച്ഛൻ പറഞ്ഞു തീർത്തത് !’

‘തീരാനോ? ഇതൊരു തുടക്കം മാത്രം.. ആത്മവിദ്യാസംഘം സ്ഥാപിച്ച വാഗ്ഭടാനന്ദൻ, തന്റെ സംഘടനയിലൂടെ ജാതിവ്യവസ്ഥ, മദ്യപാനം തുടങ്ങിയവയ്ക്കെതിരെ ശക്തിയായി പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ് ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് 1936 നവംബർ 12ന് ക്ഷേത്ര പ്രവേശന വിളംബരം നടത്തിയത്.’

‘അതായത് ഈ മഹാന്മാരുടെ പോരാട്ടം ഫലം കണ്ടു അല്ലേ അച്ഛാ...’

‘സംശയമുണ്ടോ? കേരള നവോത്ഥാനത്തിനു തുടക്കം കുറിച്ച യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവൻ, സാധുജന പരിപാലന സംഘം സ്ഥാപിച്ച മഹാത്മാ അയ്യങ്കാളി, യോഗക്ഷേമസഭയിലൂടെ സാമൂഹിക പരിവർത്തനം നടത്തിയ വി.ടി.ഭട്ടതിരിപ്പാട്, നായർ സർവീസ് സൊസൈറ്റിയിലൂടെ മുന്നേറിയ ഭാരത കേസരി മന്നത്തു പത്മനാഭൻ തുടങ്ങിയവരുമായി ബന്ധപ്പെട്ട വിവരങ്ങളും നിർബന്ധമായും നിന്റെ അസൈൻമെന്റിൽ ഉൾക്കൊള്ളിക്കണം.’

‘സമാധാനമായി ......മാഷ് അസൈൻമെന്റ് നൽകിയത് എത്ര നന്നായി .... ഇല്ലെങ്കിൽ ഈ അറിവുകൾ എനിക്കു കിട്ടാതെ പോകുമായിരുന്നു’. വിടർന്ന മുഖത്തോടെ ചിന്നു മോൾ പറഞ്ഞു. 

‘അതെ ഇനിയുമുണ്ട് ധാരാളം കാര്യങ്ങൾ .... അത് അടുത്ത ദിവസം  പറയാം’. പത്രവായനയിലേക്കു കടക്കും മുൻപ് അച്ഛൻ ചിന്നുവിനോടായി പറഞ്ഞു.

 

English Summary : Social Science learning tips for students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com