‘നെഹ്റുവിനെ അങ്ങനെ വിടരുത്’ എന്ന് നെഹ്റു
Mail This Article
കൊൽക്കത്തയിൽ നിന്ന് പുറത്തിറങ്ങുന്ന മോഡേൺ റിവ്യൂ എന്ന ജേണലിൽ 1937ൽ രാഷ്ട്രപതി എന്ന തലവാചകത്തിൽ ഒരു ലേഖനം വന്നു. ജവാഹർലാൽ നെഹ്റുവിന്റെ വ്യക്തി ജീവിതവും രാഷ്ട്രീയവുമായിരുന്നു പ്രധാന വിഷയം. ഇന്ത്യയുടെ ഭാവി നിർണയിക്കാനുള്ള ശക്തിയും സ്വാധീനവുമുള്ള വ്യക്തി ആയതിനാൽ വളരെ സൂക്ഷിക്കണമെന്നു ലേഖനം പറയുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളൊക്കെ പറയുമെങ്കിലും ചെറിയൊരു തെറ്റ് പറ്റിയാൽ ഫാഷിസ്റ്റ് ആകാനുള്ള സാധ്യത ഉണ്ട്. കർഷകർ, തൊഴിലാളികൾ, ജമീന്ദാർമാർ തുടങ്ങി എല്ലാവരോടും ചിരിച്ചുകൊണ്ട് ഇടപഴകുന്നത് അഭിനയമാകാം. പൊങ്ങച്ചവും ഗർവും ആവശ്യത്തിലധികം ഉണ്ടെന്നും അത് തടയേണ്ടത് അത്യാവശ്യമാണെന്നും ലേഖകൻ തുറന്നെഴുതി. 2 തവണ കോൺഗ്രസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട നെഹ്‌റു മൂന്നാമതും തിരഞ്ഞെടുക്കപ്പെടാൻ സാധ്യത നിലനിന്നിരുന്നു. എന്നാൽ മൂന്നാം തവണ കൂടി അദ്ദേഹത്തിന് അവസരം നൽകുന്നത് കോൺഗ്രസിനെ സംബന്ധിച്ച് ആത്മഹത്യാപരമായിരിക്കുമെന്നു ലേഖകൻ സമർഥിച്ചു.
ഒരു ഏകാധിപതി ആണെന്ന് സ്വയം അദ്ദേഹത്തിന് സ്വയം തോന്നാൻ അത് കാരണമാകും. നെഹ്‌റു മറ്റൊരു സീസറായി മാറും. നമുക്ക് സീസർമാരെ വേണ്ട. മാത്രമല്ല നെഹ്‌റു ഏറെ ക്ഷീണിതനാണ്. അദ്ദേഹത്തിന് വിശ്രമം ആവശ്യമാണ്. ഇക്കാരണങ്ങൾ കൊണ്ട് നെഹ്റുവിന് ഒരു അവസരം കൂടി നൽകരുതെന്നും ലേഖകൻ ശക്തിയുക്തം വാദിച്ചു. ഏതായാലും മൂന്നാം തവണ നെഹ്‌റുവിനെ മത്സരത്തിന് പരിഗണിച്ചില്ല. നെഹ്‌റുവിനെ ഇത്രയ്ക്ക് നിശിതമായി വിമർശിച്ച ആ ലേഖകൻ 'ചാണക്യ' എന്ന തൂലികാ നാമമാണ് ഉപയോഗിച്ചിരുന്നത്. ലേഖനം പുറത്തിറങ്ങി 10 കൊല്ലത്തിനു ശേഷമാണ് ചാണക്യ ആരാണെന്നു പുറം ലോകമറിഞ്ഞത്. അത് സാക്ഷാൽ നെഹ്‌റു തന്നെയായിരുന്നു.
English Summary : Interesting story of Jawaharlal Nehru