ADVERTISEMENT

സ്വിറ്റ്സർലൻഡിനു ശേഷം അടുത്ത യാത്ര തെക്കുകിഴക്കൻ ഏഷ്യയിലെ ഏക ലാൻഡ്‌ലോക്ഡ് (എല്ലാ ഭാഗത്തും കരയാൽ ചുറ്റപ്പെട്ട) രാജ്യമായ ലാവോസിലേക്കാണ്. കംബോഡിയ, ചൈന, മ്യാൻമർ, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ടിരിക്കുകയാണ് ലാവോസ്. ലാവോ വംശജരുടെ രാജ്യം എന്നർഥത്തിൽ പേര് ലഭിച്ച ലാവോസിന്, ശ്രീരാമന്റെ പുത്രനായ ലവന്റെ രാജ്യമായതിനാൽ ആ പേര് കിട്ടി എന്നൊരു കഥയുമുണ്ട്. തായ്‌ലൻഡിലെ രാമായണമായ രാമകീൻ ലാവോസിലെത്തിയപ്പോൾ പ്രാലക് പ്രാരാം ആയി. ലക്ഷ്മണനാണ് പ്രാലക്. ശ്രീരാമൻ പ്രാരാം. തലസ്ഥാനമായ വിയന്റിയാൻ നഗരത്തിന്റെ പേര് വന്നത് വിയാങ് ചാൻ എന്ന പ്രാദേശിക പേരിൽ നിന്നാണ്. വിയാങ് എന്നാൽ മതിലുകളാൽ ചുറ്റപ്പെട്ടത് എന്നർഥം. ചാൻ ചന്ദനത്തെ സൂചിപ്പിക്കുന്നു. അതായത് മതിലുകളാൽ ചുറ്റപ്പെട്ട ചന്ദന നഗരം.

travalokam-column-by-snehaj-sreenivas1
ഭരണികളുടെ സമതലം

 

ഭരണികളുടെ സമതലം

 

തൊപ്പിക്കല്ല് , കുടക്കല്ല് , നന്നങ്ങാടി തുടങ്ങിയവ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ കണ്ടെടുത്തിട്ടുണ്ടല്ലോ. അതുപോലെ ലാവോസിലെ ഒരു താഴ്‌വരയിൽ ആയിരക്കണക്കിന് ഭരണികൾ കണ്ടെത്തിയിട്ടുണ്ട്. ഭരണികളുടെ സമതലം (Plain of Jars) എന്നാണിത് അറിയപ്പെടുന്നത്. ഈ പ്രദേശം ഒരു വിനോദസഞ്ചാര മേഖല കൂടെയാണ്. മൃതദേഹങ്ങൾ അടക്കം ചെയ്യാൻ ഉപയോഗിച്ചിരുന്ന ഭരണികളായിരുന്നു ഇവയെന്നാണ് പുരാവസ്തു ഗവേഷകരുടെ അഭിപ്രായം

 

ഒട്ടുചോറിന്റെ മക്കൾ

 

ലാവോസിലെ ജനത തങ്ങളെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഇന്നു ലോകത്തിൽ തന്നെ ഒട്ടുചോർ പ്രധാന ഭക്ഷണമാക്കിയ ഏറ്റവും കൂടുതൽ ആളുകൾ ഇവിടെയാണുള്ളത്. ഇവിടത്തെ ഒട്ടുചോറ് രുചികരവും പോഷകസമ്പുഷ്ടവുമാണ്.

 

ചെമ്പക സുഗന്ധം

 

ലാവോസിന്റെ ദേശീയ പുഷ്പമാണ് ഈഴ ചെമ്പകം (dok champa). സ്ഥാപനങ്ങളുടെ പേരുകളിലും ഭക്ഷണത്തിലും മരുന്നുകളിലുമെല്ലാം ചെമ്പക സാന്നിധ്യം കാണാം. ചെമ്പകപ്പൂക്കൾ മാലയായി അണിയിച്ചാണ് അവർ പൊതുവെ വിദേശികളെ സ്വീകരിക്കുക.

 

26 കോടി ബോംബ്

 

ലോകത്ത് ഏറ്റവുമധികം ബോംബ് വർഷിക്കപ്പെട്ട രാജ്യം എന്ന റെക്കോർഡ് ലാവോസിനാണ്. വിയറ്റ്നാം യുദ്ധകാലത്ത് ദക്ഷിണ വിയറ്റ്നാമുമായി ചേർന്ന് അമേരിക്ക, ഹോചിമിൻ നേതൃത്വം നൽകിയ ഉത്തര വിയറ്റ്നാമിനെതിരെ നടത്തിയ യുദ്ധം ലോക ചരിത്രത്തിൽ തന്നെ ഏറ്റവുമധികം വിമർശിക്കപ്പെട്ട ഒന്നാണ്. കമ്യുണിസ്റ്റ് നിയന്ത്രണത്തിലുള്ള ഉത്തര വിയറ്റ്നാമിനെ തകർക്കാൻ ഓപ്പറേഷൻ ബാരൽ റോൾ എന്ന രഹസ്യ ആക്രമണ പദ്ധതി തയാറാക്കിയ അമേരിക്ക ലാവോസിൽ 1964നും 1973നും ഇടയിൽ വർഷിച്ചത് 26 കോടിയിലധികം ബോംബുകളായിരുന്നു. ഓരോ എട്ടു മിനിറ്റിലും ഒരു ബോംബ് എന്നു കണക്കാക്കാം. അതിൽ 8 കോടി ബോംബുകൾ പൊട്ടാതെ കിടന്നു. യുദ്ധം അവസാനിച്ചെങ്കിലും ആ കിടന്ന ബോംബുകളിൽ പലതും അബദ്ധത്തിൽ പൊട്ടി ഇരുപതിനായിരത്തോളം ആളുകൾക്ക് ജീവഹാനിയോ പരുക്കോ സംഭവിച്ചു. രാജ്യത്തിന്റെ 35% ഭൂമി ഇത്തരത്തിൽ ഉപയോഗശൂന്യമായി കിടക്കുകയാണ്

 

ക്രിക്കറ്റ് ഫ്രൈ

 

ലാവോസിലെ ജനങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ക്രിക്കറ്റ് അഥവാ ചീവീട്. അതോടൊപ്പം തന്നെ അവിടത്തെ മറ്റൊരു പ്രധാന ഭക്ഷ്യവിഭവമാണ് പുളിയനുറുമ്പിന്റെ അഥവാ നീറുകളുടെ മുട്ടകൾ.

 

ബോംബു കല

പൊട്ടാതെ കിടന്ന  ബോംബുകൾ കൊണ്ട് ശിൽപങ്ങളും ഇൻസ്റ്റലേഷനുകളും നിർമിക്കുന്നവരാണ് ലാവോ ജനങ്ങൾ.  ബോംബിടാനെത്തിയ വിമാനങ്ങളുടെ ഇന്ധന ടാങ്കുകൾകൊണ്ടു നിർമിച്ച തോണികൾ ലാവോസിലെ പ്രധാന കാഴ്ചയാണ്. പയ് മായ് എന്ന പുതു വത്സരാഘോഷത്തിന്റെ ഭാഗമായി നദീതീരങ്ങളിൽ പലയിടങ്ങളിലും പൂവും ചന്ദനത്തിരിയും മറ്റ് സുഗന്ധദ്രവ്യങ്ങളും കൊണ്ട് അലങ്കരിച്ച മൺകൂനകൾ കാണാം. 

 

കാറുകളില്ലാത്ത ദ്വീപുകൾ

 

Si Phan Don എന്നറിയപ്പെടുന്ന നാലായിരത്തോളം ദ്വീപുകളിൽ കാറുകളോ എടിഎമ്മുകളോ ഇല്ല. സൈക്കിളാണ് പ്രധാന വാഹനം. ഏറ്റവും ഉയരം കുറഞ്ഞ ജനങ്ങൾ താമസിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ രണ്ടോ മൂന്നോ സ്ഥാനത്ത് വരുന്ന രാജ്യം കൂടിയാണ് ലാവോസ്. ഈ പട്ടികയിൽ ഒന്നാമത് ഏത് രാജ്യമാണെന്ന് കണ്ടു പിടിക്കുമല്ലോ...

 

ദശലക്ഷം ആനകളുടെ നാട്

 

പണ്ട് കാടുകളാൽ നിറഞ്ഞിരുന്ന ലാവോസിൽ ധാരാളം ആനകളുമുണ്ടായിരുന്നു. ലാൻ സാങ് അഥവാ ദശലക്ഷം ആനകളുടെ നാട് എന്നായിരുന്നു അന്ന് ലാവോസ് അറിയിപ്പെട്ടിരുന്നത്. എന്നാൽ വനനശീകരണം കാരണം അവയുടെ എണ്ണം ഇന്ന് ആയിരത്തിൽ താഴെയായി കുറഞ്ഞു. 

∙തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫോസിലും ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്ന ലാവോസിലെ കറൻസിയുടെ പേര് കിപ് എന്നാണ്.

 

Content Summary : Travalokam- Column by Snehaj Sreenivas

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com