ADVERTISEMENT

കാലിക്കറ്റ് സർവകലാശാലയുടെ പശ്ചിമേഷ്യൻ പഠന കേന്ദ്രവും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ മാരിടൈം പഠന കേന്ദ്രവും ഒരേ പേരിൽ തന്നെയാണ്– കുഞ്ഞാലി മരയ്ക്കാർ എന്ന പേരിൽ. 

യഥാർഥത്തിൽ കുഞ്ഞാലി മരയ്ക്കാർ എന്നാൽ ഒരു വ്യക്തി അല്ല, മറിച്ച് ഒരു സ്ഥാനപ്പേര് ആണ്. 4 പേർ വിവിധ വർഷങ്ങളിൽ 1500നും 1600നും ഇടയ്ക്ക് ആ പദവി അലങ്കരിച്ചിരുന്നു. ഇവരെല്ലാം പോർച്ചുഗീസുകാർക്കെതിരെ പോരടിയവരാണ്.

 

നാലു മരയ്ക്കാർമാർ

 

കൊച്ചി രാജ്യത്തെ കൊച്ചങ്ങാടിയിൽ ജനിച്ചുവളർന്ന മുഹമ്മദ് അലി മരയ്ക്കാർ എന്ന മമ്മാലി മരയ്ക്കാർ ആയിരുന്നു കുഞ്ഞാലി മരയ്ക്കാർ ഒന്നാമൻ. കുട്ടിപോക്കർ മരയ്ക്കാർ ആയിരുന്നു കുഞ്ഞാലി മരയ്ക്കാർ രണ്ടാമൻ എന്നറിയപ്പെട്ടത്. ഉള്ളാളിലെ റാണി അബ്ബാക്കയുടെ സഹായാഭ്യർഥനയെത്തുടർന്ന് അവിടെയെത്തി പോർച്ചുഗീസ് സൈന്യത്തെ കുഞ്ഞാലി രണ്ടാമൻ തകർത്തെറിഞ്ഞു. മടങ്ങിവരുന്ന വഴിയിൽ മറ്റൊരുസംഘം പോർച്ചുഗീസ് സൈനികർ പതിയിരുന്നാക്രമിച്ചു. കനത്ത പോരാട്ടത്തിൽ കുഞ്ഞാലി മരയ്ക്കാർ രണ്ടാമൻ രക്തസാക്ഷിത്വം വഹിച്ചു.

‘അറബിക്കടലിന്റെ സിംഹം’ എന്നു വിശേഷിപ്പിക്കപ്പെട്ട, തോൽവിയറിയാത്ത പട്ടു മരയ്ക്കാർ (പട മരയ്ക്കാർ) ആയിരുന്നു കുഞ്ഞാലി മരയ്ക്കാർ മൂന്നാമൻ. 

ട്രോങ്കോ എന്നറിയപ്പെട്ട ഗോവൻ തടവറയിൽ പാർപ്പിച്ച്, ഗോവൻ തെരുവിൽ പരസ്യമായി ശിരച്ഛേദം ചെയ്യപ്പെട്ട മുഹമ്മദ് അലി മരയ്ക്കാർ ആയിരുന്നു കുഞ്ഞാലി മരയ്ക്കാർ നാലാമൻ.

 

ഇത് അലി മരയ്ക്കാർ

 

ഈ കഥ മറ്റൊരു മരയ്ക്കാരെക്കുറിച്ചാണ്. കുഞ്ഞാലി മരയ്ക്കാർ മൂന്നാമന്റെ മരുമകനും, കുഞ്ഞാലി മരയ്ക്കാർ നാലാമന്റെ മച്ചുനനുമായ അലി ഇബ്രാഹിം മരയ്ക്കാർ അഥവാ അലി മരയ്ക്കാരെക്കുറിച്ച്. 

1592ൽ മാലദ്വീപിനടുത്ത കാർഡിവയിൽ നടന്ന യുദ്ധത്തിലാണ് പതിമൂന്നുകാരൻ 'കുട്ടി അലി' പറങ്കിപ്പടയുടെ പിടിയിലാകുന്നത്. തുടർന്ന് കുട്ടി അലിയെ തടവുകാരുടെ മേൽനോട്ടക്കാരനാക്കി നിയമിച്ചു. ഡോൺ പെഡ്രോ റോഡ്രിഗസ് എന്ന പേര് നൽകുകയും ഒരു പോർച്ചുഗീസ് വനിതയെ വിവാഹം ചെയ്തു കൊടുക്കുകയുമുണ്ടായി.

 

 

രക്ഷപ്പെടൽ, തിരിച്ചടി

 

അധികം വൈകാതെ ഒരു ദിവസം രാത്രി കുടുംബ സമേതം ചെറിയ വള്ളത്തിൽ അദ്ദേഹം രക്ഷപ്പെട്ടു. ജന്മനാട്ടിലെത്തി അലി മരയ്ക്കാർ എന്നു പേരുമാറ്റി. കുടുംബാംഗങ്ങളെയും നാട്ടുകാരെയും ചേർത്ത് ഒരു സൈന്യത്തെ സൃഷ്ടിച്ചു. തന്നെ മതം മാറ്റുകയും പോർച്ചുഗീസ് രാജാവായിരുന്ന പെഡ്രോയുടെ പേര് നൽകുകയും ചെയ്തയാളെ പിന്നീട് വധിച്ചു. ഇതായിരുന്നു അലി മരയ്ക്കാരുടെ ആദ്യ തിരിച്ചടി. 

പിന്നീടങ്ങോട്ട് 18 കൊല്ലം ശ്രീലങ്ക, മാലദ്വീപ് തീരങ്ങളിൽ പോർച്ചുഗീസ് കപ്പലുകളെ നിരന്തരം ആക്രമിച്ച് നശിപ്പിച്ചു. ഒട്ടേറെ പറങ്കികളെ വധിച്ചു. 1618ൽ 5 പടക്കപ്പലുകൾ ആക്രമിച്ച് കീഴടക്കി പിടിച്ചെടുത്തതിലൂടെയാണ് അലി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. 

lha Das Vacas എന്ന് പോർച്ചുഗീസുകാർ വിശേഷിപ്പിച്ചിരുന്ന പശു ദ്വീപ് എന്നറിയപ്പെടുന്ന ശ്രീലങ്കൻ പ്രദേശത്തു വച്ചായിരുന്നു ആക്രമണം.  ആ 5 കപ്പലുകൾ തിരിച്ചുപിടിക്കാൻ 58 കപ്പലുകളാണ് പോർച്ചുഗീസുകാർ അയച്ചത്. 

എന്നാൽ ആ മഹാ സൈന്യത്തെയും അടിയറവു പറയിച്ച് ഞെട്ടിച്ചുകളഞ്ഞു അലി. മാത്രമല്ല തിരിച്ചു പോവുകയായിരുന്ന 18 കപ്പലുകളെ ആക്രമിച്ചു നശിപ്പിക്കുകയും ചെയ്തു.

 

പറന്നു നടന്ന് പോരാട്ടം

 

പിന്നീടുള്ള വർഷങ്ങളിലും പോർച്ചുഗീസുകാർക്കെതിരെ പ്രതികാര ബുദ്ധിയോടെ അദ്ദേഹം തിരിച്ചടിച്ചുകൊണ്ടിരുന്നു. 

   അലിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയോ പരാജയപ്പെടുകയോ ചെയ്ത പോർച്ചുഗീസുകാരുടെ പേരുകൾ ഒട്ടേറെ യാത്രാവിവരണ കൃതികളിലും പോർച്ചുഗീസ് രേഖകളിലും രേഖപ്പെടുത്തിയിട്ടുണ്ട്.

 തനദിവ ദ്വീപിലെ സാൻ ജോൺ തീരം, സിലോൺ, മലാക്ക, ജാഫ്ന, ഹോർമൂസ് , കച്, കോറമാണ്ഡൽ തീരങ്ങൾ തുടങ്ങി ഇന്ത്യൻ മഹാ സമുദ്രത്തിന്റെ പല പ്രദേശങ്ങളിലും അദ്ദേഹം പറങ്കികളെ വിറപ്പിച്ചു കൊണ്ടിരുന്നു. 

ജാഫ്ന രാജ്യത്തിൽ നിന്ന് 'കരൈയാർ രാജാവിന്റെ' അധീനതയിലുള്ള ദ്വീപുകൾ പോർച്ചുഗീസുകാരിൽ നിന്നും തിരിച്ചുപിടിച്ചു. തഞ്ചാവൂരിലെ രാജാവ് രഘുനാഥ് നായ്ക്കും ജാഫ്ന രാജാവ് കാങ്കിലി രണ്ടാമനും അലി മരയ്ക്കാരുടെ സഹായം തേടി. സഹായവുമായെത്തിയ അലി അവിടങ്ങളിൽ ഉണ്ടായിരുന്ന പോർച്ചുഗീസ് നാവിക ശക്തിയെ തകർത്തെറിഞ്ഞു. 

  ആനകളെ കടത്തിക്കൊണ്ടുപോയിരുന്ന സിലോണിലെ ഇല്യ ദാസ് എലിഫന്റ (കരൈതീവ്/ കേട്സ് ദ്വീപ്) ആക്രമിച്ചു പിടിച്ചെടുത്തു. ഒട്ടേറെ കോട്ടകളും കീഴടക്കി. 

  ജോൺ ഹെൻട്രി ഡിസൂസ, ജോർജ് ഡി കാസറ്റിയോ തുടങ്ങി പേരുകേട്ട നാവിക പോരാളികൾ പോലും അലി മരയ്ക്കാരുടെ മുന്നിൽ അടിയറവു പറഞ്ഞു.

 എന്നാൽ നാവിക സൈന്യത്തിന്റെ നായകനായി കൂടെ നിൽക്കാനുള്ള ഈ രാജാക്കന്മാരുടെയോ, സാമൂതിരിയുടെയോ അഭ്യർഥന അദ്ദേഹം സ്വീകരിച്ചില്ല.

 

 തുരത്തി പറങ്കിപ്പടയെ

 

പോർച്ചുഗീസ് വാണിജ്യ നീക്കത്തിന് ഇത്രയ്ക്കും കനത്ത പ്രഹരമേൽപിച്ച വ്യക്തികൾ വേറെയില്ലെന്ന് അന്നത്തെ സഞ്ചാരികളുടെ ഡയറിക്കുറിപ്പുകൾ അടിവരയിടുന്നു. ഹെൻട്രി ഡെഫീൻസ്, വില്യം ഫിവിഞ്ച് തുടങ്ങിയവരുടെ എഴുത്തുകളിൽ നിന്നും പെഡ്രോയെ നേരിടാനുള്ള ഉത്തരവുകൾ കൈപ്പറ്റാതെ ഒഴിഞ്ഞു മാറിയ പോർച്ചുഗീസ് സൈന്യാധിപരെ വിമർശിച്ച് കൊണ്ടുള്ള രേഖകളിൽ നിന്നും ഇദ്ദേഹം സൃഷ്ടിച്ച ഭീതി എത്ര മാത്രമുണ്ടായിരുന്നെന്ന് മനസ്സിലാക്കാം. അലി മരയ്ക്കാരുടെ നിരന്തരമായ ആക്രമണവും ഡച്ചുകാരുടെ വരവുമെല്ലാം കൂടിയായപ്പോൾ പോർച്ചുഗീസുകാരുടെ മലബാറിലെ തേർവാഴ്ചയ്ക്ക് അന്ത്യമായി. അതോടെ അലി ആക്രമണങ്ങളിൽ നിന്നു പിൻവാങ്ങുകയും ചെയ്തു. അലി മരയ്ക്കാരുടെ അവസാന നാളുകളെക്കുറിച്ച് കൃത്യമായ രേഖകളൊന്നും ലഭ്യമല്ല. 

കുടുംബസമേതം മാലദ്വീപിൽ വാസമുറപ്പിച്ചു എന്നും ആത്മീയതയും കച്ചവടവുമായി അവസാന നാളുകൾ കഴിഞ്ഞെന്നും വിശ്വസിക്കപ്പെടുന്നു. 

പോർച്ചുഗീസ് കപ്പലുകൾക്ക് കടലിലിറങ്ങാൻ ഭയപ്പെടേണ്ട അവസ്ഥ സൃഷ്ടിച്ച അലി മരയ്ക്കാരുടെ കഥ മലയാളത്തിലോ ഇന്ത്യൻ ഭാഷകളിലോ വേണ്ട വിധത്തിൽ രേഖപ്പെടുത്തപെട്ടിട്ടില്ല.

English Summary : About Kunjali Marakkar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com