ADVERTISEMENT

ഉറുമ്പുകൾ എത്ര ഉയരത്തിൽനിന്ന് താഴേക്കുവീണാലും അവ പരുക്കുകളൊന്നുമില്ലാതെ ഉടൻതന്നെ എഴുന്നേറ്റ് നടന്നുപോകാറുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തിൽ എത്ര ഉയരത്തിൽ നിന്ന് വീണാലും ഉറുമ്പുകൾക്ക് ഒന്നും സംഭവിക്കാത്തത്? 

 

ഇതിനുപിന്നിൽ പല കാരണങ്ങളുണ്ട്. ഒന്ന് ഉറുമ്പിന്റെ പിണ്ഡം തന്നെയാണ്. മറ്റുള്ള ജീവികളെ അപേക്ഷിച്ച് ഉറുമ്പിന്റെ പിണ്ഡം വളരെ കുറവാണ്. ഒരു വസ്തുവിന്റെ പിണ്ഡം കുറയുന്നതിനനുസരിച്ച് അതിന്റെ ഭൂഗുരുത്വബലവും കുറയുമല്ലോ. ഉറുമ്പ് ഉയരത്തിൽ നിന്നു താഴേക്ക് പതിക്കുന്നതായി കരുതുക. ഭൂഗുരുത്വബലം അതിനെ താഴേക്ക് ആകർഷിക്കുന്നു. അതേസമയം തന്നെ അന്തരീക്ഷത്തിലെ വായു അതിൽ മുകളിലേക്കുള്ള ഒരു ബലം കൂടി പ്രയോഗിക്കുന്നുണ്ട്. അതിന് 'ലിഫ്റ്റ്' എന്നാണ് പറയുന്നത്. പറക്കുന്ന ഏതൊരു വസ്തുവിലും ഈ രണ്ടു ബലങ്ങൾ ഉണ്ടാകുന്നുണ്ട്. വായുവിന്റെ ഈ 'ലിഫ്റ്റ്' ബലത്തേക്കാൾ ഭൂഗുരുത്വബലം കൂടുതലാകുമ്പോൾ ആണ് അത് ഭൂമിയിലേക്ക് പതിക്കുന്നതും അതുമായി ബന്ധപ്പെട്ട് വീഴ്ചയിൽ പരുക്കുകൾ ഉണ്ടാകുന്നതും. 

 

ഉറുമ്പിന്റെ കാര്യത്തിൽ ഈ രണ്ടു ബലങ്ങളും ഏറെക്കുറേ സമമായതിനാൽ താഴേക്ക് വീഴുന്നത് വളരെ സാവധാനം ആയിരിക്കും. ഇത്തരത്തിൽ ഉറുമ്പ് താഴേക്ക് പതിക്കുമ്പോൾ അതിന്റെ വലുപ്പത്തിനും രൂപത്തിനും പിണ്ഡത്തിനും അനുസരിച്ച് അതിനൊരു ടെർമിനൽ വെലോസിറ്റി (Terminal Velocity) ഉണ്ടായിരിക്കും. താഴേക്കുവീഴുന്ന ഒരു വസ്തു അതിന്റെ സ്വതന്ത്രമായ വീഴ്ചയിൽ ആർജിക്കുന്ന ഏറ്റവും കൂടിയ വേഗത്തെയാണ് ടെർമിനൽ വെലോസിറ്റി എന്ന് പറയുന്നത്. 

 

ഉറുമ്പ് താഴേക്ക് പതിക്കുന്ന വേഗത്തിന്റെ ഇരട്ടിക്ക് ആനുപാതികമായ ബലമാണ് ചുറ്റുമുള്ള വായു അതിൽ പ്രയോഗിക്കുന്നത്. ഉറുമ്പിന്റെ ടെർമിനൽ വെലോസിറ്റി ഏകദേശം 6.4 Km/hr ആണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. മനുഷ്യനിൽ ഇത് 200 Km/hr ആണ്. ഉറുമ്പ് അവയുടെ കാലുകൾ വിടർത്തി വയ്ക്കുന്നതും ടെർമിനൽ വെലോസിറ്റിയെ സ്വാധീനിക്കുന്നു. ഇതിനൊപ്പം,അത്തരത്തിൽ താഴെ വീഴുമ്പോൾ പെട്ടെന്നുണ്ടാകുന്ന ഷോക്കിനെ അതിജീവിക്കാൻ തക്ക തരത്തിലുള്ളതാണ് ഉറുമ്പുകളുടെ ശരീര ഘടനയും. ഉറുമ്പിനെ സംബന്ധിച്ച് അത്തരമൊരു അവസ്ഥയിൽ വായുവിലൂടെ സഞ്ചരിക്കുന്നത് നാം വെള്ളത്തിൽ വീഴുമ്പോൾ അടിത്തട്ടിലേക്ക് പോകുന്നതുപോലെയാണ് അനുഭവപ്പെടുന്നത്. മെല്ലെയാണ് പോകുന്നതെന്ന് മാത്രമല്ല, താഴെ ചെല്ലുമ്പോൾ താഴെയിടിച്ചു പരിക്ക് ഉണ്ടാകുന്നതുമില്ല.

 

English Summary : Interesting facts about ants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com