വർഷങ്ങൾ ഇരുന്നാലും പശ അവയുടെ ബോട്ടിലിന്റെ ഉള്ളിൽ ഒട്ടിപ്പിടിക്കാത്തതിന് കാരണം?

glue-interesting-facts
Photo Credits: Butus/ Shutterstock.com
SHARE

പശ അതിന്റെ കുപ്പിയിൽ അടച്ചിരിക്കുമ്പോൾ അതേപോലെതന്നെ തുടരുകയും, എന്നാൽ അൽപമൊന്നു പുറത്തെടുത്താൽ അപ്പോൾ തന്നെ കട്ടപിടിക്കുകയും ചെയ്യുന്ന അവസ്ഥ കാണാറുണ്ടല്ലോ. എന്നാൽ എല്ലാറ്റിനെയും ഒട്ടിക്കുന്ന പശ എന്താണ് വർഷങ്ങൾ ഇരുന്നാലും അവയുടെ ബോട്ടിലിന്റെ ഉള്ളിൽ ഒട്ടിപ്പിടിക്കാത്തത്? ഒട്ടേറെ കൂട്ടുകാർ ഇങ്ങനെ ഒരു സംശയം ചോദിക്കുന്നുണ്ട്.

ഇതിന്റെ പിന്നിലെ കാരണക്കാരൻ മറ്റാരുമല്ല, നമ്മുടെ വെള്ളം തന്നെയാണ്. സാധാരണയുള്ള പശകൾ എല്ലാം ഉണ്ടാക്കിയിരിക്കുന്നത് വിവിധങ്ങളായ രാസവസ്തുക്കളും പോളിമറുകളും ഉപയോഗിച്ചാണ്. പശിമയുള്ളതും നീണ്ടുകിടക്കുന്നതുമായ പോളിമറുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. പശ നിർമാതാക്കൾ ഏറ്റവും ഉപയോഗപ്രദമായ പോളിമറുകൾ തിരഞ്ഞെടുത്താണ് അവരവരുടെ കമ്പനിയുടെ ഉൽപന്നങ്ങൾ ഉണ്ടാക്കിയെടുക്കുന്നത്. 

ഇനി ഇതിന്റെ ശാസ്ത്രത്തിലേക്ക് വരാം. വെള്ളമാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാരണമെന്ന് പറഞ്ഞല്ലോ. വെള്ളമാണ് ഇവിടെ ലായകമായി പ്രവർത്തിക്കുന്നതും നമുക്കാവശ്യമുള്ള സമയം വരെ പശയെ ദ്രാവകരൂപത്തിൽ നിലനിർത്തുന്നതും. ഒരു പേപ്പർ ഒട്ടിക്കാനായി നാം അതിലേക്ക് പശ പുരട്ടുമ്പോൾ അത് വായുവുമായി സമ്പർക്കത്തിലാവുന്നു. അതുവഴി അതിലെ വെള്ളം ബാഷ്പീകരിക്കപ്പെടുകയും വെള്ളം നഷ്ടപ്പെടുന്നതോടെ പശ വരണ്ടുണങ്ങുകയും ചെയ്യുന്നു. അങ്ങനെ പശിമയുള്ള പോളിമറുകൾ അവശേഷിക്കുകയും അവ ഒട്ടിക്കുന്ന ധർമം നിർവഹിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയ്ക്ക് 'മെക്കാനിക്കൽ അഡ്‌ഹീഷൻ' (Mechanical Adhesion) എന്നാണ് പറയുന്നത്. 

ഇനി വളരെവേഗം ഒട്ടുന്ന സൂപ്പർ ഗ്ലൂവിന്റെ കാര്യമെടുക്കാം. അതിന്റെ ശാസ്ത്രം അൽപം വ്യത്യസ്തമാണ്. അവയിൽ സാധാരണ പോളിമറുകൾക്കുപകരം സയാനോഅക്രിലേറ്റ് (Cyanoacrylate) എന്ന രാസപദാർഥമാണ് അടങ്ങിയിരിക്കുന്നത്. അവ അന്തരീക്ഷത്തിലെ നീരാവിയുമായി പ്രവർത്തിച്ചുകൊണ്ടാണ് കട്ടപിടിക്കുന്നത്. എത്രതന്നെ വരണ്ട അന്തരീക്ഷം ആണെങ്കിൽപോലും അൽപമെങ്കിലും നീരാവിയുടെ അംശം അവിടെ ഉണ്ടാകും. അതുമതി ഇവയ്ക്ക് പ്രവർത്തിക്കാൻ. ഈ പ്രക്രിയയ്ക്ക് കെമിക്കൽ  അഡ്‌ഹീഷൻ' (Chemical Adhesion) എന്ന് പറയുന്നു. 

അതുകൊണ്ട് സൂപ്പർ ഗ്ലൂവിന്റെ കണ്ടെയ്‌നറുകൾ നന്നായി അടച്ചു സൂക്ഷിച്ചില്ലെങ്കിൽ അവ കട്ടപിടിച്ചു ഉപയോഗശൂന്യമാകാനും  സാധ്യതയുണ്ട്.

English Summary : Glue stick interesting facts

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA