ADVERTISEMENT

ഗവർണർ പദവിയെക്കുറിച്ച്  ഹൈസ്കൂൾ ക്ലാസുകളിൽ  പഠിക്കാനുണ്ടല്ലോ...  അധികവായനയ്ക്കും  പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനും  ഈ വിവരങ്ങൾ  പ്രയോജനപ്പെടു

 

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും ഒരു ഗവർണർ ഉണ്ടായിരിക്കണമെന്ന് ഭരണഘടനയുടെ 153–ാം അനുഛേദം അനുശാസിക്കുന്നു. കേന്ദ്രസർക്കാരിന്റെ പ്രതിനിധികൂടിയാണ് ഗവർണർ. കേന്ദ്രതലത്തിൽ രാഷ്ട്രപതിക്കു സമാനമായ അധികാരങ്ങളും ചുമതലകളുമാണു സംസ്ഥാനതലത്തിൽ ഗവർണർക്കുള്ളത്.

സംസ്ഥാനത്തിന്റെ നിർവാഹകാധികാരം ഗവർണറിൽ നിക്ഷിപ്തമാണ്. രാഷ്ട്രപതിയാണു ഗവർണർമാരെ നിയമിക്കുന്നത്. ഇന്ത്യൻ പൗരത്വമുള്ള, 35 വയസ്സ് പൂർത്തിയായ ഏതൊരാളെയും ഗവർണറായി നിയമിക്കാം. പാർലമെന്റ് അംഗം, സംസ്ഥാനങ്ങളിലെ നിയമനിർമാണ സഭാംഗം എന്നീ പദവികൾ വഹിക്കുന്നുണ്ടെങ്കിൽ അധികാരമേൽക്കുമ്പോൾ അതു രാജിവയ്ക്കണം. ആദായകരമായ ഉദ്യോഗം വഹിക്കാൻ പാടില്ല. ഗവർണറുടെ കാലാവധി രാഷ്ട്രപതിയാണ് തീരുമാനിക്കുക. രണ്ടോ അതിലധികമോ സംസ്ഥാനങ്ങളുടെ ഗവർണറായി ഒരാളെത്തന്നെ നിയമിക്കുന്നതിനു തടസമില്ല. സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ മുൻപാകെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. ഗവർണറുടെ രാജിക്കത്ത് സ്വന്തം കൈപ്പടയിൽ എഴുതി രാഷ്ട്രപതിക്കാണ് സമർപ്പിക്കേണ്ടത്.

 

ചുമതലകൾ, അധികാരങ്ങൾ

 

മുഖ്യമന്ത്രിയാണു സംസ്ഥാനത്തിന്റെ ഭരണത്തലവനെങ്കിലും സംസ്ഥാനത്തിന്റെ എല്ലാ ഭരണ നിർവഹണ അധികാരങ്ങളും ഗവർണറിൽ നിക്ഷിപ്തമാണ്. എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ്, ജുഡീഷ്യൽ, സാമ്പത്തിക അധികാരങ്ങൾക്ക് പുറമേ പല കാര്യങ്ങളിലും വിവേചനാധികാരവും ഗവർണർക്കുണ്ട്. ഭരണഘടനയുടെ 164–ാം അനുഛേദപ്രകാരം മുഖ്യമന്ത്രിയെ നിയമിക്കുന്നതു ഗവർണറാണ്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മറ്റു മന്ത്രിമാരെ ഗവർണറാണു നിയമിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതു ഗവർണറുടെ മുൻപാകെയാണ്. സംസ്ഥാനത്തെ പല ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുന്നതും ഗവർണറാണ്. നിയമസഭ പാസാക്കിയ ബിൽ അംഗീകരിക്കാനും  പുനഃപരിശോധനയ്ക്കായി തിരിച്ച് അയയ്ക്കുകയോ ഭേദഗതി നിർദേശിക്കുകയോ ചെയ്യാനുമുള്ള അധികാരം ഗവർണർക്കുണ്ട്.

 

ലഫ്റ്റനന്റ് ഗവർണറും അഡ്മിനിസ്ട്രേറ്ററും

 

കേന്ദ്രഭരണപ്രദേശങ്ങളിൽ ഗവർണറുടെ സ്ഥാനത്ത് നിയമിക്കപ്പെടുന്നത് ലഫ്റ്റനന്റ് ഗവർണറോ അഡ്മിനിസ്ട്രേറ്ററോ ആണ്. ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹിയിലും പുതുച്ചേരിയും ജമ്മു–കശ്മീരും ലഡാക്കിലും ആൻഡമാൻ–നിക്കോബാർ ദ്വീപുകളിലും ലഫ്റ്റനന്റ് ഗവർണർമാരെയാണ് നിയമിക്കുക. ബാക്കിയുള്ള മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിൽ ഭരണം നിയന്ത്രിക്കുന്നത് അഡ്മിനിസ്ട്രേറ്റർമാരാണ്.

 

രാജ്ഭവൻ

 

ഗവർണമാരുടെ ഔദ്യോഗിക വസതിയാണ് രാജ്ഭവൻ. അതത് തലസ്ഥാന നഗരിയിലായിരിക്കും രാജ്ഭവൻ. ലഫ്റ്റനന്റ് ഗവർണറോ അഡ്മിനസ്ട്രേറ്ററോ താമസിക്കുന്നത് രാജ്നിവാസിലാണ്. 

 

മലയാളി ഗവർണർമാർ

 

ആകെ 20 മലയാളികൾ ഗവർണർ പദവിയിലെത്തിയിട്ടുണ്ട്. വി. പി. മേനോനാണ് ഗവർണർ പദവിയിലെത്തിയ ആദ്യ മലയാളി. ഒഡീഷയുടെ ആക്ടിങ് ഗവർണർ ആയിരുന്നു അദ്ദേഹം (1951 മേയ് 6– ജൂലൈ 17). ഗവർണർ പദവി അലങ്കരിച്ച ഏക മലയാളി വനിത ജസ്റ്റിസ് ഫാത്തിമ ബീവിയാണ് (തമിഴ്നാട്, 1997 ജനുവരി 25 –2001 ജൂലൈ 3). കേരള മുഖ്യമന്ത്രിയായശേഷം (1960–62) മറ്റൊരു സംസ്ഥാനത്ത് ഗവർണറായ ഒരാൾമാത്രമാണുള്ളത്. അത് പട്ടം താണുപിള്ളയാണ്. (പഞ്ചാബ്:1962 ഒക്ടോബർ 1– 1964 മേയ് 4, ആന്ധ്രാപ്രദേശ്: 1964 മേയ് 4 – 1968 ഏപ്രിൽ 11). ഏറ്റവും കൂടുതൽ കാലം ഗവർണറായിരുന്ന മലയാളി എം. എം. ജേക്കബ് ആണ് (1995 ജൂൺ 19 – 2007 ഏപ്രിൽ 12 , രണ്ടു തവണ മേഘാലയ ഗവർണർ).

നിലവിൽ ഗവർണർമാരായി രണ്ട് മലയാളികളുണ്ട്: പി. എസ്. ശ്രീധരൻ പിള്ളയും (ഗോവ, നേരത്തെ മിസോറം ഗവർണറായിരുന്നു), സി. വി. ആനന്ദബോസും (ബംഗാൾ)

 

ഗവർണർ വിശേഷങ്ങൾ

 

ആദ്യ വനിതാ ഗവർണർ

സരോജിനി നായിഡുവാണ് ഗവർണർ പദവിയിലെത്തിയ ആദ്യ വനിത. (യുണൈറ്റഡ് പ്രൊവിൻസസ്, 1947 ഓഗസ്‌റ്റ് 15– 1949 മാർച്ച് 2)

 

പ്രായം കുറഞ്ഞ ഗവർണർ

ഏറ്റവും പ്രായം കുറഞ്ഞ ഗവർണർ എന്ന ബഹുമതി സ്വരാജ് കൗശലിന് അവകാശപ്പെട്ടതാണ്. 1990ൽ മിസോറം ഗവർണറായി നിയമിക്കപ്പെടുമ്പോൾ പ്രായം 37 വയസ്.

 

കൂടുതൽ കാലം ഗവർണർ

കൂടുതൽ കാലം ഗവർണറായിരുന്നതിന്റെ ബഹുമതി എ. ആർ. കിദ്വായ്‌യുടെ പേരിലാണ്. ബിഹാറിലും ബംഗാളിലും ഹരിയാനയിലും ഗവർണറായിരുന്ന അദ്ദേഹം 17 വർഷം ആ പദവിയിലുണ്ടായിരുന്നു. പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളുടെ ചുമതലയും വഹിച്ചു. ഇതുകൂടാതെ അഡ്മിനിസ്ട്രേറ്ററായും പ്രവർത്തിച്ചു.

 

കേരള ഗവർണർമാർ

1956 നവംബർ 1ന് കേരളം പിറവിയെടുക്കുമ്പോൾ കേരളത്തിന്റെ ചുമതലയുള്ള ഗവർണർ (ആക്ടിങ് ഗവർണർ) ആയിരുന്നു ആ സ്ഥാനത്ത് ഉണ്ടായിരുന്നത്– പി. എസ്. റാവു (1956 നവംബർ 1– 1956 നവംബർ 22). കേരളത്തിലെ ആദ്യ ഗവർണർ എന്ന ബഹുമതി ഡോ. ബി. രാമകൃഷ്ണ റാവുവിന് (1956–60) അവകാശപ്പെട്ടതാണ്. ഇതുവരെ കേരളത്തിൽ ഗവർണർ പദവി വഹിച്ചത് 24 പേരാണ്.

 

വി. വി. ഗിരി

കേരളത്തിന്റെ ഗവർണറായി പ്രവർത്തിച്ചശേഷം ഇന്ത്യൻ പ്രസിഡന്റായ (1969–74) ഒരാളുണ്ട്: വി. വി. ഗിരി. 1960-65ൽ കേരള ഗവർണറായിരുന്ന അദ്ദേഹം പിന്നീട് മൈസൂർ ഗവർണർ (1965–67), ഉപരാഷ്ട്രപതി (1967–69) പദവികളും വഹിച്ചു

 

പി സദാശിവം

സുപ്രീം കോടതി ചീഫ് ജസ്റ്റിസായശേഷം കേരളത്തിന്റെ ഗവർണറായ (2014–19) അപൂർവചരിത്രമാണ് ജസ്റ്റിസ് പി സദാശിവത്തിന്റെ പേരിലുള്ളത്.

 

മുഖ്യമന്ത്രിയായശേഷം 

മുഖ്യമന്ത്രിയായശേഷം കേരളത്തിന്റെ ഗവർണർ പദവി അലങ്കരിച്ച മൂന്നു പേരുണ്ട്: ബി രാമകൃഷ്ണ റാവു (1956–60), എം. ഒ. എച്ച്. ഫാറൂഖ് (2011–12), ഷീല ദീക്ഷിത് (2014).1952–56ൽ ഹൈദരാബാദിൽ മുഖ്യമന്ത്രിയായിരുന്നു രാമകൃഷ്ണ റാവു. ഫാറൂഖ് 1967-68, 1969-74, 1985-89 വർഷങ്ങളിൽ പുതുച്ചേരി മുഖ്യമന്ത്രിയായിരുന്നു. 1998–2013ൽ തുടർച്ചയായി മൂന്നു തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്നു ഷീല ദീക്ഷിത്.

 

കേരളത്തിലെ വനിതാ ഗവർണർമാർ

കേരളത്തിലെ ആദ്യ വനിതാ ഗവർണറാണ് ജോതി വെങ്കിടചെല്ലം (1977 – 1982). ഇവർക്കു പിന്നാലെ കേരളത്തിൽ ഗവർണറായത് രണ്ടു വനിതകൾമാത്രമാണ്: റാം ദുലാരി സിൻഹയും (1988–90) ഷീല ദീക്ഷിതും (2014).

 

ഏക മലയാളി

 

കേരളത്തിൽ ഗവർണറായി നിയമിതനായ ഏക മലയാളിയാണ് വി. വിശ്വനാഥൻ (1967 മേയ് 15 – 1973 ഏപ്രിൽ 1വരെ). കേരളത്തിൽ കൂടുതൽ കാലം ഗവർണറായിരുന്നതും അദ്ദേഹമാണ്. ഏറ്റവും കുറച്ചുകാലം എംഒഎച്ച് ഫറൂഖും (2011 സെപ്റ്റംബർ 8– 2012 ജനുവരി 26)

 

 

 Content Summary : Roles and Power of the Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com