ADVERTISEMENT

ലോകമാകെ വല വിരിച്ച് കോടിക്കണക്കിന് ആരാധകരെ തന്നോടടുപ്പിച്ച സ്‌പൈഡർമാന് ഈ വർഷം 60 തികഞ്ഞു. മാർവൽ കോമിക്‌സ് പ്രസിദ്ധീകരിച്ച ദ് അമേസിങ് ഫാന്റസി എന്ന കോമിക് പുസ്‌തകത്തിലൂടെയാണ് സ്‌പൈഡർമാൻ ആദ്യമായി അവതരിച്ചത് (1962). സ്‌റ്റാൻ ലീയും ചിത്രകാരനായ സ്‌റ്റീവ് ഡിറ്റ്‌കോയും ചേർന്നാണ് ചിലന്തി മനുഷ്യന് ജന്മം നൽകിയത്.

 

ഓഫിസ് ബോയി, പിന്നീട് ഇതിഹാസം

 

റുമാനിയയിൽ നിന്നു യുഎസിലേക്കു കുടിയേറിയ ദരിദ്ര ജൂത കുടുംബത്തിൽ പിറന്ന സ്റ്റാൻലി മാർട്ടിൻ  ലീബർ ആണ് പിന്നീട് ലോകമറിയുന്ന കോമിക് ബുക്ക് കഥാകാരനും പ്രസാധകനുമായ സ്റ്റാൻ ലീയായി മാറിയത്.  1922 ഡിസംബർ 28ന് ന്യൂയോർക്കിലെ മൻഹാറ്റനിലാണ് ജനനം. തയ്യൽക്കാരനായിരുന്നു പിതാവ്. കുട്ടിക്കാലത്തുതന്നെ വായനയും സിനിമയുമൊക്കെ ഹരമാക്കിയ കൊച്ചു സ്റ്റാൻലിയെ അമാനുഷിക കഥാപാത്രങ്ങൾ ഏറെ സ്വാധീനിച്ചു. 17-ാം വയസ്സിൽ ടൈംലി കോമിക്സ് എന്ന അമേരിക്കൻ പ്രസിദ്ധീകരണ സ്ഥാപനത്തിൽ സഹായിയായി ചേർന്നു. അവിടെ കലാകാരൻമാർക്ക് മഷിക്കുപ്പി നിറച്ചുകൊടുക്കുക, പ്രൂഫ് വായിച്ചുനോക്കുക, തിരുത്തേണ്ട വരകൾ മായ്ച്ച് പേജുകൾ വൃത്തിയാക്കുക തുടങ്ങിയ ജോലികൾ ചെയ്തു. രണ്ടു വർഷം തികയും മുൻപേ ലീയുടെ തലവര മാറി, ഒപ്പം ലോക കോമിക്സിന്റെ ഗതിയും. അന്നത്തെ പത്രാധിപർ പിണങ്ങിപ്പോയപ്പോൾ പ്രസാധകൻ മാർട്ടിൻ ഗുഡ്മാൻ  ലീയെ മാസികയുടെ ഇടക്കാല ചുമതല ഏൽപിച്ചു. പുതിയ ഒരു കൂട്ടം കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ അദ്ദേഹം ലീയോട് ആവശ്യപ്പെട്ടു. ആർട്ടിസ്റ്റ് ജാക്ക് കേർബിയുമായി ചേർന്ന് ഫന്റാസ്റ്റിക് ഫോർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.  ക്യാപ്റ്റൻ അമേരിക്ക കോമിക്സ് മൂന്നാം നമ്പർ ലക്കത്തിലെ (1941 മേയ്) ‘ക്യാപ്റ്റൻ അമേരിക്ക ഫോയ്ൽസ് ദ് ട്രെയ്റ്റേഴ്സ് റിവഞ്ച്’ എന്ന കഥയോടെയാണ് സ്റ്റാൻ ലീയുടെ എന്റർടെയ്ൻമെന്റ് ലോകത്തെ എഴുത്തിന്റെ തുടക്കം. 1941 ഓഗസ്റ്റിൽ ടൈംലി പബ്ലിക്കേഷൻസിന്റെ മിസ്റ്റിക് കോമിക്സിലൂടെ പിറവിയെടുത്ത ഡിസ്ട്രോയർ ആണ് അദ്ദേഹത്തിന്റെ ആദ്യ സൂപ്പർഹീറോ. 

 

യഥാർഥ പേര് മറച്ചുവച്ച സ്റ്റാൻലി ലീബർ

 

ലോകമറിയുന്ന വലിയ എഴുത്തുകാരനായി മാറണമെന്ന മോഹം അദ്ദേഹത്തിനുണ്ടായിരുന്നു. കോമിക് സൃഷ്ടികളിൽ യഥാർഥ പേര് വച്ചതിനുശേഷം ‘വലിയ’ എഴുത്തുകാരനായി പേരും പെരുമയും നേടുമ്പോൾ താൻ പണ്ട് വെറുമൊരു കോമിക് സ്രഷ്ടാവ് മാത്രമായിയിരുന്നു എന്ന് ലോകം അറിഞ്ഞാലോ എന്ന ഭയമാണ് സ്റ്റാൻ ലീ എന്ന തൂലികാ നാമം സ്വീകരിക്കാൻ കാരണം. രണ്ടാം ലോകയുദ്ധ സമയത്ത് സൈന്യത്തിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം 2018 നവംബർ 12ന്, ലോസാഞ്ചലസിൽ 95–ാം വയസിൽ മരിച്ചു

 

ടൈംലി കോമിക്സ് മാർവൽ കോമിക്സ് ആകുന്നു

 

ടൈംലി കോമിക്സ് 1951ൽ അറ്റ്‌ലസായി മാറി, 1961ൽ മാർവൽ കോമിക്സ് എന്ന പേര് കൈവന്നു. 1972ൽ ലീ മാർവൽ കമ്പനിയോട് വിട പറഞ്ഞെങ്കിലും ചെയർമാൻ ഇമെരിറ്റസായി തുടർന്നു. പോ! (POW!) എന്റർടെയ്ൻമെന്റ് എന്ന മൾട്ടിമീഡിയ കമ്പനി തുടങ്ങി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായും പ്രവർത്തിച്ചു. 

 

സ്റ്റാൻ ലീ എന്ന സിനിമാക്കാരൻ

 

മാർവൽ സൂപ്പർ ഹീറോകളെ അവതരിപ്പിച്ച സിനിമകൾ വൻ വിജയമായിരുന്നു.  ആ  സിനിമകളിൽ  മുഖം കാണിച്ചതിനൊപ്പം ടെലിവിഷൻ ഷോകളിലെ സാന്നിധ്യമായും അദ്ദേഹം തിളങ്ങി.  മാർവൽ സ്റ്റുഡിയോസ് പുറത്തിറക്കിയ ദ് അവഞ്ചേഴ്സ് വാരിക്കൂട്ടിയത് 4.97 ബില്യൻ ഡോളർ.  ‘അവഞ്ചേഴ്സ് ഇൻഫിനിറ്റി വാറി’ൽ ഒരു ബസ് ഡ്രൈവറായി ലീ എത്തിയത് കൗതുകമായിരുന്നു. 2017ൽ മരിച്ച നടി ജോൻ ലീയാണ് ഭാര്യ.

 

ലീയുടെ കഥാപാത്രങ്ങൾ

 

സ്പൈഡർമാൻ, ഡേർഡെവിൾ, ഡോക്ടർ സ്ട്രേഞ്ച്, അയൺമാൻ, ഹൾക്ക്, തോർ, ബ്ലാക്ക് പാന്തർ, എക്സ് മെൻ, സ്കാർലറ്റ് വിച്ച്, ബ്ലാക്ക് വിഡോ തുടങ്ങിയവാണ് ലീ മറ്റു കലാകാരൻമാർക്കൊപ്പം സൃഷ്ടിച്ച പ്രധാന സൂപ്പർ ഹീറോകൾ.  ജാക്ക് കേർബി, സ്റ്റീവ് ഡിറ്റ്കോ, ജോൺ റൊമിറ്റ, ഡൊണാൾഡ് ഹെക്ക്, ജോ സൈമൺ, ബിൽ എവർട്ട് എന്നിവരാണ് കഥാപാത്രങ്ങൾക്ക് ജീവൻ പകരാൻ ലീക്കൊപ്പം നിന്ന ആർട്ടിസ്റ്റുകൾ.   

 

Content Summary : Stan Lee, Creator of Spider-Man

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com