ഒരാളെ 25 ലക്ഷം ഉറുമ്പുകൾ ആക്രമിച്ചാൽ ! ഉറുമ്പുകളുടെ ചെറിയ ലോകത്തെ വലിയ കൗതുകങ്ങൾ

ants-interesting-facts
നിക്കോണിന്റെ സ്മോൾ വേൾഡ് ഫൊട്ടോമൈക്രോഗ്രഫി മത്സരത്തിൽ‍ പ്രത്യേക പരാമർശം നേടിയ ലിത്വാനിയൻ ഫൊട്ടോഗ്രഫർ യൂജെനീജസ് കവലിയോസ്കാസ് എടുത്ത ഉറുമ്പിന്റെ മുഖത്തിന്റെ മൈക്രോ ചിത്രം.
SHARE

ഒറ്റനോട്ടത്തിൽ ഒരു ഭീകരജീവി. കൂർത്ത പല്ലുകൾ. തലയുടെ ഇരുവശത്തുമായി ഓരോ കൊമ്പുകൾ. കണ്ടാൽ പേടി തോന്നുന്ന ഭാവം. എന്നാൽ ഈ ചിത്രത്തിൽ കാണുന്നത് ഉറുമ്പാണ്. നിക്കോൺ എന്ന ക്യാമറ കമ്പനി നടത്തിയ സ്മോൾ വേൾഡ് ഫൊട്ടോമൈക്രോഗ്രഫി മത്സരത്തിൽ സമ്മാനം ലഭിച്ച ചിത്രങ്ങളെക്കാൾ ജനശ്രദ്ധയാകർഷിച്ച ചിത്രമാണിത്. മത്സരത്തിൽ പ്രത്യേക പരാമർശം നേടിയതേയുള്ളൂ എങ്കിലും ലിത്വാനിയൻ വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ യൂജെനീജസ് കവലിയോസ്കാസ് പകർത്തിയ ചിത്രം ഇന്ന് വൈറലാണ്. 

മനുഷ്യന്റെ കണ്ണുകൾക്ക് കണ്ടെത്താൻ കഴിയാത്ത കാഴ്ചകൾ ക്യാമറയിൽ പകർത്തുകയാണ് മത്സരത്തിന്റെ ലക്ഷ്യം. ഉറുമ്പിന്റെ മുഖം സാധാരണ കാണുന്നതിലും അഞ്ച് മടങ്ങ് വലുതാക്കിയാണ് ചിത്രം എടുത്തത്. ഉറുമ്പിന്റെ ചുവന്ന കണ്ണും സ്വർണ നിറമുള്ള കൊമ്പുകളും നമുക്ക് കാണാൻ കഴിയില്ലല്ലോ. വൈറലായ ചിത്രം കണ്ട് അന്തം വിട്ടവർ ഒട്ടേറെ. ‘ഹമ്മോ, ഉറുമ്പ് അപ്പോൾ വലുതായിരുന്നെങ്കിലോ’ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഉറുമ്പിനെ ചവിട്ടുന്നതിനു മുൻപ് പല തവണ ഇനി ആലോചിക്കുമെന്ന് മറ്റൊരു കമന്റ്.  ഉറുമ്പുകൾക്ക് ഒരു ലോകം തന്നെയുണ്ട്. വ്യത്യസ്തതകൾ നിറഞ്ഞ ആ ചെറിയ വലിയ ലോകത്തെ കൗതുകങ്ങൾ കാണാം.  

∙ 20,000,000,000,000,000 ഉറുമ്പുകൾ 

ഭൂമിയിലുള്ള ഉറുമ്പുകളുടെ എണ്ണം ഏകദേശം 20 ക്വാഡ്രില്യനാണെന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. ഒരു മനുഷ്യന് ഏകദേശം 25.8 ലക്ഷം ഉറുമ്പുകൾ ലോകത്തുണ്ടെന്ന് ഗവേഷകർ പറയുന്നു. ഒരാളെ 25 ലക്ഷം ഉറുമ്പുകൾ ആക്രമിച്ചാൽ എന്തായിരിക്കും അവസ്ഥ ! ലോകത്ത് 15,700 ഉറുമ്പു വർഗങ്ങളുണ്ടെന്നാണു കണക്കുകൾ പറയുന്നത്. 

∙കരുത്തരാണ്

വലിപ്പത്തിൽ ചെറുതാണെങ്കിലും ആരോഗ്യത്തിൽ ഉറുമ്പുകൾക്കു വിട്ടുവീഴ്ചയില്ല. അവരുടെ ശരീരഭാരത്തെക്കാൾ 10 മുതൽ 50 ഇരട്ടി വരെ ഭാരം അവർക്ക് താങ്ങാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. ഇവ ഉറുമ്പുകളുടെ വർഗത്തിന് അനുസരിച്ച് വ്യത്യാസം വരാം. 

∙10 കോടി വർഷം മുൻപ് 

ദിനോസറുകൾ ഭൂമി വാണിരുന്ന കാലം മുതൽ തന്നെ ഉറുമ്പുകൾ ഇവിടെയുണ്ട്. 10 കോടി വർഷം മുൻപ് ക്രെറ്റേഷ്യസ് കാലഘട്ടത്തിൽ നിന്നുപോലും ഉറുമ്പുകളുടെ ഫോസിൽ കണ്ടെത്തിയിട്ടുണ്ട്. അന്റാർട്ടിക്ക, ഗ്രീൻലാൻഡ്, ഐസ്‌ലൻഡ് എന്നിവിടങ്ങളും ചില ദ്വീപരാജ്യങ്ങളും ഒഴിച്ചാൽ ഭൂമിയിൽ എല്ലായിടത്തും ഉറുമ്പുകളുടെ സാന്നിധ്യം ഉണ്ട്. 

∙ബുൾഡോഗ് ആന്റ് !

ലോകത്തിലെ ഏറ്റവും മാരകശേഷിയുള്ള ഉറുമ്പായി കരുതപ്പെടുന്നത് ഓസ്ട്രേലിയയിലെ ബുൾഡോഗ് ആന്റ് ആണ്. ഇവയുടെ കടിയേറ്റ് 3 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. മനുഷ്യരെ തീരെ ഭയമില്ലാത്ത ഇവ വലിയ ആക്രമണകാരികളാണ്. 

∙ഒരു മിനിറ്റ്, ഞാനൊന്ന് ഉറങ്ങിയിട്ട് വരാം !

ഉറുമ്പ് കോളനിയിലെ റാണിമാരും ജോലിക്കാരും എപ്പോഴും ചലിക്കുകയാണെങ്കിലും ഉറക്കം നടക്കാറുണ്ടെന്ന് പഠനം. ജോലിക്കാരായ ഉറുമ്പുകളുടെ ഉറക്കം ശരാശരി 1.1 മിനിറ്റ് മാത്രം ദൈർഘ്യമുള്ളവയാണ്. ഇത്തരത്തിൽ 253 ഉറക്കം ദിവസേന ഇവർ നടത്തും. അങ്ങനെ 4.8 മണിക്കൂർ ഉറക്കം. റാണിയുടെ ഉറക്കം 6 മിനിറ്റാണ്. 92 തവണ ദിവസേന ഉറങ്ങും. 

∙ലക്ഷങ്ങൾ താമസിക്കുന്ന ഉറുമ്പ് കോളനികൾ 

മരത്തിന്റെ ചുവട്ടിലും ഭിത്തിയോട് ചേർന്നും കാണുന്ന ഉറുമ്പ് കൂടുകളാണ് കോളനികൾ. ഒന്നോ അതിലധികമോ റാണിമാർ കാണും. തൊഴിലാളികളും പെൺവർഗത്തിൽപെട്ട ഉറുമ്പുകളാണ്. ഭക്ഷണം കഴിക്കുകയും ഇണചേരുകയും മാത്രമാണ് ആൺ ഉറുമ്പുകൾ ചെയ്യുക. 

∙ഫോമിക് ആസിഡ് 

ഉറുമ്പ് കടിക്കുമ്പോൾ നീറ്റലിന് കാരണം അവ ശരീരത്തിലേക്ക് കടത്തിവിടുന്ന ഫോമിക് ആസിഡ് എന്ന രാസവസ്തുവാണ്. മരത്തിലൊക്കെ കാണുന്ന ചുവന്ന നിറത്തിലുള്ള ‘നീർ’ ഉറുമ്പുകളിലെ കുമിളയിൽ ഫോമിക് ആസിഡാണുള്ളത്. 

∙ഉറുമ്പ് ലോകത്തെ കള്ളന്മാർ 

ഉറുമ്പുകളുടെ ലോകത്തും കള്ളന്മാരുണ്ട്. സ്ലേവ് മേക്കർ എന്ന ഇനം ഉറുമ്പുകൾ മറ്റ് ഉറുമ്പുകളുടെ കോളനിയിൽ കയറി അവരുടെ പ്യൂപ്പകൾ മോഷ്ടിക്കുന്നു. അതു വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളെ അവർ അടിമകളാക്കി മാറ്റും ! കോളനിയിൽ കയറി ഭക്ഷണവും അടിച്ചു മാറ്റുന്ന വിരുതന്മാരുണ്ട് കൂട്ടത്തിൽ.

Content Summary : Interesting facts about Ants

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA