ഒഴിഞ്ഞ തീവണ്ടി കംപാർട്ട്മെന്റുകളിൽ ഒരു സ്കൂൾ. അവിടെ ഇഷ്ടമുള്ള എന്തും പഠിക്കാം. കളിക്കാം. ‘പേടിയില്ലാപ്പരീക്ഷ’കളിൽ പങ്കെടുക്കാം. എന്തു സംശയവും ചോദിക്കാം. എന്തു വികൃതിയും കാട്ടാം. എന്തു രസമായിരിക്കുമല്ലേ? അങ്ങനെയൊരു സ്കൂളിന്റെയും ഒരു വികൃതിക്കുട്ടിയുടെയും കഥയാണ് ‘ടോട്ടോ– ചാൻ, ജനാലയ്ക്കരികിലെ വികൃതിക്കുട്ടി.’
തെത്‌സുകോ കുറോയാനഗി എഴുതി 1982 ൽ പുറത്തിറങ്ങിയ ഈ പുസ്തകം ലോകത്തെ ഏതാണ്ടെല്ലാ പ്രധാന ഭാഷകളിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. കവി അൻവർ അലിയാണ് മലയാളം പരിഭാഷ ചെയ്തിരിക്കുന്നത്.
ഇത് വെറും കഥയല്ല കേട്ടോ. ടോട്ടോ ചാൻ എന്നു വിളിക്കപ്പെട്ടിരുന്ന തെത്‌സുകോവിന്റെ സ്വന്തം ജീവിതമാണ്. ക്ലാസിൽ കലപില ശബ്ദമുണ്ടാക്കുന്ന ടോട്ടോയെ അവൾ ഒന്നാം ക്ലാസിൽ പഠിച്ചിരുന്ന സ്കൂളിൽ നിന്ന് പുറത്താക്കുകയായിരുന്നു. അങ്ങനെയാണ് ടോട്ടോ കൊബായാഷി മാസ്റ്ററുടെ ‘റ്റോമോ’ സ്കൂളിലെത്തുന്നത്. കുട്ടികളെ വഴക്കു പറയാതെ, കണ്ണുരുട്ടാതെ, കളികളിലൂടെ അവരെ പഠിപ്പിക്കുന്ന ആളായിരുന്നു മാസ്റ്റർ. വികൃതിക്കുട്ടി എന്ന് എല്ലാവരും വിളിച്ചിരുന്ന ടോട്ടോയോട് മാസ്റ്റർ എപ്പോഴും പറയും, ‘‘ടോട്ടോ, നേരായിട്ടും നീയൊരു നല്ല കുട്ടിയാ’’. ആ പറച്ചിൽ ജീവിതത്തിൽ എക്കാലവും ഒപ്പം ചേർക്കാനുള്ള ആത്മവിശ്വാസമാണ് ടോട്ടോയ്ക്ക് നൽകിയത്.
എപ്പോഴും ഓരോ അമളികളിൽ ചെന്നു പെടുന്ന ടോട്ടോയെ ഒരിക്കലും മാസ്റ്റർ വഴക്കു പറഞ്ഞിരുന്നില്ല. കുട്ടികളെ ശാസിക്കുകയല്ല വേണ്ടതെന്നും സ്നേഹത്തിലൂടെയാണ് അവരെ നയിക്കേണ്ടതെന്നുമായിരുന്നു കുട്ടികളുടെ ബെസ്റ്റ് ഫ്രണ്ടായ മാസ്റ്ററിന്റെ വിശ്വാസം. സ്കൂളിൽ നിന്നുള്ള യാത്രകൾ, എല്ലാ കുട്ടികളെയും ഒന്നാമതെത്തിക്കാൻ നടത്തിയിരുന്ന സ്കൂളിലെ വിവിധ മത്സരങ്ങൾ, ‘കടലിൽ നിന്നും മലകളിൽ നിന്നുമുള്ള പങ്കുണ്ടോ’ എന്ന് ചോദിക്കുന്ന ഉച്ചഭക്ഷണസമയം, ലൈബ്രറിയിലേക്കുള്ള ഓട്ടം തുടങ്ങി ‘അത്ഭുത സ്കൂളിന്റെ’ വിശേഷങ്ങളാണ് പുസ്തകം നിറയെ.
പിന്നീട് യൂണിസെഫിന്റെ ഗുഡ്‌വിൽ അംബാസിഡർ ആയി മാറി ടോട്ടോചാൻ. വികൃതിക്കുട്ടിയെ ലോകം അറിയുന്ന ആളാക്കി മാറ്റിയ കൊബായാഷി മാസ്റ്ററെക്കുറിച്ചുള്ള പുസ്തകം വായിച്ചിരിക്കേണ്ടതാണ്, അധ്യാപകരും കുട്ടികളും.
പ്രിയപ്പെട്ട കുട്ടികളേ,
നിങ്ങൾ വായിച്ചതിൽ ഏറ്റവും ഇഷ്ടമായ ഒരു പുസ്തകം ഉണ്ടാവില്ലേ? വായിച്ചു കഴിഞ്ഞിട്ടും വീണ്ടും വീണ്ടും ഓർമയിൽ വരുന്ന ഒന്ന്. പ്രിയപ്പെട്ട ആ പുസ്തകത്തെപ്പറ്റി ഒന്നെഴുതി നോക്കിയാലോ.. ഒരു പുറത്തിൽ കവിയാത്ത കുറിപ്പുകൾ അയച്ചുതരാം. തിരഞ്ഞെടുക്കുന്നവ പ്രസിദ്ധീകരിക്കും. കുറിപ്പുകൾ വൃത്തിയായി എഴുതി പേരും പഠിക്കുന്ന ക്ലാസ്സും സ്കൂളിന്റെ പേരും സഹിതം വാട്സാപ്പിൽ വേണം അയയ്ക്കാൻ.
അയയ്ക്കേണ്ട നമ്പർ – 85890 02690.
ontent Summary : Totto Chan: The little girl at the window