മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാനുള്ള ആർട്ടിമിസ് ദൗത്യം മുന്നേറുമ്പോൾ, ചന്ദ്രനിൽ അവസാനം മനുഷ്യൻ കാലുകുത്തിയതിന്റെ 50–ാം വാർഷികം ഇന്ന്
മനുഷ്യൻ ഏറ്റവും ഒടുവിൽ ചന്ദ്രനിൽ തൊട്ടത് കൃത്യം 50 വർഷം മുൻപ്–1972 ഡിസംബർ 14ന്. അപ്പോളോ 17 ദൗത്യത്തോടെ ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ ‘വരവ്’ അവസാനിച്ചു.1969 ജൂലൈ 20ന് അപ്പോളോ 11 ദൗത്യത്തിന്റെ ഭാഗമായിട്ടാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്. ആകെ 12 പേരാണ് ഇതേവരെ ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ളത്. എല്ലാവരും അമേരിക്കക്കാർ.
ആദ്യം ആംസ്ട്രോങ്
നീൽ ആംസ്ട്രോങ് ആണ് ചന്ദ്രനിൽ കാലുകുത്തിയ ആദ്യ വ്യക്തി. ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരായിരുന്നു അപ്പോളോ 11 ദൗത്യത്തിലെ അംഗങ്ങൾ. മാതൃപേടകത്തിൽനിന്ന് ഈഗിൾ എന്ന ലൂണാർ മൊഡ്യൂളിൽ കയറിയ ആംസ്ട്രോങ്ങും ആൽഡ്രിനും ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങി. ജൂലൈ 20, 4.17ന് ഈഗിൾ ചന്ദ്രന്റെ പ്രതലത്തിൽ ഇറങ്ങി. ആറ് മണിക്കൂറും 39 മിനിട്ടുകൾക്കുശേഷം, ജൂലൈ 20 രാത്രി 10.56ന് ആംസ്ട്രോങ് ചന്ദ്രന്റെ നിലംതൊട്ടു.19 മിനിറ്റിനു ശേഷം ആൽഡ്രിനും ഇറങ്ങി. ഇരുവരും രണ്ടേകാൽ മണിക്കൂർ ചന്ദ്രന്റെ പ്രതലത്തിൽ ചെലവഴിച്ചു. മൈക്കിൾ കോളിൻസ് മാതൃപേടകത്തിലിരുന്ന് കാര്യങ്ങൾ നിയന്ത്രിച്ചു.
∙ പ്രായത്തിന്റെ റെക്കോർഡ്
ചന്ദ്രനെ തൊട്ട ഏറ്റവും പ്രായം കൂടിയ വ്യക്തി അലൻ ഷെപ്പേഡ് ആണ്. 47 വർഷവും 80 ദിവസവും പ്രായമുള്ളപ്പോളാണ് അദ്ദേഹം ചന്ദ്രനിലിറങ്ങിയത്. ചന്ദ്രനിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ചാൾസ് ഡ്യൂക്ക് ആണ് (36 വർഷവും 201 ദിവസവും)

∙ ചന്ദ്രനിൽ അവസാനം
1972 ഡിസംബർ 11ന് രണ്ട് യാത്രികരാണ് ചന്ദ്രനിലിറങ്ങിയത്: ഹാരിസൺ ഷ്മിറ്റും യൂജിൻ ആൻഡ്രൂ സർനാനും. ടോറസ് – ലിട്രോവ് (Taurus- Littrow valley) എന്നാണ് ചന്ദ്രനിൽ ഇവർ ഇറങ്ങിയ പ്രദേശം അറിയപ്പെടുന്നത്. ലൂണാർ മൊഡ്യൂളിൽനിന്ന് ചന്ദ്രനിലേക്ക് ആദ്യം ഇറങ്ങിയത് സർനാനാണ്. പിന്നാലെ ഹാരിസൺ ഷ്മിറ്റും. അങ്ങനെ ചന്ദ്രനിലിറങ്ങിയ അവസാനത്തെ യാത്രികൻ എന്ന ബഹുമതി ഷ്മിറ്റിന്റെ പേരിലായി. എന്നാൽ തിരികെ പേടകത്തിലേക്ക് ആദ്യം കയറിയത് ഷ്മിറ്റാണ്, പിന്നാലെ സർനാനും. ചന്ദ്രനിൽ തൊട്ട അവസാനത്തെ മനുഷ്യൻ എന്ന പേര് സർനാന്റെ പേരിലായി.
∙ ചന്ദ്രനിൽ ഇറങ്ങിയ നാലു പേർ മാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്: എഡ്വിൻ ആൽഡ്രിൻ, ഡേവിഡ് സ്കോട്ട്, ചാൾസ് എം.ഡ്യൂക്ക്, ഹാരിസൺ ഷ്മിറ്റ്. ഇവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി ആൽഡ്രിനാണ് (92 വയസ്സ്). പ്രായം കുറഞ്ഞ വ്യക്തി ഡ്യൂക്കും (87 വയസ്സ്).
∙ കേരളം കണ്ട ചന്ദ്രയാത്രികൻ
ചന്ദ്രനിലിറങ്ങിയ ജയിംസ് ഇർവിൻ 1985ൽ കേരളം സന്ദർശിച്ചു. ഡൽഹിയിൽ രാഷ്ട്രപതിയെ കണ്ട ഇർവിൻ പിന്നീട് തിരുവനന്തപുരത്തെത്തി. തുടർന്ന് മാരാമൺ കൺവൻഷനിൽ പ്രസംഗിച്ചു.
∙ കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തിനിടെ എന്തുകൊണ്ടായിരിക്കും ആരും ചന്ദ്രനിൽ ഇറങ്ങാത്തത്? വൻ ചെലവാണ് ഇതിൽനിന്ന് പിന്തിരിപ്പിക്കുന്നത്. അപ്പോളോ ദൗത്യങ്ങൾക്ക് അന്ന് വേണ്ടിവന്നത് ഏതാണ്ട് 24 ബില്യൻ യുഎസ് ഡോളറാണ്. ഇതുകൂടാതെ ശാസ്ത്രജ്ഞരും എൻജിനീയർമാരുടക്കം നാലു ലക്ഷത്തോളം പേരുടെ അധ്വാനവും. ശീതയുദ്ധത്തിന്റെ ഭാഗമായി സോവിയറ്റ് സഖ്യത്തെ തോൽപിക്കാൻ മാത്രമാണ് ഇതിന് മുൻകൈയെടുത്തത് എന്നാണ് പ്രസിഡന്റ് ജോൺ എഫ്.കെന്നഡി പിന്നീട് പറഞ്ഞത്.
Content Summary : 50 years of moon landing