ശാസ്ത്രവും മനുഷ്യനും ജയിക്കണം

world-science-day
Representative image. Photo Credits: DI Productions/ istock.com
SHARE

സുസ്ഥിര വികസനത്തിനു വേണ്ടിയുള്ള അടിസ്ഥാന ശാസ്ത്രങ്ങൾ എന്നതാണ് ഇത്തവണത്തെ ശാസ്ത്രദിനത്തിന്റെ പ്രമേയം. സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള ലോക ശാസ്ത്ര ദിനം (World Science Day for Peace and Development) എന്നാണ് ശാസ്ത്രദിനത്തിന്റെ പൂർണമായ പേര്.  ശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധക്ഷണിക്കുകയാണ്  ദിനാചരണത്തിന്റെ ലക്ഷ്യം. 1999ൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ലോക ശാസ്ത്ര കോൺഫറൻസിന്റെ ഫലമാണ് ശാസ്ത്രദിനം.  ഇത്യോപ്യയും മലാവിയും ആണ് ഈ ആശയം മുന്നോട്ടുവച്ചത്. തുടർന്ന് യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷനൽ, സയന്റിഫിക് ആൻഡ് കൾചറൽ ഓർഗനൈസേഷൻ(യുനെസ്കോ) 2001ൽ ലോക ശാസ്ത്രദിനം പ്രഖ്യാപിച്ചു. 2002 നവംബർ 10ന് ആദ്യ ശാസ്ത്രദിനം ആചരിച്ചു.

ലക്ഷ്യം.

ശാസ്ത്രവുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് എത്തിക്കുക തന്നെയാണ് പ്രധാന ലക്ഷ്യം. ശാസ്ത്രവും ശാസ്ത്രീയ വിജ്ഞാനത്തിന്റെ ഉപയോഗവും സംബന്ധിച്ച പ്രഖ്യാപനങ്ങൾ ലക്ഷ്യത്തിലെത്തിക്കുന്നതിലുള്ള സമൂഹത്തിന്റെ പ്രതിജ്ഞാബദ്ധത ഈ ദിനം ഊട്ടിയുറപ്പിക്കുന്നു. ഭൂമിയെ കുറിച്ചുള്ള നമ്മുടെ ധാരണ വിശാലമാക്കുന്നതിലും സമൂഹങ്ങളെ കൂടുതൽ സുസ്ഥിരമാക്കുന്നതിലും ശാസ്ത്രജ്ഞർക്കുള്ള സുപ്രധാന പങ്കും ശാസ്ത്രദിനം ഓർമിപ്പിക്കുന്നു. ലോക ശാസ്ത്രദിനത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ യുനെസ്കോ ശാസ്ത്രസമൂഹത്തിന്റെ സഹകരണത്തോടെ ഒട്ടേറെ പദ്ധതികളും പ്രോഗ്രാമുകളും ഫണ്ടിങ്ങും ആസൂത്രണം ചെയ്തു നടപ്പിലാക്കിയിട്ടുണ്ട്. സംഘർഷങ്ങളാൽ തകർന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന ശാസ്ത്രജ്ഞർ തമ്മിലുള്ള സഹകരണം വളർത്തിയെടുക്കാനും ഈ ദിനം സഹായിക്കുന്നു. യുനെസ്കോയുടെ പിന്തുണയോടെ ഇസ്രയേൽ-പലസ്തീൻ സയൻസ് ഓർഗനൈസേഷന്റെ (IPSO) രൂപീകരണം ഒരു ഉദാഹരണം.

അടിസ്ഥാന ശാസ്ത്രത്തിന്റെ പ്രസക്തി

സുസ്ഥിര വികസനത്തിനു വേണ്ടിയുള്ള അടിസ്ഥാന ശാസ്ത്രങ്ങളുടെ വർഷം എന്ന പ്രമേയത്തിൽ  2022 ജൂലൈ 8ന് യുനെസ്കോ വാർഷികാചരണത്തിന് തുടക്കമിട്ടിരുന്നു. അതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇത്തവണത്തെ ശാസ്ത്രദിനാചരണത്തിന്റെ പ്രമേയവും അതുതന്നെയാക്കാൻ തീരുമാനിച്ചത്. വൈദ്യശാസ്ത്രം, വ്യവസായം, കൃഷി, ജലവിഭവങ്ങൾ, ഊർജ ആസൂത്രണം, പരിസ്ഥിതി, വാർത്താവിനിമയം, സംസ്‌കാരം എന്നീ മേഖലകളിലെ പുരോഗതിക്ക് അടിസ്ഥാന ശാസ്ത്രത്തിന്റെ പ്രയോഗങ്ങൾ അത്യന്താപേക്ഷിതമാണെന്ന വിലയിരുത്തലിലാണ് സുസ്ഥിര വികസനത്തിനു വേണ്ടിയുള്ള അടിസ്ഥാന ശാസ്ത്രങ്ങളുടെ വർഷാചരണത്തിന് യുഎൻ അനുമതി നൽകിയത്. നമ്മൾ ഇന്നു കാണുന്ന ശാസ്ത്ര അദ്ഭുതങ്ങളിലേക്കു വഴിവച്ച അടിസ്ഥാന ശാസ്ത്രത്തിന്റെ പ്രാധാന്യം ഇതിലൂടെ ഉയർത്തിക്കാണിക്കുന്നു. 

അടിസ്ഥാന ശാസ്ത്രമില്ലെങ്കിൽ പ്രയോഗിക്കാൻ ശാസ്ത്രം ഉണ്ടാകില്ല എന്നതാണ് സന്ദേശം. 2030നകം അടിസ്ഥാന ശാസ്ത്രത്തിൽ വൻ മുന്നേറ്റമാണ് യുഎൻ ലക്ഷ്യമിടുന്നത്. നിലവിൽ പല രാജ്യങ്ങളും പല തരത്തിലാണ് അടിസ്ഥാനശാസ്ത്രത്തിനായി പണം ചെലവിടുന്നത്. ചില രാജ്യങ്ങൾ ആകെ ശാസ്ത്ര ബജറ്റിന്റെ 10 ശതമാനത്തിൽ താഴെ മാത്രം. ചിലർ 30 ശതമാനത്തിലേറെ.

നമുക്കും പങ്കെടുക്കാം #ScienceDay ഹാഷ്ടാഗിൽ

ശാസ്ത്രദിനത്തിൽ ശാസ്ത്രഗവേഷകർ അവരുടെ ലബോറട്ടികളിലോ സർവകലാശാകളിലോ വിദ്യാർഥികൾ അടക്കമുള്ള പൊതുജനങ്ങൾക്കായി അടിസ്ഥാന ശാസ്ത്രപരീക്ഷണങ്ങളുടെ ഒരു പ്രദർശനം അല്ലെങ്കിൽ ക്ലാസ് സംഘടിപ്പിക്കണമെന്ന് യുനെസ്കോ നിർദേശിക്കുന്നു. നിങ്ങൾ ഒരു ശാസ്ത്രകുതുകി ആണെങ്കിൽ അടിസ്ഥാന ശാസ്ത്രത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു ഷോർട് വിഡിയോ തയാറാക്കി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയുമാകാം.

ഇന്ന്, സമാധാനത്തിനും വികസനത്തിനുമുള്ള ലോക ശാസ്ത്രദിനത്തിൽ, നമുക്ക് തുറന്ന ശാസ്ത്രത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം പരിമിതപ്പെടുത്താൻ മാത്രമല്ല, കൂടുതൽ ശാന്തവും സമാധാനപൂർണവുമായ ഒരു ലോകം കെട്ടിപ്പടുക്കാനും അതുകൊണ്ടു സാധിക്കണം. കാരണം വിജയിക്കുന്നതുംപരാജയപ്പെടുന്നതും നമ്മൾ ഒന്നിച്ചാണ്. നമ്മൾ പരാജയപ്പെടരുത്.’ആന്ദ്രേ അസുലായ് (ഡയറക്ടർ ജനറൽ, യുനെസ്കോ )

Content Summary : World science day

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA