ഒരു കടുവയെ സംരക്ഷിക്കുമ്പോൾ കാക്കുന്നത് 25,000 ഏക്കർ വനം !

HIGHLIGHTS
  • കടുവകൾ കൂടിയാൽ മനുഷ്യനുള്ള ഗുണങ്ങള്‍ !
  • ജൂലൈ 29: രാജ്യാന്തര കടുവാ ദിനം
Tiger
Image Credit: Shutterstock
SHARE

ഒടുവിൽ അത് സംഭവിച്ചിരിക്കുന്നു. നീണ്ട ഒരു നൂറ്റാണ്ടിനുശേഷം കാട്ടിലെ കടുവകളുടെ എണ്ണം കൂടാൻ തുടങ്ങി! കടുവ സംരക്ഷണ ചരിത്രത്തിലെ ഏറ്റവും ശുഭകരമായ ഈ റിപ്പോർട്ട് ഈയിടെ പുറത്തുവിട്ടത് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറാണ് (WWF). ‘കടുവകൾ കൂടിയാൽ മനുഷ്യനെന്താ’ എന്നു സ്വാർഥരാവാകാൻ വരട്ടെ. അതിൽ നമുക്ക് ഗുണമുള്ള ചിലതുണ്ട്. പ്രാചീന കാലം തൊട്ടേ മനുഷ്യസംസ്കാരങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ജീവിയാണ് കടുവ. പൂച്ചക്കുടുംബത്തിലെ ഏറ്റവും വമ്പനായ ഇവ വലുപ്പത്തിലും ശക്തിയിലും ഗാംഭീര്യത്തിലും മൃഗരാജാവെന്നു പേരെടുത്ത സിംഹത്തെയും കടത്തിവെട്ടും. ഉഷ്ണമേഖലാ മഴക്കാടുകളിലും കണ്ടൽക്കാടുകളിലും സാവന്ന–പുൽമേടുകളിലും ഇവയെ കണ്ടുവരുന്നു. കേൾവിയും കാഴ്ചയും ശക്തിയും ആയുധമാക്കി ഇരതേടുന്ന കടുവ കാട്ടിലും നാട്ടിലും ഭീതിയുടെ മറുവാക്കാണ്. 

Tiger

മുൻപൊക്കെ കടുവകളെ പലയിനങ്ങളായി തരം തിരിച്ചിരുന്നെങ്കിലും ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (IUCN) 2017 റിപ്പോർട്ട് പ്രകാരം ലോകത്തിലാകെ രണ്ടിനം കടുവകളാണുള്ളത്; കോണ്ടിനെന്റൽ ടൈഗറും സുൻഡ ഐലൻഡ് ടൈഗറും. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഏഷ്യൻ വൻകരയിലെ കടുവകളും ഇന്തൊനീഷ്യയിലെ സുൻഡ ദ്വീപുകളിലെ കടുവകളും. ഒരുകാലത്ത് സുൻഡ ദ്വീപുകളിലെങ്ങും കാണപ്പെട്ട കടുവകൾ ഇന്ന് സുമാത്രയിൽ മാത്രമായൊതുങ്ങി. ഇവ സുമാത്രൻ കടുവകൾ എന്നറിയപ്പെടുന്നു. ജാവ, ബാലി എന്നീ ദ്വീപുകളിലുണ്ടായിരുന്നവയ്ക്ക് വംശനാശം സംഭവിച്ചു. ബംഗാൾ, മലയൻ, ഇന്തോചൈനീസ്, അമുർ (സൈബീരിയൻ) എന്നിവയാണ് കോണ്ടിനെന്റൽ ടൈഗറുകളിൽ ഇന്ന് അവശേഷിക്കുന്നവ. മുൻപ് ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിരുന്ന കാസ്പിയൻ കടുവ, സൗത്ത് ചൈന ടൈഗർ എന്നിവയും കുറ്റിയറ്റു.    

global-tiger-day1
Photo Credits: Witsawat.S/ Shutterstock.com

∙ആഗോള കടുവാദിനം

ഒരു നൂറ്റാണ്ടു മുൻപ് ഒരു ലക്ഷത്തോളം കടുവകൾ ഭൂമിയിലുണ്ടായിരുന്നു. എന്നാൽ, 21–ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ അവയിൽ 95 ശതമാനവും ഇല്ലാതായി. അധിവാസ മേഖലകൾ നശിപ്പിക്കുന്നതും അനധികൃതമായ വേട്ടയുമാണ് ഈ കൂട്ടനാശത്തിനു കാരണം. ഒരുകാലത്ത് ഏഷ്യയെങ്ങും കാണപ്പെട്ട കടുവകൾ ഇന്ന് 13 രാജ്യങ്ങളിൽ മാത്രമായൊതുങ്ങിക്കഴിഞ്ഞു. ബംഗ്ലദേശ്, ഭൂട്ടാൻ, കംബോഡിയ, ചൈന, ഇന്ത്യ, ഇന്തൊനീഷ്യ, ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്, മലേഷ്യ, മ്യാൻമർ, നേപ്പാൾ, റഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം എന്നിവയാണ് ആ ‘കടുവാരാജ്യ’ങ്ങൾ. ഇവയിൽ കംബോഡിയ, ലാവോ പിഡിആർ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ കടുവയ്ക്ക് വംശനാശം സംഭവിച്ചുകഴിഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

wayanad-tiger-05

കടുവകളെക്കുറിച്ചുള്ള ആഗോള അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2010ലാണ് ആഗോള കടുവാ ദിനത്തിന് (Global Tiger Day) തുടക്കമിട്ടത്. ജൂലൈ 29 ദിനാചരണത്തിനായി തിരഞ്ഞെടുത്തു. സ്വാഭാവിക ചുറ്റുപാടുകളിൽ കണ്ടുവരുന്ന കടുവകളുടെ എണ്ണം കേവലം 3,200ലേക്ക് ചുരുങ്ങിയ 2010ൽ, ലോകത്തിലെ 13 കടുവാരാജ്യങ്ങളുടെ നേതാക്കൾ കൂടിച്ചേർന്ന് ഒരു തീരുമാനമെടുത്തു: ചാന്ദ്ര കലണ്ടർ പ്രകാരം കടുവകളുടെ വർഷമായി ചൈനയിൽ അറിയപ്പെടുന്ന 2022 ആകുമ്പോഴേക്കും കടുവകളുടെ എണ്ണം ഇരട്ടിയാക്കണം. 13 രാജ്യങ്ങളിലെ സർക്കാരുകൾക്കും സന്നദ്ധസംഘടനകൾക്കുമൊപ്പം ഡബ്ല്യുഡബ്ല്യുഎഫും (വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ) ആ ലക്ഷ്യത്തിനായി കൈകോർത്തു. TX2 എന്നറിയപ്പെടുന്ന ഈ പദ്ധതി ഭൂമിയിലെ ഏതെങ്കിലും ഒരു ജീവിവർഗത്തിന്റെ വീണ്ടെടുപ്പിനായുള്ള എക്കാലത്തെയും വലിയ ശ്രമങ്ങളിലൊന്നാണ്. 

‘Tiger farms’ have turned a wild animal into a species worth more dead than alive
Image Credit: Shutterstock

TX2 പദ്ധതിയുടെ പുരോഗതി ഉറപ്പുവരുത്തുക, കടുവകളുടെ വീണ്ടെടുപ്പ് വേഗത്തിലാക്കുക എന്നിവയാണ് ഈ വർഷത്തെ ആഗോള കടുവാദിനത്തിലൂടെ ഡബ്ല്യുഡബ്ല്യുഎഫ് മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങൾ.

Chinese hotel offering rooms looking directly into a tiger enclosure condemned as cruel
Image Credit: Shutterstock

∙എന്നിട്ടെന്തായി?

2010ലെ കടുവകളുടെ എണ്ണം 2022–ൽ ഇരട്ടിയാക്കുക എന്നതാണല്ലോ TX2 പദ്ധതിയുടെ ലക്ഷ്യം. അതായത്, ഈ വർഷത്തെ കടുവസംഖ്യ 6,400 ആവണം. ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ, ചൈന, റഷ്യ എന്നീ രാജ്യങ്ങളിൽ കടുവകളുടെ എണ്ണം കൂടിവരുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ, മലേഷ്യയിൽ അവയുടെ എണ്ണം കുറയുകയാണ്. തെക്കുകിഴക്കനേഷ്യയിൽ കടുവകളുടെ വംശനാശഭീഷണി ഇന്നും ഗുരുതരായി തുടരുന്നു. TX2 പദ്ധതി പാതിവഴിയിലെത്തിയ 2016ൽ ഏഷ്യൻ കാടുകളിലാകെ 3,900 കടുവകളാണുണ്ടായിരുന്നത്. 2022 സെപ്റ്റംബറിൽ റഷ്യയിലെ വ്ലാഡിവോസ്ടോക്കിൽ നടക്കാനിരിക്കുന്ന ആഗോള കടുവാ ഉച്ചകോടിയിലാണ് (Global Tiger Summit) ഈ വർഷത്തെ ആഗോള കടുവാക്കണക്കുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

How is Tiger Population in Kerala Counted?
Photo Credits: Witsawat.S/ Shutterstock.com

കടുവസംരക്ഷണം എന്തിന്?

കാട്ടിലെ ഏറ്റവും ഗാംഭീര്യമുള്ള ജീവികളിലൊന്ന് എന്നതിലപ്പുറം പ്രകൃതിയിലെ ആവാസവ്യവസ്ഥകളുടെ ആരോഗ്യകരമായ നിലനിൽപിന് വലിയ സംഭാവന നൽകുന്നവരാണ് കടുവകൾ. ജീവലോകത്തിലെ ‘അംബ്രെലാ സ്പീഷീസുകളിൽ’ (Umbrella Species) ഒന്നാണിവ. അംബ്രെലാ സ്പീഷീസിൽ ഉൾപ്പെട്ട ഒരു ജീവിയെ സംരക്ഷിക്കുന്നത് മറ്റനേകം ജീവിവർഗങ്ങളെ സംരക്ഷിക്കുന്നതിനു തുല്യമാണ്. ഭക്ഷ്യശൃംഖലയിൽ ഏറ്റവും മുകളിൽ വരുന്ന കടുവയെപ്പോലുള്ള മാംസഭോജികളാണ് മാനുകൾ, കാട്ടുപോത്തുകൾ തുടങ്ങിയ സസ്യഭുക്കുകളുടെ എണ്ണം നിയന്ത്രിച്ച് നിർത്തുന്നത്. ഇത്തരം സസ്യഭോജികൾ പെരുകുന്നത് കാടിന്റെ പച്ചപ്പിനും അതുവഴി പരിസ്ഥിതിക്കും ഭീഷണിയാണ്. കാട്ടിലെ ആരോഗ്യകരമായ സഹവർത്തിത്വം നിലനിർത്തുന്നതിന് കടുവസംരക്ഷണം വഴിവയ്ക്കുന്നു. കടുവകളുടെ നിലനിൽപ് ജൈവവൈവിധ്യത്തിന്റെയും സന്തുലിതമായ ആവാസവ്യവസ്ഥയുടെയും നിലനിൽപിന് അത്യന്താപേക്ഷിതമാണ്. 

How is Tiger Population in Kerala Counted?
Image Credit: Shutterstock

ഒരു കടുവയെ സംരക്ഷിക്കുമ്പോൾ നാം കാക്കുന്നത് ഏകദേശം 25,000 ഏക്കർ വനമാണ്. ഇത്രയും വലിയ ആവാസവ്യവസ്ഥയുടെ ഗുണഭോക്താക്കളിൽ മൃഗങ്ങൾ മാത്രമല്ല, മനുഷ്യരുമുണ്ട്. 

global-tiger-day3
Photo Credits: Witsawat.S/ Shutterstock.com

കാടുകൾക്കു പുറമേ നീർത്തടങ്ങളും കടുവയുടെ ആവാസകേന്ദ്രങ്ങളാണ്. ഇവയുടെ സംരക്ഷണത്തിലൂടെ ലക്ഷക്കണക്കിനാളുകളുടെ ശുദ്ധജല സ്രോതസ്സുകളെയും സംരക്ഷിക്കാനാകുന്നു. 

How is Tiger Population in Kerala Counted?

കാടുകയ്യേറ്റവും കടുവവേട്ടയും കടുവയുൽപന്നങ്ങളുടെ വിൽപനയും തടയുക, കടുവകളും കാടിനെ ആശ്രയിച്ചുകഴിയുന്ന മനുഷ്യരുമായുള്ള സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പുവരുത്തുക, കടുവയുള്ള കാടുകൾ കൂടുതൽ വിശാലമാക്കുക എന്നിവയും TX2 പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

global-tiger-day
Photo Credits: Shutterstock.com

കടുവയും ഇന്ത്യയും 

ഇന്ന് ലോകത്തിലാകെയുള്ള കടുവകളിൽ പകുതിയിലേറെയും ഇന്ത്യയിലാണ്. കടുവകളെയും (Bengal Tigers) സിംഹങ്ങളെയും (Asiatic Lions) അവയുടെ സ്വാഭാവിക ചുറ്റുപാടുകളിൽ കാണാനാവുന്ന ലോകത്തിലെ ഒരേയൊരു രാജ്യം എന്ന പ്രത്യേകതയും ഇന്ത്യയ്ക്കു സ്വന്തം. ഇന്ത്യയുടെ ദേശീയ മൃഗം കൂടിയാണ് കടുവ. കടുവസംരക്ഷണത്തിനായി കേന്ദ്രസർക്കാർ രൂപീകരിച്ച ‘നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റി’ (NTCA) 2018ൽ 20 സംസ്ഥാനങ്ങളിലെ കാടുകളിൽ നടത്തിയ ടൈഗർ സർവേ പ്രകാരം ഇന്ത്യയിലാകെ 2,967 കടുവകളാണുള്ളത്.

English Summary : Global Tiger Day 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}