ADVERTISEMENT

ശാസ്‌ത്രം, ഗണിതശാസ്‌ത്രം, സാമൂഹ്യശാസ്‌ത്രം, പ്രവൃത്തിപരിചയം, ഐടി എന്നിവയുമായി ബന്ധപ്പെട്ട മത്സരങ്ങളെല്ലാം ചേർന്നതാണ് ശാസ്‌ത്രോത്സവം.

 

ശാസ്‌ത്രമേളയുടെ ഇനങ്ങൾ

 

ലഘുപരീക്ഷണം, ശേഖരണം/മോഡൽ, തത്സമയ ചാർട്ട് നിർമാണം എന്നിവയാണ് എൽപി വിഭാഗത്തിനുള്ള മത്സരയിനങ്ങൾ. ഇംപ്രൊവൈസ്‌ഡ് എക്സ്‌പെരിമെന്റ്, വർക്കിങ് മോഡൽ, സ്റ്റിൽ മോഡൽ, റിസർച് ടൈപ്പ് പ്രോജക്‌ട് എന്നിവയാണ് യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കുള്ള ഇനങ്ങൾ. 2 പേർ ചേർന്ന ടീമായാണ് ഈ മത്സരങ്ങളിൽ പങ്കെടുക്കേണ്ടത്. ഇവ കൂടാതെ ഹൈസ്കൂളിന് ശാസ്‌ത്രനാടകവും ശാസ്‌ത്രസെമിനാറുമുണ്ട്.

 

ഇംപ്രൊവൈസ്‌ഡ് എക്സ്‌പെരിമെന്റ്

 

ഒരു ആശയവുമായി ബന്ധപ്പെട്ട പരമാവധി 5 പരീക്ഷണങ്ങൾ അവതരിപ്പിക്കാം. പരീക്ഷണങ്ങളുടെ എണ്ണം മൂല്യനിർണയ മാനദണ്ഡമല്ല. മികച്ച ഒരു പരീക്ഷണമോ ഒന്നിന്റെ ഉപപരീക്ഷണങ്ങളോ ആവാം. ഒരുക്കിയ പരീക്ഷണസാമഗ്രികളിൽ ഇംപ്രൊവൈസ് ചെയ്‌തുണ്ടാക്കിയ വസ്തുക്കൾ ഉപയോഗിച്ചിരിക്കണം. വ്യവസ്ഥാപിതമായ ലാബ് ഉപകരണങ്ങൾ മാത്രം ഉപയോഗിച്ചാവരുത് പരീക്ഷണം എന്നർഥം. നൂതനത്വവും ശാസ്‌ത്രീയ ചിന്തയും പരീക്ഷണവിജയവും പ്രധാനമാണ്.

 

വർക്കിങ്, സ്റ്റിൽ മോഡലുകൾ 

 

ഭാവിയിൽ വ്യാവസായികമായി ഉൽപാദിപ്പിക്കാൻ കഴിയുന്ന ഏതെങ്കിലും ജനോപകാരപ്രദമായ ഒരു ഉൽപന്നത്തിന്റെ ലഘുമാതൃകകളാണ് ഈ ഇനങ്ങളിൽ പ്രദർശിപ്പിക്കേണ്ടത്. അവതരിപ്പിക്കുന്ന മാതൃക ഒരു ഉൽപന്നമായി വിപണിയിലിറക്കാൻ കഴിഞ്ഞാൽ അതുകൊണ്ടുള്ള നേട്ടം സമർഥിക്കാൻ കഴിയണം. മാതൃകകളുടെ വലുപ്പം 122 സെമീ  X 122 സെ.മീ  X  100 സെ.മീൽ കൂടരുത്. 

 

ഓട്ടമാറ്റിക് റെയിൽവേഗേറ്റ്, ഓട്ടമാറ്റിക് തേങ്ങയിടൽ യന്ത്രം, മണൽ സ്വയം കോരി അരിക്കുന്ന യന്ത്രം, വൈദ്യുതി വേണ്ടാത്ത വാഷിങ് മെഷീൻ,  മാലിന്യ സംസ്കരണ സംവിധാനം, കൃഷിയുടെ എല്ലാ ഘട്ടങ്ങളും ചെയ്യാൻ സഹായകമായ യന്ത്രങ്ങൾ തുടങ്ങിയവ ഈ 2  വിഭാഗത്തിലും ഉൾപ്പെടുത്താവുന്ന മാതൃകകൾക്ക് ചില ഉദാഹരണങ്ങളാണ്. ശാസ്‌ത്രീയസമീപനം, നൂതനത്വം, സാങ്കേതികജ്‌ഞാനം, നിർമാണപാടവം, ആശയധാരണ, ഭംഗി, ആകർഷകത്വം, വിശദീകരണം എന്നിവയാണ് മൂല്യനിർണയ മാനദണ്‌ഡങ്ങൾ.

 

മികവു വേണം അവതരണത്തിൽ

 

ഡയലോഗുകൾ കാണാതെ പഠിച്ച് പറയരുത്. പകരം മേശപ്പുറത്ത് ക്രമീകരിച്ച സാമഗ്രികളിൽ ഓരോന്നിലും ചൂണ്ടിയും തൊട്ടും കയ്യിലെടുത്തും സ്വാഭാവിക രീതിയിൽ അവതരണം നടത്തണം. അവതരണത്തിന്റെ സ്‌ക്രിപ്‌റ്റ് മുൻകൂട്ടി എഴുതി തയാറാക്കി അത് മനഃപാഠമാക്കുന്ന രീതി അത്ര നല്ലതല്ല. പകരം, കാര്യങ്ങൾ നന്നായി സ്വാംശീകരിച്ച് സ്വന്തം ഭാഷയിൽ അവതരിപ്പിക്കണം. പങ്കെടുക്കുന്ന 2 പേരും മാറിമാറി അവതരിപ്പിക്കാൻ ശ്രദ്ധിക്കണം. നല്ല ശബ്‌ദം, വ്യക്തമായ ഭാഷ, ഉച്ചാരണ ശുദ്ധി, ആംഗ്യം, ഭാവം എന്നിവയും പ്രധാനമാണ്.

 

ധാരണയില്ലേൽ പാളും

 

അവതരിപ്പിച്ച പരീക്ഷണത്തെക്കുറിച്ച്/മാതൃകയെക്കുറിച്ച്  കുട്ടികൾക്കുള്ള ധാരണ പരിശോധിക്കാനായി ജഡ്‌ജസ് ഏതാനും ചോദ്യങ്ങൾ ചോദിക്കാം. ഇവയിൽ സംവിധാനങ്ങൾ ഒരുക്കുന്നതിൽ നിങ്ങളുടെ പങ്കാളിത്തവും അവതരിപ്പിച്ച വിഷയത്തെക്കുറിച്ചുള്ള ധാരണയും പരിശോധിക്കാനുള്ള ചോദ്യങ്ങൾ ഉണ്ടാവും. നിങ്ങൾക്കു വേണ്ട സജ്ജീകരണങ്ങൾ അധ്യാപകരോ രക്ഷിതാക്കളോ മറ്റാരെങ്കിലുമോ തയാറാക്കി നൽകുകയാണെങ്കിൽ അത് ജഡ്‌ജസിന്റെ ചോദ്യങ്ങളോടുള്ള നിങ്ങളുടെ പ്രതികരണത്തെ പ്രതികൂലമായി ബാധിക്കും. ആശയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയണമെങ്കിൽ അവതരിപ്പിച്ച ആശയവുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള ധാരണ നേടണം.

 

ലഘുപരീക്ഷണം

 

ചുറ്റുപാടുകളിൽ നിന്നു കിട്ടുന്ന സാമഗ്രികൾ ഉപയോഗിച്ച് ചെയ്യാവുന്ന ലളിതമായ പരീക്ഷണങ്ങളാണ് എൽപി വിഭാഗത്തിൽ അവതരിപ്പിക്കേണ്ടത്. 3, 4 ക്ലാസുകളിലെ പരിസ്ഥിതിപഠനത്തിൽ പരീക്ഷണസാധ്യതയുള്ള അധ്യായങ്ങൾ വായു, ജലം എന്നിവയുമായി ബന്ധപ്പെട്ടവയാണ്. ഈ ആശയമേഖലയുമായി ബന്ധപ്പെട്ട നൂതന പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നതാണ് നല്ലത്. പരീക്ഷണത്തിന്റെ ആകർഷണീയതയെക്കാൾ കുട്ടികളുടെ ധാരണയും പരീക്ഷണത്തിന്റെ വിജയവുമാണ് പ്രധാനം. ഒരേ ആശയവുമായി ബന്ധപ്പെട്ട പരമാവധി 3 പരീക്ഷണങ്ങളാണ് എൽപി വിഭാഗക്കാർ അവതരിപ്പിക്കേണ്ടത്.

 

റിസർച് ടൈപ്പ് പ്രോജക്‌ട്

 

നിങ്ങൾ/സമൂഹം നേരിടുന്ന ഒരു പ്രശ്‌നത്തിന് ശാസ്‌ത്രീയമായി പരിഹാരം കണ്ടെത്തുന്ന രീതിയാണ് പ്രോജക്‌ട്. ഇതിനായി പരീക്ഷണം, നിർമാണം, അഭിമുഖം, സർവേ, റഫറൻസ് തുടങ്ങി വൈവിധ്യമാർന്ന രീതികൾ ഉപയോഗിക്കേണ്ടി വരും. ഉദാഹരണമായി കുട്ടികളിൽ പൊതുവായി കാണുന്ന ഏതെങ്കിലും ഒരു ആരോഗ്യപ്രശ്‌നത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിലാണ് പ്രോജക്‌ട് ചെയ്യുന്നത് എന്ന് കരുതുക. എങ്കിൽ ഈ ആരോഗ്യപ്രശ്‌നം എത്രത്തോളം കുട്ടികളിലുണ്ട് എന്ന് കണ്ടെത്താനായി സർവേ നടത്തേണ്ടി വരും. കാരണങ്ങൾ കണ്ടെത്താൻ പുസ്തകങ്ങളോ ഇന്റർനെറ്റോ ഉപയോഗിച്ചുള്ള റഫറൻസ് വേണ്ടിവരും. ഡോക്‌ടർമാരോട് അഭിമുഖം നടത്തേണ്ടി വരും. ചിലപ്പോൾ ചില പരീക്ഷണങ്ങൾ നടത്തേണ്ടി വരും. ചില പോഷകഘടകങ്ങളുടെ അപര്യാപ്‌തതയാണ് ഈ ആരോഗ്യപ്രശ്‌നത്തിന് കാരണമെന്ന് കണ്ടെത്തിയാൽ അതിന് പരിഹാരമായി ആ പോഷകഘടകം ധാരാളമായി ലഭിക്കുന്ന ചില പ്രത്യേക ഭക്ഷ്യവിഭവങ്ങൾ നിർമിച്ച് പരീക്ഷിക്കേണ്ടി വരും. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ശാസ്‌ത്രീയമായി അപഗ്രഥിച്ച് നിഗമനങ്ങളിലെത്തണം. നിഗമനങ്ങളും നിങ്ങളുടെ നിർദ്ദേശങ്ങളും എല്ലാം കൂട്ടിച്ചേർത്ത് പ്രോജക്‌ട് റിപ്പോർട്ട് തയാറാക്കണം. ഇത് കൂടി മൂല്യനിർണയത്തിന് വിധേയമാക്കും. റിപ്പോർട്ടിന്റെ കൂടെ ലോഗ് ബുക്ക് (പ്രോജക്‌ട് ഡയറി) വേണം. പ്രോജക്‌ട് അവതരണത്തിന് 5 ചാർട്ടുകൾ/ സ്ലൈഡുകൾ ഉപയോഗിക്കാം. സാംപിളുകൾ, ഉൽപന്നങ്ങൾ എന്നിവ പ്രദർശിപ്പിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com