ഓരോ വർഷവും സമുദ്രങ്ങളിലേക്ക് എത്തുന്നത് 11 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ‌: സഞ്ചാരം കടലിനെ കാത്ത്

world-maritime-day
Representative image. Photo Credits: GreenOak/ Shutterstock.com
SHARE

ആളുകൾ കണ്ടുകണ്ടാണ് സാർ, കടലുകൾ ഇത്ര വലുതായത്’ എന്നെഴുതിയത് മലയാളത്തിന്റ പ്രിയ കവി കെ.ജി. ശങ്കരപ്പിള്ളയാണ്. ഉത്തര പസിഫിക് സമുദ്രത്തിലെ  വിദൂര മേഖലയിലൂടെ യാത്ര ചെയ്യുമ്പോൾ സഞ്ചാരിയായ ചാൾസ് മൂറിനു തോന്നിയിട്ടുണ്ടാവുക, ‘ആളുകളുടെ കയ്യിലിരിപ്പുകൊണ്ടാണ് സാർ, കടലുകൾ ഇത്ര അലമ്പായത്’ എന്നാകണം. കാരണം, മനുഷ്യർ പലകാലങ്ങളിൽ പുറംതള്ളിയ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ അടിഞ്ഞുകൂടിയതിന്റെ ഭയാനകമായ ദൃശ്യമാണ് മൂറിന്റെ കണ്ണിൽ പതിഞ്ഞത്. ഒഴുകിനടക്കുന്ന ആ മാലിന്യക്കൂമ്പാരത്തെ ‘ദ് ഗ്രേറ്റ് പസിഫിക് ഗാർബിജ് പാച്ച്’ എന്നാണ് ഗവേഷകർ വിശേഷിപ്പിച്ചത്. ഇതു മാലിന്യമലയുടെ തുമ്പു മാത്രം. 

ഓരോ വർഷവും 11 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ‌ സമുദ്രങ്ങളിലേക്ക് എത്തുന്നതായി യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം നടത്തിയ പഠനം സൂചിപ്പിക്കുന്നു. പലതരത്തിൽ സമുദ്രങ്ങൾ മലിനീകരണത്തിനു വിധേയമാകുന്നുണ്ട്. വമ്പിച്ച തോതിലുള്ള കപ്പൽ ഗതാഗതം അതിൽ ഒരു പ്രധാനപ്പെട്ട ഘടകമാണ്. ഈ വർഷത്തെ ലോക സമുദ്രസഞ്ചാര ദിനാചരണത്തിന്റെ(World Maritime Day) പ്രമേയം പ്രസക്തമാകുന്നത് ഇവിടെയാണ്– ‘ന്യൂ ടെക്നോളജീസ് ഫോർ ഗ്രീനർ ഷിപ്പിങ്’. ഹരിതാഭമായ കപ്പൽ ഗതാഗതം സാധ്യമാക്കാൻ പുതു സാങ്കേതികവിദ്യകളെ എങ്ങനെ ഉപയോഗിക്കാം എന്ന ആലോചനകൾക്കും ഗവേഷണങ്ങൾക്കും ഏറെ പഴക്കമുണ്ട്. ഒരു കപ്പൽ രൂപകൽപന ചെയ്യുന്നതു തൊട്ട് അതിന്റെ സഞ്ചാരവും ഒടുവിൽ കാലാവധിയെത്തുമ്പോൾ പൊളിച്ചടുക്കുന്നതും വരെയുള്ള കാര്യങ്ങൾ പരിസ്ഥിതിക്കു പരമാവധി ഇണങ്ങും വിധമാക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതു കുറയ്ക്കാനായി ചട്ടങ്ങൾ നിലവിലുണ്ട്. 

യുഎന്നിന്റെ ഭാഗമായ രാജ്യാന്തര മാരിടൈം ഓർഗനൈസേഷന്റെ(ഐഎംഒ) ആഭിമുഖ്യത്തിൽ എല്ലാ വർഷവും സെപ്റ്റംബറിലെ അവസാനത്തെ വ്യാഴാഴ്ചയാണ് ലോക സമുദ്രസഞ്ചാര ദിനം ആചരിക്കുന്നത്. ഇത്തവണ ഇത് 29–ാം തീയതിയാണ് വരുന്നത്. ഇന്റർ ഗവൺമെന്റൽ മാരിടൈം കൺസൾട്ടേറ്റിവ് ഓർഗനൈസേഷനാണ് പിന്നീട് ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷൻ(ഐഎംഒ) ആയി മാറിയത്. കാലാവസ്ഥാ പോരാളിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗ്രേറ്റ ട്യുൻബെർഗ് യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ പോയത് ഒരു പായ്‌വഞ്ചിയിലായിരുന്നു. വിമാനങ്ങളും പരമ്പരാഗത കപ്പലുകളും ആഗോളതാപനത്തിന് ആക്കം കൂട്ടുമെന്നതിനാലാണ് ഗ്രേറ്റ അതൊന്നും തിരഞ്ഞെടുക്കാതിരുന്നത്. വൻ തോതിൽ കാർബൺ ഡയോക്സൈഡ് പുറന്തള്ളി കാലാവസ്ഥാ വ്യതിയാനത്തിന് എതിരെ സംസാരിക്കാൻ പോകുന്നതിലെ നിരർഥകത ആ കുട്ടിക്കു മനസ്സിലായിരുന്നു. കാറ്റിൽ നിന്നുള്ള ഊർജമായിരുന്നു മലീസിയ 2 എന്ന പായ്‌വഞ്ചി പ്രധാനമായും ഉപയോഗിച്ചത്; ഒപ്പം സൗരോർജവും. ജല ടർബൈനുകളും പിടിപ്പിച്ചിരുന്നു. 

ഭാവിയിലെ കപ്പലുകൾക്ക് ഗ്രേറ്റയുടെ പായ്‌വഞ്ചിയിൽ നിന്നു പഠിക്കാൻ ഏറെയുണ്ട്. ‘ഹരിത നൗക’കൾക്കായുള്ള ഗവേഷണങ്ങൾ ഒരു എമണ്ടൻ(പോർമുഖങ്ങളെ വിറപ്പിച്ച ജർമൻ കപ്പലായ എംഡെനിൽ നിന്നാണ് ഈ പ്രയോഗം ഉണ്ടായത്) കുതിപ്പിനു തയാറെടുക്കുകയാണ്. കടലുകൾ പഴയ കടലുകൾ തന്നെയായിരിക്കട്ടെ. പക്ഷേ, കപ്പലുകൾ ഹരിതസാങ്കേതികവിദ്യയിലൂടെ അടിമുടി മാറട്ടെ. 

Content Summary : World maritime day

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}